രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രശ്നങ്ങളിൽ വില്ലനാര്

പരിസ്ഥിതി പ്രശ്നങ്ങളിൽ വില്ലനാര്
പരിണാമശൃംഖലയിലെ അവസാന കണ്ണിയായി മനുഷ്യൻ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഭൂമിയും ജീവജാലങ്ങളും ഉൾപെടുന്ന പരിസ്ഥിതിയും ഓരോ ജീവി വർഗത്തിന്റെ പരിസ്ഥിതിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം നിലനിൽക്കുന്നു എന്നതാണ് ഈ ഭൂമിയും അതിലെ നിവാസികളുടെയും നിലനിൽപിന് കാരണമാകുന്ന വസ്തുത .അതിനെ ലംഘിക്കുന്ന എന്തും ഓരോ ജീവിയുടെയും നിലനിൽപിനു തന്നെ ദോഷം വരുത്തുകയും പരിസ്ഥിതി പ്രശ്നമായി മാറുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രവർത്തി തന്നെയാണ് ഇതിന് കാരണമെന്നതാണ് ഖേദകരമായ വസ്തുത. വനനശീകരണം മലിനീകരണങ്ങൾ ജനപ്പെരുപ്പം ടൂറിസം മേഖലയുടെ അതിപ്രസരം മത്സരബുദ്ധി സ്വാർത്ഥത തുടങ്ങി അനവധി ഘടകങ്ങളാണ് പരിസ്ഥിതിക്ക് ഹാനികരമായിത്തീരുന്നത് .

ഓരോ വൃക്ഷവും മനുഷ്യനുൾപ്പെടുന്ന ജീവിവർഗത്തിന്റെ ശ്വസനേന്ദ്രിയത്തെ കാത്തു സൂക്ഷിക്കുന്നു. എന്നാൽ തന്റെ ആഡംബര ജീവിതത്തിനു വേണ്ടി കൈയ്യും കണക്കുമില്ലാതെ മരങ്ങൾ വെട്ടിനശിപ്പിക്കുന്ന മനുഷ്യൻ ഈ യാഥാർത്ഥ്യം വിസ്മരിക്കുന്നു. ഇതാണ് പിന്നീട് ഓക്സിജൻ പാർലറുകൾ സ്ഥാപിക്കേണ്ട സ്ഥിതി വിശേഷത്തിലേക്ക് മനുഷ്യനെ കൊണ്ടെത്തിച്ചത്.മരങ്ങൾ ഓക്‌സിജൻ നൽകുന്നു എന്നതിനപ്പുറം മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗർഭ ജലം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.പ്രകാശ വിശ്ലേഷണം വഴി കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുന്നതിലൂടെ ആഗോള താപനം കുറക്കാൻ സഹായിക്കുന്നു. മലിനീകരണങ്ങൾ ഏത് വിധമായാലും അത് ഭൂമിക്കും ഭൂമിയുൾപെടുന്ന പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും നാശം വിളിച്ചു വരുത്തുന്നു. അന്തരീക്ഷ മലിനീകരണങ്ങൾ സമുദ്രത്തിന്റെ ആവാസ വ്യവസ്ഥ തന്നെ തെറ്റിച്ചിരിക്കുന്നു. പ്രാണവായുവിന്റെ പകുതിയും സംഭാവന ചെയ്യുന്നത് സമുദ്രങ്ങളാണ്. സമുദ്രങ്ങൾ ഇന്ന് വിഷവാഹിനികളാണ്.ഇതിന് നാം ഒരു പരിഹാരം കണ്ടേ തീരൂ.ഓസോൺ സുഷിരം വലുതാകുന്നു.ഭൂമിയുടെ ചൂട് നമ്മുടെ പരിസ്ഥിതിയിൽ കുന്ന് കുടുന്ന ചപ്പുചവറുകളോടൊപ്പം തന്നെ ദിനം പ്രതി വർധിക്കുന്നു. ഡിസ്പോസിബിൾ സിറിഞ്ചുകളും പ്ലാസ്റ്റിക്കുകളും മാരക രോഗത്തിന്റെ ഉറവിടങ്ങളാണ്. ആണവപരീക്ഷണങ്ങൾ ഒരു തലമുറയ്ക്ക് തന്നെ ഭീഷണിയായിത്തീരുന്നു.

ടൂറിസം മേഖലയുടെ കടന്നുകയറ്റം ആവാസ വ്യവസ്ഥയുടെ സമൈക്യത്തെ തെറ്റിച്ചിരിക്കുന്നു. നിലനിൽപിന് വേണ്ടി ഓരോ ജീവനും പടപൊരുതുന്ന ഇന്നത്തെ കാലത്ത് ജനപ്പെരുപ്പം ഒരു വൻ ഭീഷണിയാണ്. ഓരോ ജീവിയും നിലനിൽപിന് വേണ്ടി പൊരുതുന്നു. മനുഷ്യന്റെ മനോഭാവമാണ് മേൽപറഞ്ഞുള്ള കാരണങ്ങൾക്കു പിന്നിലെന്ന് നിസ്സംശയം പറയാം. സ്വാർത്ഥത മത്സരബുദ്ധി സഹജീവികളോടുള്ള കരുതലില്ലായ്മ എന്നിവയാണ് അവനെ പരിസ്ഥിതി നശീകരണത്തിന് പ്രേരിപ്പിക്കുന്നത്. എന്ത് വില കൊടുത്തും കുടുതൽ സമ്പത്ത് കൈക്കലാക്കാനും പൊങ്ങച്ചം കാട്ടുവാനുള്ള നെട്ടോട്ടത്തിൽ അമ്മയായ പരിസ്ഥിതിയെ അവൻ പാടെ മറന്നു പോകുന്നു. പ്രളയം വരൾച്ച തുടങ്ങിയ ആപത്തുകളിൽ മാത്രം ഓർക്കേണ്ടതല്ല പരിസ്ഥിതി സംരക്ഷണം. മറിച്ച് അത് മനുഷ്യന്റെ ഓരോ ജീവശ്വാസത്തിലും അലിഞ്ഞ് ചേരേണ്ടതാണ്. ഒരാളുടെ ശരീരത്തിനും മനസിനും ഒരു പരിസ്ഥിതിയുണ്ട്. അത് കാത്തു സൂക്ഷിക്കുകയും അതിനെ സമതുലിതാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും ധർമമാണ്. അത് സംരക്ഷിക്കാനും കടന്നാക്രമിക്കാതിരിക്കാനുമുള്ള മനസ് എല്ലാവർക്കും ഉണ്ടാവണം. അല്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കാണ് മാനവരാശി ചെന്നെത്തുക.

ശ്രീനന്ദന ര‍‍‍‍ഞ്ജിത്ത്
ഒമ്പതാം തരം വി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം