പരിസ്ഥിതി
പ്രപഞ്ചത്തിലെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ ജീവനുള്ള ഏക ഗൃഹം ആണ് ഭൂമി .അതിലെ എല്ലാ ചരാചരങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി . അതിൽ ബുദ്ധിമാനായ മനുഷ്യൻ മുതൽ സൂഷ്മ ജീവികളായ ബാക്ടീരിയായും വൈറസും വരെ ഉൾപ്പെടും . പരിസ്ഥിതിയിലെ ഓരോ ജീവ വിഭാഗവും അത് ജന്തുമൃഗാതികളോ സസ്യലതാതികളോ സൂക്ഷ്മജീവികളോ ആകട്ടെ ചങ്ങലയിലെ ഒരു കണ്ണിപോലെ പരസ്പരം ബന്ധപെട്ടു കിടക്കുന്നു . അതിലേ ഒരു കണ്ണിക്കു പോലും നാശം സംഭവിച്ചാൽ അതു പരിസ്ഥിതി വ്യവസ്ഥയെ തന്നെ ദോഷമായി ബാധിക്കും എന്നതാണ് വസ്തുത . ഇതൊക്കെ അറിയാമായിരുന്നിട്ടും മനുഷ്യന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടിയുള്ള പരിസ്ഥിതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം പരിസ്ഥിതിയെ ഇപ്പോൾ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ് .

നമ്മുടെ പരിസ്ഥിതി ഇന്ന് ഒരു മാലിന്യക്കൂമ്പാരം ആയി മാറിയിരിക്കുന്നു .ഉപഭോഗവും ആഡംബരവും വർധിച്ചതിന്റെ ഫലമായി വാഹനങ്ങളുടേയും വിഷം തുപ്പുന്ന വ്യവസായശാലകളുടെയും എണ്ണം ക്രമാധീതമായി വർദ്ധിച്ചു . അങ്ങനെ വായുവും ജലവും കരയുമെല്ലാം വൻതോതിൽ മലിനമാക്കപ്പെട്ടു . അന്തരീക്ഷത്തിലെ വിഷവാതകങ്ങളുടെ അളവ് വർദ്ധിക്കുകയും അത് ആഗോളതാപനത്തിനു കാരണമാവുകയും ചെയ്തു . ഇതിന്റെ ഫലമായി ഭൂമിയിലെ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങിയിരിക്കുന്നു . മലിനമാക്കപ്പെട്ട ജലാശയങ്ങളിൽ ജലജീവികൾ ചത്തു പൊങ്ങുകയും ചില ജീവികൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു .

വൻതോതിലുള്ള മണൽവാരൽ മൂലം പുഴകൾ പോലും ഇല്ലാതാവുന്ന അവസ്ഥ ... ഭാരതപ്പുഴ ഇതിനൊരു ജീവിക്കുന്ന ഉദാഹരണം . കെട്ടിടനിർമ്മാണം , കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടി മലകൾ വൻതോതിൽ നശിപ്പിക്കപ്പെട്ടു . അങ്ങനെ ഉരുൾപൊട്ടലും , മലയിടിച്ചിലും ,വെള്ളപ്പൊക്കവും എല്ലാം വർദ്ധിച്ചു വരുന്നു .പശ്ചിമഘട്ട മലനിരകൾക്കുണ്ടായ നാശമാണ് കഴിഞ്ഞ രണ്ടു വർഷം കേരളത്തിൽ നാശം വിതച്ച മഹാപ്രളയത്തിന്റെ മുഖ്യകാരണമെന്ന് തെളിഞ്ഞിട്ടുണ്ട് . പരിസ്ഥിതി സംരക്ഷണത്തിനായി ധാരാളം നിയമങ്ങളും പോളിസികളും ലോകമെമ്പാടും നടപ്പിലാക്കിയിട്ടുണ്ട് . പക്ഷേ മനുഷ്യന്റെ സ്വാർത്ഥത മൂലം ഇവയെല്ലാം കടലാസ്സിൽ ഒതുങ്ങുകയോ ശരിയായ രീതിയിൽ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുന്നു . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന ദേശിയ ഹരിത ട്രിബ്യുണൽ . അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം പശ്ചിമഘട്ട പ്രദേശം നാശത്തിന്റെ വക്കിലാണ് . ഇവയെ സംരക്ഷിച്ചില്ലെങ്കിൽ കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ കാത്തിരിക്കുന്നത് വൻ പ്രകൃതി ദുരന്തങ്ങൾ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .ഈ കൊറോണ കാലം ചിലതു നമ്മേ പഠിപ്പിക്കുന്നുണ്ട് . മനുഷ്യന്റെ ഇടപെടലുകൾ നിമിത്തമോ അല്ലാതെയോ രൂപാന്തരം സംഭവിച്ചു പലതരം സൂക്ഷ്‌മ ജീവികൾ ഉണ്ടാകുന്നു . കേട്ടുകേഴ്‌വി പോലുമില്ലാത്ത രോഗങ്ങൾ ഉണ്ടാകുന്നു . വ്യാപനം തടയാനായി മനുഷ്യൻ തന്റെ സ്വാർത്ഥത വെടിഞ്ഞു തന്റെ വാസസ്ഥലത്തേക്ക് ഒതുങ്ങി കൂടുന്നു . പരിസ്ഥിതിയിൽ മനുഷ്യന്റെ അനാവശ്യ ഇടപെടലുകൾ ഇല്ലാത്തതുമൂലം പ്രകൃതിയിലെ മലിനീകരണം കുറയുകയും ശുദ്ധികരിക്കപ്പെടുകയും ചെയ്യുന്നു .

മനുഷ്യൻ പരിസ്ഥിതിയിലെ ഒരു കണ്ണി മാത്രമാണ് . മറ്റു ജീവികൾക്കും അത് ജന്തുവായാലും സസ്യമായാലും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് . അവയ്ക്കിടയിൽ ഒരു സന്തുലിതാവസ്ഥ അത്യാവശ്യമാണ് . അല്ലാതെ പക്ഷം ഒരു പരിധി വിട്ടു കഴിഞ്ഞാൽ പ്രകൃതി തിരിച്ചടിക്കും . അത് താങ്ങാൻ മനുഷ്യ കുലത്തിനു സാധിച്ചു എന്ന് വരില്ല .

ആർദ്ര അനിൽ
6 എ പി എം വി എച് എസ്സ് പെരിങ്ങര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം