മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

1953-ൽ ആണ് മുഹമ്മ ഗ്രാമപ്പഞ്ചായത്ത് രൂപം കൊണ്ടത്. മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറു വർഷത്തെ പഴക്കമേയുള്ളൂ. ഇന്നത്തെ ആലപ്പുഴ-തണ്ണീർമുക്കം റോഡിന്റെ കിഴക്കുഭാഗത്താണ് ഇവിടെ ആദ്യമായി ഒരു കമ്പോളംരൂപപ്പെട്ടത്. തോട് ഒഴുകി കായലിൽ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്ന് പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വീട് മുഖമ്മേൽ എന്ന പേരിലറിയപ്പെടുന്നു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപം കൊള്ളുകയും അതിനെ 'മുഖമ്മേൽകമ്പോളം' എന്ന് വിളിക്ക പെടുകയും ചെയ്തു ഇതു പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതു പോലെ മുഹമ്മ എന്നായി മാറി. ഇങ്ങനെയാണ് മുഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു. മുഹമ്മ എന്ന പേര് വരുവാൻ മുഹമ്മദീയരുടെ വരവും കാരണമായെന്ന് പറയപ്പെടുന്നു.

ശ്രീനാരായണ ഗുരുദേവൻെറ പാദസ്പർശമേറ്റ മണ്ണ്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ‍ജനങ്ങൾ ശക്തമായി ചിന്തിക്കാൻ തുടങ്ങുന്നത് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ വരവോടു കൂടിയാണ്. പെരുന്തുരുത്ത് ഭാഗത്തെ ശ്രാമ്പിക്യം, ചീരപ്പൻചിറ, കായിപ്പുറം ഭാഗത്തെ കുറ്റുവക്കാട് എന്നീ ഭവനങ്ങൾ സന്ദർശിക്കുകയുണ്ടായി. കുറ്റുവക്കാട് കുടുംബത്തിലുള്ള സർപ്പക്കാവിലെ ചിത്രകൂടങ്ങൾ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലിൽ കളഞ്ഞതായി പറയപ്പെടുന്നു. അതിനു ശേഷംഗുരു തന്നെ മുൻകൈ എടുത്ത് കായിപ്പുറത്തുള്ള സൻമാർഗ്ഗസന്ദായിനി ഭജനമഠത്തിന് സ്ഥാനം നിർദ്ദേശിച്ച് കൊടുക്കുകയും ചെയ്തു.

         മുഹമ്മയുടെ ചരിത്രത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ ഒരു പുരാതന കുടുംബമാണ് ചീരപ്പൻചിറ. പ്രസിദ്ധമായ ഒരു ആയുധാഭ്യാസക്കളരി കുടുംബംവകയായി ഉണ്ടായിരുന്നു. ശബരിമല അയ്യപ്പൻ ഈ കളരിയിൽ ആയുധാഭ്യാസം നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ കുടുംബത്തിന് "മുൻസിപ്പൽ ഓടി" എന്ന കളിവള്ളമുണ്ടായിരുന്നു. ചീരപ്പൻചിറ കുടുംബംവക മുക്കാൽവെട്ടം ക്ഷേത്രമാണ് മുഹമ്മയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. മുഹമ്മയിലെ  പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ  വളർച്ചയ്ക്ക്  ഈ കുടുംബത്തിലെ ശ്രീമതി മാധവിയമ്മയ്ക്ക് പ്രധാന പങ്കുണ്ട്. സി. പി. രാമസ്വാമി അയ്യരുടെ മുൻപിൽപ്പോലും കൂസാതെ നിന്ന ധീര വനിതയാണത്രേ മാധവിയമ്മ. പെരിങ്ങാഴിയിൽ കുറ്റുവക്കാട്, ചിലമ്പിശ്ശേരി, വലിയവീട്, ശ്രാമ്പിക്കൽ എന്നീ തറവാടുകൾക്കും മുഹമ്മയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുണ്ട്. ശ്രീനാരായണ ഗുരുവിന്റെ സന്ദർശനത്തോടെയാണ് കുറ്റവക്കാട് ശ്രദ്ധേയമാവുന്നത്. ആലുവ അദ്വൈതാശ്രമം പണിയുന്നതിനുള്ള ആഞ്ഞിലിത്തടി ഇവിടെ നിന്നും കൊണ്ടുപോയതാണ്. ഗുരുദേവൻ സന്ദർശിച്ച മറ്റൊരു തറവാടാണ് ശ്രാമ്പിക്കൽ. മുലക്കരം പിരിക്കാൻ വന്ന അധികാരിയുടെ മുൻപിൽ സ്വന്തം മുല ഛേദിച്ച് വച്ച ധീര വനിത നങ്ങേലി ഈ കുടുംബക്കാരിയാണെന്ന് പറയപ്പെടുന്നു. ഇതുപോലെതന്നെ പ്രസിദ്ധമായ മറ്റൊരു തറവാടാണ് മണക്കാട്ടംപള്ളി. അതുപോലെ തന്നെ അരയപ്രമാണി ആയിരുന്ന ആണ്ടിയരയന്റെ വലിയവീട്ടിൽ തറവാട്, ആര്യക്കര, കൊച്ചിനാകുളങ്ങര എന്നീ ക്ഷേത്രങ്ങളിലേയ്ക്ക് വലിയ വീട്ടിൽ തറവാട്ടിൽ നിന്നാണ്. ആരാധനാലയങ്ങൾ/ കൊച്ചിനാകുളങ്ങര ദേവീക്ഷേത്രം, കായിക്കര അന്നപൂർണ്ണേശ്വരീ ക്ഷേത്രം, പള്ളിക്കുന്ന് ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയവ മുഹമ്മയിലെ പ്രാചീന ക്ഷേത്രങ്ങളിൽ പെടും. പഞ്ചായത്തിലെ ദേവസ്വം ബോർഡിന് കീഴിലുള്ള ഏക ക്ഷേത്രമാണ് പുരാതനമായ ശാസ്താങ്കൽ ക്ഷേത്രം. പൂജവെളി, അഞ്ചുതൈക്കൽ എന്നിവയും പഞ്ചായത്തിലെ പ്രധാന ക്ഷേത്രങ്ങളിൽപ്പെടുന്നു. ഇതുകൂടാതെ നിരവധി കുടുംബക്ഷേത്രങ്ങളും പഞ്ചായത്തിലുണ്ട്. പള്ളിക്കുന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെ മണ്ണ് ഈ പ്രദേശത്തെ മറ്റ് പുരയിടങ്ങളിൽ നിന്നിും വ്യത്യസ്ഥമാണ് തിരുവിതാംകൂർ രാജാവ് നാട് സന്ദർശിച്ച അവസരത്തിൽ താമസിച്ച ഒരു കൊട്ടാരം ഇവിടെയുണ്ടായിരുന്നു എന്നും അത് നിർമ്മിക്കുന്നതിനുള്ള മണ്ണ് ചെങ്ങളത്തുനിന്ന് കൊണ്ടുവന്നതാണെന്നും രാജാവ് പള്ളികൊണ്ട സ്ഥലമാകയാൽ പള്ളിക്കുന്നെന്ന് പേരുവന്നു എന്നും കരുതുന്നു. ഈ പ്രദേശത്ത് കുശവൻമാർ താമസിച്ചിരുന്നതായും ചെങ്ങളത്തു നിന്നും കൊണ്ടുവന്ന മണ്ണും ഈ പ്രദേശത്തെ മണ്ണും ചേർത്ത് മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നതായും അവയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നതായും പഴമക്കാർ പറയുന്നു.