പയ്യന്നൂർ ഉപജില്ലാ കലോത്സവം 2024 എ വി സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ലാ കലോത്സവം 2024 എ വി സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ കരിവെള്ളൂർ അരങ്ങൊരുക്കാൻ ആളൊരുങ്ങി. 63-ാമത് സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് കരിവെള്ളൂർ എ.വി സ്മാരക ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാവുകയാണ്. 2024 ആഗസ്റ്റ് 28 ന് ആയിരത്തിലധികം പേർ പങ്കെടുത്ത യോഗത്തിൽവിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.വിപ്ലമായാലും, സമരമായാലും, കലയായാലും, സാഹിത്യമായാലും സ്പോർട്സായാലും അങ്ങിനെ മനുഷ്യൻ്റെ ജീവൽ സ്പന്ദനമുള്ള ഏത് വിഷയമായാലും നേഞ്ചോട് ചേർക്കുന്ന ജനതയാണ് കരിവെള്ളൂരിലേത്. കറുത്ത കർക്കിടകം മാറി ചിങ്ങം തെളിഞ്ഞിട്ടും കനത്തിൽ പെയ്യുന്ന മഴയെ അവഗണിച്ച് വർണക്കുട ചൂടി കരിവെള്ളൂരിലെ ജനസഞ്ചയം സ്കൂളിലേക്ക് ഒഴുകി വന്നത് ആനന്ദകരവും ആഹ്ളാദകരവുമായ കാഴ്ചയായിരുന്നു. പി.ടി.എ പ്രസിഡണ്ട്ശ്രീ. രമേശൻ്റെയും വൈസ് പ്രസിഡൻ്റ് ശ്രീ. പ്രസാദിൻ്റെയും നേതൃത്വത്തിൽ പി. ടി. എ അംഗങ്ങളും മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. പ്രീതയുടെ നേതൃത്വത്തിൽ മദർ പി.ടി.എ അംഗങ്ങളും സ്കൂളിലെ മുഴുവൻ അധ്യാപകരും ഓഫീസ് സ്റ്റാഫും ട്രെയിനി അധ്യാപകരും ഭക്ഷണശാലയിലെ സഹപ്രവർത്തകരും ഒരു കല്യാണ വീട്ടിലെ ആതി ഥേയരെ പോലെ വരുന്ന ഓരോ നാട്ടുകാരെയും സ്വീകരിച്ചിരുത്തുമ്പോൾ അക്ഷരാർത്ഥത്തിൽ അവിടം ഒരു ഉത്സവാന്തരീക്ഷം ആവുകയായിരുന്നു.ബഹുമാനപ്പെട്ട പയ്യന്നൂർ എം.എൽ.എ. ശ്രീ.ടി.ഐ. മധുസൂദനൻ അവർകൾ ഉദ്ഘാടനം ചെയ്ത സംഘാടകസമിതി രൂപീകരണ യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ശ്രീ.എം. രാഘവൻ അധ്യക്ഷം വഹിച്ചു. ശേഷം അതി ബൃഹത്തായ ഒരു എക്സിക്യൂട്ടിവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. വളരെ ആവേശകരമായ തുടക്കമാണ് ഉണ്ടായിട്ടുള്ളത്. ഈ ആവേശം കെട്ടടങ്ങാതെ നമുക്ക് ബാക്കിയുള്ള പരിമിതമായ സമയത്തിനുള്ളിൽ വളരെ പ്രാധാന്യത്തോടെ ഓണപ്പരീക്ഷയും ഓണോഘോഷവും നടത്തുന്നതിനിടയിൽ കലോത്സവവും വിജയിപ്പിക്കാനുള്ള പ്രവർത്തനം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു യോഗം അവസാനിപ്പിച്ചത്.