പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/അക്ഷരവൃക്ഷം/ ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ

പ്രിയപ്പെട്ടവരേ , ഞാൻ കൊറോണ വൈറസ് . പേരുകേട്ടവൈറസ് കുടുംബത്തിലെ ഒരംഗം . നിങ്ങളെ പോലെ തന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ . ചൈനയിലെ ഒരു ഘോര വനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകുട്ടി പരാദീനങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്നു ഈ ഞാൻ . നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല . ആന്തരിക അവയവങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്തുന്നത് . പുറത്തുവന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളു‍ടെ കഥകഴിയും . പന്നി , വൗവ്വാൽ ,കൊതുക് , കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണയായി ആതിഥേയജീവികളായി കരുതുന്നത് . അവരുടെ വയറ്റിലാകുമ്പോൾ ശല്യങ്ങൾ ഒന്നുമില്ലാതെ സ്വസ്ഥമായി കഴിയാം . പിന്നെ പാലു തരുന്ന കൈകളിൽ ഞങ്ങൾ കൊത്താറില്ല , ആതിഥേയ ജീവികൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം .
ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നുവന്നു . നിയമങ്ങളെ കാറ്റിൽ പറത്തി ഞങ്ങളെ വെടിവെച്ചുവീഴ്ത്തി കാട്ടുപന്നിയേയും ചത്തുവീണ മൃഗങ്ങളെയും എല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കെറ്റിൽ കൊണ്ടുപോയി വിറ്റു . ഞാൻ പേടിച്ചു വിറച്ചു . ഇറച്ചി വെട്ടുകാരൻ പന്നിയുടെ വയർ തുറന്ന് ആന്തരിക അവയവങ്ങൾ എടുത്തു പുറത്തുകളഞ്ഞു . ആ തക്കത്തിന് ഇറച്ചിവെട്ടുകാരന്റെ കയ്യിൽ കയറി പ്പറ്റാൻ എനിക്ക് കഴിഞ്ഞു . അവൻ മൂക്കു ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക് . ഇനി 14 ദിവസം സമാധിയാണ് . ഈ സമാധിയിലാണ് ഞങ്ങൾ പെറ്റുപെരുകുന്നത് , കോശ വിഭജനം വഴി ഒന്ന് രണ്ടാകാനും , പിന്നെ അയിരങ്ങളും ലക്ഷങ്ങളും കോടികളും ആകാൻ ഞങ്ങൾക്ക് ഈ 14 ദിവസം മതി . ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചൈനാക്കാരന് പനിയും ചുമയും തുമ്മലും ഒക്കെ തുടങ്ങി . ഇതിനിടയിൽ പുതുതായി വിരിഞ്ഞ എന്റെ കുഞ്ഞുങ്ങൾ ചൈനാക്കാരന്റെ ഭാര്യയുടേയും മക്കളുടേയും അയൽ വക്കകാരുടേയുംശരീരത്തിൽ കയറിപ്പറ്റി ലോക സഞ്ചാരത്തിനുള്ള ഒരുക്കങ്ങൾനടത്തുകയായിരുന്നു .
പാവം ചൈനാക്കാരൻ ആശുപത്രിയിലായി , നല്ല ശ്വാസതടസ്സവും ശ്വാസകോശത്തിൽ പഴുപ്പും ഉണ്ടായിരുന്നു ന്യുമോണിയ ആണെന്നാണ് ഡോക്ടർ കരുതിയത് . പക്ഷെ അഡ്മിറ്റായി ആറാം ദിവസം ചൈനാക്കാരൻ മരിച്ചു . ഞാൻ ആ മൃതശരീരത്തിൽ നിന്നും നേരേ ഡോക്ടറുടെ വിരലുകളിൽ കയറിപ്പറ്റി . പനി പടർന്നുപിടിച്ചു മാരകമായ പനി , ദിവസവും ആയിരങ്ങൾ ആശുപത്രിയിലേക്കു വന്നു , ലോകം പകച്ചു നിന്നു , ഗവേഷക‍ർ തല പുകച്ചു , ഇതേതു രോഗം ? കാരണക്കാരനായ അണു എവിടെനിന്ന് വന്നു ? ഇതിന് പ്രതിവിധി എന്ത് ?
പക്ഷെ കുറഞ്ഞസമയത്തിനുള്ളിൽ ശാസ്ത്രലോകം എന്നെ തിരിച്ചറിഞ്ഞു . ഞാൻ NOVEL CORONA VIRUS . കഴിഞ്ഞ വർഷങ്ങളിൽ സർസ് രോഗം പരത്തി ലോകത്തെ മുൾമുനയിൽ നിർത്തിയ CORONA VIRUS രൂപാന്തരണം പ്രാപിച്ച് പുതിയതായി ഉണ്ടായതാണ്ഞാൻ.എനിക്ക് പുതിയ ഒരു പേര്കണ്ടെത്തി COVID-19 പിന്നിട് എന്റെ ജൈത്രയാത്രയായിരുന്നു . അമേരിക്ക,ബ്രിട്ടൻ,ഫ്രാൻസ്, ഇറ്റലി,ജ‍ർമ്മനി,സ്പെയിൻ,ഇപ്പോഴിതാ ഹരിത സുന്ദരമായ കേരളത്തിലും ഞാൻ എത്തി ചേർന്നു . എന്റെ സൃഷ്‍ടിയുടെ ദൗത്യം ആയതിനാൽ എന്റെ യാത്ര തുടർന്നേ മതിയാവു . എന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അധികം താമസിക്കാതെ മരുന്ന് കണ്ടുപിടിക്കുമെന്ന് എനിക്ക് അറിയാം. മഹാമാരികളും ലോകയുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് അനസ്യൂതം മുന്നോട്ട് കുതിക്കുന്ന മനുഷ്യൻ എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ നിസ്സാരനായ ഞാൻ ആര് ? പക്ഷെ ഈ യുദ്ധം ജയിച്ചാലേ ഇനി നിങ്ങൾക്ക് മുന്നോട്ട്പോകാൻ ആകൂ , തോറ്റു തരുവാൻ ഞങ്ങൾ തയ്യാറല്ല .യഥാർത്ഥയുദ്ധത്തിൽ സമനിലയോ സന്ധിയോ അനുവദനീയം അല്ലല്ലോ . അവസാന പുഞ്ചിരി വിജയികൾക്കുള്ളതാണ് . അത് നിങ്ങളുടെ ചുണ്ടുകളിൽ വിരിയണം എന്നാണ് എന്റെ ആഗ്രഹം . പോകുന്നതിനു മുൻപ് ഒരു കാര്യം കൂടി പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേക്ക് നിങ്ങൾ കടന്നുകയറരുത് . ഒരിക്കലും തമ്മിൽ കാണാൻ ഇടവരുത്തരുതേ എന്ന് പ്രാ‍ർത്ഥിച്ചുകൊണ്ട്
സ്നേഹപൂർവ്വം
കൊറോണ വൈറസ്

ഹർഷ ആർ
6 B പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി പത്തനംതിട്ട
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ