മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം

"രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്" എന്ന ഒരു പഴമൊഴിയുണ്ട്. ഇപ്പോൾ നമ്മുടെ നാട് ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം ലക്ഷക്കണക്കിനാളുകളുടെ ജീവൻ ഇതിനോടകം നമുക്ക് നഷ്ടമായി. കേരളം ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, ജാഗ്രത കൂടുതൽ ആവശ്യമുള്ള സമയമാണിത്. ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് - 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം. ലോകത്തിലെ തന്നെ വിവിധ ലാബുകളിൽ അതിനു വേണ്ട ഗവേഷണങ്ങൾ നടക്കുകയാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ചില ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ അകറ്റി നിർത്താനാവും. പുറമെ നിന്നും അകമേ നിന്നും ഉള്ള പ്രവർത്തനങ്ങളിൽ ശരീരം നടത്തുന്ന പ്രതികരണമാണ് രോഗപ്രതിരോധ വ്യവസ്ഥ. ഇതിൻറെ പഠനശാഖ "ഇമ്മ്യൂണോളജി" എന്ന് അറിയപ്പെടുന്നു.

രോഗപ്രതിരോധത്തിന് ശുചിത്വം ഒരു പ്രധാന ഘടകമാണ്. ഇത് പ്രധാനമായും വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ്. ദിവസേനയുള്ള കുളി, ഇടക്കിടയ്ക്ക് കൈകൾ സോപ്പ് വെള്ളത്തിൽ കഴുകുക, വൃത്തിയായ വസ്ത്രധാരണം എന്നിവ ഒരു വ്യക്തി ആവശ്യം ചെയ്തിരിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറയ്ക്കണം. അതുപോലെതന്നെ നമ്മൾ വസിക്കുന്ന വീടും അതിൻറെ ചുറ്റുപാടും വെടിപ്പായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് , മറ്റ് പാഴ്വസ്തുക്കൾ എന്നിവ വലിച്ചെറിയാതിരിക്കുക. അത് പരിസര മലിനീകരണത്തിന് കാരണമാകും.

മാരക രോഗങ്ങളെ അകറ്റി നിർത്തുന്നതിനുവേണ്ടി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാറുണ്ട്. അതിലൂടെ ഈ രോഗങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാം. ടി .ബി യ്ക്ക് എതിരെ ബി.സി.ജി, ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് എതിരെ ഒ.പി.വി. എന്നിവ പ്രതിരോധ കുത്തിവെപ്പുകൾ ആണ്. കുഞ്ഞു ജനിച്ചു ആറു മുതൽ പതിനാല് ആഴ്ച വരെയുള്ള സമയങ്ങളിൽ ആണ് ഇവ നൽകുന്നത്. അതോടൊപ്പം പെൻഡാവാക്സിൻ നൽകും. ഇത് ശരീരത്തെ അഞ്ചു രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ഇതിനു സമാനമായി മുതിർന്നവരിലും രോഗപ്രതിരോധ കുത്തിവെപ്പുകൾ നടത്താറുണ്ട്. വസൂരി, ഡിഫ്തീരിയ എന്നീ രോഗങ്ങൾ ഇങ്ങനെ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്തവയാണ്. ആരോഗ്യമുള്ള ശരീരമാണ് ഒരു വ്യക്തിയുടെ സമ്പത്ത്. ആരോഗ്യമുള്ള സമൂഹം രാജ്യത്തിന് മുതൽക്കൂട്ടാണ്.

നിഖിൽ സുരേഷ്
7 സി മണ്ണാറശാല യു.പി.എസ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം