പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/ആരാണ് ഞാൻ?

Schoolwiki സംരംഭത്തിൽ നിന്ന്
ആരാണ് ഞാൻ?


ഇപ്പോൾ വായു മലിനീകരണവും ആഗോളതാപനവും നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ?

മനുഷ്യന്റെ പരിസ്ഥിതി ചൂഷണം പരിസ്ഥിതി പ്രവർത്തകരെ ആകുലപ്പെടുത്തുന്നുണ്ടോ?

ജന്തുക്കളോടുള്ള മനുഷ്യന്റെ ക്രൂരത ജന്തുസ്നേഹികളെ കണ്ണീരിലാഴ്‌ത്തുന്നുണ്ടോ?

ഇതൊക്കെ ചോദിക്കാൻ ഞാനാരാണ് എന്നായിരിക്കും..?

ഞാൻ 'കോവിഡ് - 19’, ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരി. മനുഷ്യർക്ക് എന്റെ കുടുംബക്കാരെ 1960 മുതലേ അറിയാം. എന്നാൽ 500 വർഷങ്ങൾക്ക് മുൻപേ ഞാൻ ഈ ജീവലോകത്തുണ്ടായിരുന്നു. സാർസും മെർസും എന്റെ കുടുംബക്കാരാണ്. അവർ എന്നെ പോലെ അത്ര ഭയങ്കരന്മാരല്ല. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകളും എന്റെ കുടുംബക്കാരാണ്.
സാധാരണ ജീവികളുടെ, പ്രത്യേകിച്ച് വവ്വാലുകളുടെ ആമാശയത്തിൽ ഞങ്ങൾ നിരുപദ്രവകാരികളായി കഴിയാറുണ്ട്. എന്നാൽ മനുഷ്യ ശരീരത്തിൽ എത്തിയാൽ ഞാൻ സംഹാരതാണ്ഡവമാടും. എന്നാലും നിപ്പ വൈറസ് പോലെ അത്ര ക്രൂരനല്ല.

ചൈനയിലെ വുഹാനിലാണ് എന്റെ ജനനം. 'നോവൽ കൊറോണ' എന്നാണ് എന്റെ ആദ്യത്തെ ഓമനപ്പേര്. പിന്നെ എല്ലാവരും എന്നെ കോവിഡ് - 19 എന്ന് വിളിച്ചു. 2020 മാർച്ച് 11ന് എന്നെ WHO ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു.
എന്റെ ജനനം ആദ്യഘട്ടത്തിൽ ചൈന മറച്ചുവച്ചു. ഞാൻ കാരണം രക്തസാക്ഷികൾ ആക്കപ്പെട്ട എന്റെ ആദ്യ നാളുകളിലെ ഇരകളായ ഡോക്ടർമാരെ ഞാൻ വേദനയോടെ ഓർക്കുന്നു. ഡോ. ലീ വെൻലിയാങ് ചൈന മൂടിവച്ച രഹസ്യം സമൂഹ മാധ്യമത്തിലൂടെ തുറന്ന് കാണിച്ച മനുഷ്യസ്നേഹിയാണ്. ഒരുപക്ഷെ അദ്ദേഹം ഇല്ലായിരുന്നെങ്കിൽ....?

എന്റെ കഥ പറയുമ്പോൾ വുഹാനിലെ മാംസച്ചന്തയെ വിട്ടുപോകരുതല്ലോ. കരിന്തേളിനെ മുതൽ ചീങ്കണ്ണികളെ വരെ കിട്ടുന്ന ചന്ത. ഈ ചന്തയിൽ നിന്നാണ് 2019 - ലെ എന്റെ ഉത്ഭവം. ആദ്യരോഗികളിൽ 27 പേരും ഇവിടെ വച്ചാണ് എന്റെ പിടിയിലായത്.

ഇനി ഞാൻ വുഹാൻ സിറ്റിയെക്കുറിച്ചു പറയാം. ചൈനയുടെ സിരാകേന്ദ്രമാണ് വുഹാൻ സിറ്റി - ചൈനയിലെ മോട്ടോർ സിറ്റി, ചൈനയിലെ പ്രധാന വ്യാപാര വ്യവസായ ഉത്പാദനകേന്ദ്രങ്ങളിൽ പ്രധാനി, രാജ്യാന്തര വിമാനയാത്രകളുടെ പ്രധാന കേന്ദ്രം, വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിൽ പ്രധാനി. വിശേഷിപ്പിക്കാൻ ഒരുപാട് കാര്യങ്ങൾ. അതിനാൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ നിരന്തരം വന്നുപോയിക്കൊണ്ടിരുന്ന വിസ്മയലോകം. ചൈനക്കാർ എന്നെ ഒരു മാസത്തോളം മൂടിവച്ചത് കൊണ്ടാണത്രേ ഞാനിത്രത്തോളം പടർന്നുപിടിക്കാൻ കാരണമെന്ന് ഗവേഷകർ പറയുന്നു.

കേരളത്തിൽ നിപ്പാ വൈറസ് ബാധിച്ചപ്പോൾ അതിന്റെ ഉറവിടം അതിവേഗം കണ്ടെത്തുകയും അത് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നെയും ഇതുപോലെ സൂക്ഷിച്ചിരുന്നെങ്കിൽ..!

ഞാനൊരു വൈറസ് രോഗമായതിനാൽ കൃത്യമായ മരുന്നില്ല. രോഗലക്ഷണങ്ങളെ ചികിത്സിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ചെയ്‌താൽ എന്നെ ഒരു പരിധി വരെ തടയാം. എന്നെ നിങ്ങളുടെ ശരീരത്തിൽ കടക്കാൻ അനുവദിക്കരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ശരീരസ്രവങ്ങളാണ് എന്നെ പരത്തുന്നത്.

എന്നെ ലളിതമായി പ്രതിരോധിക്കാൻ സാധിക്കും..!

• കൈകൾ 20 സെക്കൻഡിൽ കുറയാതെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ കൊണ്ട് മുഖം മറയ്ക്കുക. ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ചാണ് മുഖം മറയ്‌ക്കേണ്ടത്.
• വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. (ഒരു മീറ്റർ)
• രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ട് കഴിയുക.
• കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം.
• ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈകൾ ശുചിയാക്കാം.
• മാസ്‌ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കും എന്നതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
• ‘N 95’ എന്നയിനം മാസ്കാണ് ഏറ്റവും സുരക്ഷിതം.


അൻസ ഷഹീൻ
8 ഡി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം