ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ജൂൺ 5 ലോക പരിസ്ഥിഥി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്. 2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. നമ്മുടെ ഭൂമി(earth) ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

ഒന്ന്: ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥ.

രണ്ട്: ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥ. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർ​ഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്.

മൂന്ന്: മലിനീകരണം കൂടുന്നു. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്.

ഇതിന് പരിഹാരം എന്നു പറയാനുള്ളത് നമ്മുടെ എക്കോണമിയേയും സമൂഹത്തേയും കൂടുതൽ പരിസ്ഥിതിസൗഹാർദ്ദപരവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതും ആക്കി മാറ്റുക എന്നതാണ്.

2022 -ലെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (#OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോ​ഗ്രാമി(UNEP) -ന്റെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ലോകമെമ്പാടും ജനങ്ങൾ ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനം ആഘോഷിക്കുന്നുണ്ട്. ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്. 1972 -ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന 'ഹ്യുമൻ എൻവയോൺമെന്റ്' സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ സമ്മേളനത്തിന്റെ മുദ്രാവാക്യം 'ഒരേ ഒരു ഭൂമി' എന്നതായിരുന്നു. ഇത് സുസ്ഥിര വികസനത്തെ ആഗോള അജണ്ടയിൽ ഉൾപ്പെടുത്തുകയും ലോക പരിസ്ഥിതി ദിനം സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. അതായത് 50 വർഷമായിരിക്കുന്നു ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയിട്ട്.

എന്തുകൊണ്ട് പരിസ്ഥിതി ദിനം? എന്താണ് പ്രാധാന്യം? ‌‌

പ്രകൃതിസംരക്ഷണത്തിന് ഇപ്പോൾ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് വി​ഗദ്‍ദ്ധാഭിപ്രായം. ഈ നൂറ്റാണ്ടിലെ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തണമെങ്കിൽ, 2030 -ഓടെ വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം പകുതിയായി കുറയ്ക്കണം. 2040 -ഓടെ വായുമലിനീകരണം 50 ശതമാനം വർധിക്കുകയും നമ്മുടെ ജലാശയങ്ങളിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏകദേശം മൂന്നിരട്ടിയാവും എന്നുമാണ് കരുതുന്നത്.

ഇതിന് എന്തെങ്കിലും തരത്തിൽ പരിഹാരം കണ്ടേ തീരൂ എന്നതാണ് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. അതിന് ചെയ്യാനാവുന്നത് പ്രകൃതിയുമായി ചേർന്നുകൊണ്ട് സുസ്ഥിരജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. മാത്രവുമല്ല, ഭൂമി ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിയന്തിരനടപടി എടുക്കേണ്ടതുമുണ്ട്. അതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാൽ, ലോകനേതാക്കളാരും തന്നെ ഈ വിഷയത്തിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന് പരിസ്ഥിതി പ്രവർത്തകും വിദ​ഗ്‍ദ്ധരും വിമർശനവും ഉന്നയിക്കുന്നുണ്ട്.

ഏതായാലും, ഈ ലോകമാകെ തന്നെയും പാരിസ്ഥിതിക പ്രതിസന്ധികൾ നേരിടുന്ന കാലത്ത് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വലുതാണ്.