മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മാലിന്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സാമൂഹിക വിപത്ത്


ജീവിതം സുഖ പൂർണ്ണമാക്കാൻ ഉള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക്. സമയത്തിനും സൗകര്യത്തിനും മെച്ചപ്പെടുത്തുക എന്ന ആശയം നൂതന കണ്ടുപിടിത്തങ്ങൾക്ക് അടിത്തറ ആകുന്നു. കൊണ്ടുനടക്കാനും സൂക്ഷിച്ചുവെക്കാനും കൈമാറ്റം ചെയ്യാനും വൃത്തിയായി വയ്ക്കാനും മനുഷ്യനെ ഏറെ സഹായിച്ച പ്ലാസ്റ്റിക് ഇന്ന് ഭൂമിയുടെ കാലൻ ആണ്. ഏതൊരു വസ്തുവും നശിക്കുകയോ മാറ്റത്തിന് വിധേയമാവുകയോ ചെയ്തില്ലെങ്കിൽ അത് ഭൂമിക്ക് ബാധ്യതയാകും. മനുഷ്യൻ തന്നെ മരിച്ചില്ലെങ്കിൽ എന്തായിരിക്കും സ്ഥിതി! ഒന്നു കണക്കുകൂട്ടി നോക്കുക, ഭൂമിക്ക് ഭാരം ആവില്ലേ! ഏതായാലും നിലനിൽപ്പ് നാശത്തിലൂടെ ആണെന്ന് കാണാം. ഇവിടെയാണ് പ്ലാസ്റ്റിക് വിജയിച്ചത്. അവൻ മരിക്കുന്നില്ല. അതുകൊണ്ടുതന്നെ മണ്ണിനു താങ്ങാനാവാത്ത വിധം ഭീകരം ആണ് അവന്റെ സാന്നിധ്യം. ചൂടും മർദ്ദവും നിശ്ചിത അളവിൽ നൽകി അടിച്ചു പരത്താവുന്നതും വലിച്ചു നീട്ടാവുന്നതും ദ്രവരൂപത്തിലാക്കി ആവശ്യമുള്ള ആകൃതിയും വലുപ്പവും നൽകി എടുക്കാവുന്നതുമായ പോളിമറിക് വസ്തുക്കളാണ് പ്ലാസ്റ്റിക്. ഭാര കുറവാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. അസംസ്കൃത വസ്തുവിന്റെ ലഭ്യത കൂടുതലായതിനാൽ വില കുറവാണ്. ജൈവ വിഘടനം സംഭവിക്കാത്ത തിനാൽ ഏറെനാൾ നിലനിൽക്കും. നനയാത്ത തും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതുമാണ് പ്ലാസ്റ്റിക്. മേന്മകൾ ഏറിയപ്പോൾ എല്ലാ ആവശ്യത്തിനും- പന്തിയിൽ ഇലയ്ക്കു വരെ- കേരളീയർ പ്ലാസ്റ്റിക് ഉപയോഗിച്ചു. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കാര്യത്തിൽ ലോകത്ത് മുൻപന്തിയിലാണ് കേരളം. എന്തു കൊണ്ടുപോകുന്നതിനും കേരളീയർ പ്ലാസ്റ്റിക്കിനെ തന്നെയാണ് അവലംബിക്കുന്നത്. പ്രകൃതിദത്തമായ വസ്തുക്കൾ അവൻ കളഞ്ഞു. പേപ്പർ കവറുകൾ ഉപയോഗിക്കുന്നില്ല. ഇലയിൽ പൊതിയും ആയിരുന്ന വസ്തുക്കൾ പ്ലാസ്റ്റിക്കിൽ ആക്കി. കൂടുതൽ സൗകര്യവും ആഡംബരവും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെ വർദ്ധിപ്പിച്ചു. വാഴയില അടക്കമുള്ള ഇലകൾ ഉപയോഗിക്കുക, പേപ്പർ ക്യാരി ബാഗുകൾ ഉപയോഗിക്കുക എന്നിവ കുറഞ്ഞു. പ്ലാസ്റ്റിക്കിനെ കണ്ടുപിടിത്തം സമസ്തമേഖലകളിലും വലിയ മാറ്റം വരുത്തി. പ്ലാസ്റ്റിക് എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചതോടെ ഒഴിച്ചു നിർത്താനാവാത്ത ഒന്നായി മാറി. പ്ലാസ്റ്റിക് ബോട്ടിലുകൾ, യന്ത്രങ്ങളുടെ വിവിധ ഭാഗങ്ങൾ, പേനകൾ, ക്യാരി ബാഗുകൾ, കളിപ്പാട്ടങ്ങൾ, വീട്ടുപകരണങ്ങൾ, എന്നിങ്ങനെ ഏറ്റവും ചെറിയ ഉപകരണങ്ങൾ മുതൽ വലിയ വസ്തുക്കൾ വരെ പ്ലാസ്റ്റിക്കിൽ നിർമിക്കാൻ കഴിഞ്ഞു. മനുഷ്യന് അത്യാവശ്യം വേണ്ട എന്തും ഇന്ന് പ്ലാസ്റ്റിക്കിൽ ലഭിക്കും. ഉപ്പുതൊട്ട് കർപ്പൂരം വരെ പ്ലാസ്റ്റിക് കവറുകളിൽ ആണ് ലഭിക്കുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അല്പം പിന്നിലേക്ക് കണ്ണോടിച്ചാൽ ഏതാണ്ട് 1912 മുതലാണ് പ്ലാസ്റ്റിക്കിനെ ചരിത്രം ആരംഭിക്കുന്നത് എന്നു കാണാം. ഭാരതത്തിൽ പ്ലാസ്റ്റിക് നിർമ്മാണം വ്യാവസായിക അടിസ്ഥാനത്തിൽ ആരംഭിക്കുന്നത് 1940 മുതലാണ്.2006 ൽ പ്ലാസ്റ്റിക്കിന്റെ ഉപഭോഗം ഏതാണ്ട് ആറ് ദശലക്ഷം ടണ്ണായി കേരളത്തിൽ ഓരോ വ്യക്തിയും 6 മുതൽ 8 വരെ കിലോഗ്രാം പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നു. ലോകത്തിലെ ആകെ ഉപയോഗം വച്ചു നോക്കുമ്പോൾ ഇത് നാല്പത് ശതമാനം വരെ കൂടുതലാണ്. പ്ലാസ്റ്റിക് ഇന്ന് ഒരു പാരിസ്ഥിതിക പ്രശ്നമാണ്. പല രാജ്യങ്ങളും പ്ലാസ്റ്റിക് കടലിലാണ് തള്ളുന്നത്. കോടിക്കണക്കിന് ടൺ പ്ലാസ്റ്റിക് നശിക്കാതെ കടലിൽ കിടക്കുന്നത് കാരണം വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തെ തുറിച്ചുനോക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്താണ് ഇത്. നശിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്ലാസ്റ്റിക് ഒറ്റയ്ക്ക് എടുത്താൽ അയ്യോ പാവം ആണ്, ചുരുട്ടിക്കൂട്ടി അറിയാം അത്ര ദുർബലൻ. എന്നാൽ ഇവർ ഒന്നിച്ചു ചേർന്നാൽ ലോകത്തെ മാറ്റിമറിക്കുവാൻ കഴിവുള്ള ശക്തൻ മാരായി തീരും. ജൈവ പ്രക്രിയയ്ക്ക് ഇവൻ വിധേയനാവുക ഇല്ലെന്നതാണ് ഇവനെ ഏറ്റവും വലിയ ശത്രു ആക്കുന്നത്. കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഫിലിമുകൾ എന്നിവയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ അപകടകാരികൾ ഓടകളിൽ മലിനജലം നിർ ഗമിക്കുന്ന കുഴലുകളിലും അടിഞ്ഞുകൂടി മലിനജലത്തിന്റെ ഒഴുക്ക് തടയുന്നു. ഭൂമിയിൽ കുഴിച്ചിട്ടാൽ യാതൊരു കേടും കൂടാതെ എത്രനാൾ വേണമെങ്കിലും അങ്ങനെ കിടക്കും. ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസുകൾ, കുപ്പികൾ എന്നിവ കൊതുകിന്റെ വംശവർദ്ധന കേന്ദ്രങ്ങളായി മാറുന്നു. ആവാസവ്യവസ്ഥയും ആരോഗ്യവും തകരാറിലാകുന്നു. പ്ലാസ്റ്റിക്കിനെ ഭീഷണി ഉയർത്തുന്ന ഒരു സംഭവമാണ് ജയ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്തത്. അവിടെ ഒരു പശു പെട്ടെന്ന് ചത്തു. രോഗ കാരണം അറിയില്ല. അന്വേഷണത്തിൽ പ്ലാസ്റ്റിക് തിന്നതാണ് കാരണം എന്ന് ബോധ്യപ്പെട്ടു.45 ഓളം കിലോഗ്രാം പ്ലാസ്റ്റിക് ആണ് അതിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത്. അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുത, മണ്ണിന് ഇതിനെ ലയിപ്പിക്കുവാൻ ആവുകയില്ല എന്നതാണ്. ഭൂഗർഭ ജലത്തിന്റെ തോതിൽ കാര്യമായ വ്യതിയാനം വരുത്തുവാൻ പ്ലാസ്റ്റിക്കിന് കഴിയും. ഭൂമിയിലെ ഹരിതാഭ ഈ നിലയിൽ തുടരുന്നത് ഭൂഗർഭ ജലവിതാനം താഴാതെ ഇരിക്കുന്നത് മൂലമാണെന്ന സത്യം എല്ലാവർക്കും അറിവുള്ളതാണ്. പ്ലാസ്റ്റിക്കിൽ മൂടിപ്പുതച്ചു ഉറങ്ങുന്ന മണ്ണിന് ഭൗതികമോ രാസപരമോ ജൈവികമോ ആയ ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ കഴിയുന്നില്ല. എല്ലാം പ്ലാസ്റ്റിക് വിഘാതപ്പെടുത്തുകയാണ്. മണ്ണിന്റെ താപ നിയന്ത്രണം, വാതകവിനിമയം, ജലവിനിമയം തുടങ്ങിയവയും ഇത് തകരാറിലാക്കുന്നു. മണ്ണിൽ ഈർപ്പം നിലനിൽക്കുന്ന അടിമണ്ണുമായി ബന്ധം സ്ഥാപിക്കുമ്പോൾ ആണ്. പ്ലാസ്റ്റിക് ഒരു നിരയായി മണ്ണിൽ നിൽക്കുമ്പോൾ ഈ ബന്ധം നഷ്ടപ്പെടുന്നു. മുകൾഭാഗം വേഗം ഉണങ്ങുകയും മരുഭൂമിയായി മാറുകയും ചെയ്യുന്നു. ഇതുമൂലം നദികൾ വറ്റും ജലസ്രോതസ്സുകൾ ഇല്ലാതാവും ഉണങ്ങുന്ന അവസ്ഥ വളരെ ശക്തമാകും. പ്ലാസ്റ്റിക്, മാലിന്യം ആകുന്നത് അത് ഉപയോഗ്യമല്ലാതാകുമ്പോഴാണ്. വില വളരെ കുറവായതിനാൽ പുനരുപയോഗത്തിന് ആരും മെനക്കെടാറില്ല. സാധനങ്ങൾ വാങ്ങിച്ചു കൊണ്ടുവരുന്ന ക്യാരിബാഗ് കഴുകി സൂക്ഷിച്ചാൽ വീണ്ടും ഉപയോഗിക്കാം. പക്ഷേ, നാം സാധനങ്ങൾ വാങ്ങിച്ചു കൊണ്ടുവരുന്ന ബാഗ് വലിച്ചെറിയുകയാണ്. തന്മൂലം എണ്ണത്തിൽ അധികം ഉപയോഗിക്കുന്നു. അത്രയ്ക്കും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇത് എങ്ങനെ തടയും. മനുഷ്യൻ തന്നെ നിശ്ചയിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ആദ്യം വേണ്ടത് നാം അധിവസിക്കുന്ന ഭൂമി മനോഹരമായി സൂക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ് എന്ന ബോധമാണ്. അത് ഉണ്ടാകുന്നതോടെ മലിനീകരണം എങ്ങനെ കുറയ്ക്കാം എന്ന് നാം ചിന്തിക്കും. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, പുനരുപയോഗം കൂട്ടുക, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വലിച്ച് എറിയാതിരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ച് സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ കർശന ശീലങ്ങൾ ആക്കി മാറ്റുക. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നാം തന്നെ നമ്മുടെ ഭൂമിയെ സംരക്ഷിച്ചേ മതിയാവൂ. ഇപ്പോൾ കേരള സർക്കാർ നിയമംമൂലം 60 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്‌ നിരോധിച്ചിരിക്കുകയാണ്. ആശാവഹമായ ഒരു കാൽവയ്പായി അതിനെ കണക്കാക്കാം.


ദേവിക. എസ്.എൽ
8 C എം.ജി.എച്ച്.എസ്.എസ്.കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം