ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/പപ്പായുടെ വാട്ട്സ് ആപ്പ് മെസേജ്ജ്

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പായുടെ വാട്ട്സ് ആപ്പ് മെസേജ്ജ്


എന്റെ പപ്പ ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ മെസേജ് ഇട്ടു. അതിങ്ങനെ ആയിരുന്നു, “കോവി‍ഡ് ഇല്ല, കോ-വീട് ഉള്ളപ്പോൾ”. പെട്ടെന്ന് അർത്ഥം മനസ്സിലാകാതെ വന്നപ്പോൾ പപ്പയോട് തന്നെ ചോദിച്ചു.
കോവി‍ഡ്-19 എന്ന മഹാമാരി ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ, രോഗബാ‍ധിതരും, രോഗം ഉണ്ടെന്ന് സംശയിക്കുന്നവരും ഒക്കെ നിരീക്ഷണഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ ,ഇക്കുട്ടരെ ആശുപത്രികളിലും, വീടുകളിലുമൊക്കെ വളരെ ത്യാഗത്തൊടെ നോക്കുന്നവരുടെ ‍‍സഹകരണത്തെക്കുറിച്ചാണ് പൊതുവെ കോ-വീട് (സഹകരണ വീട്) എന്ന് ഉദ്ദേശിച്ചത്, എന്ന് പപ്പ പറഞ്ഞു.
കുറെക്കൂടി ഞാൻ എന്റെ ചിന്തയിലേക്ക് കടന്നപ്പോൾ പലതിനെക്കുറിച്ചും എനിക്കിങ്ങനെ കാണാൻ കഴിഞ്ഞു.
‍ഒന്നിനും സമയമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറിയ, മാറ്റിവച്ച പല കാര്യങ്ങളും വളരെ നന്നായി എല്ലാവരും ഒരുമിച്ച് ചെയ്തു തീർക്കുന്നു. വീടിന് ചുററുമുണ്ടായ പുല്ലും, കാടുകയറിയ പരിസരവും ഒക്കെ പപ്പയും, മമ്മിയും അമ്മാമ്മയും ചേർന്ന് വൃത്തിയാക്കുന്നു. അതിൽ പച്ചക്കറി വിത്തുകൾ നടുന്നു. ക്ഷീണിക്കുമ്പോൾ വെള്ളം കൊടുക്കുന്ന ജോലി ഞാനും ചെയ്യുന്നു. ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നു. കുശലം പറയുന്നു. പഴയകാല കഥകളും, കറികളും ഒക്കെ ഇപ്പോഴും നാവിൻ തുമ്പിൽ നിന്നും മാറാത്തപോലെ അമ്മാമ്മ വിവരിക്കുന്നു.
എല്ലാറ്റിനും നല്ല രുചി. എപ്പോഴും പ്രാർത്ഥന സമയങ്ങളിൽ വീട്ടിൽ എല്ലാവരും ഉണ്ടാകാറില്ല എന്നാൽ ഇപ്പോൾ പ്രാർത്ഥന എല്ലാവരും ഒരുമിച്ചാണ് . ധാരാളം സമയം ഉള്ളതിനാൽ വീട്ടിൽ തന്നെ എല്ലാവരുമായി കളിക്കുന്നു. പഴയ കളികൾ കളിക്കാൻ പഠിക്കുന്നു. എല്ലാവരും ഒത്ത് വീട്ടിൽ സന്തോഷമായിരിക്കുന്നു. ടി. വി. കാണലും, മൊബൈൽ നോട്ടവും ചിട്ടയോടെ മാത്രം. ദൂരെയുള്ള ബന്ധുമിത്രങ്ങളെ ഫോണിൽ വിളിച്ചും മെസേജ് അയച്ചും ബന്ധം നില നിർത്തുന്നു അങ്ങനെ എല്ലാവരും ഒരുമിച്ച് സഹകരണത്തോടെയും സന്തോഷത്തോടെയും കോ-വീട്ടിൽ തന്നെ കഴിയുമ്പോൾ, കോവിഡിനെ കുറിച്ച് പേടിതോന്നുന്നില്ല. സമയക്കുറവുകൊണ്ട് മാറ്റി വച്ച പല നല്ല കാര്യങ്ങളും ജീവിതത്തിൽ തിരിച്ചു കിട്ടിയതിന്റെ സന്തോഷവും സമാധാനവും ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നു.

ആഗ്ന എബ്രഹാം
5A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം