രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
  • എൻ.എസ്.എസ്.സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച അവാർഡിൽ കണ്ണൂർ ജില്ലയിലെ മികച്ച യൂണിറ്റായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളും മികച്ച പ്രോഗ്രാം ഓഫീസറായി സജീവ് ഒതയോത്തിനേയും തിരഞ്ഞെടുത്തു. കോവിഡ് കാലത്ത് ഉൾപ്പെടെ നടത്തിയ നിരവധി മികച്ച  പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി ഇരട്ട പുരസ്ക്കാരം. സമൂഹത്തിന് വേണ്ടി തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ അംഗീകരിക്കപെട്ടതിൻ്റെ ആഹ്ലാദത്തിലാണ് പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്തും യൂണിറ്റ് അംഗങ്ങളും. തെയ്യം കലാകാരൻ കൂടിയായ എൻ.എസ്.എസ്. വൊളന്റിയർക്ക് 9.50 ലക്ഷം രൂപ ചെലവിൽവീട് വെച്ച് നൽകിയതും അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ വൊളന്റിയർമാരായ 34 പെൺകുട്ടികൾ മുടി ദാനം നൽകിയതും തലശ്ശേരി പട്ടണത്തിലെ തെരുവിൽ ഈ വർഷം ജനുവരി ഒന്നു മുതൽ തുടർച്ചയായ 27 വെള്ളിയാഴ്ചകളിലായി തുടരുന്ന പൊതിച്ചോറ് വിതരണവും അനാഥമന്ദിരങ്ങളിൽ സാന്ത്വന സംഗീത യാത്രകൾ നടത്തിയതും വേറിട്ട പരിപാടികളായിരുന്നു. സ്കൂളിന് സമീപത്തെ ഏഴ് ഗ്രാമീണ ലൈബ്രറികളിൽ 9000 പഴകിയ പുസ്തകങ്ങൾ ബൈൻഡ് ചെയ്ത് നൽകി. കോവിഡ് കാലത്ത് വൊളന്റിയർമാർ, വീടുകളിലിരുന്ന് 6000 ത്തോളം മാസ്കുകൾ നിർമിച്ചു. 1500 അമ്മമാർക്ക് ബ്രസ്റ്റ് കാൻസർ ബോധവത്ക്കരണവും 1000 കൗമാരക്കാർക്ക് ആത്മഹത്യാ പ്രവണതയ്ക്കെതിരെ ഓൺലൈൻ കോഴ്സ് നടത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട്കൊട്ടിയൂർ, ചതിരൂർ കോളനി, കരിയാട് കോളനി, കുട്ടനാട് എന്നിവിടങ്ങളിലേക്ക് ഒന്നര ലക്ഷം രൂപയുടെ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തു മാതൃകയായി. കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിലൂടെ  വീടുകളിൽ ഉപയോഗിക്കാതെ മാറ്റിവച്ച മരുന്നുകൾ ശേഖരിച്ച് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ കോളയാട് ദേവദാ കെയർ സെന്ററിലെ അന്തേവാസികൾക്ക് കൈമാറി. ലഹരി വിരുദ്ധ ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്ലാഷ് മോബ് നടത്തി. വേനൽക്കാലത്ത്   തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പണ്ടാരം കണ്ടി  പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുഴ മാലിന്യ വിമുക്തമാക്കുകയും  ചെയ്തു. ഇത്തരത്തിലുളള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി രാജീവ് ഗാന്ധി സ്കൂളിലെ പ്രോഗ്രാം ഓഫീസറായ സജീവ് ഒതയോത്ത് വിദ്യാഭ്യാസ സാമുഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ജില്ലയിലകത്തും പുറത്തും ഒട്ടേറെ കുട്ടികൾക്ക് ഭാവിയിലേക്കുളള വഴികാട്ടിയായ കരിയർ കൗൺസിലറാണ്. കരിയർ ആൻ്റ് ഗൈഡൻസ് ആൻ്റ് അഡോള സൻ്റ് വിംഗ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹയർ സെക്കൻ്ററി എഡുക്കേഷൻ, ഗവ: ഓഫ്  കേരള യുടെ സംസ്ഥാന റിസോഴ്സ് അംഗമാണ്. നൂറിലേറെ പാരൻ്റിംഗ് ക്ലാസുകൾ, വിദ്യാർത്ഥികൾക്കുള്ള കരിയർ, സെൽഫ് ഹെൽപ്പ് ക്ലാസുകളെടുത്തിട്ടുണ്ട്. വർഷങ്ങളായി പാനൂരിലെ പത്രപ്രവർത്തന രംഗത്തും പ്രവർത്തിക്കുന്നുണ്ട്. നിലവിലെ പ്രസ് ഫോറം പ്രസിഡൻ്റാണ്. എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂൾ അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ്.   പാനൂരിലെ സംഗീത കലാകാരൻമാരുടെ കൂട്ടായ്മയായ മ്യൂസിക് ലവേഴ്സ് ഇൻ്റെ പ്രസിഡൻ്റാണ്. ഗാനരചയിതാവും ഗായകനുമാണ്. പാനൂർ ട്രാവൽ ആൻ്റ് ടൂറിസം ആൻറ് ട്രാവലിംഗ് സൊസൈറ്റി പ്രസിഡൻ്റായി സഹകരണ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.