പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നന്മക്കു കിട്ടിയ പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മക്കു കിട്ടിയ പ്രതിഫലം


രാത്രിയുടെ ഇരുട്ടിൽ ഒരു ഒറ്റപ്രകാശം, അതൊരു ബൈക്കിന്റെ ആയിരുന്നു. ആ വെളിച്ചം ഇരുട്ടിന്റെ ഭീകരത കീറി മുറിച്ചു മുന്നോട്ടു പോകുന്നു. ആ വെളിച്ചത്തിൽ ബൈക്ക് ഓടിച്ചിരുന്ന ദാമു അപകടത്തിൽ പെട്ടു കിടക്കുന്ന ഒരു കാർ കാണുന്നു. രാത്രിയിൽ ആയതു കൊണ്ട് ആരും സഹായിക്കാൻ ഇല്ലാതെ ഒരാൾ ആ കാറിനകത്തെ ബുദ്ധിമുട്ട് സഹിക്കുന്നത് അയാൾ കണ്ടു. അയാളെ ആശുപത്രിയിൽ ആക്കി ബന്ധുക്കളെ വിവരവും അറിയിച്ചു രക്തവും നല്കി ദാമു വീട്ടിലേക്ക് മടങ്ങി. ബാങ്ക് മാനേജർ ആയിരുന്ന ഗിരീഷ് മേനോൻ ആയിരുന്നു ആശുപത്രിയിൽ. ബോധം തെളിഞ്ഞപ്പോൾ ആദ്യം ഗിരീഷ് തന്നെ ഇവിടെ എത്തിച്ച ആളുടെ മുഖമായിരുന്നു തിരഞ്ഞത്. എന്നാൽ നിരാശയായിരിന്നു ഫലം. ഡോക്ടറും ദാമുവിനെ പറ്റി പറയാൻ തയ്യാറായില്ല. ദാമുവിന്റെ നിർബന്ധം കാരണം. തന്റെ പുതിയ ജന്മം, അങ്ങനെ വിശ്വസിച്ച് ഗിരീഷ് മൂന്നു ആഴ്ച ലീവിനു ശേഷം ബാങ്കിൽ പോയി. അപ്പോഴും ഗിരീഷ് തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ ആളെ തിരഞ്ഞു. പക്ഷെ കണ്ടെത്താനായില്ല. ഗിരീഷിന്റെ ജീവിതം വീണ്ടും മുന്നോട്ട്. ഒരു ദിവസം ക്ലർക്ക് വന്നു ഗിരീഷിനോട് പറഞ്ഞു " സർ ഒരാൾ രണ്ടു മൂന്നു ദിവസമായി സാറിനെ കാണാൻ വന്നിരിക്കുന്നു. എന്തോ ലോണിന്റെ ആവശ്യത്തിനാണെന്നു തോന്നുന്നു ". ഗിരീഷ് പറഞ്ഞു, " ആ വരാൻ പറയു ". അത് ദാമു ആയിരുന്നു. എന്നാൽ ഗിരീഷിനു മനസിലാക്കാൻ കഴിഞ്ഞില്ല. തന്റെ മകളുടെ വിവാഹത്തിനായി ഒരു ലോൺ അപേക്ഷിച്ചിരുന്നു. കുറെ ദിവസം മേലുദ്യോഗസ്ഥൻ ലീവായിരിന്നു. മകളുടെ കല്യാണം അടുത്തെത്തി. ദാമു വിഷമങ്ങളെല്ലാം ഗിരീഷിനെ പറഞ്ഞു കേൾപ്പിച്ചു. ഗിരീഷ് പറഞ്ഞു "നോക്കു മിസ്റ്റർ, നിങ്ങൾ പറയുന്നത് ശരി ആവാം. പക്ഷെ ബാങ്കിന് അതിന്റെ രീതികളുണ്ട്. കുറച്ചു സമയമാകും ". ദാമുവിനോട് ഗിരീഷ് കടുപ്പത്തിൽ പറഞ്ഞു. എന്നാലും ദിവസങ്ങളോളം ദാമു ബാങ്കിൽ കയറി ഇറങ്ങി. മകളുടെ പ്രായം കടക്കുകയാണ്. ജാതകത്തിൽ ദോഷം ഉള്ളതിനാൽ കല്യാണം നടക്കാൻ പാടാണ്. യോജിക്കുന്ന ജാതകക്കാരനെ കണ്ടെത്തി എന്നാൽ സ്ത്രീധനതുക വളരെ വലുതാണ്. എന്നാലും, ഇതും നടന്നില്ലെങ്കിൽ തന്റെ മോൾ പിന്നെ ജീവിച്ചിരിക്കില്ല. തന്റെ വിഷമം ദാമു അവിടെയുള്ള പലരോടും പറഞ്ഞു കേൾപ്പിച്ചു. എന്നാൽ കല്യാണത്തിനു മുന്നേ തുക ശരി ആയില്ല. പിന്നെ കുറച്ചു ദിവസത്തേക്ക് ആ അച്ഛൻ ബാങ്കിൽ കയറി വരാറില്ലായിരുന്നു. സ്വാർത്ഥതക്കു പിന്നാലെയും, അധികാരത്തിൽ ഊറ്റം കൊള്ളുന്നവരും അത് ശ്രദ്ധിച്ചുമില്ല . എന്നാൽ ദാമുവിനോട് അൽപ്പം ആശ്വാസവാക്ക് പറഞ്ഞിരുന്ന ക്ലർക്ക് അതു് ശ്രദ്ധിച്ചു. ദാമുവിന്റെ വീടിനെ പറ്റിയുള്ള ഏകദേശ ധാരണ വച്ചുകൊണ്ട് ആ ക്ലർക്ക് ദാമുവിന്റെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോളാണ് സ്ഥിതി മനസിലായത്. കല്യാണം മുടങ്ങി നാട്ടുകാരുടെ പരിഹാസമാകാതെ അയാളുടെ മകൾ ആന്മഹത്യ ചെയ്തു. ക്ലർക്കിനെ കണ്ടതും ദാമു ഒരു ആവശ്യം പറഞ്ഞു. "എന്നെ ഗിരീഷ് സാറിന്റെ വീട്ടിൽ കൊണ്ടു പോകാമോ? ".ക്ലർക്ക് സമ്മതിച്ചു. അങ്ങനെ ദാമുവും ക്ലർക്കും കൂടി ഗിരീഷിന്റെ വീട്ടിൽ എത്തി. ദാമുവിനെ കണ്ടതും ഗിരീഷ് പറഞ്ഞു "താനെന്താ ഇവിടെ ലോണിന്റെ കാര്യം ആണെങ്കിൽ അത് ബാങ്കിൽ വന്നു സംസാരിക്കാം". ദാമു പറഞ്ഞു "അയ്യോ സർ ഞാൻ അതിനല്ല വന്നത്. എനിക്ക് പൈസ ഇനി വേണ്ട. എന്റെ മോളുടെ കല്യാണം മുടങ്ങി അതോടെ അവളും പോയി "പൊട്ടിക്കരഞ്ഞു കൊണ്ട് ദാമു തുടർന്നു "ഒരു രാത്രിയിൽ രക്തം വാർന്നു മരിച്ചു പോകുമായിരുന്ന സാറിനെ ഞാൻ ആശുപത്രിയിൽ ആക്കി, രക്തവും നൽകി. അന്ന് ഞാൻ ചെയ്‍ത നന്മയുടെ ഫലം സാർ എന്റെ മോളുടെ ജീവൻ കൊണ്ട് വീട്ടി. ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ജീവിതം നിങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു രസിക്കുന്നു. അപ്പോൾ ഇല്ലാതാകുന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ". ഇത്രയും പറഞ്ഞു ദാമു അവിടെ നിന്നും കാലുകൾ ഇഴച്ചു നീങ്ങി. എല്ലാം കേട്ട ഗിരീഷിന്റെ നെഞ്ചിൽ ആരോ ആഞ്ഞു കുത്തുന്നതു പോലെ തോന്നി. അയാൾക്ക് നിശബ്ദനായി നിൽക്കാനേ കഴിഞ്ഞോളൂ....


ഗ്രീഷ്മ ജി എസ്
10 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ