പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പിന്നെയും എന്തിനീ നാട്യം ??
പിന്നെയും എന്തിനീ നാട്യം ??
പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റവും, മനുഷ്യനെ സഹജീവിയായ് കാണാതെ പണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ചെയ്തികളിൽ മനം നൊന്ത ദൈവം അവനു തിരികെ വരാൻ പല അവസരങ്ങളും നൽകി. എന്നിട്ടും സ്വന്തം ഉൾത്തടങ്ങൾ പരിശോധിക്കാതെ, പണത്തിനു പിന്നാലെയുള്ള ഓട്ടപാച്ചിൽ തുടർന്നു. ഇന്ന് കൊറോണ എന്ന മഹാമാരി നമ്മുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരവസരമാണ്. പ്രകൃതിയുടെ മനോഹാരിത നശിപ്പിച്ചതിൽ നാമും പങ്കുകാരാണ് എന്ന ബോധ്യം നമ്മിലുളവാകണം. കൃഷിയില്ലാത്ത പാടങ്ങൾ, ചെളിയെടുത്തു കുഴിഞ്ഞ കണ്ടങ്ങൾ, നികത്തിയ വയലുകളും തോടുകളും മണൽവാരി നശിച്ച പുഴകൾ, എവിടെയും കാണുന്ന അഴുക്ക് കൂമ്പാരങ്ങൾ, ദൈവത്തിന്റെ നാട് എന്ന വിശേഷണത്തിന് ഇന്നത്തെ കേരളം എത്ര കണ്ട് അർഹിക്കുന്നു. പഴമയിൽ നിന്ന് പുതുമയിലേക്കുള്ള മാറ്റങ്ങൾ സാംസ്കാരിക തനിമയെ തച്ചുടച്ചുവോ ?
ശുചിത്വമില്ലായ്മ അല്ലെങ്കിൽ ശുചിത്വ കൂടുതൽ ഇന്നു പല മാരക രോഗങ്ങൾക്കും വഴി തെളിക്കുന്നു. സ്വന്തം പറമ്പിലെ ചവർ അന്യന്റെ പറമ്പിലെറിഞ്ഞു ശുചിത്വം പാലിക്കുന്ന സമൂഹം, ഇന്നു രോഗം പടരാതിരിക്കാൻ അന്യന്റെ പറമ്പ് ശുചിയാക്കാൻ ഇറങ്ങുന്നു. ശുചിത്വം വാക്കിൽ മാത്രം ഒതുങ്ങികൂടേണ്ട ഒന്നല്ല .ഒരു ജനതയുടെ, ഒരു രാജ്യത്തിന്റെ കെട്ടുറപ്പ് നമ്മുടെ കൈകളിലാണ്. ചെറിയൊരു അശ്രദ്ധ വലിയൊരു തകർച്ചയിലെത്തിക്കുന്നു. ശുചിത്വത്തിന്റെ കാര്യത്തിൽ ഇപ്പോൾ കാണിക്കുന്ന ത്വരത എപ്പോഴും കൂടെയുണ്ടെങ്കിൽ എത്ര നന്നായിരുന്നു. ശുചിത്വം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷ്യവസ്തുക്കളിലാണ്. നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും വിഷലിപ്തമാണ്. നമ്മുടെ മുറ്റങ്ങളും തൊടികളും ഇന്റർലോക്കിട്ടു മോടിപിടിപ്പിക്കുമ്പോൾ നാം മനഃപൂർവം മറക്കുന്നു നമ്മുടെ പ്രകൃതിയെ മോടിപിടിപ്പിക്കാൻ.
ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി കിട്ടാതെ വലഞ്ഞപ്പോളല്ല ഒരു അടുക്കളത്തോട്ടം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നേണ്ടത്, ഇനിയും വൈകിയിട്ടില്ല വീട്ടിലിരിക്കുന്ന ഈ സമയം ടെറസിലോ ചാക്കുകളിലോ ചെടികൾ നടാം. ഇനിയും ഈ സ്ഥിതി വരാതെ തടയാം.
രോഗം വന്ന ശേഷം ചികിത്സിക്കുകയല്ല, രോഗം വരാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്, രോഗത്തെ പ്രതിരോധിക്കുകയാണ് വേണ്ടത്. ഇന്ന് കോറോണയുടെ പശ്ചാത്തലത്തിൽ സാനിറ്ററൈസിങ് പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ നമ്മുക്ക് ലഭ്യമാണ്. ഇതിനേക്കാളൊക്കെ ഉപരി വ്യക്തിശുചിത്വം, പരിസരശുചിത്വം തുടങ്ങിയവ ഒരു പരിധി വരെ രോഗങ്ങളെ ചെറുത്ത് നില്ക്കാൻ സഹായകമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മുടെ ഭക്ഷണ ശൈലി. കൃത്രിമ ഭക്ഷണം സ്വാഭാവിക ഹോർമോണുകളെ നശിപ്പിക്കുന്നു, അവയുടെ പ്രവർത്തന വേഗതയുടെ ഗതി മാറ്റിമറിക്കുന്നു.
ഈ കൊറോണ കാലം നമ്മുക്ക് നമ്മുടെ ഇടയിലുള്ള ചില വ്യക്തികളെ കൂടുതലായി മനസിലാക്കാൻ സഹായിക്കുന്നു. നമ്മുടെ ഡോക്ടർമാരെ നേഴ്‌സുമാരെ പൊലീസുകാരെ, ഇവരുടെയൊക്കെ അശ്രാന്ത പരിശ്രമത്തിനു പകരം വയ്ക്കാൻ ഒന്നും മതിവരില്ല. വീടിനേയും വീട്ടുകാരെയും ഉപേക്ഷിച്ചു സമൂഹത്തിനു വേണ്ടി ഇവർ കഷ്ടപ്പെടുന്നു. എന്നിട്ടും ഇവരുടെയെല്ലാം വാക്കുകൾ മറികടന്നു സ്വന്തം ഇഷ്ടത്തിന് പുറത്തു കറങ്ങിനടക്കുന്നവരുണ്ട്. ആർക്കുവേണ്ടിയാണ് നമ്മുടെ സർക്കാരും അധികാരികളും കഷ്ടപ്പെടുന്നത് ? അവർക്കു ഇതിന്റെയൊക്കെ ആവശ്യമില്ല. ചൈന ചെയ്തത് പോലെ രോഗികളെ ഒരു ഫ്ലാറ്റിലാക്കി ഫ്ലാറ്റ് ബോംബിട്ട് തകർത്തിട്ട് അത് തന്നെ തകർന്നു വീണു എന്നു പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂ. എന്നിട്ടും നമ്മുടെ സോദരർ നമ്മുക്ക് വേണ്ടി കഷ്ടപെടുമ്പോൾ നമ്മുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അവരെ അനുസരിക്കുകയെങ്കിലും ചെയ്യാം. ഇതിനൊക്കെ ഇടയിലും സാമൂഹ്യസേവകന്റെ വേഷത്തിൽ ചപ്പാത്തിയെന്നു പറഞ്ഞു മദ്യം വിൽക്കുന്നു അതും ലിറ്ററിന് 1600 രൂപ വീതം. ഇത്രയൊക്കെ ആയിട്ടും പണത്തിനോടുള്ള ആർത്തി മാറിയില്ലല്ലോ. ഒരു നിമിഷം മതി ജീവിതം അവസാനിക്കാൻ, ഈ പണത്തിനൊന്നും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം കൂട്ടാൻ കഴിയില്ല എന്നിവർ മനസിലാക്കുന്നില്ലലോ. ഇനിയും പഠിക്കാത്ത ഇവരെപോലുള്ളവർ ഇനിയെന്നു നന്നാവാനാണ് ?
ലോക്ക് ഡൗൺ കാലഘട്ടം പ്രവർത്തനത്തിനൊപ്പം പ്രാർത്ഥനയുടേത് കൂടിയാകണം. ഈശ്വരൻ എന്ന അനന്ത ശക്തിയിൽ വിശ്വസിക്കുന്നതിനു ജാതിയുടെയും മതത്തിന്റെയും ആവശ്യമില്ല.മനുഷ്യന്റെ അറിവില്ലായ്മയും അഹങ്കാരവും അന്ധവിശ്വാസവും ചൂഷണതാല്പര്യവുമാണ് ജാതിയും മതവും നിലനിർത്തുന്നത് ഞങ്ങൾ മലയാളികളാണ് കേരളീയരാണ് എന്ന സമഭാവന നിത്യജീവിതത്തിൽ വന്നാൽ കേരളം ലോകത്തിലെ ഒന്നാംകിട രാഷ്ട്രമാകും. ദൈവത്തിന്റെ സ്വന്തം നാടാകും.ഒന്നും ചെയ്യാൻ സാധിക്കില്ല എന്നു ചിന്തിക്കാതെ എന്നെകൊണ്ടും ചിലതൊക്കെ സാധിക്കും എന്നു ചിന്തിക്കാം. അധികാരികളെ അനുസരിച്ചു കൊണ്ട് കൊറോണയെ തടയാൻ നമ്മുക്കും ഒന്നുചേരാം. അമാനുഷിക പ്രവർത്തികളല്ല മാനുഷിക പ്രവർത്തികളിലൂടെ നമ്മുക്കും സൂപ്പർ ഹീറോസാകാം. കൂട്ടായ്മയുടെ ഒത്തുചേരലിന്റെ ചങ്ങലകൾ പൊട്ടിക്കാം, തകർക്കാൻ കഴിയാത്ത ചങ്ങലകൾ തീർക്കാനായി. കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ നമുക്കും കൈകോർക്കാം നല്ലൊരു നാടിനായ് നല്ലൊരു നാളെക്കായി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |