| എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്ക് പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൂത്താട്ടുകുളം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 23.18 ചതുരശ്ര കിലോമീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പാലക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ, കിഴക്ക് കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത്, പാലക്കുഴ പഞ്ചായത്ത്, തെക്ക് ഇലഞ്ഞി പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത്, പടിഞ്ഞാറ് തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകൾ എന്നിവയാണ്. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീറ്റർ തെക്കും കോട്ടയത്തുനിന്ന് 38 കി.മീറ്റർ വടക്കും സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപഞ്ചായത്തിൽകൂടി എം.സി.റോഡ് കടന്നു പോകുന്നു. ഇവിടെനിന്ന് എറണാകുളത്തിന് പിറവം വഴി 50 കി.മീറ്ററും പാലാ, തൊടുപുഴ പ്രദേശങ്ങളിലേക്ക് 18 കി.മീറ്ററുമാണ് ദൈർഘ്യം. എറണാകുളം ജില്ലയുടെ തെക്കു കിഴക്കേയറ്റത്ത് ഇടുക്കി ജില്ലകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ പ്രധാന പട്ടണം കൂത്താട്ടുകുളമാണ്. ഒരിക്കൽ കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശത്തിന്റെ അയൽപഞ്ചായത്തുകൾ പാലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയായിരുന്നു. നാണ്യവിളകൾ മുഖ്യമായി റബ്ബർ, നാളികേരം, അടക്ക, ഇഞ്ചി, മഞ്ഞൾ, കച്ചോലം, കുരുമുളക് തുടങ്ങിയവയാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഇടത്തരം കൃഷിക്കാരാണ്. തെക്കേ ഇന്ത്യയിലെ പ്രധാന മാംസസംസ്കരണശാല ഈ പഞ്ചായത്തിൽ ഇടയാറിൽ പ്രവർത്തിക്കുന്നു. പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായിരുന്ന സി.ജെ.തോമസ്സും അദ്ദേഹത്തിന്റെ സഹോദരിയും കവയിത്രിയുമായ കൂത്താട്ടുകുളം മേരി ജോണും ഈ നാട്ടുകാരാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും, കലാകാരനുമായിരുന്ന ജേക്കബ് ഫിലിപ്പ് കൂത്താട്ടുകുളത്തിന്റെ അഭിമാനമാണ്. കൂത്താട്ടുകുളം മഹാദേവക്ഷേത്രം, ഓണംകുന്ന് കാവ്, അർജ്ജുനൻമല ശിവക്ഷേത്രം, കിഴകൊമ്പ് ദേവീക്ഷേത്രം, വടകരയിലെ സെന്റ് ജോൺസ് യാക്കോ ബൈറ്റ് സിറിയൻ ചർച്ച് തുടങ്ങിയവയെല്ലാം ചിരപുരാതനങ്ങളായ ആരാധനാലയങ്ങളാണ്. സർവ്വമത ആരാധനാകേന്ദ്രമായ ഷിർദ്ദിസായ് ക്ഷേത്രങ്ങളും ഇവിടെ നിലകൊള്ളുന്നു. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്തുള്ള അതിർത്തിഗ്രാമമാണ് കൂത്താട്ടുകുളം. സമുദ്രനിരപ്പിൽനിന്ന് 100 മീറ്ററിലധികം ഉയരം വരുന്ന കുന്നുകളും അതിനിടയിലെ രണ്ട് താഴ്വരകളും ചേർന്നാണ് ഈ ഗ്രാമപ്രദേശം രൂപപ്പെട്ടിരിക്കുന്നത്. കൂത്താട്ടുകുളം ഗ്രാമപ്രദേശത്തെ രണ്ട് താഴ്വരകളായി തിരിച്ചുകൊണ്ട് സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കുന്നായ അർജ്ജുനൻ മലയ്ക്ക് സമുദ്രനിരപ്പിൽനിന്ന് 130 മീറ്റർ ഉയരമുണ്ട്. താഴ്വരകൾ രണ്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ക്രമേണ ഉയരം കുറഞ്ഞുവരുന്ന ചരിവു പ്രദേശമാണ്. തെക്കുഭാഗത്തുള്ള വലിയ താഴ്വര കോട്ടയം ജില്ലയിലെ ഉഴവൂർ പ്രദേശം വരെ നീണ്ടുകിടക്കുന്നു. ഇവിടെനിന്നുത്ഭവിക്കുന്ന ഉഴവൂർ തോട് വെളിയന്നൂർ പഞ്ചായത്ത് പ്രദേശം വരെ നീണ്ടുകിടക്കുന്നു. ഇവിടെ നിന്നുത്ഭവിക്കുന്ന ഉഴവൂർ തോട് വെളിയന്നൂർ പഞ്ചായത്ത് പ്രദേശവും കടന്ന് കൂത്താട്ടുകുളത്ത് എത്തുന്നു. അർജ്ജുനൻ മലയുടെ തെക്കൻ ചരിവിലുള്ള ചെറിയതോട് ചോരക്കുഴി ഭാഗത്ത് ഉഴവൂർ തോടുമായി ചേരുന്നു. പ്രധാന തോട് രാമപുരം പഞ്ചായത്തിലെ താമരക്കാടുനിന്ന് ഉത്ഭവിച്ച് കൂത്താട്ടുകുളം ടൌണിന് ഒരു കിലോമീറ്റർ താഴെ ഉഴവൂർ തോടുമായി ചേരുന്നു. രണ്ടു തോടും കൂടി വലിയതോട് എന്ന പേരിൽ ഈ പഞ്ചായത്തിലെ കിഴകൊമ്പ്, ഇടയാർ പ്രദേശത്തിലൂടെ കടന്ന് അടുത്ത പഞ്ചായത്ത് പ്രദേശങ്ങളായ തിരുമാറാടി, ഓണക്കൂർ, പിറവം എന്നിവിടങ്ങളിലൂടെ ഒഴുകി മൂവാറ്റുപുഴ നദിയിൽ ചേരുന്നു. വടക്കുഭാഗത്ത് കീരികുന്ന്, തളിക്കണ്ടം, കുങ്കുമശ്ശേരി, വാളായിക്കുന്ന് മലകളും, കിഴക്കുഭാഗത്ത് കോഴിപ്പിള്ളി, പൂവക്കുളം മലകളും, തെക്കുഭാഗത്ത് ചമ്പമലയും ആട്ടകുന്ന്-നരിപ്പാറ വേളുമലയും മദ്ധ്യഭാഗത്തായി അർജ്ജുനൻ മല, വള്ളിയാങ്കമല, എരുമക്കുളം, നെടുമ്പാറ, മുട്ടുമുഖം മലകളും അമ്പാട്ടുകുന്ന്, തുറപ്പാറ മുതലായ കുന്നിൻ പ്രദേശങ്ങളും ചോരക്കുഴി, കിഴകൊമ്പ്, ഇടയാർ, വടകര, പൈറ്റക്കുളം എന്നീ താഴ്വരകളും ചേർന്നതാണ് കൂത്താട്ടുകുളം പഞ്ചായത്ത് പ്രദേശം. കേരളത്തെ 13 കാർഷിക മേഖലകളായി തിരിച്ചിട്ടുള്ളതിൽ സെൻട്രൽ മിഡ്ലാൻഡ് സോൺ വിഭാഗത്തിൽ പെടുന്ന ഭൂപ്രകൃതിയാണ് കൂത്താട്ടുകുളത്തിന്റേത്. മലമുകളിലും ചെരിവുകളിലും പാറക്കെട്ടുകൾ ഉണ്ട്. പാറക്കെട്ടിനോട് ചേർന്ന ഭാഗങ്ങളിലെ മൺപാളികൾ കനം കുറഞ്ഞവയാണ്. കുന്നിൻമുകളിലും ചെരിവുകളിലും മുഴുവൻതന്നെ റബ്ബർ കൃഷി ചെയ്തിരിക്കുന്നു. ഇടയ്ക്ക് ഫലവൃക്ഷങ്ങളായ പ്ളാവ്, മാവ്, ആഞ്ഞിലി മുതലായവയും തേക്കും ഉണ്ട്. തോടിനോട് ചേർന്ന് നെൽപ്പാടങ്ങളും അതിനടുത്ത ഉയർന്ന തട്ടുകളിൽ തെങ്ങും റബ്ബറും ഇടകലർന്ന് കൃഷി ചെയ്തിട്ടുണ്ട്. താഴ്വരയുടെ മദ്ധ്യഭാഗത്തുനിന്ന് അല്പം കിഴക്കുമാറി തെക്കുവടക്കു കിടക്കുന്ന എം.സി.റോഡും പടിഞ്ഞാറ് പിറവം, എറണാകുളവുമായി യോജിക്കുന്ന റോഡും, കിഴക്ക് രാമപുരം പാല എന്നിവിടങ്ങളുമായി യോജിക്കുന്ന റോഡും ഇവിടെ സംഗമിക്കുന്നു. ഒരു വലിയ വാണിജ്യമേഖലയായി കൂത്താട്ടുകുളം ടൌൺ രൂപാന്തരപ്പെട്ടിരിക്കുന്നു.
| | സെൻട്രൽ മിഡ്‌ലാന്റ് സോൺ വിഭാഗത്തിൽ പെടുന്ന ഭൂപ്രകതിയാണ് കൂത്താട്ടുകുളത്തിനുള്ളത്. സമൂദ്രനിരപ്പിൽ നിന്നും 100 മീറ്ററിലധികം ഉയരമുള്ള കുന്നുകളും അവയ്ക്കിടയിലെ താഴ്‌വരകളും ചേർന്നാണ് ഈ പ്രദേശം രൂപപ്പെട്ടിരിക്കുന്നത്. കൂത്താട്ടുകുളത്തെ ഏറ്റവും വലിയ കുന്നായ അർജുനൻ മലയ്ക്ക് സമുദ്രനിരപ്പിൽ നിന്നും 130 മീറ്റർ ഉയരമുണ്ട്. അർജുനൻ മല കൂത്താട്ടുകുളത്തെ രണ്ടു പ്രധാന താഴ്‌വരകളായി വേർതിരിക്കുന്നു. തെക്കേ താഴ്‌വരയിൽ വച്ച് ഉഴവൂർ തോട് ചോരക്കുഴിത്തോടുമായി ചേരുന്നു. കൂത്താട്ടുകുളത്തെ പ്രധാന തോട് (ചന്തത്തോട്) വെളിന്നൂർ പഞ്ചായത്തിലെ താമരക്കാടുനിന്ന് ഉദ്ഭവിച്ച് പട്ടണത്തിലെത്തി ഉഴവൂർ തോടുമായി ചേരുന്നു. ഈ രണ്ടു തോടും ചേർന്ന് വലിയതോട് എന്ന പേരിൽ കൂത്താട്ടുകുളം നഗരസഭയുടെ കിഴകൊമ്പ്, ഇടയാർ പ്രദേശങ്ങളിലൂടെ ഒഴുകി തിരുമാറാടി, ഓണക്കൂർ ഗ്രാമപഞ്ചായത്തുകളെ പിന്നിട്ട് പിറവത്തുവച്ച് മൂവാറ്റുപുഴ ആറ്റിൽ ചേരുന്നു. |
| | വടക്കുഭാഗത്ത് കീരികുന്ന്, തളിക്കണ്ടം, കുങ്കുമശ്ശേരി, വാളായിക്കുന്ന് മലകളും, കിഴക്കുഭാഗത്ത് കോഴിപ്പിള്ളി, പൂവക്കുളം മലകളും, തെക്കുഭാഗത്ത് ചമ്പമലയും ആട്ടകുന്ന്-നരിപ്പാറ വേളുമലയും മദ്ധ്യഭാഗത്തായി അർജ്ജുനൻ മല, വള്ളിയാങ്കമല, എരുമക്കുളം, നെടുമ്പാറ, മുട്ടുമുഖം മലകളും അമ്പാട്ടുകുന്ന്, തുറപ്പാറ മുതലായ കുന്നിൻ പ്രദേശങ്ങളും ചോരക്കുഴി, കിഴകൊമ്പ്, ഇടയാർ, വടകര, പൈറ്റക്കുളം എന്നീ താഴ്വരകളും ചേർന്നതാണ് കൂത്താട്ടുകുളം പ്രദേശം. |