ബുക്കാനാന‍‍്‍ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രസ്മൃതികൾ സ്പന്ദിക്കുന്ന പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ =

         19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ എത്തിച്ചേർന്ന ലണ്ടൻ മിഷനറി സൊസൈറ്റി , ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ എന്നീ മിഷനറി സൊസൈറ്റികളിൽ ചർച്ച് മിഷനറി സൊസൈറ്റി തിരുവിതാംകൂർ -കൊച്ചി മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സുവിശേഷപ്രവർത്തനത്തിനൊപ്പം സാമൂഹ്യപരിഷ് കരണത്തിലും അവർ ശ്രദ്ധ വച്ചു വന്നു- ൽ മാർ ഡയനീഷ്യസിന്റെ എപ്പിക്കോസ്പൽ സ്ഥാനാരോഹണത്തിന് കേരളത്തിലെത്തിയ റവ. ഡോ. ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെ സിറിയൻ ചർച്ചും ചർച്ച് ഓഫ് ഇംഗ്ലണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തിന്റെ "Christian Researches in Asia” എന്ന ഗ്രന്ഥം ഇംഗ്ലീഷ്  മിഷനറിമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിലെ സഭാനവീകരണപ്രവർത്തനങ്ങളുടെ  ഭാഗമായി പാരീഷ് സ്ക്കൂളുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി അദ്ദേഹം തിരുവിതാംകൂർ കൊച്ചി റസിഡന്റായിരുന്ന കേണൽ മൺറോയുടെ മുന്നിൽ നിർദ്ദേശം വച്ചു. അദ്ദേഹത്തെ തുടർന്നുവന്ന കേണൽ മെക്കാളയാണ് കേരളത്തിൽ ചർച്ച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചത്. 

1816 മേയിൽ സി.എം.എസ് മിഷനറിയായിരുന്ന റവ. തോമസ് നോർട്ടൻ അലപ്പുഴയിൽ എത്തി. (1816 നവംബറിൽ റവ. ബെഞ്ചമിൻ ബെയിലിയും തുടർന്ന് റവ. ജോസഫ് ഫെന്നും റവ. ഹെന്റി ബെക്കറും കോട്ടയത്ത് എത്തി. റവ. ബെയ് ലി സഭാ പ്രവർത്തനത്തിലും പരിഭാഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ റവ.ഫെൻ കോളേജ് ചുമതലകളിലും റവ. ബേക്കർ പാരീഷ് സ്കൂളുകളുടെ രൂപീകരണത്തിലും ശ്രദ്ധവച്ചു. റവ. ബുക്കാനന്റെ ആഗ്രഹങ്ങളുടെ സാക്ഷാത് കാരമാണ് റവ.ബേക്കർ തന്റെ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കിയത്). റവ.ഹെന്റി ബേക്കർ (സീനിയർ) തന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ് തത്. കോട്ടയം പട്ടണത്തിൽനിന്ന് ഏകദേശം 8 കിലോമീറ്റർ തെക്കായി പാക്കിൽ, ചിങ്ങവനം പ്രദേശങ്ങൾക്ക് ഇടയിലാണ് പളളം. 1839-ൽ 259 കുട്ടികളുമായി 9 നാട്ടുഭാഷാ സ്കൂളുകൾ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം കോട്ടയത്തെത്തിയ മിസസ് ഹെന്റി ബേക്കർ 1844 -ൽ പെൺകുട്ടികൾക്കായി പളളത്ത് ഗേൾസ് ബോർഡിംഗ് സ്കൂൾ ആരംഭിച്ചു. മുണ്ടക്കയത്തുണ്ടായിരുന്ന മറ്റൊരു സ്കൂളും ഈ സ്കൂളും ഒരുമിച്ച് 1871ൽ ബേക്കറിന്റെ മകന്റെ ഭാര്യയായ മിസസ് ഹെന്റി ബേക്കർ(ജൂനിയർ) പളളത്ത് ഒരു ബോർഡിംഗ് ഗേൾസ് സ്കൂളാക്കി മാറ്റി. 1871-ൽ ഇവിടെ 60 ബോർഡിംഗ് വിദ്യാർത്ഥിനികളും ദിവസവും വന്നു പോകുന്ന ഇരുപത്തിയഞ്ച് പെൺകുട്ടികളും ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥാപനം മിസസ് ഹെന്റി ബേക്കർ സീനിയർ കോട്ടയത്ത് നടത്തിയിരുന്ന സ്കൂളുകളുമായി ലയിച്ചു ചേർന്നു. 1888-ൽ മിസസ് ഹെന്റി ബേക്കർ സീനിയർ മൃതിയടഞ്ഞതോടെ റവ. എ എഫ് പെയിന്റർ എന്ന മിഷനറിയുടെ ഭാര്യ മിസസ് പെയിന്റർ പളളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ തുടങ്ങി. ഈ കാലഘട്ടങ്ങളിലെല്ലാം മിഷനറിമാർ നേരിട്ടിരുന്ന പ്രശ് നമായിരുന്നു സ്കൂൾ മിസ്ട്രസ്സുമ്മാരുടെ കുറവ്. അയിത്ത സമ്പ്രദായം, സ്ത്രീകളുടെ സാമൂഹിക പിന്നാക്കവസ്ഥ,വിദ്യാഭ്യാസം ചില വിഭാഗങ്ങൾക്ക് മാത്രമായി ചുരിങ്ങിയ അവസ്ഥ ഇങ്ങനെ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ പെൺകുട്ടികളെ പഠിപ്പിക്കുവാൻ ദൈവവിചാരവും ട്രെയിനിംഗും ഉളള അദ്ധ്യാപികമാർ അത്യാവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ അറിഞ്ഞ് 1872ൽ മിസ് എലിസ ഉസ് ബോൺ 2000 പൗണ്ട് സംഭാവനയായി ചർച്ച് സൊസൈറ്റിക്കു നൽകി. തിരുവിതാംകീറിൽ ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുന്നതിനായിരുന്നു ഈ സംഭാവന. ഇതിൻപ്രകാരം ചർച്ച് മിഷൻ സൊസൈറ്റിയുടെ കമ്മറ്റി പളളത്ത് പെൺകുട്ടികൾക്കായുളള ഒരു ട്രെയിനിംഗ് സ്കൂൾ ആരംഭിക്കുവാൻ തീരുമാനിച്ചു. കേരളത്തിൽ സി.എം. എസ്സിന്റെ നേതൃത്വത്തിൽ സ്കൂളുകൾ ആരംഭിക്കുവാൻ കാരണക്കാരനായ റവ. ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ് ക്കായി ഈ സ്ഥാപനത്തിന് ' ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ' എന്നു പേരിടാൻ ധാരണയായി. അങ്ങനെ മിസസ് പെയിന്ററുടെ സ്കൂൾ കേന്ദ്രീകരിച്ച് 1891ൽ റവ. എ .എച്ച് .ലാഷ് , ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ തുറന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടെ സ്‌കൂളുകളിലേക്കു വേണ്ട ക്രിസ്‌ത്യൻ അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനുളള എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളും 1മുതൽ 7വരെ ക്ലാസ്സുകളുളള ഹയർ സെക്കന്ററി സ്‍കൂളും ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നു. മദ്രാസ് പ്രൈമറിയും ലോവർ സെക്കന്ററിയും പരീക്ഷകൾ പാസായവർക്കായിരുന്നു ഈ ട്രെയിനിംഗ് സ്‌കൂളിൽ പ്രവേശനം. നേരത്തെ ഉണ്ടായിരുന്ന സ്‌കൂൾ Form 111 ന്റെ നിലവാരത്തിലേക്ക് ഉയർത്തി. പിന്നാക്ക വിഭാഗക്കാരായ പെൺകുട്ടികൾക്ക് ഈ സ്‌കൂളിൽ വിദ്യാഭ്യാസം നൽകിപ്പോന്നു.

 	മിസസ് പെയിന്റർ 1891ൽ തന്നെ ഈ സ്‌കൂൾ റവ. ലാഷിന്റെ ഭാര്യ മിസസ് ലാഷിനു കൈമാറി. ഇക്കാലഘട്ടത്തിൽ ബുക്കാനൻ ഇൻസ്റ്റിറ്റൂഷന്റെ ഭാഗമായ സ്‌കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു. 1892 നവംമ്പർ 25ന് ബിഷപ് ഇ.എൻ. ഹോഡ്‌ജസ് പുതിയ സ്‌കൂൾ ബിൽഡിംഗ് ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂളിൽ 130 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ 90 പേർ ബോർഡിംഗിൽ താമസിച്ചുപഠിക്കുകയായിരുന്നു. 97 ആൺകുട്ടികളും 245 പെൺകുട്ടികളും അടങ്ങുന്ന 8 ബ്രാ‍ഞ്ച് സ്‌കൂളുകൾ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. റീഡിംഗ്, റൈറ്റിംഗ്, അരിത്തമെറ്റിക്ക്, ജോഗ്രഫി, ഡിക്ടേഷൻ തുടങ്ങിയവ ഇവിടെ പഠിപ്പിച്ചു പോന്നു.

മിസസ് ലാഷിന്റെ മരണശേഷം മിസസ് ഇ. ബെല്ലർബി സ്‌കൂളിന്റെ ചുമതലയേറ്റു. തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും വിവിധ ഭാഗങ്ങളിൽ നിന്ന് - പെൺകുട്ടികൾ ഇവിടെ പഠനത്തിനെത്തി. അക്കാലത്ത് ലോവർ സെക്കന്ററി പരീക്ഷകൾ കൊച്ചിയിലായിരുന്നു നടന്നിരുന്നത്. 1911ൽ റവ. ബെല്ലർബിയും മിസസ് ബെല്ലർബിയും ആരോഗ്യപരമായ കാരണങ്ങളാൽ കോട്ടയം വിട്ടു. ബുക്കാനൻ സ്‌കൂൾ ചാപ്പൽ മിസസ് ഇതെൽ ബെല്ലർബിയുടെ സ്‌മരണാർത്ഥം പണിതതാണ്.

ഇവർക്കുശേഷം റവ. ഹണ്ടും പത്‌നിയും സ്‌കൂൾ ചുമതലകൾ ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ സ്‌കൂളിന്റെ ഇംഗ്ലീഷ് വിഭാഗം നിർത്തലാക്കി മലയാളം മിഡിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. മിസസ് ഹണ്ടിനുശേഷം മിസ് റിച്ചാർഡ് സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. ട്രെയിനിംഗ് സ്‌കൂൾ, സ്‌കൂൾ വിഭാഗം ബ്രാ‍ഞ്ച് സ്‌കൂളുകൾ എന്ന് മൂന്ന് വിഭാഗങ്ങളാക്കി മൂന്നിന്റേയും ചുമതല വ്യത്യസ്‌ത വ്യക്തികളെ ഏൽപ്പിച്ചുകൊടുത്ത് മിസ് റിച്ചാർഡാണ്. തുടർന്നുളള 16 വർഷങ്ങളിൽ ഇൻസ്റ്റിറ്റൂഷന്റെ ചുമതല വഹിച്ചത് മിസ് റിച്ചാർഡാണ്. 1925ൽ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. കെ.വി വർക്കി റിട്ടയർ ചെയ്‌തു .മിസ്. മേരി ജോൺ ചുമതലയേറ്റു. 1930ൽ മിസ് റിച്ചാർഡ് കോട്ടയം വിട്ടു. തുടർന്ന് മിസ്. ഹിൽ ഇൻസ്റ്റിറ്റൂഷന്റെ കാര്യദർശിയായി. ഈ കാലഘട്ടത്തിൽ മുമ്പു നിർത്തിയ ഇംഗ്ലീഷ് വിഭാഗം വീണ്ടും പ്രവർത്തനമാരംഭിച്ചു. 1945ൽ സ്‌കൂൾ ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളായി ഉയർത്തി. Form IV A ൽ അന്ന് 81 പെൺകുട്ടികൾ പഠിക്കുവാൻ ഉണ്ടായിരുന്നു. ചർച്ച് മിഷൻ സൊസൈറ്റിയുടേയും പൊതുജനങ്ങളുടേയും സഹായത്തോടെ സയൻസ് ഉപകരണങ്ങളും പുസ്‌തകങ്ങളും ഫർണീച്ചറുകളും കെട്ടിടങ്ങളും തയ്യാറാക്കി. 1946ൽ മിസ് ഹിൽ ഇംഗ്ലണ്ടിലേക്കു മടങ്ങി.

സ്‌കൂളിന്റെ സ്വതന്ത്ര ചുമതലക്കാർ

മിസ് മറിയം തോമസ് : 1946ൽ മിസ് മറിയം തോമസ് ഹൈസ്‌കൂൾ വിഭാഗം ഹെഡ്‌മിസ്‌ട്രസ്സായി ചുമതലയേറ്റു. 1947-ൽ 342 പെൺകുട്ടികൾ ഉണ്ടായിരുന്നത് 1977 ആയപ്പോൾ 1050ആയി ഉയർന്നു. 1960വരെ മിസ് മറിയം തോമസ് ആയിരുന്നു സ്‌കൂളിന്റെ ചുമതലക്കാരി. ബുക്കാനൻ സ്‌കൂളിലെ ആദ്യ മലയാളി ഹെഡ്‌മിസ്‌ട്രസ്സായിരുന്നു മിസ് മറിയം തോമസ്. പെണ്ടകുട്ടികളെ മിത ഭാഷിണികളാക്കാൻ രാവിലെയും ഉച്ചയ്‌ക്കും ക്ലാസ് തുടങ്ങുന്നതിനു മുമ്പ് 5 മിനിറ്റ് മൗനം ആചരിക്കണമെന്ന നിർബന്ധം ടീച്ചർക്കുണ്ടായിരുന്നു. അധ്യാപന - രംഗത്തുനിന്നു വിരമിച്ചതിനു ശേഷം ബഥേൽ ആശ്രമത്തിൽ പ്രവർത്തിച്ചിരുന്നു.

മിസ് ഗ്രേസ് തോമസ് : 1960-1963 വരെയുളള കാലഘട്ടത്തിൽ മിസ് ഗ്രേസ് തോമസ് ആയിരുന്നു സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സ്.

മിസ് സാറാ ടി ചെറിയാൻ : 1963 മുതൽ 1965 വരെ മിസ് സാറാ ടി .ചെറിയാൻ സ്‌കൂളിന്റെ ചുമതല വഹിച്ചു. പെൺകുട്ടികളുടെ ശീല രൂപീകരണത്തിനു വേണ്ട എല്ലാ വിധ പരിശീലനങ്ങൽക്കും ഒപ്പം നല്ല വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ ഇവർ ശ്രദ്ധ വച്ചു.

ശ്രീ. എ. വർക്കി: ശ്രീ. ഏബ്രഹാം വർക്കി 1965 മുതൽ 1970വരെഹെഡ്‌മാസ്റ്ററായി പ്രവർത്തിച്ചു. ഹൈസ്‌കൂളിന്റെ ഇന്നുവരെയുളള കാലഘട്ടത്തിലെ ഹെഡ്‌മാസ്റ്ററായിരുന്നു അദ്ദേഹം പെൺകുട്ടികൾക്ക് മാത്രമുളള ഈ സ്ഥാപനത്തെ ഒരു പിതാവിന്റെ വാത്സല്യത്തോടേയും കരുതലോടേയും അദ്ദേഹം പരിപാലിച്ചു.

മിസ് ആലീസ് പി.മാണി: മിസ് ആലീസ് പി.മാണി 1970 മുതൽ 1976 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു.

ശ്രീമതി പി. അന്നമ്മ തോമസ് : ശ്രീമതി പി. അന്നമ്മ തോമസ് ആയിരുന്നു 1976 മുതൽ 1987 വരെ സ്‌കൂൾ ചുമതലക്കാരി. ഈ ഹെഡ്‌മിസ്‌ട്രസ്സിന്റെ കാലത്താണ് ഇപ്പോൾ XC, XD ആയി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പണിതത്.

ശ്രീമതി സൂസമ്മ മാത്യു : സൂസമ്മ മാത്യു 1987-1990 കാല ഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചാർജെടുത്തു. 1989 ഒക്‌ടോബർ 18-ാം തീയതി സ്‌കൂൾ വിദ്യാർത്ഥിനികൾക്കും ട്രെയിനിംഗ് വിദ്യാർത്ഥിനികൾക്കുമായി പുതിയ ബോർഡിംഗ് കെട്ടിടം സ്ഥാപിച്ചു.


ശ്രീമതി അന്നമ്മ മാത്തൻ : ശ്രീമതി അന്നമ്മ മാത്തൻ 1990-1996 ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു. അന്നമ്മ മാത്തന്റെ കാലത്താണ് സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1991 ഫെബ്രുവരി 21-ാം തീയതി റവ. എം.സി മാണി തിരുമേനി ശിലാസ്ഥാപനം നിർവഹിച്ചു. അന്നു തന്നെ സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്കു നാന്നി കുറിച്ചിരുന്നു. തികഞ്ഞ അച്ചടക്കത്തോടെ സ്‌കൂൾ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ശ്രദ്ധാലുവായിരുന്നു ശ്രീമതി അന്നമ്മ മാത്തൻ.

ശ്രീമതി വത്സമ്മ ജോസഫ് : 1996 -2000 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ചുമതല വഹിച്ചു. സ്‌കൂളിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ ടീച്ചർ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു സ്‌കൂളിന് ആദ്യമായി കംമ്പ്യൂട്ടർ ലഭിക്കുന്നത്. കുട്ടികൾക്ക് ആധുനിക കാലഘട്ടത്തോട് ഇണങ്ങി ജീവിക്കുന്നതിന് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം.

ശ്രീമതി സൂസൻ കുര്യൻ : 2003 – 2006 വരെയുളള കാലഘട്ടത്തിൽ ഹെഡ്‌മിസ്‌ട്രസ്സായിരുന്നു. സ്‌കൂളിന്റെ വികസനത്തിനു വേണ്ടി പരിശ്രമിച്ച ടീച്ചർ സ്‌കൂളിന് പുതിയൊരു മുഖം നൽകാൻ ശ്രമിച്ചു. നീലയും വെളളയും ചേർന്ന പഴയ യൂണിഫോം മാറ്റി ചുവപ്പ് ചെക്കും ആഷും ചേർന്ന യൂണിഫോം ആയത് ഇക്കാലത്താണ്.

ശ്രീമതി ഗ്രേസി ജോർജ്ജ് : 2003 -2006 കാലഘട്ടത്തിൽ ദീർഘകാലങ്ങൾക്കുശേഷം ജനറൽ യൂണിറ്റിൽനിന്നും ഹെഡ്‌മിസ്‌ട്രസ്സായി എത്തിച്ചേർന്ന വ്യക്തിയാണ് ശ്രീമതി ഗ്രേസി ജോർജ്ജ് ഈ കാലഘട്ടത്തിലാണ് ശ്രീ. സുരേഷ് കുറുപ്പ് എം.പി. യുടെ വികസന ഫണ്ടിൽനിന്ന് ആറ് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചത്. സ്‌കൂളിന്റെ ചുമതലകളിൽ ദത്തശ്രദ്ധയായിരുന്നു ഗ്രേസി ടീച്ചർ.

ശ്രീമതി സുജ റെയ് ജോൺ : സ്‌കൂളിന്റെ ചുമതലക്കാരിയായി 2006ൽ എത്തി . 2007 കാലഘട്ടത്തിൽ ശ്രീ. വി.എൻ. വാസവൻ എം.എൽ എ.യുടെ വികസന ഫണ്ടിൽ നിന്നു നാല് കംമ്പ്യൂട്ടറുകൾ സ്‌കൂളിന് ലഭിച്ചു. കൂടാതെ രണ്ട് സ്‌കൂൾ ബസ്സുകളും വാങ്ങുവാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ് . എട്ടാം ക്ലാസ്സിനും അഞ്ചാം ക്ലാസ്സിനും പുതിയ യൂണിഫോം ഏർപ്പെടുത്തി. സ്‌കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്‌ക്കുന്ന ടീച്ചറിന്റെ കാലത്തുതന്നെ സ്‌കൂളിന്റെ ചരിത്രം തനതു പ്രവർത്തനത്തിന്റെ ഭാഗമായി രേഖപ്പെടുത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ തുടർ പ്രവർത്തനത്തിനായി ഒരു ചെറിയ മ്യൂസിയവും രൂപപ്പെടുത്തി. 2010ൽ ടീച്ചർ മറ്റൊരു സ്‌കൂളിന്റെ ചുമതലക്കാരിയായി സ്ഥലം മാറിപ്പോയി.

ശ്രീമതി ഏലിയാമ്മ തോമസ് എം : 2010-2014അധ്യയന വർഷം മുതൽ സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സായി പ്രവർത്തിച്ചു വരുന്നു. തനതു പ്രവർത്തനമായി പെൺകുട്ടികൾക്ക് സൈക്ലിംഗ് പരിശീലനം ഏർപ്പെടുത്താൻ സാധിച്ചു. കൂടാതെ ISRO ബഹിരാകാശ വാരാഘോഷങ്ങളിൽ പങ്കെടുത്ത് സുവർണ്ണ ലോക്കറ്റും പ്രത്യേയ ജൂറി അവാർഡും നേടാൻ സാധിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുവാൻ സാധിച്ചു. കൂടാതെ വോളിബോൾ പരിശീലനം, ക്രിക്കറ്റ് പരിശീലനം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. കൗൺസലിംഗ് യൂണിറ്റ് രൂപീകരിച്ച് കുട്ടികളെ ബോധവത്‌കരിക്കുന്ന പ്രവർത്തനവും കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നിറവേറ്റുവാൻ ടീച്ചർക്ക് സാധിച്ചു. ഉച്ചഭക്ഷണ വിതരണശാലയുടെ നിർമ്മാണവും ഒരു ടോയ്‌ലറ്റ് യൂണിറ്റ് നിർമ്മിക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു.

ശ്രീമതി ലില്ലി ചാക്കോ 2014-20164 പാചകപ്പുര നവീകരണം, ലൈബ്രറി നവീകരണം, ഇവ നടത്തി. എസ് . എസ് എൽ സിക്ക് 100% ജയം, സ്ക്കൂൾ സ്റ്റേഷനറി സ്റ്റോർ ആരംഭിച്ചു. ഇംഗ്ലീഷ് ഡേ ആചരണം തുടങ്ങി.നീല സ്കർട്ട്, സ്ട്രൈപ്പ് ഷർട്ട് യൂണിഫോമാക്കി .

"https://schoolwiki.in/index.php?title=ബുക്കാനാന‍‍്‍_ചരിത്രം&oldid=645394" എന്ന താളിൽനിന്ന് ശേഖരിച്ചത്