പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നാം അതിജീവിക്കും പ്രതിരോധത്തിലൂടെ...
നാം അതിജീവിക്കും പ്രതിരോധത്തിലൂടെ...
കൊറോണ ഭീതിയിൽ ലോകം വിറങ്ങലിക്കുമ്പോൾ വീണ്ടും ലോകത്തിന് മാതൃകയാകുകയാണ് നമ്മുടെ കൊച്ചു കേരളം. തകർക്കാൻ ശ്രമിക്കുന്ന ഓരോ ശക്തിയേയും ഐക്യത്തിന്റെയും കരുതലിന്റെയും ഫലമായി തോൽപ്പിച്ച് മുന്നേറുകയാണ് നാം. പ്രളയത്തിന്റെയും നിപ്പയുടെയും കാലത്ത് നാം അതിജീവിച്ചത് പോലെ കൊറോണയേയും നാം അതിജീവിക്കും. പൂർവ്വാധികം ശക്തിയോടെ പോരാടി നാം വിജയിക്കുക തന്നെ ചെയ്യും. ലോകത്തെ നടുക്കി കൊണ്ടിരിക്കുന്ന മഹാമാരി കാലത്ത് ഓരോ മലയാളിയും അഭിമാനപൂർവ്വം സാക്ഷ്യപ്പെടുത്തുന്നു. നിപ്പക്കോ കൊറോണക്കോ തകർക്കാൻ കഴിയാത്തതാണ് നമ്മുടെ ഐക്യവും ഒരുമയും. ജീവൻ കൊടുത്തും പ്രളയകാലത്തെ അതിജീവിച്ചവരുടെ മണ്ണാണിത്. ഈ മണ്ണിൽ വിരണ്ടോടുന്നവരില്ല, ധൈര്യത്തോടെ മുന്നേറുകയാണ് മലയാളികൾ എന്ന് വീണ്ടും തെളിയിക്കുകയാണ് ഈ കൊറോണക്കാലം. കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനിടയിലാണ് മലയാളികൾക്ക് കൂടുതൽ ജാഗ്രത നിർദ്ദേശം നൽകികൊണ്ട് ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് രോഗ സ്ഥിരീകരണം കേരളത്തിൽ ഉണ്ടായത്. നിർഭാഗ്യവശാൽ ആദ്യത്തെ രണ്ടും മൂന്നും കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ തന്നെയായിരുന്നു. മരണനിരക്ക് വളരെ കുറവാണെങ്കിലും പെട്ടെന്ന് തന്നെ പകർന്നു പിടിക്കുന്ന കൊറോണ വൈറസ് വളരെ വേഗം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും കെണിയിലാക്കി. ഫലപ്രദമായ വാക്സിനോ മരുന്നുകളോ ലഭ്യമല്ലാത്തതിനാൽ മറ്റു രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയിലും വൻ നാശമാണ് ഇതുവരെ കൊറോണ വിതച്ചു കൊണ്ടിരിക്കുന്നത്. അഞ്ഞൂറിലധികം പേരാണ് ഇന്ത്യയിൽ ഇതുവരെ മരണപ്പെട്ടത് പിടിച്ചുകെട്ടാൻ ആവാതെ മറ്റു സംസ്ഥാനങ്ങളിൽ കൊറോണ താണ്ഡവമാടുമ്പോൾ നമ്മുടെ കേരളത്തിൽ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് മെച്ചപ്പെട്ട രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. രണ്ടു ജീവനുകൾ കേരളത്തിന് നഷ്ടമായെങ്കിലും മറ്റു പല ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നവരാണ് അവർ എന്നത് ആശങ്ക കുറയ്ക്കുന്നു. ഭീതിയല്ല മുൻകരുതലുകളാണ് വേണ്ടതെന്ന് പറഞ്ഞു ജനങ്ങളെ കൂടെ നിർത്തി ധൈര്യം പകരുന്ന മുഖ്യമന്ത്രിയും ടീച്ചറമ്മയും നമ്മുടെ സ്വന്തം ആരോഗ്യ പ്രവർത്തകരും ഉള്ളപ്പോൾ പേടിക്കുകയല്ല അവരോട് സഹകരിച്ച് മുന്നേറുകയാണ് വേണ്ടത്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരെയെ ല്ലാം ജീവൻ പണയപ്പെടുത്തി ചികിത്സിച്ച് ഭേദമാക്കി കൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങി ഏറ്റവും താഴെത്തട്ടിലുള്ള ആശാ പ്രവർത്തകരും മറ്റു ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ രാപ്പകലില്ലാതെ നെട്ടോട്ടമോടുകയാണ് കോറോണയെ പിടിച്ചുകെട്ടാൻ. ആരോഗ്യമേഖലയെ പോലെ തന്നെ നമ്മുടെ പോലീസുകാരും ജീവൻ പണയപ്പെടുത്തി കഷ്ടപ്പെടുകയാണ്. ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ മുൻകരുതലുകളും എടുത്ത് സുരക്ഷ ഉറപ്പാക്കാൻ സ്വന്തം സുരക്ഷപോലും നോക്കാതെ ആണവർ പ്രയത്നിക്കുന്നത്. മറ്റു രാജ്യങ്ങളിൽ കൃത്യമായ ചികിത്സ ലഭിക്കാതെ ജനങ്ങൾ വലയുകയാണ്, എന്നാൽ ലോകരാജ്യങ്ങൾക്ക് മുമ്പിൽ സ്വന്തം നാടിനെ സംരക്ഷിക്കാൻ എന്തും ചെയ്യാൻ തയ്യാറാകുന്ന നമ്മുടെ സർക്കാർ താരമാവുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നാടിനെ വീണ്ടെടുക്കാൻ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ഇന്ന് നാമോരോരുത്തരും. ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങി ചികിത്സയിൽ ഉള്ളവർക്ക് വരെ എല്ലാ സഹായവും കരുതലും നൽകുന്ന സർക്കാറും നാടിന്റെ നല്ലവരായ സന്നദ്ധ പ്രവർത്തകരും നാടിനു വേണ്ടി ജീവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്ക് വേണ്ടി അടക്കപ്പെട്ട അതിർത്തികൾ തുറന്നുകൊടുത്ത കേരള സർക്കാറും പത്തു വയസ്സുള്ള കുട്ടിക്ക് വേണ്ടി പൂനെയിൽ നിന്ന് മരുന്ന് എത്തിക്കാൻ സൗകര്യമൊരുക്കിയ സർക്കാറും സന്നദ്ധ പ്രവർത്തകരും ലോകത്തിനു മുഴുവൻ ഉദാത്ത മാതൃകയാണ്. ഈ കാലഘട്ടത്തിലെ മനുഷ്യർ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു അവസ്ഥയിലൂടെ ആണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള ഇന്നത്തെ തലമുറയ്ക്ക് സാമൂഹിക അകലം പാലിക്കലും ലോക്ക്ഡൗണും ചിന്തിക്കാൻ പോലും കഴിയാത്തതാണ്. സാമൂഹിക അകലം പാലിച്ചും ബ്രേക്ക് ദി ചെയിൻ വഴി കൈ കഴുകിയും പ്രതിരോധങ്ങൾ തീർത്ത് നാം കൊറോണയെ തുരത്തികൊണ്ടിരിക്കുകയാണ്.മറ്റു രാജ്യങ്ങളിലെ പോലെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ മാസ്‌കും സാനിറ്റൈസറും ദൈനംദിനജീവിതത്തിന്റെ ഭാഗമായി മാറി. നഷ്ടങ്ങൾ ഏറെ ഉണ്ടായെങ്കിലും കൂടുതൽ വ്യക്തി ശുചിത്വം പാലിക്കാൻ ജനങ്ങൾ ശീലിച്ചു. ലോക്ഡൗൺ കാരണം ജനങ്ങൾ വീട്ടിൽ ആയത് കുടുംബങ്ങളിലെ ഐക്യം വർധിപ്പിച്ചു. അടുക്കളത്തോട്ടങ്ങൾ സജീവമായി. എല്ലാ സുരക്ഷാ മുൻകരുതലുകളും നൽകി കേരള സർക്കാർ ഈ പ്രയത്നത്തിൽ ഒപ്പമുണ്ട്. പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നപ്പോഴും പഠനം മെച്ചപ്പെടുത്താനുള്ള പ്രചോദനങ്ങളും അവസരങ്ങളും ഒരുക്കി സർക്കാറും സ്കൂളുകളും വിദ്യാർഥികൾക്കൊപ്പം ഉണ്ട്. ഇങ്ങനെ ഓരോ മേഖലയിലും കേരള ജനത തങ്ങളുടെ ഐക്യം കൊണ്ട് മുന്നേറി ലോകത്തിന് മാതൃകയാകുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി കഷ്ടപ്പെടുന്ന സർക്കാർ പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കാനും സംരക്ഷിക്കാനും വിവിധ പദ്ധതികൾ നടപ്പിലാക്കി.മറ്റു രാജ്യങ്ങളിൽ അകപ്പെട്ടുപോയ പ്രവാസി മലയാളികളെ നാട്ടിലെത്തിച്ച് സംരക്ഷിക്കാനും സർക്കാർ ശ്രമിച്ചു. ഓരോ ദുരന്തമുഖത്തും അതിജീവനത്തിന്റെ പ്രതീക്ഷയാണ് കേരളം ജനങ്ങൾക്ക് നൽകുന്നത്.ഐക്യവും ഒരുമയും കൊണ്ട് എല്ലാ ദുരിതത്തിലും ഒന്നായി നിന്ന് നാം അതിജീവിച്ചു. ആശ്വാസം പകർന്ന് സർക്കാരും കരുതലേകി ആരോഗ്യപ്രവർത്തരും തണലായി കേരള പോലീസും ഉള്ളപ്പോൾ നാമോരോരുത്തരും ഒത്തുചേർന്ന് ഈ മഹാമാരിയെ തോൽപ്പിക്കുക തന്നെ ചെയ്യും. കൊറോണ കാരണമുണ്ടായ നഷ്ടങ്ങൾ എല്ലാം നികത്തി പുതുജീവിതം പടുത്തുയർത്താൻ നമുക്ക് സാധിക്കും. കാരണം ഇത് കേരളമാണ്. പ്രളയത്തിനും നിപ്പക്കും ശേഷവും ചങ്കുറപ്പോടെ വാഴുന്ന കേരളം. നാം അതിജീവിക്കും എന്ന പ്രതീക്ഷയോടും വിശ്വാസത്തോടുംകൂടി...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം