പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/അക്ഷരവൃക്ഷം/രക്തം ചിന്തിയ കാൽപ്പാടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


രക്തം ചിന്തിയ കാൽപ്പാടുകൾ

 
2019 ഡിസംബർ 31.
         കാലം പിന്നിടുമ്പോൾ ഓരോ പുതുവർഷവും വന്നുകൊണ്ടിരിന്നു. പക്ഷെ 2020 ന്റെ ആ പുതുവർഷത്തലേന്ന്, ചൈനയിലെ 11 ദശലക്ഷത്തിലധികം പേർ താമസിക്കുന്ന ദക്ഷിണ വ്യവസായ നഗരമായ വൂഹാനിലെ ആശുപത്രിയിൽ ഉച്ചക്ക് 01:38 ന് അവിടത്തെ ഒരു രോഗിയുടെ യഥാർത്ഥ രോഗം കണ്ടെത്തി. 55 വയസ്സുകാരിയായിരുന്ന ആ വൃദ്ധ സ്ത്രീ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ലോകത്തെ മുഴുവൻ മരണഭയത്താൽ തന്റെ കൈപ്പി ടിയിൽ ഒതുക്കാൻ കഴിയുന്ന ഒരു ഇത്തിരിക്കുഞ്ഞന്റെ ആദ്യ ഇരയാണ് താനെന്ന്. ദിവസം 100 പിന്നിടുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പോലും സാധ്യമാകാനാവാത്ത അവൻ ലക്ഷം പേരുടെ മരണദൂതനായി മാറിക്കഴിഞ്ഞ് ഇരുന്നു. ലോകത്ത് ഇവനെ ഭയന്ന് ജീവനോട് മല്ലിടുന്നവർ 15 ലക്ഷവും കടന്നിരുന്നു.
        ലോകത്തിനെതിരെ ഒളിയമ്പ് പ്രായോഗിക്കുകയാണ് ഈ ശത്രു. ഇതിനെ പ്രതിരോധിക്കാൻ ലോകം മുഴുവനും വീട്ടിലിരിക്കുകയാണ്. തുടക്കം ചൈനയിലാണങ്കിലും അന്റാർട്ടിക്ക ഒഴികെയുള്ള സകല ഭൂഖണ്ടങ്ങളിലും എത്തിയിരുന്നു നോവൽ കൊറോണ വൈറസ്. വൈറസ് രോഗം പരത്തിക്കൊണ്ടിരുന്നു, ഭരണാധികാരിയെന്നോ സാധാരണ ജനമെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ പാഴ് സിയോ എന്ന വേർതിരിവില്ലാതെ. ലോകവും ഒരുമിച്ചു മനുഷ്യർ എന്ന കൂട്ടമായി. പ്രതിരോധിക്കാൻ നാം വീട്ടിലിരിക്കാൻ തുടങ്ങി. ഒപ്പം നാം കൂട്ടിൽ അടച്ചവ സ്വാതന്ത്ര്യമായി വിഹരിക്കാനും. ലോകം മുഴുവൻ അടക്കിവാണ മനുഷ്യരാശിയുടെ വിധി നിർണയിക്കുന്നതാവട്ടെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസും. തിരക്കേറിയ നമ്മുടെ ഇന്നത്തെ ജീവിതത്തിനിടക്ക് ഒരുമിച്ച് കളിച്ചും ചിരിച്ചും നമുക്ക് നഷ്ടപ്പെട്ട നിമിഷങ്ങളെ തിരിച്ചുപിടിക്കാനുളള അത്യഅപൂർവ്വ അവസരമായും ഇതിനെ നമുക്ക് പ്രയോജനപ്പെടുത്താനാകും.
             
നമ്മുടെ രാജ്യത്ത് രോഗികൾ 10000 അടുത്തപ്പോൾ മരണം 300 കടന്നിരുന്നു. എന്നാൽ നമ്മുടെ സംസ്ഥാനമായ കേരളം ലോകത്തിന് തന്നെ മാതൃകയായി. ഇത് എഴുതുന്ന അവസരത്തിൽ 375 രോഗികളിൽ 179 പേർ രോഗമുക്തരായി, നിർഭാഗ്യവശാൽ 2 പേർ ഈ യത്നത്തിനിടക്ക് പൊലിഞ്ഞു. ഇനി ചികിത്സയിലുള്ളത് 194 പേരും. ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടത്തെ ധൈര്യപുർവ്വം നേരിട്ട് കൃത്യമായ ജാഗ്രതയും കരുതൽ മുന്നറിയിപ്പുകളും നൽകിയ മുഖ്യമന്ത്രിയും ഗവണ്മെന്റും അത് അനുസരിച്ച മലയാളികളും തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവർ.അതിഥിതൊഴിലാളിക്കും കുരങ്ങനും തെരുവുനായകൾക്കും വരെ ഭക്ഷണമെത്തിച്ച മുഖ്യമന്ത്രി പ്രതിസന്ധിഘട്ടത്തെ എത്ര സൂക്ഷ്മകരമായി കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചു. എന്നാൽ ഇതിനേക്കാലുപരി കേരളത്തിൽ മാത്രമല്ല ലോകം മുഴുവനും ജീവൻ പണയം വെച്ച് പരിശോധിക്കുന്ന ഡോക്ടറും പരിചരിക്കുന്ന നഴ്സും മറ്റു ആരോഗ്യപ്രവർത്തകരുമുണ്ട്. അവരാണ് യഥാർത്ഥ താരങ്ങൾ. മാലാഖമാർ, ദൈവത്തിന്റെ സ്വന്തം. പേരാമ്പ്രയിലെ ലിനി ചേച്ചിയെ ഒരു നിമിഷം സ്മരിക്കുന്നു. ഈ മാലാഖക്കൂട്ടത്തിന്റെ ജീവൻ തുടിക്കുന്ന രക്തസാക്ഷി. അങ്ങനെ എത്ര പേർ ജീവത്യാഗം ചെയ്തു. ഇതെല്ലാം നമുക്ക് വേണ്ടി. കൂടെ ജനങ്ങളെ കർശനമായി വീട്ടിലിരുത്തി ഭക്ഷണവും വെള്ളവും നൽകി കൊടും വേനലിലെ അസഹനീയമായ ചൂടിലും ജാഗ്രതനിർദേശങ്ങളുമായി റോഡരികിൽ നിൽക്കുന്ന പോലീസുക്കാർക്കും ഒരു ബിഗ് സല്യൂട്ട്. എന്നാൽ ആരോഗ്യപ്രവർത്തകർക്കുള്ള നന്ദി പറച്ചിലിൽ കൂപ്പുകൈ പോലും ഏറ്റവും ചെറുതായി പോകും. അവരുടെ സേവനങ്ങൾ വാക്കുകൾക്കതീതമാണ്.

      കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വൻ കരകളിലും കൊറോണ വൈറസ് നിശബ്ദം നടന്നെത്തിയിരിക്കുന്നു.കോവിഡിന്റെ കരാള ഹസ്തങ്ങളിൽ ലോകത്തിന്റെ ചുടുരക്തം ധാരധാരയായി ഒഴുകുന്നു. മരണമായും മഹാമാരിയായുമുള്ള വൈറസിന്റെ ചുടലനൃത്തം കണ്ടു മരവിച്ചി രിക്കുകയാണ് ലോകം. ശബ്ദം മുട്ടിയവരുടെ നിസ്സഹായനിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതനെടുവീർപ്പുകളും മരണം പടിവാതിൽക്കൽ നിൽക്കുന്നവരുടെ നിശബ്ദതയുമെല്ലാം ഇഴച്ചേർന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിമ്പടത്തിൽ പൊഴിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ആഗോളതലത്തിൽ ആശങ്ക സൃഷ്ടിച്ച് കോവിഡ്-19 മുന്നേറുമ്പോൾ, മാറിയ ജീവിതക്രമങ്ങൾക്കിടയിലും പ്രതീക്ഷയോടെ ആശിക്കാം. ഈ സമയവും കടന്നു പോകും.


സന ഷെറിൻ .കെ
9 F പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം