ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചുണ്ട‍മ്പറ്റയുടെ ചരിത്ര താളുകളിലൂടെ.........

പ്രമാണം:20665 moon.jpg\\thumb\\

ചുണ്ടമ്പറ്റയും അല്പം  ചരിത്രവും

ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം

ആമ്പൽകുളവും പാമ്പും കാവ് സുന്ദരം.    ചെറിയ ലോകവും വലിയ മനുഷ്യരുമുളള ചുണ്ടമ്പറ്റയുടെ പെെതൃകപ്പെരുമയിലേക്ക്, ഈ ഇടവപ്പാതിയിൽ  മഴനൂലുകൾക്കിടയിലൂടെ കുടയും ചൂടിയൊരു മഴയാത്ര പോകാം.

  പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും.

   കൊടിക്കുന്നുക്കാവ് ഭഗവതി ്ബലത്തിനടുത്താന്ന് ബീ.വി.യു.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

    വിദ്യാസമ്പന്നനും പ്രമാണിയുമായ ആളെയാണ് അംശം അധികാരിയായി തിരഞ്ഞെടുത്തിരുന്നത്. ഭരണകാര്യങ്ങളിൽ ഇദ്ദേഹത്തെ സഹായിക്കാനായി അംശം മേനോൻ, കോൽക്കാരൻ എന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നികുതി, ഭൂമിയുടെ പോക്കുവരവ്, നീതിന്യായ നടത്തിപ്പ് എന്നിവ ഇവരുടെ കീഴിലായിരുന്നു.

   നാഞ്ഞൂറ്റിയമ്പത് വർഷങ്ങൾക്കുമുമ്പ് ആറ് സാമന്ത പ്രഭു കുടുംബങ്ങളാണ് ശ്രീ കൊടിക്കുന്ന് ഭഗവതി ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തിയത്. പടിഞ്ഞാറെ ചുണ്ടമ്പറ്റയിലെ പാണംപറമ്പത്ത്,കരിയാട്ടിൽ, മുത്തലക്കോട്, കിഴക്കേ ചുണ്ടമ്പറ്റയിലെ മണ്ടിലക്കോട്, അയ്യമ്പുളളി, ചെറുമുക്കത്തൊടി എന്നിവയാണ് മേൽപ്പറഞ്ഞ ആറു കുടുംബങ്ങൾ.

  നൂറ്റിയിരുപത് വർഷങ്ങൾക്കിപ്പുറമാണ് നാട്യമംഗലം ജുമാമസ്ജിദ്, മുസ്ലീം സമുദായം ആരാധനക്കായി ഉപയോഗിച്ചിരുന്നത്. അതിനുമുമ്പ് ദൂരെയുളള പുത്തനങ്ങാടി പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. അന്ന് ബാങ്ക് വിളിക്കു പകരം വലിയ പറ കൊട്ടിയായിരുന്നു നിസ്കാരസമയം ജനങ്ങളെ അറിയിച്ചിരുന്നത്. മതപഠനത്തിനായി മാടായിൽ ശ്രീ. കുട്ടീത് സ്ഥാപിച്ച ഓത്തു പള്ളിയാണ് പിന്നീട് നാട്യമംഗലം എൽപി സ്കൂൾ ആയി രൂപാന്തരപ്പെട്ടത്.

  1935 -ൽ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ശ്രീ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത വെൽഫെയർ സ്കൂൾ, അന്നത്തെ സാമുഹ്യ പ്രവർത്തകരായിരുന്ന ശ്രീ.ടി. രാമൻ, വടക്കേമഠത്തിൽ ശ്രീ.രാമചന്ദ്രൻ തിരുമുൽപ്പാട്, ശ്രീ. ഇ.പി. ഗോപാലൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് കുട്ടികൾക്ക് ഭക്ഷണവും ഒാലക്കുടയും തോർത്തുമുണ്ടും സ്കൂളിൽ നിന്നും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഹെെസ്കൂൾ പഠനത്തിന് ദുർലഭം ചിലർ വല്ലപ്പുഴക്കും തിരിച്ചും നടന്നാണ് പോയിവന്നിരുന്നത്. 1979 - ലാണ് ചുണ്ടമ്പറ്റ ഹെെസ്കൂൾ പ്രവർത്തനം തുടങ്ങുന്നത്. പൂളമണ്ണ മനക്കിലെ തമ്പുരാക്കൻമാർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഹെെസ്കൂൾ സ്ഥിതിചെയ്യുന്നത്.

  1950 - ലാണ് ചുണ്ടമ്പറ്റയിൽ പോസ്റ്റോഫീസ് സൗകര്യം ലഭ്യമായി തുടങ്ങുന്നത്. ആദ്യത്തെ അഞ്ചലോട്ടക്കാരൻ (പോസ്റ്റ്മാൻ ) വിളയൂരിലെ ശ്രീ. മൊയ്തുട്ടി ആയിരുന്നു. ഇന്നത്തെപ്പോലെ പീടികകൾ ഇല്ലാതിരുന്ന അക്കാലത്ത് പലചരക്കു സാധനങ്ങൾക്ക് ആശ്രയിച്ചിരുന്നത് കരിങ്ങനാടും, കെെപ്പുറവും, കട്ടുപ്പാറയിലും ഉണ്ടായിരുന്ന ആഴ്ച്ച ചന്തകളായിരുന്നു. ദേശത്തെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടം 1972 - ൽ നിർമ്മിച്ച ചുണ്ടമ്പറ്റ ഹെൽത്ത് സെന്ററാണ്. 1955 നു മുമ്പ് നിലത്ത് കാവിയിടുകയും ചാണകം മെഴുകുകയുമാണ് ചെയ്തിരുന്നത്, അതിനുശേഷമാണ് എസിസി സിമന്റ് ഏജന്റായ വിളയൂരിലെ ശ്രീ

. ഒ. ടി. വീരാലിഹാജി സിമന്റ് വിതരണവുമായി നാട്ടിലെത്തുന്നത്.

    1956 - 57 കാലഘട്ടത്തിലാണ് പൂളമണ്ണ മനയുടെ നേതൃത്വത്തിൽ വണ്ടുംതറ - നാട്യമംഗലം റോഡ് നിർമ്മിക്കപ്പെട്ടത്.1962 - ൽ ചുണ്ടമ്പറ്റ - വിളയൂർ റോഡും 1970 - ൽ പ്രഭാപുരം - വിളയൂർ റോഡും വന്നതോടെ ദേശത്തിന്റെ വികസനം ത്വരിതഗതിയിലായി. തൃശ്ശൂരിലേക്കുളള 'കരിപ്പാൽ' എന്ന ബസ്സാണ് പൊതുഗതാഗതത്തിനുളള ആദ്യ വാഹനം. അതോടെ ചരക്കു വാഹനങ്ങളും ഓടിത്തുടങ്ങി.

    1951- ലാണ് കുട്ടണാംകുഴി ശ്രീ. രാമച്ചൻ തിരുമുൽപ്പാട് ബിവിയുപി സ്കൂൾ സ്ഥാപിക്കുന്നത്. പിന്നീട്, ആ സ്കൂളിൽ നിന്നും ക്ലാർക്കായി വിരമിച്ച ശ്രീ. നാരായണൻ അവിടെ ചേർന്ന  ആദ്യ വിദ്യാർത്ഥിയായിരുന്നു. 1954 - ലെ സ്കൂൾ വാർഷികത്തിന് കുളപ്പുള്ളിയിൽ നിന്നും വാടകക്ക് കൊണ്ടുവന്ന ഉച്ചഭാഷിണി, (മെെക്ക് ) അന്ന് ഈ ദേശത്തുളളവർക്ക് ആദ്യാനുഭവമായിരുന്നു.

    പണമിടപാടുകൾക്കായി ചെറുകോട് തറക്കൽ വാരിയത്തുളള ബാങ്കും, ഭൂമിയിടപാടുകൾക്ക് വിളയൂരിന് മുമ്പ് ചെർപ്പുളശ്ശേരിയേയും, കാലികളുടെ ഇടപാടിനായി പെരിമ്പിലാവ്, വാണിയംകുളം ചന്തയേയുമാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്.

     കൃഷിക്കും കന്നുകാലി  വളർത്തുന്നതിനും ഇന്നത്തെക്കാൾ പ്രാധാന്യം നൽകിയിരുന്നു. പറമ്പുകളിൽപ്പോലും നെൽകൃഷിയും പച്ചക്കറികളും വെളളം തേവി നനച്ച് കൃഷി ചെയ്തിരുന്നു. കാർഷീകവിഭവങ്ങൾ തലച്ചുമടായി പൊന്നീരിപ്പാറയിലെത്തിച്ച് വഞ്ചിയിൽ പൊന്നാനിയിൽ കൊണ്ടുപോയാണ് വിറ്റിരുന്നത്.

   

   1964 ജനുവരി ഒന്നു മുതൽ പഞ്ചായത്ത് ഭരണസംവിധാനം ആരംഭിച്ചതോടെ ചുണ്ടമ്പറ്റ അംശം ഉൾപ്പെടുന്ന കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യ  പ്രസിഡന്റായി വട്ടം കണ്ടത്തിൽ ശ്രീ. വീരാൻകുട്ടി ഹാജി സ്ഥാനമേറ്റു.


2024 ആകുമ്പോഴേക്കും ബാങ്കിങ്ങ് സേവനങ്ങൾ , ആശുപത്രി സൗകര്യങ്ങൾ , സൂപ്പർ മാർക്കറ്റ് , കോളേജ്  തുടങ്ങി സമൂഹത്തിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ മുന്നേറുകയാണ് ഈ കൊച്ചു ഗ്രാമം . ഗ്രാമത്തിന്റെ വിശുദ്ധി മുറുകെപ്പിടിക്കുന്നതോടൊപ്പം ബഹുമുഖവികസനത്തിന്റെ ഗുണാനുഭവം നല്കുന്നതുകൂടിയാണ് ഈ ഗ്രാമീണ ജീവിതം .

   തുടർന്നുളള ദേശത്തിന്റെ സ്പന്ദനത്തിനും പ്രയാണത്തിനും, സഹയാത്രികരും സാക്ഷികളുമായ, നാളിതുവരെ നാടിനെ കെെപിടിച്ചൊപ്പം നടത്തിയ മുതിർന്നവരെ നമുക്ക്  മുറുകെപ്പിടിക്കാം.

      ''ലോക സമസ്താ സുഖിനോ    ഭവന്തു''

കടപ്പാട് -

ബാലചന്ദ്രൻ മാസ്റ്റർ കുട്ടണാംകുഴി