ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ആവനാഴി

Schoolwiki സംരംഭത്തിൽ നിന്ന്
ആവനാഴി

3 ജനുവരി 2020 ചൈനയിലെ യീച്ചാങ് പ്രവശ്യ

പതിവു പോലെ ഞാൻ ഇന്നും ഡയറി എഴുതുവാൻ ആരംഭിച്ചു. ഒരു ഇല പോലും അനങ്ങാതെ ഭീതിദമായ ഒരു നിശ്ശബ്ദത എനിക്ക് തോന്നി. ഇവിടുത്തെ സംസ്കാരത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്നതേയുള്ളൂ. എന്തുകൊണ്ടോ ഇവിടുത്തെ ഭക്ഷണവും കാലാവസ്ഥയും ഒന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല. ഇവിടെ വന്ന് ഇന്നാണ് ഞാൻ ഒരു മലയാളിയെ പരിചയപ്പെട്ടത്. ആകാശ് എന്നായിരുന്നു പേര്. എന്നെ പോലെ തന്നെ ഉപരി പഠനത്തിനായി എത്തിയതായിരുന്നു ആകാശും. നാട്ടിൽ തൃശ്ശൂർകാരനാണ് ആകാശ്. ഞാൻ മലപ്പുറംകാരനും. അടുത്ത ജില്ലക്കാരായതുകൊണ്ട് തന്നെ വേഗം സുഹൃത്തുക്കളായി. ഇവിടുത്തെ ഭക്ഷണ രീതിയോടുള്ള എന്റെ താത്പര്യമില്ലായ്മയെ പറ്റി പറഞ്ഞപ്പോൾ ആകാശാണ് പറഞ്ഞത് ഇവിടെ അടുത്ത് ഒരു മാർക്കറ്റിൽ ഇന്ത്യൻ വിഭവങ്ങൾ ലഭിക്കുമെന്ന്. നാളെ അവിടംവരെ പോകണം.

പുലർച്ചെ തന്നെ ഞാൻ മുറി പൂട്ടി താഴേക്കിറങ്ങി. എന്തുകൊണ്ടോ എല്ലാ ദിവസവും ആളുകളെകൊണ്ട് നിറയുന്ന തെരുവ് വിജനമായിരുന്നതുപോലെ തോന്നി. ഒരു ടാക്സി എത്തി. ഞാൻ അതിൽ കയറി. വുഹാൻ മാർക്കറ്റിലേക്ക് പോകണം എന്നു ഞാൻ പറഞ്ഞു. ടാക്സിക്കാരൻ എന്നെ ഒന്നു നോക്കി ഒന്നം മിണ്ടാതെ വണ്ടി ഓടിച്ചു.അയാളോട് ഞാൻ ചോദിച്ചു : “ഇന്ന് എന്താണ് ഒരു തിരക്കുമില്ലാത്തത്? ആളുകൾ കുറഞ്ഞതു പോലെ തോന്നുന്നു.”

“സാർ, ടി.വി. ഒന്നുംകണ്ടില്ലേ ? സാറിന്റെ പേരെന്താണ് ? ഈ നാട്ടുകാരനല്ലല്ലേ ? ” തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. തുടർന്ന് അയാൾ പറഞ്ഞു “ഏതോ ഒരു മഹാമാരി വന്നു പെട്ടിരിക്കുന്നുവെന്ന് പറയുന്നു. സമ്പർക്കം ഒഴിവാക്കണമെന്നും വാർത്തയുണ്ടായിരുന്നു.” അപ്പോഴേക്കും മാർക്കറ്റിലെത്തി. ഞാൻ അയാൾക്ക് പണം കൊടുത്ത ശേഷം മാർക്കറ്റിലേക്ക് കയറി. പലതരം ജീവികൾ. പാമ്പുകൾ, വവ്വാലുകൾ എല്ലാം കമ്പിക്കൂടിനുള്ളിൽ ഉണ്ട്. വലിയൊരു ശബ്ദം കേട്ട് ഞാൻ ഞെട്ടിതിരിഞ്ഞു. വവ്വാലിനെ കൊല്ലുന്ന ഒരു കശാപ്പുകാരൻ. രക്തത്തിൽ മുങ്ങിയ കൈകൾ. ആ കാഴ്ച എനിക്ക് അസഹനീയമായി തോന്നി. പെട്ടെന്നു തന്നെ ഞാൻ മറ്റൊരു മുറിയിലേക്ക് മാറി. അവിടെ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങി വേഗം പോന്നു. ആകാശിനെ നാളെ ഒന്നു കാണണം എന്ന് തീരുമാനിച്ചു. പഠന സംബന്ധമായ കുറേക്കാര്യങ്ങൾക്കുവേണ്ടി അലഞ്ഞു. തിരികെ വാടക മുറിയിൽ എത്തിയപ്പോൾ രാത്രിയായി. കുളി കഴിഞ്ഞ് ടി.വി ഓൺ ചെയ്തു. വാർത്തകളിലെല്ലാം കൊറോണ എന്ന വൈറസിനെപ്പറ്റിയാണ് പരാമർശിക്കുന്നത്. രോഗം മൂലം മരിച്ചവരുടെ എണ്ണം കുതിക്കുകയാണെന്ന് റിപ്പോർട്ട്. എവിടെ നിന്നാണെന്നോ, എങ്ങിനെയാണ് പടരുന്നത് എന്നോ, ഇതിനുള്ള മരുന്ന് എന്താണെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ചവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുന്നു. ഈ വാർത്ത വിശദമായി കണ്ടപ്പോഴോണ് ഇന്ന് തെരുവുകൾ വിജനമായിരുന്നതിന്റെ കാരണം കൃത്യതയോടെ മനസ്സിലായത്. ഭീതിയും പരിഭ്രാന്തിയും നിറഞ്ഞ് ഒരു ഉറക്കം.

ഒരു ചായ കുടിച്ച് രാവിലെ തന്നെ പഠന സെന്ററിലേക്ക് പോയി. അവിടെ ചെന്നപ്പോളവർ പറഞ്ഞു ഒരു അറിയിപ്പ് കിട്ടിയിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ നിന്നു വന്നവർ ഉടൻ തന്നെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ പോകണമെന്ന്. പലരും നിരാശപ്പെടുകയും സങ്കടപ്പെടുകയും ചെയ്തു. എന്നാൽ എനിക്ക് നിരാശയോടൊപ്പം സന്തോഷവും തോന്നി. ഇവിടുത്തെ സാഹചര്യങ്ങളിൽ നിന്നും ഒരു രക്ഷപ്പെടൽ ആയി തോന്നി എനിക്ക്. തിരികെ വീട്ടിലെത്തി സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് ഓൺലൈൻ ടിക്കറ്റും തരപ്പെടുത്തി. നാളെ വൈകുന്നേരം 4 മണിക്കാണ് ഫ്ലൈറ്റ്. ആകാശിനെ വിളിച്ചപ്പോൾ അവനും അതേ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവന്റെ ശബ്ദം ഇടറിയിരുന്നു. വീണ്ടും വാർത്ത കണ്ടപ്പോൾ വല്ലാത്ത ഭീതി തോന്നി. കാരണം ലോകത്തെ പല രാജ്യ ങ്ങളിലും ഈ വൈറസ് കടന്നു ചെന്നിരുന്നു. മരിച്ചവരുടെ എണ്ണം 6000 കടന്നിരുന്നു. എത്രയും വേഗം നാട്ടിലെത്താൻ മനസ്സ് കൊതിച്ചു. വിമാനത്താവളത്തിൽ ആകാശിനെ കണ്ടപ്പോൾ വളരെ ക്ഷീണിതനാണെന്നു തോന്നി. നടക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ, വല്ലാത്ത ചുമയും.ഞങ്ങൾ കൊച്ചിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനയിൽ ഓഫീസർമാർ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ടെസ്റ്റിൽ ഞങ്ങൾക്ക് രണ്ടു പേർക്കും പോസിറ്റീവായിരുന്നു. പെട്ടെന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ആകാശിന്റെ സ്ഥിതി വളരെ മോശമായി തുടങ്ങിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം എന്റെ ശരീരവും ദുർബലമായിത്തുടങ്ങി. നല്ല വേദന, പനിയും ശ്വാസംമുട്ടലും അനുഭവപ്പെടാൻ തുടങ്ങി. പിന്നീടുള്ള ദിന രാത്രങ്ങൾ ഉറക്കമില്ലാത്തതായി. എന്റെ ചുറ്റിലും തൂവെള്ള കുപ്പായമണിഞ്ഞ ഡോക്ടർമാരും നഴ്സുമാരും. ഇടക്കു കണ്ണു തുറക്കുമ്പോൾ സൂര്യരശ്മികൾ കണ്ണിലേക്ക് പതിക്കുന്നതു പോലെ തോന്നി. ആ പ്രകാശത്തിൽ എന്റെ ശുശ്രൂഷകർ ദൈവത്തിന്റെ മാലാഖമാരായി തോന്നി. അവരുടെ തലക്കു മുകളിൽ ഒരു സ്വർണ്ണ വലയം ഞാൻ കണ്ടു. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടക്കുള്ള നൂൽ പാലത്തിൽ നിന്നപ്പോഴാണ് ആ കാഴ്ചപ്പാട് സത്യമാണെന്ന് മനസ്സിലായത്.

എന്റെ രോഗം ഇത്തിരിക്കൂടി വഷളായി. അപ്പോഴാണ് ആ ദുരന്തവാർത്ത ഞാനറിയുന്നത്. രണ്ടു ദിവസം മുൻപ് ആകാശ് മരിച്ചു. എന്റെ കൂടെ നിന്ന നഴ്സ് സിസിലിയാണ് എന്നോട് ആ വിവരം പറഞ്ഞത്. ആകാശിനെ രക്ഷിക്കുവാൻ ഞങ്ങൾ ശ്രമിച്ചു. അയാളുടെ ശരീരത്തെ ഞങ്ങൾ നിയന്തണത്തിലാക്കി. പക്ഷേ മനസ്സിന്റെ കടിഞ്ഞാൺ അയാളുടെ കയ്യിലായിരുന്നല്ലോ. ഇത് എന്റെ മനസ്സിലേക്ക് ആഴത്തിൽ പതിച്ചു. വയ്യാത്ത അഛനേയും അമ്മയേയും മനസ്സിൽ ഓർത്ത് ദൈവം എന്ന സത്യത്തെ മുറുകെപ്പിടിച്ച് ആത്മവിശ്വാസം നിറച്ചു. പഴയ ഓർമകൾ മനസ്സിലേക്ക് ഓടിയെത്താൻ തുടങ്ങി.

മലപ്പുറത്തെ ഒരു ഗ്രാമത്തിലെ വലിയവീട്ടിൽ ശ്രീധരമേനോന്റെയും, ജാനകിയമ്മയുടെയും ഏക മകനായിരുന്നു ഞാൻ. ബാല്യകാലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അഛന് കാൻസർ ബാധിച്ചത്. അന്നു മുതൽ ദുരിതങ്ങളും കൂട്ടിനു വന്നു. പഠന വിഷയങ്ങളിൽ എനിക്ക് പ്രിയപ്പെട്ടത് രസതന്ത്രമായിരുന്നു. അതിന്റെ തുടർ വിദ്യാഭ്യാസത്തിനായിട്ടായിരുന്നു ചൈനയിലേക്ക് പോയത്. അതിപ്പോൾ ഇങ്ങനെയും ആയി. ഞാൻ മനസ്സിന് ധൈര്യം നല്കിക്കൊണ്ടിരുന്നു. എനിക്കു ചുറ്റും നിന്നവർ എന്നെ നന്നായി ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങൾക്കൊണ്ട് എനിക്ക് രോഗം ഭേദമായിത്തുടങ്ങി. രോഗമുക്തനായി ഞാൻ ഹോസ്പിറ്റൽ വിട്ടു.

കോവിഡ് 19 എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നാണ് ഞാൻ വന്നത്. അതുകൊണ്ടു തന്നെ രോഗമുക്തി വന്നിട്ടും എന്നെ അകറ്റി നിർത്താൻ ശ്രമിക്കുന്നതുപോലെ എനിക്ക് തോന്നി. അതിൽ ഞാൻ അസ്വസ്ഥനായില്ല. ഒരു 25 ദിവസം കൂടി ഞാൻ മുറിയിൽ ഒറ്റക്ക് കഴിയാൻ തീരുമാനിച്ചു. കൊറോണയെ എല്ലാവരും ഭയക്കണം, നിയന്ത്രിക്കണം, അകറ്റിനിർത്തണം. ഞാൻ ജനലിൽ കൂടി പുറത്തേക്ക് നോക്കി. ഒരുപാട് പക്ഷികൾ, അണ്ണാൻ കുഞ്ഞുങ്ങൾ കൂട്ടമായി എത്തുന്നു. എത്ര സ്വാതന്ത്ര്യത്തോടെയാണ് അവയെല്ലാം പറന്നും ചാടിയും ഉല്ലസിക്കുന്നത്. തങ്ങളുടെ പ്രകൃതിയെ തിരികെ കിട്ടിയ സന്തോഷത്തോടെ. ഇവയെല്ലാം മനുഷ്യന് പ്രകൃതി നല്കുന്ന പാഠങ്ങളാണെന്ന് തോന്നി.

ഇന്ന് ഏപ്രിൽ 18. വേനൽ മഴ പെയ്തു തുടങ്ങി. ഇടിയും കാറ്റും ഒപ്പമെത്തി. മെഴുകുതിരി വെട്ടത്തിൽ ഞാൻ അനുഭവങ്ങൾ ഡയറിയിലേക്ക് എഴുതാനിരുന്നു.ഇന്നാണ് കുറച്ചു നാളുകൾക്കു ശേഷം ഞാൻ പുറത്തിറങ്ങുന്നത്. വായുവിന് ഒരു സുഗന്ധമുള്ളതുപോലെ തോന്നി. ശുദ്ധവായുവാണ് ചുറ്റും. ഭൂമിയും വായുവുമെല്ലാം മനുഷ്യൻ മലിനമാക്കി. ലോക്കഡൗണിലൂടെ എല്ലാം നിർത്തിവച്ച മനുഷ്യൻ വീടിനുള്ളിലേക്ക് ഒതുങ്ങി. പുതിയ ഒരു പ്രകൃതിയെ നമുക്ക് വരവേല്ക്കാം. പുത്തൻ പ്രതീക്ഷകളോടെ, ശീലങ്ങളോടെ പുതിയ പ്രഭാത്തിലേക്കുണരാം.

നിരഞ്ജന മോഹൻ
10 സി എൽ. എഫ്.എച്ച്. എസ്. ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ