ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

"സാവിത്രീ...., ഒന്നിങ്ങോട്ട്‌ വന്നേ, താൻ ന്യൂസ്‌ കണ്ടോ? നാളെ മുതൽ ലോക്ക്‌ ഡൌൺ ആണ്‌. അടുക്കളയിൽ സാധനം വല്ലതും ഇരുപ്പണ്ടോ? ഇല്ലെങ്കിൽ പെട്ടെന്ന്‌ തന്നെ ഒരു ലിസ്റ്റ്‌ ആക്കി ഇങ്ങ് താ. മാർക്കറ്റിൽ ഇപ്പോൾ തന്നെ തിരക്ക്‌ കൂടിക്കാണും." "അയ്യോ സേതുവേട്ടാ എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു ലോക്ക്‌ ഡൌൺ ഒക്കെ?" "ഓ എന്റെ പൊന്നേ.... നീ ഇത്‌ ഏത്‌ ലോകത്താ? ഈ കൊറോണ വൈറസ്‌ വ്യാപനമൊന്നും നീ അറിയുന്നില്ലെ? അതെങ്ങനാ...... ഒന്നുകിൽ അടുക്കളയിലെ പണി, ഇല്ലേൽ സീരിയൽ - അതല്ലേ നിന്റെ ശീലം. ഇടയ്ക്കൊക്കെ പത്രം വായിക്കണം." "എന്റെ സേതുവേട്ടാ നിങ്ങൾക്ക്‌ ഈ ഇരുപത്തിനാല്‌ മണിക്കൂറും എന്നെ കുറ്റം പറഞ്ഞിരിക്കലാണോ വിനോദം. അതിനായിട്ട്‌ ഒരവസരം കാത്തിരിക്കുന്നതു പോലെയുണ്ട്‌”. "എടീ ഞാൻ നിന്നെ കുറ്റം പറഞ്ഞതോ കളിയാക്കിയതോ അല്ല. മുമ്പ്‌ നാട്ടിൽ ഉണ്ടായ പ്രശ്നങ്ങളെ പോലെ അല്ല. ഈ കൊറോണ ആളൊരു ഭീകരനാ. വില്ലൻമാരുടെ തന്നെ രാജാവാ. അതു കൊണ്ട്‌ തന്നെ ഓരോ മനുഷ്യരും വളരെയധികം ജാഗരൂകരാകണം. ഈ വൈറസിനെ പറ്റി നീ കേട്ടിട്ടില്ലേ? “Break the chain” അത്‌ എന്ത്‌ കൊണ്ടും നല്ലതാണ്‌. നല്ലൊരു നാളെക്കായ്‌ നമ്മൾ മനുഷ്യർ പരസ്പരം അകലം പാലിക്കുന്നു. മനസ്സിൽ അവരെ ചേർത്തു പിടിച്ചുകൊണ്ട്‌ ." "അയ്യോ... സേതുവേട്ടാ, അപ്പൊ മക്കളുടെ ബാക്കിയുള്ള പരീക്ഷകളോ? മറ്റാരെയും പോലെ അല്ല ലച്ചു - പത്താം ക്ലാസ്സ്‌ ആണ്‌. " "അതൊക്കെ മാറ്റിയെടോ. നീ കൂടുതൽ കൂടുതൽ പൊട്ടത്തരം ചോദിക്കാതെ ഒന്നാ ന്യൂസിരുന്ന്‌ കാണ്‌. മക്കളെയും വിളിച്ചിരുത്തി കാണിക്ക്‌. സർക്കാർ മാത്രം ജാഗ്രത കാണിച്ചിട്ട്‌ കാര്യമില്ല. എല്ലർക്കും തുല്യ ഉത്തരവാദിത്തമണ്‌". "ശരി ഞാൻ കണ്ടോളാം. ഇതാ കവറും ലിസ്റ്റും.”

സേതുമാധവൻ കർക്കശകാരനായ ഒരു ഗൃഹനാഥനായതു കൊണ്ട്‌ തന്നെ സാവിത്രി വൈറസ്‌ പ്രശ്നത്തെ കൂടുതൽ അറിയാൻ വാർത്ത കാണാൻ തീരുമാനിച്ചു. ഓരോ ന്യൂസ്‌ ചാനലിലെ മാറി മാറി വരുന്ന ചർച്ചകളും ഫ്ളാഷ്‌ ന്യൂസുകളും കാണുമ്പോഴാണ്‌ സാവിത്രി കൂടുതൽ കൂടുതൽ കൊറോണ വൈറസ്‌ എന്ന വില്ലന്റെ തനിനിറം മനസ്സിലാക്കുന്നത്‌. സാധനം ഒക്കെ വാങ്ങി തിരിച്ചു വീട്ടിലെത്തിയ സേതു നോക്കിയപ്പോൾ സാവിത്രി തന്റെ തയ്യൽ മെഷീന്‌ മുന്നിലായിരുന്നു. അവളെ ബുദ്ധിമുട്ടിക്കെണ്ടെന്ന്‌ കരുതി വാങ്ങിയ സാധനം ലച്ചുവിന്റെയും ഇളയ മകൾ മീനുവിന്റെയും കൈയ്യിൽ ഏൽപ്പിച്ചിട്ട്‌ സേതു കൈ കഴുകാൻ പോയി. "അച്ഛൻ വന്നോ മക്കളെ? " സാവിത്ര ഉത്കണ്ഠയോടെ ചോദിച്ചു. "അച്ഛൻ കുറേ നേരമായ്‌ വന്നിട്ട്‌ അമ്മേ . ഉമ്മറത്ത്‌ ഇരുപ്പുണ്ട്‌". ലച്ചുവിന്റെ മറുപടി കിട്ടിയപ്പോൾ സാവിത്രി താൻ ഇതുവരെ തയ്ച്ചതുമെടുത്ത്‌ ഉമ്മറത്തേക്ക്‌ പോയി. "സേതുവേട്ടാ ഇങ്ങോട്ട്‌ നോക്കിയേ, ഇനി മാർക്കറ്റിലൊക്കെ പോകുമ്പോൾ ഈ മുഖാവരണം അണിഞ്ഞിട്ട്‌ പോയാൽ മതി കേട്ടോ? ഒരു ചെറിയ അശ്രദ്ധ പോലും നമ്മുടെ ഭാഗത്തുനിന്ന്‌ വേണ്ട്". സേതുവിന്‌ സാവിത്രിയുടെ പ്രവൃത്തി ഏറെ സന്തോഷം നൽകി. ഇതു പോലെ എല്ലാ കുടുംബവും ഒറ്റക്കെട്ടായ്‌ ജാഗ്രത പുലർത്തിയാൽ രക്ഷപ്പെടാവുന്നതേയുള്ളൂ നമ്മുടെ നാട്‌ . "സേതുവേട്ടാ എനിക്കെന്തോ പേടിയാകുന്നു." "എന്തിനെടോ ഒന്നും പേടിക്കണ്ട. പ്രതിരോധം അല്ലേ ഏറ്റവും വലിയ പ്രതിവിധി. അതു കൊണ്ട്‌ തന്നെ ഈ ദുരിതാവസ്ഥയും കടന്നു പോകും. നമുക്കായ്‌ വിശ്രമമില്ലാനതെ കഷ്ടപ്പെടുന്ന സർക്കാറിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസ്‌ സേനയേയും ഒന്ന്‌ ഓർത്താൽ മതി പേടി എന്ന വികാരം മാറി അഭിമാനം നിറയും. നമ്മൾ അതി ജീവിക്കും. ഒരു കൊറോണ കൊണ്ടോ നിപ കൊണ്ടോ കേരളത്തെ തകർക്കാൻ ആകില്ല. കാരണം ഇത്‌ കേരളമാണ്‌ ..... കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഒരു മനസ്സോടെ ജീവിക്കുന്ന വരാണ്‌ . നമുക്ക്‌ തകർച്ചയില്ല. അതിജീവനം മാത്രം. അതാണല്ലോ നമ്മുടെ ശീലം!......"”.

സായിപ്രിയ എം എസ്‌
IX A ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ