ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

ഈ കൊറോണ കാലത്ത് പരിസ്ഥിതിയെയും പരിസ്ഥിതിയിൽ മനുഷ്യനേൽപ്പിക്കുന്ന ആഘാതത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ഗൗരവമായ ചർച്ചകൾ ഉയർന്നു വരികയാണ്. എന്താണ് പരിസ്ഥിതി.!!

നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുളള ഭൂപ്രകൃതിയുളള സ്ഥലങ്ങളേയും അവയുടെ നിലനിൽപിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു മാത്രമല്ല അതിലുപരി ആർഭാടങ്ങൾക്കും വേണ്ടി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. വൻതോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി വഴുതി വീണു.

ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഇയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്, ഭൂമിയിൽ നിന്നാണ്. ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി, കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ മനുഷ്യൻ്റെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കകയും ചെയ്യുന്ന വർത്തമാന ലോകം ഏറെ പഠന വിധേയമാക്കേണ്ടതാണ്.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് - നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് ഇത് പെട്ടന്ന് മനസ്സിലാവില്ല. പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. പാടം നികത്തിയാലും, മണൽ വാരി പുഴ നശിച്ചാലും, വനം വെട്ടിയാലും മാലിന്യ കുമ്പാരങ്ങൾ കൂടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസ യോഗ്യമല്ലാതായി വരും.

നമ്മുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല. സമൂഹത്തിന്റെ കടമയാണ്. വനനശീകരണം ആഗോളതാപനം, അമ്ലമഴ, കാലാവസ്ഥ വ്യതിയാനം കുടിവെള്ള ക്ഷാമം തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു, കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നിങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്. മസ്തകമുയർത്തി എഴുന്നേറ്റ് നിൽക്കുന്ന മലനിരകളും ഋതുഭേദത്തിന്റെ കാലപ്രമാണത്തിൻ കുടമാറ്റം നടത്തുന്ന കാട്ടുമരങ്ങളും തെങ്ങും, മാവും, പ്ലാവും കാച്ചിലും ചേമ്പും ചേനയേയുമെല്ലാം സ്നേഹിച്ച് ജീവിച്ച നമ്മുടെ മണ്ണ് കള്ള പണക്കാരന് തീറെഴുതി കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഏറുമാടങ്ങളിലേക്ക് കുടിയേറുന്ന മലയാളി കേരളത്തിന്റെ തനത് പരിസ്ഥിതിക്ക് ഒരു പാട് ഭീഷണി ഉയർത്തുന്നുണ്ട്.

ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴകളിൽ മാലിന്യങ്ങൾ നിറഞ്ഞ് കൊണ്ടിരിക്കുന്നു. മാലിന്യം നിറഞ്ഞ നഗരങ്ങൾ, 44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരിയൊഴിക്കുന്ന കീടനാശിനികൾ, വിഷകനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ, ഇ-വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ.

പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല. പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഒരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള പഠനം ഏർപെടുത്തണം. സാമൂഹ്യ സാംസ്ക്കാരിക-രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണി പോരാളികളാവണം. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന വികസനം നമ്മുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്കി നാം ആർജ്ജിക്കണം. പൂർവ്വികർ കാണിച്ച പാതയിലൂടെ പരിസ്ഥിതിസൗഹൃദ മതത്തിലൂടെ നദികളെയും മലകളെയും, വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടുകൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാവണം. നാടിന്റെ വികസനം ഗ്രാമ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാർഷിക സംസ്കൃതിയുടെ പിൻ തുടർച്ചക്കരായ നാം ജൈവകൃഷിയിലൂടെ രാസ മലിനീകരണമില്ലാത്ത ഗ്രാമാന്തരീക്ഷത്തിൽ ജീവിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യത് നടപ്പിലാക്കേണ്ടിയിരിക്കുന്നു. മലിന വിമുക്ത ആവാസവ്യവസ്ഥ രൂപപ്പെടുത്താൻ പരിസ്ഥിതി സൗഹാർദ്ധ ജീവിതം നയിക്കണം. ഈയൊരു സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ട് നീങ്ങിയില്ലെങ്കിൽ ആസന്ന ഭാവിയിൽ സുന്ദര കേരളം മറ്റൊരു മണൽ കാടായി രൂപാന്തരപെടും.

പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. "കാവുതീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെ കുറിച്ച് കേരളീയർക്കുണ്ടായ അവബോധമാണ്. മഹിതമായ ഈ സാംസ്കാരിക ബോധത്തിന് അനുസൃതമായ് നമ്മുക്ക് ജീവിക്കാം പരിസ്ഥിതിയോട് ഇണങ്ങി കൊണ്ട്. ഇനിയും പരിസ്ഥിതിയോട് പിണങ്ങിയാൽ നമ്മുടെ ഇവിടം വാസയോഗ്യമല്ലാതാവും. ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനമുള്ളതാക്കി മാറ്റാനും അങ്ങിനെ പരിസ്ഥിതി സംരക്ഷിക്കുവാനുമുള്ള മാർഗ്ഗങ്ങൾ പ്രകൃതി തന്നെ കണ്ടെത്തിയിട്ടുണ്ട്.

നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്. മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതിസമ്പത്തുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു തുടങ്ങി. വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ്. പരിസരം അല്ലെങ്കിൽ പരിതസ്ഥിതി എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്. പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി.

മാളവിക . എ
10 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം