പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കോവിഡ് തരുന്ന തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് തരുന്ന തിരിച്ചറിവ്

കോവിഡ് തരുന്ന തിരിച്ചറിവ്

നമ്മൾ പിൻവാങ്ങി. അല്ല, പ്രകൃതി കൊറോണയുടെ രൂപത്തിൽ നമ്മളെ പിൻമടക്കി. പ്രകൃതി അതിൻറെ യഥാർത്ഥ രൂപത്തിലേക്ക് മാറിത്തുടങ്ങി. യഥാർത്ഥത്തിൽ മനുഷ്യൻ പ്രകൃതിയുടെ ശത്രുവാണ്. മനുഷ്യൻ വീട്ടിലിരിക്കുന്ന ഓരോ നിമിഷവും പ്രകൃതി ആഘോഷിക്കുകയാണ്.

അരുവികൾ പുഞ്ചിരിച്ചു തുടങ്ങി, മാലിന്യം വഹിച്ചുകൊണ്ട് ഒഴുകിയിരുന്ന അരുവികളെല്ലാം തെളിഞ്ഞു. കടലിൻറെ കളിചിരി കാണാറായി, എല്ലാ മാലിന്യങ്ങളും ഒഴുകിവരുന്ന കടൽ ഇപ്പോൾ ശാന്തമായി. മനുഷ്യൻറെ ഈ പിന്മാറ്റത്തിൽ കടൽ ജീവികളും ആശ്വസിക്കുന്നുണ്ടാകും.

മരങ്ങൾ ശ്വസിച്ചു തുടങ്ങി. ഒട്ടുമിക്ക വ്യവസായശാലകളും അടച്ചിട്ടതോടെ വായുമലിനീകരണം കുറഞ്ഞു. അതോടെ മരങ്ങൾ ശുദ്ധവായു ശ്വസിച്ചു തുടങ്ങി. മരങ്ങൾ ശുദ്ധവായു ശ്വസിച്ചതോടെ പൂക്കൾ നൃത്തം തുടങ്ങി.

കിളികൾ പാടിത്തുടങ്ങി, ജനങ്ങൾ വീട്ടിലിരുന്നതോടെ കിളികളുടെ ആവാസവ്യവസ്ഥ വിശാലമായി. മൃഗങ്ങൾ സ്വതന്ത്രരായി, മനുഷ്യൻ പ്രകൃതിയെ ചവിട്ടി മെതിച്ചു നടന്ന വഴിയിലൂടെ ഇപ്പോൾ മൃഗങ്ങൾ പ്രകൃതിയെ സ്നേഹിച്ചു നടക്കുന്നു.

ഈ കുറഞ്ഞകാലം മനുഷ്യർ മൂലമുണ്ടാകുന്ന മലിനീകരണം മാറിനിന്നപ്പോൾ ഓസോൺ പാളിയിലെ വിള്ളൽ പോലും അപ്രത്യക്ഷമായി എന്ന വാർത്ത നാം കേട്ടു.

ഈ കൊറോണ കാലം നമ്മൾ മനുഷ്യർക്കൊരു തിരിച്ചറിവാണ്. പ്രകൃതിയെ ഇത്രമേൽ നമ്മൾ ദ്രോഹിച്ചിരുന്ന എന്ന തിരിച്ചറിവ്. ഭൂമിയുടെ അവകാശികളായ മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും നമ്മൾ എത്രമാത്രം അലോസരപ്പെടുത്തിയിരുന്നു എന്ന തിരിച്ചറിവ്. മനുഷ്യൻ ഈ ഭൂമിയിൽ ഒരു അവശ്യവസ്തുവേ അല്ല എന്ന തിരിച്ചറിവിൽ നിന്നും മനുഷ്യരാശി പ്രകൃതിക്കിണങ്ങുന്ന ഒരു ജീവിത വ്യവസ്ഥയിലേക്ക് ഇനിയെങ്കിലും മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഫാത്തിമ ഫിസ വി
6 B പി എം എസ് എ എം എം യു പി സ്കൂൾ , ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം