ഫാത്തിമ യു പി എസ് കുടിയാൻമല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുടിയാന്മല

വടക്കേ മലബാറി ന്റെ ഏറ്റവും ഉയരം കൂടിയ പൈതൽമലയുടെ

പടിഞ്ഞാറെ മടിത്തട്ടിൽ മലകളും ചെറുകുന്നുകളും പച്ചപ്പിൽ പുതഞ്ഞ്

മുളങ്കാടുകളുടെ സംഗീതം അലയടിക്കുന്ന ഒരു മനോഹര പ്രദേശമാണ്

കുടിയാന്മല .

ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്

കുടിയേറ്റത്തിന്റെ ഭാഗമായി മുകളിൽ ആകാശവും കാൽച്ചുവട്ടിൽ ഒരു

പിടി മണ്ണും സ്വപ്നംകണ്ടു കുടുംബം പോറ്റാൻ സമൃദ്ധിയുടെ

പൊൻകിരമണിയുവാൻ അധ്വാനത്തിന്റെ ദേവമന്ത്രം ജപിച്ച്

ആത്മവിശ്വാസത്തിന്റെ പ്രഭയിൽ മധ്യ കേരളത്തിന്റെ മണ്ണിൽ നിന്നും

യാത്ര തിരിച്ച്1951 ൽ കുടിയാൻമലയിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചു.

പൈതൽമലയുടെ പടിഞ്ഞാറെ ചെരുവിൽ നിന്നാരംഭിച്ച് പാറക്കെട്ടുകളിൽ

തട്ടി കുന്നിൻ ചെരിവിലൂടെ ഒഴുകുന്ന മഞ്ഞുപുതച്ച വാനോളം ഉയർന്നു

നിൽക്കുന്ന 19 മലകളാൽ ചുറ്റപ്പെട്ട ഒരു വനമേഖലയാണ് കുടിയാൻമല

.1951 മെയ് മാസത്തിൽ വ്യവസായിയും പ്ലാൻററും ഗവേഷക തത്പരനും

ബിരുദധാരിയും ആയ ജെ.ചെറിയാൻ കട്ടക്കയം എന്നയാൾ ആദ്യമായി

കുടിയാൻമലയിൽ സ്ഥലം വാങ്ങി.

1952 -53 കാലഘട്ടം ആയതോടെ 18

വീട്ടുകാർ കുടിയാൻമലയിൽ എത്തി പണികളാരംഭിച്ചു. വൈതലിന്റെ

പാർശ്വത്തിൽ നിന്നുള്ള ആനകളുടെ അലർച്ചയും മലമുഴക്കി പ്രാവിന്റെ

മൂളലും കാട്ടുജന്തുക്കളുടെ അലോസരപ്പെടുത്തുന്ന ശബ്ദവും എവിടെയും

ഭീകരത മുറ്റി നിൽക്കുന്ന അന്തരീക്ഷം. എങ്കിലും മണ്ണിനോടും മലയോടും

മഴയോടും മഞ്ഞിനോടും മലസാസിനോടും മല്ലടിച്ച് കപ്പയും വാഴയും

നെല്ലുമൊക്കെ വിളയിച്ചു. പിന്നീടാരംഭിച്ച തെരുവ കൃഷിയാണ് കുടിയാൻ

മലയെ പിടിച്ചു നിർത്തിയത്. മലമുകളിൽ താമസിക്കുന്നവരുടെ ഒരു

വലിയ കൂട്ടായ്മ അഥവാ മലമുകളിൽ കൂടിയവരുട ഒരു വലിയ മനസ്സ്

അത് അവരെ പുരോഗതിയിലേക്കു നയിച്ചു.

ചിറക്കൽ കോവിലകം വകയായ ഈ മലയുടെഅവകാശികൾ ആയിരുന്നു

കൂടിയാട്ടികൾ (അമ്മയും 4 മക്കളും ) അവർ താമസിച്ചിരുന്ന കൂടിയാട്ടി

മലയാണ് പിന്നീട് കുടിയാൻമലയായത് എന്ന് പറയപ്പെടുന്നു.

ഇന്ന്കണ്ണൂരിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പൈതൽ മല

വൈതൽ കോമർ എന്നയാളുടെ തായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ

നിന്നാണ് വൈതൽമല എന്ന പേരുവന്നത്.

കാട്ടിലെ നൂറുൽ കിഴങ്ങും തോട്ടിലെ വെള്ളവും കാട്ടുമൃഗങ്ങളുടെ

മാംസവും ചില കാർഷികവിളകളും ഭക്ഷിച്ച് കാട്ടു കമ്പുകളും ഓടയിലും

കൊണ്ടുള്ള കുടലിൽ കഴിഞ്ഞിരുന്ന ചില ആദിവാസി കുടുംബങ്ങൾ

കുടിയാന്മാരുടെ ചിലഭാഗങ്ങളിൽ താമസിക്കുന്നുണ്ടായിരുന്നു.

കാട്ടിലെ ഓട വെട്ടി കുട്ട, മരം, വട്ടി തുടങ്ങിയവയൊക്കെ ഉണ്ടാക്കി വിറ്റ്

സാധനങ്ങൾ വാങ്ങി ജീവിച്ചിരുന്ന ഒരു കുടിയേറ്റ പൂർവ സമൂഹം

കുടിയാൻമലയിൽ ഉണ്ടായിരുന്നു .ആദിവാസികളെ ആട്ടിയോടി ച്ച്

അവരുടെ ഭൂമി കുടിയേറ്റക്കാർ തട്ടിയെടുക്കുന്നത് പേടിച്ചു ജീവിച്ച

അവർ പിന്നീട് കുടിയേറ്റക്കാരായ ചേട്ടന്മാരുടെ സ്നേഹം അനുഭവിച്ച്

അവരുടെ കൃഷിയിടത്തിൽ പണിയെടുത്ത് അതുവഴി കിട്ടുന്ന കൂലി

കൊണ്ട് അവരും സുഖമായി ജീവിച്ചു .കുടിയേറിയ ആ ചെറിയ

സമൂഹം ഒരുമിച്ച് അധ്വാനിച്ച് പങ്കുവെച്ച് സന്തോഷത്തോടെ ജീവിച്ചു

ഞായറാഴ്ച ദിവസം എല്ലാവരും ഒരുമിച്ചു പള്ളിയിൽ പോയി

ചടങ്ങുകൾക്കുശേഷം ഒരാഴ്ചത്തേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങി

ഒന്നിച്ചു മടങ്ങും .വിദ്യാഭ്യാസത്തിനായി ആയി പത്തു മൈൽ

നടന്ന് ചെമ്പേരിയിലാണ് പോകേണ്ടിയിരുന്നത്. വഴിയിലുള്ള പുഴയും

തോടും ഒക്കെ മരത്തിൽ കെട്ടിയ പാലത്തിലൂടെ കടന്ന്

അതിസാഹസികമായ യാത്രയായിരുന്നു . രോഗം വന്നാൽ

ചികിത്സിക്കാനായി കണ്ണൂർ ജില്ലാ ആശുപത്രി ആയിരുന്നു ആശ്രയം

.വിവിധ ആവശ്യങ്ങൾക്കായി ഇരിക്കൂർ തളിപ്പറമ്പ് തുടങ്ങിയ

സ്ഥലങ്ങളിലേക്ക് നടന്നാണ് പോയിക്കൊണ്ടിരുന്നത് . എണ്ണം

വർധിച്ചതോടെ കുടിയാൻമലയിൽ ഒരു ദേവാലയം സ്ഥാപിച്ചു 1957 ൽ

അലക്സാണ്ടർ മണക്കാട്ടുമറ്റം പ്രഥമ വികാരിയായി നിയമിതനായി.

പിന്നീട് വികാരിയായി ചാർജെടുത്ത ഫാദർ അഗസ്റ്റിൻ കീലത്ത്

വികസനത്തിന് അടിത്തറ പാകി .വായനശാല ആശുപത്രി എല്ലാത്തിനും .

മാറിമാറിവന്ന വികാരി അച്ചൻ മാരുടെ നേതൃത്വത്തിൽ നാട്ടുകാർ

ഒറ്റക്കെട്ടായി പ്രവർത്തിച്ച് കുടിയാന്മലയുടെ മുഖച്ഛായ തന്നെ മാറ്റി

.ഹയർസെക്കൻഡറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ബാങ്ക് ,

പോസ്റ്റ് ഓഫീസ് ,പോലീസ് സ്റ്റേഷൻ , സ്വകാര്യ സ്ഥാപനങ്ങൾ , എല്ലാ

പ്രദേശത്തേക്കും ബസ് , ഇൻറർനെറ്റ് കഫേ ,ടെലഫോൺ എക്സ്ചേഞ്ച് ,

സൂപ്പർ മാർക്കറ്റ് തുടങ്ങി ഒരു സമൂഹത്തിന് വേണ്ടതെല്ലാം ഇന്ന്

കുടിയാൻമലയിൽ ഉണ്ട്.