ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/എന്റെ ഗ്രാമം

എന്റെ ഗ്രാമം

സമർത്ഥനായ ചിത്രകാരന്റെ പെയിന്റിംഗ് പോലെ മനോഹരമായ സായാഹ്നം .വെറുതെ പുഴക്കരയിലേക്ക് നടന്നു .പുഴക്കരയിലെ കടവിന്റെ സമീപത്തുള്ള ബാദം വൃക്ഷത്തിന്റെ ചുവട്ടിൽ ഇരുന്നു .പകൽ വിട പറഞ്ഞ് രാത്രിക്ക് സ്വാഗതം ഏകാൻ നിമിഷങ്ങൾ മാത്രം...ഇരുട്ടും മുൻപ് വീടണയുവാൻ വെമ്പുന്ന ചെറുതും വലുതുമായ പക്ഷികൾ ... കൂട്ടമായും ഒറ്റക്കും കൂടണയുന്ന പക്ഷികൾ... പുഴയെയും വയലുകളെയും തഴുകിത്തലോടി വന്ന മന്ദമാരുതനാൽ അറിയാതെ ഞാൻ ഒന്നു മയങ്ങിപ്പോയി...

പെട്ടന്നതാ മനോഹരമായ പാടത്തെ വെള്ളത്തിലേക്ക് ഒരുകൂട്ടം ദേശാടനപക്ഷികൾ പറന്നിറങ്ങി. തങ്ങളുടെ വാസസ്ഥലത്ത് വന്ന പുതിയ അതിഥികളെ കണ്ടു അവിടുത്തെ ജീവികൾക്ക് വളരെ സന്തോഷമായി. മീനുകൾ സന്തോഷത്താൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിച്ചു. മാക്രി കുഞ്ഞുങ്ങൾ തങ്ങൾക്ക് ലഭിച്ച കഴിവിന് ഒത്തവണ്ണം പാട്ടുകൾ പാടി. ആമ്പൽ പൂവുകൾ ഇളം കാറ്റിലാടി സ്വാഗത മോദി. തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന തിനായി തന്റെ ചില്ലകളിൽ സ്ഥലം ഒരുക്കി തേന്മാവ്. എത്ര സന്തോഷത്തോടെയുള്ള സായാഹ്നം... വിശ്രമത്തിനുശേഷം കിളികൾ വീണ്ടും പാടത്തേക്കിറങ്ങി. സന്തോഷത്താൽ മതിമറന്ന് നിൽക്കുന്ന ആമ്പൽപൂവ് കളെയും മറ്റു ജീവജാലങ്ങളെയും തഴുകിക്കൊണ്ട് അതുവഴി വന്ന കുഞ്ഞിക്കാറ്റ് അവരോടായി മെല്ലെ പറഞ്ഞു. അല്ലയോ കൂട്ടുകാരെ, നിങ്ങളുടെ ഈ സന്തോഷം താൽക്കാലികമാണ്.നേരം വെളുക്കുമ്പോൾ കിളികൾ അവരുടെ കൂടുകളിലേക്ക് മടങ്ങിപ്പോകും . കുഞ്ഞി കാറ്റിനോട് അല്പമായ ദേഷ്യം തോന്നിയത് അല്ലാതെ ആരും ഒന്നും മിണ്ടിയില്ല. സമയം മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. പെട്ടന്നുള്ള ചിറകടി ശബ്ദം കേട്ടുകൊണ്ടാണ് എല്ലാവരും ശ്രദ്ധിച്ചത്... അപ്പോഴതാ ദേശാടനപക്ഷികൾ ആകാശത്തേക്ക് ഉയർന്നു കഴിഞ്ഞിരുന്നു. എന്റെ അരികിലൂടെ വന്ന ബോട്ടിന്റെ ഹോണടി ശബ്ദം കേട്ട് ഞാൻ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. നേരം വൈകി ഇരുട്ട് വീണു തുടങ്ങിയിരുന്നു.

വയലുകളും പുഴകളും കുന്നുകളും ഇല്ലാത്ത വികസനത്തിന്റെ പേരിൽ തകർത്തുകളഞ്ഞ എന്റെ ഗ്രാമത്തെ കുറിച്ച് ഓർത്ത് കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.

ഫേബ സുനിൽ
9 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ