നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പച്ചപ്പ്
പച്ചപ്പ്
ഭൂമി അമ്മയാണ്, സർവ്വം സഹയാണ്, അപരാജിതയാണ്. വിവിധ ജീവജാലങ്ങളെ പരസ്പരം കണ്ണി ചേർക്കുന്ന ഭൂമി. മാതൃത്വത്തിന്റെ മഹാ ശക്തിയാണത്. പരിസ്ഥിതി എന്നാൽ എന്താണ് ? അത് ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്നതാണ്. “നിനക്ക് വേണ്ടതെല്ലാം നിന്നിലും നിനക്ക് ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്.” എന്ന മഹാത്മജിയുടെ വചനത്തിൽ "ചുറ്റിലും” എന്ന് പ്രതിപാദിച്ചത് പരിസ്ഥിതിയെയാണ്. ജീവീയവും അജീവീയവുമായതെല്ലാം അതിൽ ഉൾപ്പെടുന്നു. പരിസ്ഥിതിയെന്ന വാക്കിൽ തന്നെ പച്ചപ്പിന്റെ വശ്യമായ സൗന്ദര്യമുണ്ട്. സഹോദര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യസ്തനാക്കുന്നത് അവനിൽ ജീവന്റെ തുടിപ്പുണ്ടെന്നതാണ്. പൂക്കൾ , പുഴകൾ, വനങ്ങൾ അങ്ങനെ സകലതും പ്രകൃതി കനിഞ്ഞരുളിയ വരങ്ങൽ തന്നെ. ഈ വരങ്ങൾ മറ്റൊരിടത്തു നിന്നും നേടാനാവുന്നതല്ല.
മഹാനായ കവി ഒ.എൻ.വി., പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കണ്ട് മനം നൊന്താണ് ഇങ്ങനെപാടിയത്. വിവേക രഹിതമായ മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതി നശിച്ചു കൊണ്ടിരിക്കുന്നു. മുൻപിൻ നോക്കാതെയുള്ള ലാഭേച്ഛയാണ് ഈ ചൂഷണങ്ങൾക്കെല്ലാം പിന്നിൽ. കുന്നിടിക്കലും, പുഴ നികത്തലും, മണൽവാരലും അങ്ങനെ നീണ്ട് പോകുന്നു മനുഷ്യന്റെ ക്രൂര ചെയ്തികൾ. ഈ ഭൂമി ആർക്കാണ് സ്വന്തം? ഉറപ്പായും മനുഷ്യന് മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും സ്വന്തമാണ്. എന്നാൽ നമ്മൾ മനുഷ്യർ മറ്റു ജീവജാലങ്ങളെ അവയുടെ വാസസ്ഥാനത്തു നിന്ന് അകറ്റിയും കൊന്ന് തിന്നും സന്തോഷിച്ചു. മനുഷ്യൻ ഭൂമിയിൽ സ്വതന്ത്രനായി വാണിടുന്ന കാലത്ത് ജീവിക്കാൻ വഴിമുട്ടിയ മറ്റു ജീവജാലങ്ങൾ - എന്നാലിന്ന് കൊറോണ കാലത്ത് സകലതും ഒരുമയോടെ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ, ഒരു പക്ഷേ കൊറോണ വന്നത് ഈ ഒരുമയ്ക്ക് വേണ്ടിയാണോ എന്ന തോന്നലുണ്ടാക്കുന്നു. നിരത്തിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നത് നിർത്തിയതോടെ അന്തരീക്ഷത്തിലെ പൊടിയുടെയും, വിഷ വാതകങ്ങളുടെയും അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വള്ളിപ്പടർപ്പുകളും, പൂക്കളും, പൂമ്പാറ്റകളും സന്തോഷിക്കുന്നു. മനുഷ്യ സ്പർശമേൽക്കാത്തതിനാൽ കുളങ്ങളിലെയും പുഴകളിലേയും ജലം തെളിയുുന്നു. ജീവ വായുവില്ലാതെ ഒരു നിമിഷം പോലും നമുക്ക് നിലനിൽക്കാൻ കഴിയില്ല, ഇക്കാര്യമറിഞ്ഞു കൊണ്ടു തന്നെ നാം വായു മലിനീകരണത്തിന് ആക്കം കൂട്ടുന്നു. പേരാമ്പ്രയിലെ അമ്മ വീടിന് പിറകിലായൊരു തോട് ഒഴുകിയിരുന്നു. സുന്ദരിയായിരുന്ന അവളിലെ വെള്ളം കുടിക്കാൻ പാകത്തിൽ തെളിഞ്ഞതായിരുന്നത്രേ! ധാരാളം മീനുകളുടെ ആവാസ കേന്ദ്രമായിരുന്ന, ഒട്ടേറെ മനുഷ്യരുടെ ആശ്രയമായിരുന്ന പ്രകൃതി ദത്തമായ 'മരക്കാടി'യെന്ന ആ തോട് ചേനായിക്കടുത്ത് കുറ്റ്യാടി പുഴയിൽ ചേർന്ന് അറബിക്കടലിലേക്കൊഴുകിയ പൂർവ്വ ചരിത്രം അമ്മമ്മയിൽ നിന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ അവളിൽ കണ്ടത് കറുത്ത് ദുർഗന്ധം വമിക്കുന്ന ജലത്തെയാണ്. പേരാമ്പ്രയെന്ന നഗരം അവൾക്ക് സമ്മാനിച്ച പുതിയ മുഖം. സകലതും അവളുടെ മാറിലേക്ക് വലിച്ചെറിയപ്പെട്ടു. ആരു കണ്ടാലും അറപ്പും വെറുപ്പും തോന്നിക്കുന്ന ഇരുളിടമായവൾ മാറി. “അംബ പേരാറേ നീ മാറിപ്പോയോ പരൽ മീനുകളുടെ തുടിപ്പുകളില്ലാതെ, നെറ്റിപ്പൊട്ടൻമാരുടെ മിന്നലാട്ടമില്ലാതെ മൂകയായ് മുഖം കുനിച്ചവളൊഴുകുന്നു. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയുടെ നേർച്ചിത്രമായി. പ്രളയശേഷം കേരളത്തിലെ ജലാശയങ്ങളിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ചുറ്റിലും വയലുള്ള എന്റെ അമ്മവീടും വെള്ളത്തിൽ മുങ്ങിയിരുന്നു. ചുറ്റോട് ചുറ്റും വെള്ളം. പണ്ടൊക്കെ വെള്ളത്തിന്റെ ഏറ്റം അറിയാനായി അമ്മമ്മ അലൂമിനിയം പാത്രം വെള്ളത്തിലിടുകയും അതിന്റെ ചലനം ആധാരമാക്കി വീട്ട് സാധനങ്ങൾ ഉയരത്തിലേക്കെടുത്ത് വച്ചിരുന്നതുമെല്ലാം അമ്മ പറഞ്ഞറിഞ്ഞിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ വീടുകളിലും മറ്റ് പൊതു ഇടങ്ങളിലും അടിഞ്ഞ് കൂടിയ അഴുക്കുകളെല്ലാം ജലാശയങ്ങളിൽ തള്ളുന്നത് റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സംരക്ഷണ മേഖലകളിൽ പോലും പ്ലാസ്റ്റിക്കുൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള പ്രവണത നമ്മിലേറി വരുന്നത് ലജ്ജാവഹമാണ്. വരാനിരിക്കുന്ന വിപത്തുകളെ മുൻകൂട്ടിയറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ മാരകമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രകൃതിയുടെ ജീവനാഢികളായ നദികളെ ഇല്ലാതാക്കുന്ന പ്രവണത നിർബാധം മനുഷ്യർ തുടരുകയാണ്. ഇതുവരെ ഉണ്ടായ ദുരന്തങ്ങളൊന്നും നമ്മുടെ പരിസ്ഥിതി ബോധത്തെ ഉണർത്തിയിട്ടില്ല. ഇപ്പോഴിതാ ലോകം ഒരു പുതിയ പരീക്ഷണത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. കോവ്ഡ് 19 വൈറസിന് മുന്നിൽ മനുഷ്യരാശി എന്നത്തേക്കാളും വിറങ്ങലിച്ച് നിൽക്കുന്നു. പ്രകൃതി നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള മനുഷ്യന്റെ യാത്രയിലെ വിലങ്ങു തടിയായി 'കൊറോണ’ യെന്ന അതിമാരക വിപത്ത്. ഇതെങ്കിലും ഒരു പാഠമായിരുന്നെങ്കിൽ ?..... പ്രദർശന പരതയ്ക്ക് പ്രാധാന്യം നൽകുന്നവരാണണ് നമ്മളോരോരുത്തരും. മണ്ണിനെയും പ്രകൃതിയെയും നാം അറിയുന്നേയില്ല. മനുഷ്യന് മാത്രമായി ഈ ഭൂമുഖത്ത് നിലനിൽക്കാൻ കഴിയില്ലെന്ന സത്യം വിസ്മരിച്ചു കൂടാ. ഇനിയെങ്കിലും പ്രകൃതിയുടെ നിലനിൽപ്പിനായി കൊച്ചു കൊച്ചു കാര്യങ്ങളെങ്കിലും നമുക്കു ചെയ്യാം. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. ഇനിയും ബോധവാന്മാരായില്ലെങ്കിൽ വലിയ വിപത്തുകലായിരിക്കം നമുക്ക് ഏറ്റു വാങ്ങേണ്ടി വരിക. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സുഗതകുമാരിയും കല്ലേൽ പൊക്കുടനുമൊക്കെ നമുക്ക് മാതൃകയാവട്ടെ. കാത്തു സൂക്ഷിക്കാം നല്ല നാളേക്കായി പുതിയ തലമുറക്കായി നമുക്കീ ഭൂമിയെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം