ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത

പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകത
                                                              പാരിസ്ഥിതിക പ്രശ്നങ്ങളിലും കൊറോണ പോലുള്ള പകർച്ചവ്യാധികളിലും പെട്ട്‌ ലോകം ഇന്ന് നട്ടം തിരിയുകയാണ്. 'മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി' എന്ന സമവാക്യമാണ് ഇതിന് കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക്‌ മനുഷ്യൻ ശ്രദ്ധ തിരിച്ചപ്പോൾ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.ഇങ്ങനെയുള്ള ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്.വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് മനുഷ്യൻ ഇന്ന് അവന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിർലോഭം ഉപയോഗിക്കുന്നത്.
                                                             ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിക്കുന്നു. മനുഷ്യനിലനിൽപ്പിനു തന്നെ ഭീഷണിയായി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ദിനംപ്രതി വർധിക്കുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നും ഭൂമിയിൽ നിന്നും ആണ്. മലയാളനാടിന്റെ സംസ്കാരം ജനിച്ചത് പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ്. ഇന്ന് ഈ ഭൂമിയെയും മണ്ണിനെയും പുഴയെയും നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കി, കാട്ടാറുകൾ കൈയേറി, മരങ്ങളെ മുറിച്ചു നീക്കി..മരുഭൂമികൾക്കും വരണ്ടുണങ്ങിയ പുഴകൾക്കും വഴിയൊരുക്കുന്നു.പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിനശിപ്പിച്ചാലും കുന്നിടിച്ചാലും മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും ഞങ്ങൾക്കെന്ത് എന്ന് ചിന്തിക്കുന്നവരുടെ കാഴ്ചപ്പാടുകൾ ആണ്‌ മാറേണ്ടത്. സഹിക്കാനാവാത്ത ചൂടും കാലം തെറ്റിയ മഴയും മഹാപ്രളയവും പല തരത്തിലുള്ള പകർച്ചവ്യാധികളും നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കയാണ്. ഇവയ്ക്കെല്ലാം കാരണം നമ്മുടെ പരിസ്ഥിതി സൗഹാർദപരമല്ലാത്ത പ്രവർത്തികൾ ആണ്. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പ്രവർത്തികൾ നാം ഉപേക്ഷിക്കണം. നമ്മുടെ പൂർവികർ കാണിച്ചു തന്ന പാതയിലൂടെ പരിസ്ഥിതി സൗഹാർദപരമായി നദികളും മലകളെയും വനങ്ങളെയും പുണ്യമായി കണ്ടുകൊണ്ട് അവയെ സംരക്ഷിക്കാൻ നാം തയ്യാറാവണം. അങ്ങനെ നല്ല നാളേയ്ക്കായി നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
ഐശ്വര്യ എം എസ്
4B ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം