രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൊകേരി

  • രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രാദേശിക ചരിത്രം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ കൂത്തുപറമ്പ് ബ്ളോക്കിൽ മൊകേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മൊകേരി ഗ്രാമപഞ്ചായത്ത്. 10.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പാത്തിപ്പുഴ, പാട്യം പഞ്ചായത്ത്, കിഴക്ക് കുന്നാത്ത് പറമ്പ് പഞ്ചായത്ത്, തെക്ക് പുഞ്ചത്തോട്, പാനൂർ, പന്ന്യന്നൂർ പഞ്ചായത്ത്, പടിഞ്ഞാറ് ചാടാലപ്പുഴ, കതിരൂർ പഞ്ചായത്ത് എന്നിവയാണ്. 1962ലാണ് മൊകേരി പഞ്ചായത്ത് രൂപീകരിച്ചത്. അന്ന് മൊകേരി, പന്ന്യന്നൂർ, തൃപ്പങ്ങോട്ടൂർ, കുന്നാത്ത്പറമ്പ്, പാനൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു പാനൂർ പഞ്ചായത്ത്. പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി.ആർ.കുറുപ്പായിരുന്നു. മൊകേരിയുടെ ചരിത്രം പാനൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുന്നുകളും താഴ്വാരങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. മൊകേരിയുടെ കിഴക്ക് വള്ള്യായി വൻകാടുകളായിരുന്നു. മൊകേരി പഞ്ചായത്ത് വള്ള്യായിക്കുന്ന്, കൂരാറക്കുന്ന്, കല്ല് വെച്ചപറമ്പ് എന്നിങ്ങനെ ഉയരം കൂടിയതും കുറഞ്ഞതുമായ മൂന്ന് കുന്നുകളും അവയ്ക്കിടയിലുള്ള സമതലങ്ങളും തോടുകളും വയലുകളും ചേർന്നതാണ്. പഞ്ചായത്തിന്റെ വടക്കുകിഴക്കെഅതിർത്തി മുതൽ പടിഞ്ഞാറെ അതിർത്തിയിലൂടെ ഏകദേശം പത്തു കിലോമീറ്റർ നീളത്തിൽ പാത്തിപ്പാലം പുഴ ഒഴുകുന്നു. കോലത്ത് നാടിന്റെ ഭാഗമായിരുന്ന കോട്ടയം രാജവംശത്തിലെ ഇരുവഴി നാട്ടിൽപ്പെട്ട പാനൂർ അംശത്തിലെ കടേപ്രം ദേശവും വള്ള്യായി ദേശവും ചേർന്നതാണ് ഇന്നത്തെ മൊകേരി. പ്രാരംഭഘട്ടത്തിൽ സേവനതൽപ്പരരും ഋഷിതുല്യരുമായ ഗുരുക്കന്മാരുടെ മഹനീയ പ്രവർത്തനങ്ങൾ ആണ് ഇവിടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അവർ സ്ഥാപിച്ച കുടിപള്ളികൂടങ്ങളും, ഏകാദ്ധ്യാപക വിദ്യാലയങ്ങളുമാണ് പിന്നീട് പ്രൈമറി സ്കൂളുകളും അപ്പർ പ്രൈമറി സ്കൂളുകളുമായി മാറിയത്. സാമൂഹ്യപരിഷ്ക്കരണത്തിൽ മഹാപ്രതിഭയായിരുന്ന വാഗ്ഭടാനന്ദന്റെ സ്വാധീനം സാരമായ ചലനങ്ങൾ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. സർദാർ കെ.എം.പണിക്കരുടെ കേരള സിംഹമെന്ന ചരിത്രാഖ്യായികയിൽ ഈ സ്ഥലവും പരിസരങ്ങളും പ്രതിപാദിച്ചു കാണുന്നു. കായംകുളം കൊച്ചുണ്ണിയെപ്പോലെ വിശാല മനസ്കരായ രണ്ടുപേർ സമ്പന്നരിൽ നിന്നും പണം കവർന്നടുത്ത് അതിൽ ഏറിയ പങ്കും സാധുക്കൾക്ക് വിതരണം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. മൊകേരിയിലെ പ്രധാനപ്പെട്ട ഒരു ആരാധനാകേന്ദ്രമാണ് വള്ളങ്ങാടിനടുത്തുള്ള ഗുരുസന്നിധി. തെയ്യക്കാവുകളും, ക്ഷേത്രങ്ങളും, അമ്പലങ്ങളും, പള്ളികളും, സ്രാമ്പികളും മൊകേരിയിലെ മറ്റ് ആരാധനാലയങ്ങളാണ് 950-കളിൽ അറിയപ്പെടുന്ന നാടകസംഘങ്ങൾ കൂരാറയിൽ ഉണ്ടായിരുന്നു.നാടകരംഗത്ത് ശ്രദ്ധേയരായ ചിലരിൽ എൻ.പി.ദാമോദരൻ മാസ്റ്റർ, ടി.പി.രാജൻ, വി.പി.ബാലൻ, ആച്ചിലാട്ട് സഹോദരന്മാർ എന്നിവരും ഉൾപ്പെടുന്നു. 1950-കളിൽ മലബാറിലാകെ അറിയപ്പെട്ടിരുന്ന ആളായിരുന്നു കൂരാറ ഇല്ലത്തെ കുഞ്ഞപ്പ നായർ, നൃത്ത സംഗീത നാടകങ്ങളിൽ നളന്റെ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. പൂരക്കളി, കോൽക്കളി, കളരി എന്നീ കായിക കലകളുടെ പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. കൃഷ്ണ ഗുരുക്കൾ, കൂതാന ആച്ചിയാട്ട് ചെക്കോട്ടി ഗുരുക്കൾ, കെ.ടി.ഗോവിന്ദൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.ടി.അച്ചുതൻ എന്നിവർ ഈ മേഖലയിലെ ശ്രദ്ധേയരാണ്.

  • പേരിനു പിന്നിൽ

പണ്ടു കാലങ്ങളിൽ മൊകേരിയുടെ മിക്കവാറും പ്രദേശങ്ങൾ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളെ തമിഴിൽ ‘ഏരി’ എന്ന് വിളിച്ചിരുന്നു. മീൻ പിടുത്തക്കാരായ മൊകയന്മാർ ഈ ഏരി പ്രദേശത്ത് താമസിച്ചതാവാം മൊകേരി എന്ന പേരിന് നിദാനം. ഏരിയുടെ മുഖമായതിനാൽ മുഖയേരി എന്ന പദം ലോപിച്ച് മൊകേരി ആയി എന്നും മുഖ്യയേരി ലോപിച്ച് മൊകേരി ആയതാണെന്നുമുള്ള വാദഗതികൾ നിലവിലുണ്ട്.

  • ഭൂപ്രകൃതി

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന പ്രദേശം, ചരിവു പ്രദേശം, താഴ്ന്ന പ്രദേശം, സമതലം, വയലുകൾ എന്നിങ്ങനെ അഞ്ചാക്കി തരം തിരിക്കാവുന്നതാണ്‌. വള്ള്യായിക്കുന്ന്, കൂരാറക്കുന്ന്, കല്ലുവച്ചപറമ്പ് എന്നീ മൂന്ന് കുന്നുകളും അവയ്ക്കിടയിലെ സമതലങ്ങളും തോടുകളും വയലുകളും ചേർന്നതാണ്‌ മൊകേരി പഞ്ചായത്ത്. പാനൂർ-കൂത്തുപറമ്പ് സംസ്ഥാന പാത ഈ പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നത്.ഇത് പണ്ട് കോട്ടയം രാജവംശക്കാർ പനോളിയിലേക്ക് വരാനുപയോഗിച്ചിരുന്ന പ്രധാന പാതയായിരുന്നു.പ്രസ്തുത വഴിയിൽ ഉണ്ടായിരുന്ന കച്ചവട സ്ഥാപനങ്ങളാണ് മുത്താറി പീടിക, മാക്കൂൽ പീടിക, തങ്ങൾ പീടിക എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾക്ക് കാരണമായതെന്ന് എന്ന് വിശ്വസിക്കുന്നു

  • ജലപ്രകൃതി

പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലൂടെ പാത്തിപാലം പുഴ ഒഴുകുന്നു. പുഞ്ചത്തോട് തെക്കേ അതിർത്തിയിലൂടെ ഒഴുകി ചാടാലപ്പുഴയിൽ ചേരുന്നു. മുമ്പ് വഴിയോരങ്ങളിൽ തണ്ണീർ പന്തൽ, അത്താണികൾ, നാല്ക്കാലികൾക്ക് വെള്ളം കൊടുക്കുവാനുള്ള കരിങ്കൽത്തൊട്ടികൾ എന്നിവ സ്ഥാപിച്ചിരുന്നു.

  • പുറമ്പോക്കിലെ ചോലവൃക്ഷം

മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം

രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി

വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്.