നൊച്ചാട് എച്ച്. എസ്സ്.എസ്സ്./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനം

ഒരു ദേശത്തിന്റെ സ്ഥലനാമോൽപത്തി, ആചാരങ്ങൾ, കലകൾ, കളികൾ, ഭാഷാപ്രയോഗങ്ങൾ. ചികിത്സാരീതികൾ, കരവിരുതുകൾ, വാസ്‍തുവിദ്യ, വേഷഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയതെല്ലാം നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നു.

സ്ഥലനാമോൽപത്തി

വെള്ളിയൂർ എന്ന പ്രദേശത്തിന് ആ പേര് ലഭിച്ചത് 'വെള്ളിഊര് ' എന്ന ഒരില്ലപ്പേരുമായി ബന്ധപ്പെട്ടാണ്. പഴയ നാടുവാഴിത്തങ്ങൾ കൊടികുത്തി വാണ പ്രദേശമായിരുന്നു ഇത്. വെള്ളിയൂർ അമ്പലവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലായിരുന്നു അന്ന് നാടുവാഴികൾ താമസിച്ചിരുന്നത്. ക്രമേണ അവർ പുതിയ മേച്ചിൽപുറം തേടിപ്പോവുകയാണുണ്ടായത്.

കലാ-സംസ്‍കാരം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ വെള്ളിയൂരിൽ തനതായ ഒരു നാടക സംസ്‍കാരം ഉടലെടുത്തിരുന്നു. ഈ പ്രദേശത്ത് സ്ഥിരം നാടക സമിതികൾ പ്രവർത്തിച്ചിരുന്നു. ജനതാ ക്ലബ്ബ് അവയിലൊന്നായിരുന്നു. 'ആറടി മണ്ണ്', 'പുതിയവർ' എന്നിവ ഇവിടെ അരങ്ങേറിയ പഴയ കാല നാടകങ്ങളിൽ പെടുന്നു. ദഫ്‍മുട്ട് ഈ പ്രദേശത്തെ ജനകീയമായ ഒരു മുസ്‍ലിം കലയാണ്. ജനതാ ക്ലബ്ബ്, സാംസ്കാരിക വേദി വെള്ളിയൂർ, ജ്വാല വെള്ളിയൂർ എന്നിവ ഈ പ്രദേശത്തുണ്ടായിരുന്ന പഴയകാല കലാ സമിതികളാണ്.

ഗ്രാമ്യഭാഷ

പഴയ കാലത്ത്, ഈ പ്രദേശത്തെ നായർ സ്‍ത്രീകളെ 'അമ്മമ്പ്രാൻ' എന്നും പുരുഷൻമാരെ 'അമ്പായി' എന്നും വിളിച്ചിരുന്നു. മുസ്ലിം സ്‍ത്രീകളെ 'എങ്ങയ്‍ല്' എന്നും പുരുഷന്മാരെ 'കോയില്' എന്നും വിളിച്ചിരുന്നു. വാക്കത്തി (കൊടുവാൾ), പിച്ചാത്തി (കത്തി), ഉമ്മാരം (ഉമ്മറം), കീയുക (ഇറങ്ങുക), പായുക (ഓടുക), ഓർ (അവർ ), ഓള് (അവൾ), ഞാള് (ഞങ്ങൾ), ആടെ (അവിടെ), അയിനു ( ആയിരുന്നു), കെനട് (കിണർ), പീട്യ (കട) എന്നിവ ഈ പ്രദേശത്തെ തനതു ഭാഷാ പ്രയോഗങ്ങളാണ്.

കളികൾ

അടക്കകളി, അണ്ടി ഈച്ചയ്‍ക്ക് വെക്കൽ, ഇറുക്ക് കളി, എട്ട് കൂട്ട്, തൊണ്ട് ഉരുട്ടൽ, പാളകളി, മാസ് കളി, കുട്ടിയുംകോലും, കൊത്തൻ കല്ല്, കോട്ടികളി, ഈർക്കിൽ കളി, കണ്ണുകെട്ടിത്തൊടൽ, കള്ളനും പോലീസും എന്നിവ മുൻപുണ്ടായിരുന്ന നാടൻ കളികളായിരുന്നു. കുളം കര, വളപ്പൊട്ട്, കൊത്തൻ കല്ല് എന്നിവ പെൺകുട്ടികളുടെ കളികളായിരുന്നു.

ഉപകരണങ്ങൾ
ചക്ക്

അവിൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചവിട്ടുരൽ, വെളിച്ചെണ്ണ ആട്ടുന്ന ചക്ക്, റാന്തൽ, മണ്ണെണ്ണ വിളക്ക്, എന്നിവ പഴയ കാലത്തെ ഉപകരണങ്ങളായിരുന്നു.

ഗതാഗതം
മൂരി വണ്ടി

മൂരിവണ്ടി (കാളവണ്ടി) ആയിരുന്നു മുൻപ് ഇവിടെ ഗതാഗതത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്.