ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
കേരളത്തിലെ തന്നെ ആദ്യത്തെ പെൺപള്ളിക്കൂടങ്ങളിൽ ഒന്നായ ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂളിൽ പഠിക്കുവാനും പ്രഥമാദ്ധ്യാപികയായി അതേ സ്കൂളിൽ സേവനമനുഷ്ഠിക്കാനും സാധിച്ചത് അഭിമാനമായും ഭാഗ്യമായുo ഞാൻ കരുതുന്നു. പ്രകൃതി രമണീയമായ സ്കൂൾ കാമ്പസ് , പഴമയുടെ പ്രൗഢിയോടെ നിലകൊള്ളുന്ന വലിയ ക്ലാസ് മുറികൾ ,ചൂളമരങ്ങൾ തണലേകുന്ന മൈതാനം പൂന്തോട്ടങ്ങൾ ഇവയൊക്കെ മനസ്സിൻ്റെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളാണ്. പള്ളം, പന്നിമറ്റം, ചിങ്ങവനം, ഞാലിയാകുഴി , നീലംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമായി ആയിരത്തിലധികം പെൺകുട്ടികൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് എത്തിക്കാൻ അക്ഷീണം പ്രയത്നിച്ച അദ്ധ്യാപികമാർ. തയ്യൽ, ഡ്രോയിംഗ് ക്ലാസുകൾ സ്പോർട്സ്, ഗെയിംസ് പരിശീലനങ്ങൾ. വൈകുന്നേരങ്ങളിൽ ത്രോബോൾ ബാഡ്മിൻ്റൺ തുടങ്ങിയവ കൂട്ടുകാരുമൊത്തു കളിച്ചിരുന്ന തൊക്കെ മനസ്സിൽ മായാതെ കിടക്കുന്നു. ഞാൻ ആറാം ക്ലാസിലാണ് ഈ സ്കൂളിൽ ചേർന്നത്. കുട്ടികളിലെ വിവിധ കഴിവുകൾ വളർത്തി യെടുക്കാൻ അദ്ധ്യാപികമാർക്കൊപ്പം പ്രധാനാദ്ധ്യാപികമാരായ മിസ് ആലീസ് മാണി ടീച്ചർ , മിസസ് അന്നമ്മ തോമസ് ടീച്ചർ എന്നിവർ ശ്രദ്ധിച്ചിരുന്നു. ചെറുപ്പത്തിൽ എൻ്റെ കൈയക്ഷരം വളരെ മോശമായിരുന്നു. ഇതു മനസ്സിലാക്കിയ ആലീസ് ടീച്ചർ എല്ലാ ദിവസവും ഒരു പേജ് പകർത്തി എഴുതി ടീച്ചറിനെ കാണിക്കുവാൻ നിഷ്ക്കർഷിച്ചിരുന്നു . അന്നത്തെ അദ്ധാപകരുടെ സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ സാധിക്കില്ല . സ്കൂൾ അസംബ്ലികൾ റ്റിറ്റി ഐയുടെ പുറകിലായുണ്ടായിരുന്ന വാകമരച്ചോട്ടിൽ , ഓരോ ക്ലാസും പൊക്കം അനുസരിച്ച് ലൈനായി നിന്നു അസംബ്ലിയിൽ പങ്കെടുക്കുന്നത്, കലാപരിപാടികളിൽ പങ്കെടുത്തിരുന്നത് എല്ലാം ഓർക്കുന്നു. തിങ്കളാഴ്ച തോറുമുള്ള ചാപ്പൽ ശുശ്രൂഷയിൽ ഓർഗൻ വായിക്കൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അഞ്ചു വർഷക്കാലയളവിൽ അദ്ധ്യാപക അനദ്ധ്യാപക, സഹപാഠികളിൽ നിന്നും ലഭിച്ച നല്ല അനുഭവങ്ങൾ, സ്വഭാവ സവിശേഷതകൾ എല്ലാം എൻ്റെ പിന്നീടുള്ള ജീവിതത്തിൽ ഒരു മുതൽക്കൂട്ടായിരുന്നു എന്നു നന്ദിയോടെ ഓർക്കുന്നു. മേരി മാണി, റിട്ട. ഹെഡ്മിസ്ട്രസ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ. (മേരി മാണി ടീച്ചർ സി.എസ് ഐ സഭയുടെ മുൻ ബിഷപ്പ് റവ. എംസി മാണിയുടെ മകളാണ്.)