ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .ബാസൽ ഇവാൻഞ്ചലികൽ മിഷൻ അപ്പർ പ്രൈമറി എന്നതാണ് ഇതിന്റെ പൂർണ നാമം.മലയാളക്കരയിൽ വന്നു മലയാളം പഠിച്ച ശേഷം മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു സമ്മാനിച്ച ജർമ്മൻകാരനായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1839 ഏപ്രിൽ 12 നു അന്നത്തെ തലശേരി ജഡ്ജ് ആയിരുന്ന ബ്രണ്ണൻ  സായിപ്പ് തലശ്ശേരിക്കടുത്തു ഇല്ലിക്കുന്നിലുണ്ടായിരുന്ന ബംഗ്ലാവ് മിഷന് വിട്ടു കൊടുക്കുകയും ഡോക്ടർ ഹെർമൻ ഗുണ്ടർട്ടും കുടുംബവും അവിടെ താമസമാക്കുകയും ചെയ്തു.ജർമനിയിലെ ബാസൽ പട്ടണം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷനറി സംഘത്തിൽ നിന്നും ആദ്യമായി കേരളത്തിലെത്തിയ മിഷനറിയാണ് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് .അദ്ദേഹം മലയാള ഭാഷ വളരെ വേഗം എഴുതുവാനും വായിക്കുവാനും പഠിച്ചതോടു കൂടി ക്രിസ്തു മാർഗം സംബന്ധമായ ചെറു പുസ്തകങ്ങളും പശ്ചിമോത്തായം എന്ന മാസികയും കല്ലച്ചുകൂടത്തിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു .മലയാളത്തിൽ അച്ചുകൂടങ്ങളില്ലാതിരുന്ന കാലത്തു അച്ചടിച്ച പുസ്തകങ്ങൾ കിട്ടുന്നതും വായിക്കുന്നതും ജനങ്ങൾക്ക് കൗതുകകരമായിരുന്നു.ഈ ചെറു ഗ്രന്ഥങ്ങൾ വായിച്ച അനേകം ഹിന്ദുക്കളിൽ ഒരാൾ ചോമ്പാലയിലെ മന്നൻ വൈദ്യർ എന്ന ആളായിരുന്നു. ക്രിസ്തു മാർഗത്തെ പറ്റി കൂടുതൽ അറിയുന്നതിന് വേണ്ടി ഇദ്ദേഹം ഗുണ്ടർട്ട് സായിപ്പിന്റെ അടുത്ത് ചെന്നു.1844 ൽ മന്നൻ വൈദ്യർ തിരുഃസ്നാനമേറ്റു ക്രിസ്ത്യാനി ആയി പോൾ എന്ന പേര് സ്വീകരിച്ചു . പോൾ വൈദ്യരുടെ ഒരു വലിയ സ്നേഹിതൻ അന്ന് ചോമ്പാലയിൽ എഴുത്തു പള്ളി വച്ച് കുട്ടികളെ പഠിപ്പിച്ചു പോന്നിരുന്ന വയലളിത് കുറ്റിപ്പുറത്തെ മണ്ടോടി കുങ്കൻ ഗുരുക്കളായിരുന്നു. ക്രിസ്തുവിന്റെ രക്ഷ മാഹാത്മ്യത്തെ പറ്റിയും താൻ അനുഭവിക്കുന്ന മനഃസമാധാനത്തെ പറ്റിയും പോൾ വൈദ്യൻ കൂടെ കൂടെ തന്റെ സ്നേഹിതൻ മണ്ടോടി കുങ്കൻ ഗുരുകളോട് പറഞ്ഞതിനാൽ അയാളും ഭാര്യയും മൂന്നു മക്കളോടും കൂടി ക്രിസ്ത്യാനികളായി സ്നാനപ്പെടുകയും കുങ്കർ ഗുരുക്കൾ യാക്കോബ് മണ്ടോടി എന്ന പേര് സ്വീകരിക്കുകയും ചെയ്തു . ചോമ്പാലയിലും പരിസരത്തുമുള്ള ധാരാളം ഹിന്ദുക്കൾ ക്രിസ്ത്യാനികൾ ആയതോടുകൂടി 1845 ൽ ഗുണ്ടർട്ട് സായിപ്പ് ചോമ്പാൽ ക്രിസ്ത്യൻ സഭയെ തലശ്ശേരിയുടെ ഒരു ഉപ സഭയാക്കി മാറ്റുകയും ചെയ്തു. ആ വർഷം  തന്നെ അതായത് 1845 ൽ ഹെർമൻ ഗുണ്ടർട്ട് ചോമ്പാലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും പോൾ വൈദ്യരേയും യാക്കോബ് മണ്ടോടി ഗുരുക്കളെയും അതിൽ ഗുരു നാഥന്മാരായി നിയമിക്കുകയും ചെയ്തു. ബാസൽ ഇവാൻഞ്ചലികൽ മിഷന്റെ കേരളത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്കൂൾ ആയതുകൊണ്ടാണ് ഇ സ്കൂളിന് ബി ഇ എം സ്കൂൾ എന്ന് പേര് നൽകിയത് . കടത്തനാട് പുറമേരി കോവിലകത്തെ രാജാവിനോട് ചോമ്പാൽ കുന്നിന്മേൽ തരിശായി കിടന്നിരുന്ന ഒരു പറമ്പു മിഷൻ തരക് എഴുതി വാങ്ങിയാണ് സ്കൂളും പള്ളിയും സ്ഥാപിച്ചത്. ക്രിസ്ത്യൻ പാതിരിമാരുടെ താമസ കേന്ദ്രവും ആരാധനാ കേന്ദ്രവുമായതിനാലാണ് സ്കൂളും പള്ളിയും ഉൾക്കൊള്ളുന്ന ചോമ്പാൽ കുന്നിൻ ഭാഗത്തെ പാതിരികുന്നു എന്നറിയപ്പെട്ടത് .സ്കൂളിന്റെ പേര് ബി ഇ എം എന്നാണെങ്കിലും പാതിരിക്കുന്നു എന്നറിയപ്പെടുന്ന കുന്നിന്മേൽ ആണ് ഇ സ്കൂൾ എന്നത് കൊണ്ട് ഇ സ്കൂളിനെ കുന്നുമ്മേൽ സ്കൂൾ എന്നു കൂടി വിളിച്ചു പോരുന്നു . മിഷനറിമാരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ചോമ്പാൽ കുന്നിന്മേൽ പെൺകുട്ടികൾക്ക് വേണ്ടി ഒരു ഓർഫനേജ് സ്ഥാപിക്കപ്പെട്ടതോടു കൂടി ഇ സ്ഥാപനത്തിന് ബി ഇ എം ഹയർ എലിമെൻട്രറി ഓർഫനേജ് സ്കൂൾ എന്ന പേര് നൽകി. പ്രൊഫെസർ ജോസഫ് മുണ്ടശ്ശേരി വരുത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി അപ്പർ പ്രൈമറി 7 ആം തരം മാത്രമാക്കിയതോടു കൂടി ഇ സ്കൂളിന്റെ പേര് 1963 ബി ഇ എം യു പി സ്കൂൾ എന്നാക്കി മാറ്റി. വളരെക്കാലം മുൻപ് പ്രത്യേകിച്ച് സ്വാതന്ദ്ര്യലബ്ദിക്ക് മുൻപ് അഭ്യസ്ത വിദ്യർക് പൊതുവെ സ്വകാര്യ സ്കൂൾ അധ്യാപന വൃത്തി ഏറ്റെടുക്കാൻ വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല .സർക്കാർ നൽകിയ ഗ്രാന്റിൽ നിന്നും മാനേജർമാർ നൽകുന്ന തുച്ഛമായ ശമ്പളം കൊണ്ട് അധ്യാപകർക്ക് ജീവിക്കാൻ കഴിയാതിരുന്നതാണ് അതിനു മുഖ്യ കാരണം. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ബി ഇ എം സ്കൂളിലെ അധ്യാപക ജോലിക്ക് അഭ്യസ്തവിദ്യർ പൊതുവെ താൽപ്പര്യം കാണിച്ചിരുന്നു. കാരണം എല്ലാ മാസവും ഒന്നാം തീയതി ബി ഇ എം സ്കൂളിലെ മാനേജരുടെ പ്രത്യേക ദൂതൻ ശമ്പളവുമായി സ്കൂളിൽ എത്തിയിരുന്നു. അന്നത്തെ ബ്രിട്ടീഷ് സർക്കാർ അധ്യാപകർക്കു നല്കാൻ നിശ്ചയിച്ചിരുന്ന ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ അധ്യാപകർക്ക് കൊടുത്തിരുന്നതിനും പുറമെ അധ്യാപകർക്ക് പ്രതിമാസം അഞ്ചു രൂപ വച്ച് സ്പെഷ്യൽ മിഷൻ അലവൻസ് ആയും നല്കിയിരുന്നു. ചുരുക്കത്തിൽ മറ്റു വിദ്യാലയങ്ങളിലെ അധ്യാപകരേക്കാൾ വളരെ മെച്ചപ്പെട്ട ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ ബി ഇ എം സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിരുന്നു . ബി ഇ എം സ്കൂളുകളുടെ ഭരണം ആദ്യകാലത്തു നടത്തിയിരുന്നത് ജർമ്മൻ മിഷനറിമാരായിരുന്നെങ്കിലും പിൽക്കാലത്തു അതിന്റെ ഭരണം സി എസ് ഐ യുടെ ഉത്തരകേരള മഹായിടവകയെ ഏല്പിക്കുകയുണ്ടായി .ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.സുനിൽ പുതിയാട്ടിൽ  കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം