ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ അതിർവരമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ അതിർവരമ്പുകൾ
             "For every action, three is an equal and opposite reaction" ഇത്  സർ ഐസക് ന്യൂട്ടന്റെ പ്രശസ്തമായ മൂന്നാം ചലനനിയമം. ഇതിവിടെ പറയാൻ കാരണം,  ഇന്ന് നമ്മുടെ ലോകത്തിന്റെ അവസ്ഥ ചിത്രീകരിക്കാൻ ഈ നിയമം എറ്റവും അനുയോജ്യമാണ്. നാം പരിസ്ഥിതിയോടും ഭൂമിയോടും ചെയ്തുകൂട്ടിയ ഓരോ ദ്രോഹങ്ങൾക്കും ഇപ്പോൾ എണ്ണി എണ്ണി കണക്കു ചോദിച്ചുകൊണ്ടിരിക്കുകയാണ് പ്രകൃതി. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ' പുഴയെ നശിപ്പിച്ചപ്പോൾ നമ്മളോർത്തില്ല അവൾക്ക് മഴ എന്നൊരു രക്ഷിതാവുണ്ടെന്ന്.' അതുപോലെ പ്രകൃതിയിലെ ഓരോ അണുവിനോടും നമ്മൾ ചെയ്തുകൂട്ടിയത് ഒന്ന് ചിന്തിച്ചുനോക്കൂ...വേനൽകാലത്ത് ചൂടുകൊണ്ട് ശ്വാസം മുട്ടിച്ചും, മഴക്കാലത്ത് വെള്ളപൊക്കമായി ആഞ്ഞടിച്ചും അവൾ പ്രതികരിച്ചു. കോൺക്രീറ്റ് കൊണ്ട് നാം അവളിലെ ജലാംശത്തെ ഊറ്റിയെടുത്തപ്പോൾ അടിത്തറവരെ ഇളക്കി മണ്ണിടിച്ചിലായി അവൾ‌ നമ്മളെ തോൽപ്പിച്ചു. കടലിലെ മണൽ മുഴുവൻ വാരി നമ്മൾ കൊട്ടാരങ്ങൾ കെട്ടിപടുത്തപ്പോൾ അവളുടെ അവകാശമായ അവസാന തരിമണലും സുനാമിത്തിരകളായി വന്ന് അവൾ തിരിച്ചെടുത്തു. ഇങ്ങനെ നമ്മുടെ സ്വാർത്ഥതക്കുവേണ്ടി മാത്രം നമ്മൾ ഇല്ലാതാക്കിയ ഓരോ പരമാണുവും വൈറസുകളും ബാക്ടീരിയകളുമായി പുനർജനിച്ചു ഇന്ന് നമ്മുടെ ലോകത്തെ മൊത്തം കീഴടക്കികൊണ്ടിരിക്കുന്നു.
             ഇന്നിതാ കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുമ്പോൾ പണ്ടത്തെ നമ്മുടെ വ്യക്തിശുചിത്വത്തേയും കരുതലിനെയും പറ്റി അച്ഛൻ പറഞ്ഞുതന്ന വിവരങ്ങൾ ഞാൻ ഇവിടെ ഉൾകൊള്ളിക്കുന്നു. അച്ഛന്റെ കുട്ടികാലത്ത് വീട്ടിൽ ഒരഛമ്മ ഉണ്ടായിരുന്നു. കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളുമായി കുട്ടികളോട് കൂട്ടുകൂടാറുള്ള അച്ഛമ്മ. ശുചിത്വത്തിൽ അച്ഛമ്മ മുൻപന്തിയിലായിരുന്നു. അന്ന് കൂട്ടുകുടുംബമായിരുന്നു. വീടിന്റെ ചവിട്ടുപടിയിൽ ഒരു കിണ്ടിയിൽ വെള്ളം നിറച്ചുവെക്കും. വീട്ടിലേക്കു വരുന്നവർ കൈകാലുകൾ കഴുകുമ്പോഴേക്കും ആരെങ്കിലും തുടക്കാൻ തോർത്തുമായി വരും. ഇന്നത്തെ പോലെ വാഹനസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് നടന്നു ക്ഷീണിച്ചു വരുന്നവർക്ക് നല്ല നാടൻ സംഭാരം കൊടുക്കും. പോഷകമൂല്യമുള്ള ഈ പാനീയം ക്ഷീണം മാറ്റാൻ ഉത്തമമാണ്. വീട്ടിലെ തൊടിയിലും മറ്റുമുള്ള ഭക്ഷ്യയോഗ്യമായ പലതരം ഇലകളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള പലതരം വിഭവങ്ങൾ. മായം ചേർക്കാത്ത ഇവ രോഗങ്ങളിൽ നിന്നും മുക്തമാക്കി ആരോഗ്യമുള്ളവരാക്കി മാറ്റുന്നതായിരുന്നു. സന്ധ്യയായാൽ പറമ്പിലെ ചപ്പുചവറുകൾ അടിച്ചുവാരി ചെറിയ കൂട്ടങ്ങളായി തീയിട്ടു കത്തിക്കും. ഇത് പരിസരശുചിത്വം മാത്രം ലക്ഷ്യമാക്കിയായിരുന്നല്ല, ചവർ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയിൽ കൊതുകുകളും മറ്റു രോഗാണുക്കളും നശിച്ചുപോകും. കിണറ്റിലെ തണുത്ത വെള്ളം ശരീരത്തിനും മനസ്സിനും കുളിർമയേകുന്നതായിരുന്നു. എണ്ണ തേച്ചുള്ള കുളിയും, മഴയും വെയിലും കൊണ്ടുള്ള കളികളും, നേരത്തെയുള്ള ഉറക്കവും ഉണരലുമെല്ലാം ആരോഗ്യകരമായിരുന്നു. കർക്കിടകത്തിലെ മരുന്നുകഞ്ഞിയും, മകരമാസത്തിലെ നോലുമ്പുകളും, ഏകാദശി വൃതങ്ങളും അവർ ജീവിതചര്യയിൽ ഉൾപ്പെടുത്തിയിരുന്നു. മത്സ്യമാംസാദികളുടെ മിതമായ ഭക്ഷ്യവും, ഒറ്റമൂലി പ്രയോഗങ്ങളും, നാടൻ വൈദ്യവുമെല്ലാം അവരെ ആരോഗ്യമുള്ളവരായി നിലനിർത്തി.
                എന്നാൽ ഇന്നോ? നാം അന്യഭാഷാ ചിത്രങ്ങളിൽ മാത്രം കണ്ട് പരിചയിച്ച ഒരു ആശയം, ഒരു മനുഷ്യന്റെ സ്പർശത്തിലൂടെയോ സമ്പർക്കത്തിലൂടെയോ ഒരു രോഗം ലോകം മുഴുവൻ വ്യാപിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ ദിനംപ്രതി മരിച്ചുവീഴുന്നു. സ്വന്തം രക്തബന്ധത്തിലുള്ളവരെ പോലും നമ്മുക്ക് അകറ്റി നിർത്തേണ്ടി വരുന്ന അവസ്ഥ. ഒരു പ്രതിവിധിയോ പ്രതിരോധമോ ഇല്ലാതെ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വരുന്നു. സോഷ്യൽ മീഡിയകളുടെയും വീട്ടുകാരുടെ ചർച്ചകൾക്കിടയിലും ഒതുങ്ങുമ്പോൾ ഒരു മതവികാരവും, ആർഭാടവും, അഹങ്കാരവും നമ്മെ തേടിവരുന്നില്ല. അപ്പോൾ നല്ലതു ചിന്തിക്കാൻ നമ്മുക്കറിയാം.
                  നിപ, കോവിഡ്- 19 എന്നിങ്ങനെ പേരിട്ടുവിളിക്കുന്ന ചില വൈറസുകൾ മാത്രമേ നമ്മെ തേടി വന്നിട്ടുള്ളൂ.  ഇനിയും നമ്മെ കാത്തിരിക്കുന്ന മഹാവിപത്തുകൾ എന്തൊക്കെയായിരിക്കും?
 നമുക്കുവേണ്ടി വരുംതലമുറക്കുവേണ്ടി പഴമയിലേക്ക് തിരിച്ചുപോവാം. പരിസ്ഥിതിയോട് ചേർന്നിട്ടുള്ള, ആരോഗ്യത്തിന് വേണ്ടിയുള്ള തിരിച്ചുപോക്ക്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ....
അക്ഷര.കെ എച്ച്
9 ഡി ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം