ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/തിരിച്ചുവരാത്ത തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരാത്ത തിരിച്ചറിവ്

[2:52 PM, 4/22/2020] Susmi: മഴത്തുള്ളികൾകൾ ഇറ്റിറ്റു വീഴുന്ന ഓലത്തുമ്പിലേയ്ക്ക് നോക്കിക്കിടന്ന് ഒന്നു മയങ്ങിപ്പോയ രാഘവൻ പരിചിതമായ ആ മൃദു സ്വരം കേട്ടാണ് ഉണർന്നത്, " കൊച്ചേട്ടാ ....." ജരാനരകൾ ഇരുളിലെ മിന്നൽപിണർ പോലെ പാറി കിടക്കുന്ന അവളുടെ ചുരുൾമുടികൾ അവന് നേരെ ചുറ്റിപ്പറന്നു.വരി ഒപ്പിച്ച് വേലി കെട്ടിയിരുന്ന വെള്ളാരം മരം കൽത്തൂണുകളിൽ ചിലത് വർഷവും, വേനലും,വസന്തവും,ശിശിരവും,ഹേമന്തവും ഒക്കെ കൊഴിച്ചിരിക്കുന്നു. എന്നാലും ആരും ആ കണ്ണുകളിലെ ചൈതന്യത്തിന് ഇന്നും പത്തരമാറ്റിന്റെ തിളക്കം.ഹിമ എന്റെ കുഞ്ഞനുജത്തി ........... ഒരു കിളി കൂട്ടിലെ ഇണക്കുരുവികൾക്ക് പിറന്ന നാലു കുഞ്ഞി കുരുവികൾ ആയിരുന്നു ഞാനും, ഹേമേടത്തിയും, രഘുവേട്ടനും, ഹിമയും.ഓലമേഞ്ഞ ഈ കുഞ്ഞു കൂരയായിരുന്നു അന്നും ഞങ്ങളുടെ കിളിക്കൂട്.കുഞ്ഞിക്കിളികൾ വളർന്നു വലുതായി പറന്നകന്ന് കൂടും പൊളിഞ്ഞു വീഴാറായ്. ഏഴാം വയസ്സിൽ പോളിയോ ബാധിച്ച രാഘവനും അനുജത്തി ഹിമയും മാത്രമാണ് ഇപ്പോൾ ഇവിടെ. ഇളയവളായതിനാൽ കൊഞ്ചിച്ചു വളർത്തി. അവൾ ഞങ്ങൾക്ക് രാജകുമാരിയായിരുന്നു. ഒരു രാജകുമാരനെക്കൊണ്ടു തന്നെ അവളെ വിവാഹം കഴിപ്പിച്ചു. "മാധവൻ " ; തീവണ്ടി ആഫീസിലെ ജോലിയും, കുടുംബപാരമ്പര്യവും, ഭൂസ്വത്തും, സൗന്ദര്യവും, ഞങ്ങളുടെ രാജകുമാരിക്ക് എന്തുകൊണ്ടും മാധവൻ രാജകുമാരനാകുന്നതിൽ എതിരഭിപ്രായം ഇല്ലായിരുന്നു. അങ്ങനെ നാടെങ്ങും ഉത്സവപ്രതീതി സൃഷ്ടിച്ച് അവരുടെ വിവാഹം നടന്നു. പ്രകാശപൂരിതമായ ആകാശത്ത് കാർമേഘം ഇരുണ്ടു കൂടിയത് പൊടുന്നനെ ആയിരുന്നു. ആറു മാസം നീണ്ടുനിന്ന വൈവാഹിക ജീവത്തിൽ ഹിമ ആറു പ്രാവശ്യം വീട്ടിൽ പിണങ്ങി വന്നു. കാരണം ആദ്യമൊക്കെ വിചിത്രമായി തോന്നി. ആദ്യം വന്നത് ദിവസവും കുളിക്കാത്തതിന് വീട്ടുകാരുടെ ശകാരം കാരണമായെങ്കിൽ, രണ്ടാമത്തത് അലക്കാത്തതിന്. ഒരു വിധം ഞങ്ങൾ അവളെ അനുനയിപ്പിച്ച് നല്ല ഉപദേശങ്ങൾ നൽകി പറഞ്ഞ് അയച്ചു. ഇതിനിടയിൽ രണ്ടു കാര്യങ്ങൾ നടന്നു. രഘുവേട്ടൻ അമേരിക്കയ്ക്ക് പോയി. വിവാഹത്തോടെ ഭാര്യവീട്ടുകാർ അദ്ദേഹത്തെ മൊത്തമായി വിലക്കെടുത്തുകഴിഞ്ഞു. അച്ഛൻ, പെട്ടെന്നുണ്ടായ രോഗംമൂലം മരിച്ചു. മൂന്നാമത് കുറച്ചുകൂടി ഗൗരവമുളള പിണക്കമായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചുവിരൽപ്പാട് അവളുടെ തുടുത്ത കവിളത്ത് കാണാമായിരുന്നു. കാതു പഴുത്ത് ആശുപത്രിയിൽ പോയപ്പോൾ ഡോക്ടറും നേഴ്സും ഒരുപോലെ മൂക്ക് പൊത്തി .കർണ്ണാഭരണം ഊരിയെടുത്തുകൊണ്ട് അതിന്റെ പിന്നിലെ വൃത്തികണ്ട് നേഴ്സിംഗ് അസിസ്റ്റന്റ് പുളിച്ച രണ്ടു തെറി വിളിച്ചത്രേ. അവളുടെ വസ്ത്രങ്ങൾ അലക്കിയിടുന്നതും അവളുടെ എല്ലാക്കാര്യങ്ങളും ഒരു കുഞ്ഞിനെപ്പോലെ കല്യാണം വരെ നോക്കിനടത്തിയത് അമ്മയും ചേച്ചിയുമാണ്. പതിയെപ്പതിയെ അതൊരു വലിയ തെറ്റായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി. അവസാനം മാധവൻ അവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് പറഞ്ഞത് ഞങ്ങളെ ആകെ തളർത്തി. "എനിക്ക് ഹിമയെ പിരിയാൻ കഴിയുന്നില്ല, എന്നാലും ഈ ദുർഗന്ധം..... സഹിക്കാൻ വയ്യാഞ്ഞിട്ടാണ്." കിടക്കയിലെ ദുർഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച് ഒടുവിൽ മാധവൻ കിടക്കയിൽഒരാഴ്ചത്തെ അലക്കാത്തഅടിവസ്ത്രങ്ങൾ കണ്ടെത്തിയത്രേ ..... .... മാധവനെ മറന്നൊരു ജീവിതം ഹിമയ്ക്ക് ചിന്തിക്കാനാകില്ലായിരുന്നു.വന്ന മറ്റ് നല്ല ആലോചനകളൊന്നും അവൾ നടത്താൻ സമ്മതിച്ചില്ല. എന്നാൽ കാലം മാധവന്റെ ചിന്തകളെ മാറ്റിമറിച്ചു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. കാലം കടന്നുപോയി. പോളിയോ ബാധിച്ച ഞാനും പിന്നെ വിവാഹം വേണ്ട എന്ന് തീരുമാനിച്ച് അനുജത്തിയുടെ സംരക്ഷണം ഏറ്റെടുത്തു. " എന്താ കൊച്ചേട്ടാ ഇങ്ങനെ നോക്കുന്നത് ? " അവൻ ചിന്തകളിൽ നിന്നും ഉണർന്നു." അല്ല ഇത്രയും മഴയായിട്ടും രണ്ടാം വട്ടവും കുളിവേണമോ ഹിമേ ....... പ്രായം കൂടിവരുവാ......." ആ കണ്ണുകൾ നിറഞ്ഞോ.........? നിസംഗമായ ഒരു ചിരിയോടെ അവൾ ഉൾവലിഞ്ഞു. .............................................................

കാവ്യ എം
5എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ തിരുവനന്തപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ