ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വരദാനമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഒരു വരദാനമാണ്
          എല്ലാ വർഷവും ജൂൺ അഞ്ചിനു ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോൾ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്  പറയാതിരിക്കാൻ കഴിയില്ല. ഓസോൺ  പാളികളിലെ വിള്ളലുകൾ, ആഗോളതാപനം, പക്ഷിജന്തു വർഗ്ഗങ്ങളുടെ വംശനാശം, ഇതെല്ലാം നാം ഇന്ന് നേരിടുന്ന പരിസ്ഥിതി പ്രശനങ്ങളാണ്. ഒരു നിമിഷം നാം ചിന്തിച്ചു നോക്കിയാൽ ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യരാണ്. നമ്മുടെ വികസനം മൂലമാണ് പ്രകൃതി നശിക്കുന്നത്. നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി നാം പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ഒരർത്ഥത്തിൽ ഒരു മോഷണം തന്നെയാണ്. 
         മണ്ണിടിക്കുകയും, മലകൾ നിരത്തുകയും, പാടങ്ങൾ നിരത്തുകയും, മരങ്ങൾ മുറിക്കുകയും, അന്തരീക്ഷത്തിലേക്ക് ഫാക്ടറിയിലെ  പുക വിട്ടു മലിനമാക്കുകയും ചെയ്യുക എന്നതിന് ഉപരിയായി ജീവനുള്ള ജന്തുവർഗങ്ങളെ നാം ചൂഷണം ചെയ്യുന്നു. നമ്മുടെ വീടിന്റെ കാവലിനും നമുക്കായി വാലാട്ടാനും ശുനകനെ നാം കൂട്ടിലാക്കി. വീടുകൾക്ക് വർണ്ണമേകാനും അവയുടെ നിറങ്ങൾ കണ്ടു രസിക്കാനും വർണ്ണകിളികളെ നാം കൂട്ടിലാക്കി, വർണ്ണ മത്സ്യങ്ങളെ ചില്ലുക്കൂട്ടിലാക്കി. തത്തമ്മയുടെ വർത്തമാനം കേൾക്കാൻ പാറിനടക്കേണ്ട അവയെയും നാം തടവിലാക്കി. കാട്ടിൽ മതിച്ചു നടക്കേണ്ട ഗജരാജനെ വാരിക്കുഴിയിൽ വീഴ്ത്തി മെരുക്കിയെടുത്തു ചങ്ങലയിലാക്കി ഉത്സവപറമ്പുകൾക്ക് ആഘോഷമാക്കുന്നു. 
     നമ്മൾ അവരുടെ സ്വാതന്ത്ര്യം തല്ലികെടുത്തിയപ്പോൾ ഇത്തിരിക്കുഞ്ഞൻ കൊറോണയെന്ന ഭീകരനെ ഭയന്ന് വീട്ടിലിരിക്കേണ്ടിവരുമെന്ന് നമ്മളാരും വിചാരിച്ചില്ല. നാം പ്രകൃതിയെ ചൂഷണം ചെയ്തപ്പോൾ അവയ്ക്കും പ്രതികാരം ഉണ്ടെന്ന കാര്യം നാം ഓർത്തില്ല. സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയെന്തെ ന്നു നാമിന്നു മനസിലാക്കി. ആളുകൾ വീട്ടിൽ ഇരിക്കുന്നത് കൊണ്ടും ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാത്തതിനാലും നമ്മുടെ പ്രകൃതി അതിന്റെ പഴയ പച്ചപ്പും ഹരിതാഭയും തിരിച്ചു പിടിക്കുന്നു. ഇനി ഈ പരിസ്ഥിതിയെ ഇതുപോലെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. നല്ല പരിസ്ഥിതിയിൽ മാത്രമേ നല്ല വ്യക്തികളും നല്ല സമൂഹവും സന്തോഷകരമായ ആവാസവ്യവസ്ഥയും ലഭിക്കുകയുള്ളൂ. ആ ലക്ഷ്യത്തിനായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാൻ മനസുണ്ടാകട്ടെയെന്ന് സമാശ്വസിക്കാം. 
   
   
ആൻ മേരി സ്വറ്റിൽന
9 D ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം