പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്തൊരവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാപ്പുറത്തൊരവധിക്കാലം

വാർഷിക പരീക്ഷ അടുത്തിരിക്കുന്നു. പാഠ ഭാഗങ്ങളെല്ലാം പഠിച്ചു തീർക്കാനിനിയുമുണ്ട്. അതിനിടയിൽ ഓട്ടോ ഗ്രാഫ് വാങ്ങണം. ഗുരു നാഥൻമാരെ കൊണ്ടും കൂട്ടുകാരെക്കൊണ്ടും അതിൽ എഴുതിക്കണം. ആ കൊച്ചു പുസ്തകത്തിന്റെ താളുകളിൽ കൂട്ടുകാരുടെ ഓർമ പൂക്കൾ വിരിയിക്കണം. സ്കൂൾ വാർഷികവും വരാൻ പോകുന്നു. ഏഴാം ക്‌ളാസ്സിലെ അവസാന മാസം. നാലാമത്തെ പീരീഡ് ക്ലാസ്സ് മുറിയിലെ ബഹളങ്ങൾക്കിടയിൽ ചിന്താ മൂകയായിരിക്കുമ്പോഴാണ് ശാരദ ടീച്ചർ ക്ലാസ്സിലേക്ക് വന്നത്. ക്ലാസ്സിന്റെ മൂലയിൽ റോക്കറ്റു പറപ്പിച്ചു കൊണ്ടിരിക്കുന്ന കുട്ടികളൊക്കെ എങ്ങനെയോ ചെന്ന് സ്വസ്ഥാനത്തു ഇരുന്നു. ടീച്ചറില്ലാത്ത തഞ്ചത്തിന്‌ കൂട്ടം കൂടിയിരുന്ന പെൺകുട്ടികൾ ഒന്നുമറിയാത്തപോലെ പുസ്തകം തുറന്നു. വാർഷിക പരീക്ഷയാണ് വരാൻ പോകുന്നത്. എല്ലാവരും എല്ലാ പാഠങ്ങളും വെള്ളം പോലെ പഠിക്കണം. പഠിക്കാതെ ജയിച്ചു കയറാമെന്നു ആരും കരുതേണ്ട. പതിവ് പോലെ തന്നെ ആദ്യത്തെ രണ്ടു മൂന്നു ഉപദേശങ്ങൾക്കു ശേഷം ടീച്ചർ പാഠത്തിലേക്കു കടന്നു. ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചതും കുട്ടികൾ പുറത്തേക്കു ചാടിയതും ഒരുമിച്ചായിരുന്നു. കൈകളും പ്ലെയിറ്റും കഴുകി ക്ലാസ്സിൽ വരി വരിയായി ഭക്ഷണത്തിനു ഇരിക്കാനാണ് ഇത്രയും ബഹളം. ഉച്ച ഭക്ഷണം കഴിഞ്ഞു കൂട്ടുകാരോടൊപ്പം സ്‌കൂൾ മുറ്റത്തെ ആൽ മര ചുവട്ടിൽ ഇരിക്കുമ്പോൾ നല്ല കുളിർ കാറ്റുണ്ടായിരുന്നു. ഇനി ഇത് പോലെ ഈ മരച്ചുവട്ടിൽ ഇരിക്കാനാവുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടമായി. കളിയും ചിരിയും കഴിഞ്ഞു ക്ലാസ്സിൽ കയറിയപ്പോഴാണ് 'സ്‌കൂൾ അടച്ചു പോലും' എന്ന് ആരോ പറയുന്നത് കേട്ടത്. തമാശ എന്ന് പറഞ്ഞു ചിരിച്ചു തള്ളിയെങ്കിലും ടീച്ചർ വന്നു പറഞ്ഞപ്പോൾ മനസ്സ് വിങ്ങിപ്പൊട്ടി. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസിനെ ഭയന്ന് സ്‌കൂൾ അടക്കുകയാണത്രെ. വൈറസ് നമ്മുടെ കൊച്ചു കേരളത്തെയും പിടികൂടിയിരിക്കുന്നു. രോഗം പടരാതിരിക്കുന്നതിനും പ്രതിരോധ പ്രവർത്തനത്തിനും നമ്മുടെ സുരക്ഷയ്ക്കും സ്‌കൂൾ അടയ്ക്കുന്നത് അനിവാര്യമായിരിക്കുന്നുപോൽ .ടീച്ചർ പെട്ടെന്ന് പറഞ്ഞു തീർത്തപ്പോൾ ഞങ്ങൾ സ്തംഭിച്ചു പോയി. ടീച്ചർ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രിയ ഗുരുക്കന്മാരോടും കൂട്ടുകാരോടും യാത്ര പറയാനാവാത്ത വേദനയിലും ദുഃഖത്തിലും ഞങ്ങൾ കണ്ണീർ വാർത്തു. ഏഴാം ക്‌ളാസ്സിലെ ഓട്ടോ ഗ്രാഫും സെന്റോഫും ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. ശാരദ ടീച്ചറുടെ ഉപദേശങ്ങളും ലഞ്ച് ബ്രേക്കിലെ ബഹളവും മരച്ചുവട്ടിലെ കുളിർകാറ്റും അറിയാതെ മനസ്സിലേക്കോടിയെത്തി. തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സിലെവിടെയോ ഒരു കാർമേഘം ഉരുണ്ടു കൂടിയിരുന്നു.

അമീന. എൻ. പി.
7 B പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ