പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരുമിക്കാം..... കൈകോർക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം..... കൈകോർക്കാതെ

കഴിഞ്ഞ കുറച്ചു കാലങ്ങളായി പലതരം പ്രതിസന്ധികൾ നേരിടേണ്ടിവന്നവരാണ് നാം ഓരോരുത്തരും. സുനാമി,ഓഖി,നിപ,പ്രളയം....ഇപ്പോഴിതാ ലോകവ്യാപിയായ കൊറോണയും.ഓരോ പ്രശ്നങ്ങൾ വരുമ്പോഴും നമ്മൾ ഒരു കൂട്ടായ്മ ഉണ്ടാക്കും.ചർച്ചകൾ നടത്തും. പരിഹാരം ചെയ്യും.
പക്ഷേ നാം മനുഷ്യർ വീണ്ടും പഴയപടിതന്നെ.പ്രതികാരവും പകപോക്കലും കൊലപാതകങ്ങളും.

നാം നമ്മുടെ പ്രകൃതിയെ തന്നെ കണ്ണടച്ചുകൊണ്ട് കൊല്ലുകയാണ്.പൊതു ഇടങ്ങൾ മലിനമാക്കുകയാണ്.അടുത്ത തലമുറയുടെ ആയുസ്സ് ഇല്ലാതാക്കുകയാണ്.പൊതുഇടങ്ങളിലെ മലമൂത്രവിസർജനം,തുപ്പൽ,ആശുപത്രികളിൽനിന്നും വീടുകളിൽനിന്നുമൊക്കെ സമൂഹത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യം എന്നിവ രോഗ കൂമ്പാരങ്ങളെയാണ് സമ്മാനിക്കുന്നത്.ഇതുപോലുള്ള അന്യായങ്ങൾ കാണുമ്പോൾ മിണ്ടാതിരിക്കുന്നതും തെറ്റുതന്നെ. വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നൊക്കെ വീമ്പുപറയുമെന്നല്ലാതെ, നല്ല അറിവും സംസ്കാരവും ഉള്ള, പ്രകൃതിയോട് ഇണങ്ങി ജീഴിക്കാൻ അറിയുന്ന, ഒരു പുതുതലമുറയെ വാർത്തെടുക്കാൻ നാം ഇടക്കെപ്പോഴോ മറന്നതിന്റെ അനന്തരഫലമാണ് ഇതുപോലുള്ള പ്രതിസന്ധികൾ ഉണ്ടാകാൻ കാരണം. അഴുക്കും മാലിന്യവും നിറഞ്ഞ മനുഷ്യരുടെ സംഭാവനയാണ് വൃദ്ധസദനങ്ങളും അഗതിമന്ദിരങ്ങളുമൊക്കെ. ഞാൻ പുതിയ വീടു പണിതു,പെയിന്റൊക്കെ അടിച്ച് കാഴ്ചയ്ക്ക് ഭംഗിയുള്ളതാക്കി;തൊട്ടപ്പുറത്തുള്ളയാളുടെ തലയിൽ മാലിന്യം ഇട്ടുകൊണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്ന് നമ്മുടെ പ്രവൃത്തിയിലൂടെ നാം പറയാതെ പറയുന്നു. നമ്മുടെ സുഖസൗകര്യങ്ങൾക്കുവേണ്ടി മറ്റുജീവികളുടെ ആവാസവ്യവസ്ഥയെ കയ്യേറിത്തുടങ്ങിക്കൊണ്ടാണ് നാം ഇതിനൊക്കെ തുടക്കം കുറിച്ചത്. നമ്മുടെ നാടിന്റെ കലകളോടും സംസ്കാരത്തോടും ജീവിതരീതികളോടുമൊക്കെ നമുക്ക് പുച്ഛം തോന്നിത്തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി.

ഒരുതരം യാന്ത്രികമായ മരവിപ്പിലേക്ക് പൂർണമായും എത്തുന്നതിനുമുൻപ് നമുക്ക് ഒന്ന് ശ്രമിക്കാം. ആരെയും പറ്റിക്കാതെ, എല്ലാവരെയും ബഹുമാനിക്കുന്ന, പ്രകൃതിയെ സ്നേഹിക്കുന്ന ഒരു നല്ല നാളേക്കായി; ഈ പാഠങ്ങളിൽനിന്നും അനുഭവങ്ങളുൾക്കൊണ്ട് ലോകത്തിനുതന്നെ മാതൃകയായ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് നമുക്ക് ഒന്നുചേർന്ന് പ്രവർത്തിക്കാം. കൈകോർക്കാതെ ഒരുമിക്കാം.....

സൻഹ കെ കെ
3 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം