നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ23-24

Schoolwiki സംരംഭത്തിൽ നിന്ന്

മാടക്കടയിലെ നാട്ടുമിഠായിയും ആദ്യ ഡിജിറ്റൽ ക്ലൗൺ നാടകവുമായി നേതാജിയുടെ പ്രവേശനോൽസവം

2023 - 24 അദ്ധ്യയന വർഷം നേതാജി ഹയർ സെക്കന്ററി സ്കൂൾ വേറിട്ട പ്രവർത്തനങ്ങളിലൂടെയാണ് കുഞ്ഞുങ്ങളെ വരവേറ്റത്.ചോക്ക്ലേറ്റ് കഴിച്ചു ശീലിച്ച പുതിയ കുട്ടികൾക്ക് പഴയ കാലത്തെ നാട്ടു മിഠായികളുടെ മധുരമൊരുക്കിയാണ് പ്രമാടം നേതാജി സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കിയത്.മാടക്കടയിലെ ഭരണികളിൽ നിന്ന് രുചിയുടെ വൈവിധ്യം അനുഭവിച്ചറിഞ്ഞ കുട്ടികൾക്ക്   ക്ലൗൺ നാടക വിരുന്നും ഒരുക്കി  ആദ്യത്തെ ഡിജിറ്റൽ ക്ലൗൺ എഡ്യുക്കേഷൻ ഡോക്യു ഡ്രാമയുടെ അവതരണവും നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലെ മാറ്റങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്ന ഈ നാടകം സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്കൊപ്പം ക്ലൗൺ ആർട്ടിസ്റ്റായ മലയാളം അധ്യാപകൻ നാടകക്കാരൻ മനോജ് സുനിയാണ് അവതരിപ്പിച്ചത്.സാധാരണ ക്ലാസ് മുറിയിൽ നിന്നും ഡിജിറ്റൽ വിപ്ലവത്തിലേക്ക് എത്തിയ കേരളത്തിൻ്റെ വിദ്യാഭ്യാസ വളർച്ചയെ അവിഷ്കരിക്കുന്നതാണ് ഈ നാടകം.ഓരോ കാലത്തിലൂടെയും കടന്ന് ചെന്ന് രസകരമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അറിവിനൊപ്പം തമാശയും ഒരുക്കിയ ക്ലൗ ൺ നാടകത്തെ നവാഗതർ ഹർഷാരവത്തോടെ സ്വീകരിച്ചു.സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗ്രാമപഞ്ചായത്തംഗം ലിജ ശിവ പ്രകാശ്  ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻറ് ഫാ.ജിജി തോമസ് മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഇൻചാർജ് അശ്വതി സതീഷ് ആശംസ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള നന്ദിയും പറഞ്ഞു.

വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിൽ ഓടും....ആരോഗ്യത്തിലേക്ക്.....

ആധുനിക ലോകം സുഖലോലുപതയിലേക്ക് ചായുമ്പോൾ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കും. ഇന്ന് ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കാണാം.ഇതിന് പ്രധാന പരിഹാരമാണ് വ്യായാമ മുറകൾ. അവയിൽ ഏറ്റവും പ്രധാനം സൈക്ലിംഗ് ആണ്. നേതാജിയിലെ കുഞ്ഞുങ്ങളിൽ പകുതിയും സൈക്കിൾ യാത്രക്കാരാണ്. വൈകുന്നേരം 4 മണിക്ക് സ്കൂൾ വിട്ടാൽ വഴി നീളെ കിണിംഗ് ....കിണിംഗ് ശബ്ദം . അപ്പോഴേക്കും വഴി യാത്രക്കാർ ഒഴിഞ്ഞു മാറും. കുട്ടികൾ കടന്നു പോകും. പ്രധാന വഴികളിലൂടെയും ഇടവഴികളിലൂടെയും യാത്ര തുടരുന്നു.രാവിലെ മൂന്നും നാലും പേരായി വരും. വൈകിട്ട് കൂട്ടത്തോടെ പോകും. ലോക സൈക്കിൾ ദിനത്തിൽ നേതാജി സ്കൂളും പങ്കാളിയായി. . സൈക്കിളിൽ വരുന്ന കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സൈക്കിൾ റാലി നടത്തി. കൂടാതെ നൂറ്റാണ്ടകൾക്ക് മുൻപ് എത്തി ഇന്നും ജനപ്രിയ യാത്രാമാർഗ്ഗങ്ങളിൽ ഒന്നായി ജൈത്രയാത്ര തുടരുന്ന സൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ചും സൈക്ലിംഗിന്റെ ഗുണത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് സംസാരിച്ചു. ശാരീരികവും മാനസിക വുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും വളരെ ഗുണം ചെയ്യുന്ന ഒന്നാണ് സൈക്കിൾ. സൈക്കിൾ യാത്രയെക്കുറിച്ച് ചോദിക്കുമ്പോൾ കുഞ്ഞുങ്ങൾ വാചാലരാകുന്നു. വ്യത്യസ്ത തരത്തിലുള്ള സൈക്കിളുകളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും ബോധവാന്മാരാണ് അവർ. തങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുക, വേഗം വീട്ടിലെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവർ സൈക്കിൾ ഉപയോഗിക്കുന്നത്. 400 കലോറി മുതൽ 1000 കലോറി വരെ എരിച്ചു തീർക്കാൻ കഴിയുന്ന ഒരു വ്യായാമമാണ് സൈക്ലിംഗ്.മഴ മാറുമ്പോഴേക്കും കൂടുതൽ കുട്ടികൾ സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ലോക സൈക്കിൾ ദിനത്തിന്റെ ലക്ഷ്യമായ സൈക്കിളിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാൻ നേതാജി സ്കൂളിൽ ജൂൺ 3 ന് നടത്തിയ പരിപാടിയിലൂടെ സാധിച്ചു.

കൈ കോർക്കാം പരിസ്ഥിതി സംരക്ഷണത്തിനായ്....

ജൂൺ 5. ലോക പരിസ്ഥിതി ദിനം. 50 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്. 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ' എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയർ. 2014 മുതൽ പൂർണമായും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോർ.

2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.' മാലിന്യ സംസ്ക്കരണം കുട്ടികൾ വഴി അവരവരുടെ വീടുകളിൽ ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ലിജ ശിവ പ്രകാശ് 7-ാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വീട്ടിൽ മാവിൻ തൈ നട്ടും അവിടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചും ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിനപ്രതിജ്ഞ എടുത്തു. പ്ലാസ്റ്റിക് പേപ്പറുകൾ , കുപ്പികൾ, കടലാസുകൾ എന്നിവ തരം തിരിച്ച് ബിന്നുകളിൽ നിക്ഷേപിക്കുമെന്നും ജൈവ മാലിന്യങ്ങൾ പരിപൂർണ്ണമായി ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കാനുള്ള നടപടികൾ എടുക്കുമെന്നും ഹെഡ് മിസ്ട്രസ് പ്രഖ്യാപനം നടത്തി. NCC , Scount, Guides എന്നീ ടീമുകൾ clean campus കമ്മറ്റിയുടെ നേതൃത്വത്തിൽ പൂങ്കാവ് - പ്രമാടം റോഡിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു . പിടി എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ പരിപാടിക്ക് സമാപനം കുറിച്ചു. ഹെഡ്മിസ്ട്രസിന്റെയും സ്കൂളിലെ ക്ലീനിംഗ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

വിജയോത്സവം

2022-23 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിൽ SSLC , +2 എല്ലാ വിഷയങ്ങൾക്കും A+ കിട്ടിയ 74 കുട്ടികളെ അദരിച്ചു.. ഹയർ സെക്കന്ററി തലത്തിൽ സയൻസ് വിഭാഗത്തിൽ 13 കുട്ടികൾക്കും കൊമേഴ്സ് വിഭാഗത്തിൽ 9 കുട്ടികൾക്കുമാണ് A+ ലഭിച്ചത്. ഹൈസ്കൂൾ തലത്തിൽ എല്ലാവിഷയത്തിനും A+ ലഭിച്ചത് 52 കുട്ടികൾക്കാണ്. ജൂൺ 16 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ രവീന്ദ്രൻ പിള്ള സാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥി പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എല്ലാവർക്കും സ്വാഗതം അരുളി. പ്രചോദനാത്മക പ്രഭാഷണം നടത്തിയ കോർപറേറ്റ് ട്രെയിനർ ശ്രീ ജസ്റ്റിൻ ജെയിംസ്, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി , മാനേജ്മെന്റ് കമ്മറ്റിയംഗവും മുൻ കാതോലിക്കറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോ.സുനിൽകുമാർ , മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ജിജി തോമസ്,എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ അജൻ പിള്ള നന്ദി പ്രകാശിപ്പിച്ചു. 2023 - 24 അദ്ധ്യയന വർഷം 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് കോർപറേറ്റ് ട്രെയിനർ ജസ്റ്റിൻ സാർ നൽകിയ മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ ആവേശവും , ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. വ്യക്തിത്വ വികസനത്തിന്റെ ആവശ്യകതയെക്കുറിച്ചും Above Average student ആകാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും വളരെ രസകരവും ലളിതവുമായ ഭാഷയിൽ അദ്ദേഹം അവതരിപ്പിച്ചു. ജീവിതത്തിൽ Risk ഏറ്റെടുക്കുമ്പോൾ മാത്രമേ വിജയിക്കാൻ സാധിക്കുകയുള്ളു എന്ന തത്വം അവതരിപ്പിച്ചു. ക്ലാസ് അവസാനിച്ചപ്പോഴേക്കും ഇതുവരെസദസിനു മുമ്പിൽ വരാൻ മടി കാണിച്ചവർ തെല്ലും ഭയമില്ലാതെ വേദിയിലേക്ക് കടന്നുചെന്നു.

അസ്തമിക്കാത്ത വായനയ്ക്കായ് ഒരു ദിനം

ജൂൺ 19 ..... മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ, ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത്‌ പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്‌. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു. തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക്‌ പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു. വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല.

2023 - 24 അദ്ധ്യയന വർഷം നേതാജി സ്കൂളിൽ പൂർവ്വാധികം ഭംഗിയായി വായന ദിനം ആചരിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ രാവിലെ ഭാഷാ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ കുഞ്ഞുങ്ങൾക്ക് വായന ദിന സന്ദേശം നൽകി. വായന ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികൾക്ക് വിവിധ സാഹിത്യകാരന്മാരെയും അവരുടെ കൃതികളും ഉള്ളടക്കവും ഇൻറർനെറ്റിലൂടെ പരിചയപ്പെടുത്തി. E-പത്രം, E- സർക്കുലർ , E- വായന, E-മാസിക എന്നിവ പരിചയപ്പെടുത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലുള്ള സാഹിത്യകൃതികൾ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് ഇഷ്ടമുള്ള സർഗ്ഗാത്മക സൃഷ്ടി നടത്താൻ അവസരം നൽകി. കുട്ടികൾ കഥ, കവിത ചിത്രരചന ,വിവരണം തുടങ്ങിയ രചനകളിൽ ഏർപ്പെട്ടു. കൂടാതെ സ്കൂൾ തലത്തിൽ ഉപന്യാസം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. കൂടാതെ ഇന്ന് ഈ വർഷത്തെ ക്ലാസ് ലൈബ്രറി, സ്കൂൾലൈബ്രറി , വായനാ കോർണർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ജീവന്റെ യുക്തിസഹമായ പരിഹാരം -യോഗ

ജൂൺ 21; അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ.

"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന അർത്ഥം വരുന്ന "വസുധൈവ കുടുംബത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ പ്രമേയം. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനം എന്ന ആശയവുമായി മുന്നോട്ട് വന്നത്.

2023 ജൂൺ 21 ന് നേതാജി ഹൈസ്കൂളിലും യോഗദിനം സമുചിതമായി ആചരിച്ചു. സ്കൗട്ട് , ഗൈഡ് , റെഡ് ക്രോസ് , എൻ സി സി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യോഗാ ജില്ലാ പരിശീലക ശ്രീമതി ബിന്ദുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും പരിശീലനവും നൽകി. കുട്ടികളുടെ മാനസിക ,ശാരീരിക, വൈകാരിക , ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമമുറകൾ യോഗാ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് പരിശീലക കുട്ടികളെ ബോധവത്ക്കരിച്ചു. 100 ൽ പരം കുട്ടികൾ രാവിലെ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു. കെ ബി ലാൽ , സുധീഷ് എസ്, ബിജു എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

കൈത്താങ്ങ്

ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാർ. കുട്ടികളെ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിൽ ഏറ്റവും പ്രധാനം വ്യക്തിത്വ വികസനമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള കഴിവ് ഇവയെല്ലാം വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. ബാല്യ കൗമരകാലത്ത് ഇത് മനസിലാക്കിക്കൊടുക്കണം. വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ ട്രെയിനിംഗ് ആന്റ് ലീഡർഷിപ്പ് കമ്മറ്റിയുടെയും മല്ലശ്ശേരി വൈ എം സി എ യുടെയും നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെയും സഹകരണത്തോടു കൂടി 21.06.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ പരിപാടിയാണ് വിദ്യാർത്ഥി ശാക്തീകരണ പദ്ധതി. 9ാം ക്ലാസിൽ പഠിക്കുന്ന റെഡ്ക്രോസ് , എൻ സി സി കേഡറ്റുകൾക്കാണ് ക്ലാസ് നൽകിയത്. വൈ എം സി എ പത്തനംതിട്ട സബ് റീജീയൻ ചെയർമാൻ അഡ്വ. മനോജ് തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം വൈ എം സി എ ദേശീയ എഡ്യൂക്കേഷൻ & വൊക്കേഷൻ ട്രെയ്നിംഗ് കമ്മറ്റി ചെയർമാൻ പ്രൊഫ. മാമ്മൻ സഖറിയ ഉദ്ഘാടനം നിർവ്വഹിച്ചു. വിനോദ് കോശി കുമ്പളാംപൊയ്ക സ്കിൽ ട്രെയ്നിംഗ് പ്രോഗാമിന് നേതൃത്വം നൽകി. നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാം എന്നതിനെപ്പറ്റിയും ശ്രീ വിനോദ് കോശി സർ ക്ലാസെടുത്തു. കൂടാതെ വിദ്യാർത്ഥികളുടെ തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുന്നതിനായി സോഫ്റ്റ് സ്കില്ലുക ജനറൽ ആപ്റ്റിറ്റ്യൂഡിന്റെപ്പറ്റിയും സംസാരിച്ചു. ഒരു വ്യക്തിയുടെ ചെറുപ്പകാലം മുതലുള്ള ശാരീരിക മാനസിക വൈജ്ഞാനിക ഘടകങ്ങൾ ജീവിതകാലം മുഴുവൻ ബാധിക്കും എന്നതുകൊണ്ട് വ്യക്തിത്വ വികസനം ചെറുപ്രായത്തിലേ ശീലിക്കേണ്ട ഒന്നാണ് എന്ന് കുട്ടികൾ മനസിലാക്കി. വളരെ ഹൃദ്യവും രസകരവും വിജ്ഞാനപ്രദവുമായിരുന്നു സാറിന്റെ ക്ലാസ്.

പ്രതിരോധ പാഠം

ജൂൺമാസം .തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങി. മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്‌ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ് പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കേണ്ടത് ആവശ്യമാണ്.

സ്കൂൾ , കോളേജ് കുട്ടികളിൽ ഇൻഫ്ലൂവൻസ കൂടി വരാനുള്ള സാധ്യത കണക്കിലെടുത്ത് അതിന് മുന്നൊരുക്കം നടത്തുകയാണ് ആരോഗ്യ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് 2023 - 24 അധ്യയന വർഷം ജൂൺ 23 ന് രാവിലെ നേതാജി ഹൈസ്കൂളിൽ കുട്ടികളും അധ്യാപകരും ആരോഗ്യപ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് ബോധവൽക്കരണ ക്ലാസ് നൽകി.

പനി ബാധിച്ചാൽ കുറഞ്ഞത് 5 ദിവസമെങ്കിലും വീട്ടിലിരുന്ന് വിശ്രമിക്കണം; കൂടുതൽ പ്രശ്നമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ; കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. തുടങ്ങിയ നിർദ്ദേശങ്ങൾ കുട്ടികൾക്ക് HM നൽകി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകൻ ശ്രീ.അനിൽകുമാർ സംസാരിച്ചു.തുടർന്ന് ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.


ജീവിതത്തോടാകട്ടെ ലഹരി

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്തുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. 1987 ജൂൺ 17 – 26 ന് ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഉച്ചകോടിയിലാണ് ലഹരിക്കെതിരായുള്ള ഒരു ദിനാചരണത്തിൻറെ ആവശ്യം ഉന്നയിച്ചത്. തുടർന്ന് ഐക്യ രാഷ്ട്രസഭ ഡിസം 7 ന് പുറപ്പെടുവിച്ച 42/112 എന്ന പ്രമേയത്തിലുടെയാണ്, 1989 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം തുടങ്ങിയത്. മുപ്പത്തിനാലാം ദിനാചരണമാണ് ഈ വർഷം നടക്കുന്നത്.2023 ലെ ദിനാചരണത്തിൻറെ ആശയം People first : Stop stigma and discrimination, strengthen prevention എന്നതാണ്

ലഹരിക്ക് അടിമയായവരെയും അവരുടെ കുടുംബത്തെയും സഹാനുഭൂതിയോടെ കാണുക.അവരോട് മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുക.മയക്കുമരുന്ന്ല ഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് തടവ് ശിക്ഷ നല്കുന്നതിന് പകരം അവർക്ക് ചികിത്സ നല്കുകയും അവരെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുക. മയക്കുമരുന്നിൻറെ ഉപയോഗവും ആസക്തിയും തടയാൻ യുവാക്കളെയും സമൂഹത്തെയും ശാക്തീകരിക്കുക എന്നീ ആശയങ്ങളിലൂന്നിയാകണം ഈ വർഷത്തെ പ്രവർത്തനങ്ങളെന്ന് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നു. 2023 ജൂൺ 26 ന് നേതാജി ഹൈസ്കൂളിൽ നടത്തിയ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നൽകി. അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ ശ്രീ എൻ എസ് അജൻ പിള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് നേതാജി സ്കൗട്ട് ആൻറ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്ക്കരണ ക്ലാസ്സും നടന്നു. സ്കൗട്ട് ഗൈഡ്സ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിൽ ക്വിസ് മത്സരം നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് അവരെ അനുമോദിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ കെ ബി ലാലും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ആരതി ആർ ഉം പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തോറും കയറി കുട്ടികൾക്ക് കേഡറ്റുകൾ ലഹരിയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യ വശങ്ങളെ പ്പറ്റി സംസാരിച്ചു. നേതാജിയുടെ അഭിമാനമായ നമ്മൾ ഒരു കാരണവശാലും ലഹരി ഉപയോഗിക്കരുതെന്നും കുട്ടികൾക്ക് നിർദ്ദേശം നൽകി. ജൂനിയർ റെഡ് ക്രോസിന്റെ ചുമതലയുള്ള അധ്യാപിക ശ്രീമതി ധന്യ എം ആർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

പത്രവായന ശീലമാക്കട്ടെ

വിദ്യാഭ്യാസ രീതിയിൽ മാറ്റം അനിവാര്യമാണ്. പണ്ട് അദ്ധ്യാപക കേന്ദ്രീകൃതമായിരുന്ന അദ്ധ്യയന രീതി ഇപ്പോൾവിദ്യാർത്ഥി കേന്ദ്രീകൃതമായി. ഈ അദ്ധ്യയന വർഷം മുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടാൻ പത്രവായനയ്ക്കും മുഖ്യ പങ്കുണ്ട്. തുടർ മൂല്യനിർണയത്തിനു നൽകുന്ന മാർക്കിന്റെ 10% പത്ര വായനയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും നൽകുക.ഇത് മനസിലാക്കിയ നേതാജി ഹൈസ്കൂളിലെ ഒരു രക്ഷിതാവും ആതിര കാറ്ററിംഗ് ഉടമയുമായ ശ്രീ കെ.ആർ പ്രശാന്ത് കുട്ടികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പത്രം സ്പോൺസർ ചെയ്തു. മലയാളത്തിലെ മികച്ച പത്രങ്ങളിലൊന്നായ മാതൃഭൂമി പത്രം ശ്രീ കെ ആർ പ്രസാദ് ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി ശ്രീലതയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകരായ പി.ഗീത, സിന്ധു ആർ നായർ , വി.എം അമ്പിളി , അജി ഡാനിയൽ , ജോളി കെ ജോണി, എൻ എസ് അജൻ പിള്ള , യു കെ രാഖി , കെ കെ ദീപ, ഫാ.ജേക്കബ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

ഉണരാം നാടിൻ നന്മയ്ക്കായ്

ഹെൽത്ത് ഡിപ്പാർട്ടുമെന്റ്, എക്സൈസ് വകുപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നേതാജി ഹൈസ്കൂളിലെ കുട്ടികൾക്കായി വെള്ളിയാഴ്ച ( 30/6/2023 ) ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി. ശ്രീലത സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി രാജി സി ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീ ബിനു വർഗീസ് സർ കുട്ടികൾക്ക് നന്നായി മനസിലാകത്തക്കവിധത്തിൽ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ലഹരിക്ക് അടിമയാകാൻ കാരണമായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്നും അതിൽ നിന്നും മോചനം നേടാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്നും കുട്ടികൾക്ക് അവബോധം നൽകി. മാറി വരുന്ന ജീവിത സാഹചര്യങ്ങൾ നമ്മെ ആപത്തിലേക്കാണ് കൂട്ടിക്കൊണ്ട് പോകുന്നതെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അതിനായി കുട്ടി കു ഉണർന്നു പ്രവർത്തിക്കണമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. പ്രമാടം പഞ്ചായത്ത് പ്രൈമറി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷ് ആശംസ അറിയിച്ചു. ഹോസ്പിറ്റൽ സ്റ്റാഫ് ശ്രീമതി സജിനി നന്ദി പ്രകാശിപ്പിച്ചു.

പത്രവായനയ്ക്ക് പ്രചോദനവുമായ് അമ്മ ഹോസ്പിറ്റലിലെ ഡോക്ടർ തുഷാറും കുടുംബവും

പൊതു വിജ്ഞാനവും സമകാലിക ജ്ഞാനവും പകർന്നു നൽകുന്നതിൽ പത്രങ്ങൾക്കുള്ള പങ്ക് പ്രശംസനീയമാണ്. സോഷ്യൽമീഡിയ കവർന്നെടുക്കുന്ന വിദ്യാർത്ഥികളുടെ വായനശീലം തിരിച്ചെടുക്കുക എന്നത് അനിവാര്യമാണ്. കുട്ടികളിൽ പത്രവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കിയ വായനക്കളരിയിൽ വി.കോട്ടയം അമ്മ ഹോസ്പിറ്റലിലെ ഡോ. തുഷാറും കുടുംബവും മലയാളത്തിലെ പ്രമുഖ പത്രത്തിൽ ഒന്നായ മലയാളമനോരമ സ്കൂളിന് സ്പോൺസർ ചെയ്തു. കുട്ടികളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കുകയും അറിവുകൾ സമ്പന്നമാക്കുകയും ചെയ്യുന്ന ഈ വായനക്കളരി പൊതുവേദികളിൽ സംസാരിക്കുവാനും നിർഭയം ചർച്ചകളിൽ പങ്കെടുക്കുവാനും കുട്ടികളെ സഹായിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി അശ്വതി, ഹെഡ് മിസ്ട്രസ് ശ്രീമതി സി.ശ്രീലത എന്നിവർക്ക് ഡോ. തുഷാറിന്റെ മകൾ കുമാരി ജാനകിക്കുട്ടി പത്രം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ ഫാ ജേക്കബ് ഡാനിയൽ , ഹേമലക്ഷ്മി,യമുന. എസ്.നായർ , കെ. ആർ. പ്രിയ, എൻ.എസ്.അജൻ പിള്ള, ആർ.ആരതി, എസ് സുധീഷ് , ബിജുമോൻ കെ സാമുവൽ ,വൈ എം സി എ ഏജന്റ് രാജു ജോൺ എന്നിവർ പങ്കെടുത്തു.

ഫോട്ടൊഗ്യാലറി ഒരുക്കി നേതാജിയിലെ കുട്ടിയെഴുത്തുകാരുടെ എം ടി നവതി ആഘോഷം

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം ടിയുടെ സാഹിത്യ ജീവിതം പ്രമേയമാക്കി പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂളിലെ മലയാള വിഭാഗം ഒരുക്കിയ ഫോട്ടൊഗ്യാലറി 'സുകൃതം' എം ടിക്ക് തൊണ്ണൂറാം പിറന്നാൾ സമ്മാനമായി.എം ടിയുടെ സാഹിത്യ സംഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങൾ എം ടിയുടെ സാഹിത്യ ജീവിതത്തിലൂടെയുള്ള സഞ്ചാരമായി മാറി. സ്കൂളിലെ കുട്ടിയെഴുത്തുകാർ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കമിട്ടു. എം ടി യെ പറ്റിയുള്ള ഡോക്യുമെൻ്ററിയുടെ പ്രദർശനവും നടന്നു. സ്കൂളിലെ മലയാളം അദ്ധ്യാപകനും നാടകകൃത്തും സംവിധായകനും പരിശീലകനുമായ ശ്രീ മനോജ് സുനി കുട്ടികൾക്ക് വീട്ടിൽ മൗനിയായിരുന്ന എം.ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യവഴികളെക്കുറിച്ചും എം.ടി. കൃതികൾ അദ്ദേത്തിലും പഴയിടം നമ്പൂതിരിയിലും എത്തരത്തിലാണ് സ്വാധീനം ചെലുത്തിയത് എന്നതിനെപ്പറ്റിയും വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. ഫോട്ടോ ഗ്യാലറി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലത സി ഉദ്ഘാടനം ചെയ്തു. ബിന്ദു ടി എസ്, ഹേമ ലക്ഷ്മി, പ്രിയ കെ ആർ , ധന്യ എം.ആർ എന്നിവർ പ്രസംഗിച്ചു.

ആവേശം ഒട്ടും ചോരാതെ ചന്ദ്രഹൃദയത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും .......

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ കാലങ്ങളായുള്ള ആഗ്രഹമാണ് ചന്ദ്രനിലേക്കുള്ള യാത്ര. 2008 ഒക്ടോബർ 22 നായിരുന്നു ആദ്യ ചന്ദ്രയാൻ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ൽ രണ്ടാമത്തെ വിക്ഷേപണവും നടന്നു. ആദ്യ ഘട്ടത്തിൽ വിജയിച്ചെങ്കിലും രണ്ടാം ഘട്ടത്തിൽ ലാന്റർ സോഫ്റ്റ് ലാന്റിംഗ് ചെയ്യുന്നതിനിടയിലുണ്ടായ സാങ്കേതിക പിഴവ് മൂലം ലാന്റർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയും റോവർ ലാന്ററിൽ നിന്ന് പുറത്തുവന്നില്ല. ഒരു നാൾ ഇന്ത്യൻ പൗരന്മാരിൽ ആരെങ്കിലും ഐഎസ്ആർഒയുടെ വാഹനത്തിൽ ചന്ദ്രനിലിറങ്ങുന്ന നാൾ വരും എന്ന പ്രതീക്ഷയിൽ 2023 July 14 ന് ഉച്ച കഴിഞ്ഞ് 2.35 ന് ചാന്ദ്രയാൻ-3 വിക്ഷേപിച്ചു. ഇതിന് 3 പ്രധാന ലക്ഷ്യങ്ങൾ ആണ് ഉള്ളത്. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക ചന്ദ്രനിൽ റോവർ ചലിപ്പിക്കുക ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക ഈ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ആൾട്ടിമീറ്ററുകൾ, വെലോസിമീറ്ററുകൾ, ഇനേർഷ്യൽ മെഷർമെന്റ് സംവിധാനം, പ്രൊപ്പൽഷൻ സംവിധാനം, നാവിഗേഷൻ, ഗൈഡൻസ് , കൺട്രോൾ സംവിധാനങ്ങൾ, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ലാൻഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഭാഗങ്ങളാണ് വിക്ഷേപണത്തിലുള്ളത്. ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരോടൊപ്പംനേതാജി ഹൈസ്കൂളിലെ കുട്ടികൾ ആവേശത്തോടെ വിക്ഷേപണത്തിൽ പങ്കാളികളായി. 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും തത്സമയ വിക്ഷേപണം കാണിക്കുകയും കൂടാതെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ചന്ദ്രയാൻ-3 എന്താണെന്നും സർക്കാറിന്റെ പ്രോജക്ടിനെക്കുറിച്ചും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്ലാസ് കേട്ട കുട്ടികളിൽ പ്രയത്നിക്കാനുള്ള മനസും ആത്മവിശ്വാസവും ഉണ്ടായി. ഇതിൽ ആദ്യത്തെ പ്രൊപ്പൽഷൻ മോഡ്യൂൾ ലാന്റർ മോഡ്യൂളിനെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കും. ലാന്റർ മോഡ്യൂൾ ആണ് ചന്ദ്രനിൽ ഇറങ്ങുക. ഇതിനുള്ളിലാണ് റോവർ സ്ഥാപിച്ചിട്ടുള്ളത്. പ്രൊപ്പൽഷൻ മോഡ്യൂളിന് 2148 കിലോഗ്രാം ഭാരവും ലാന്റർ മോഡ്യൂളിന് 1752 കിലോഗ്രാം ഭാരവുമുണ്ട്. 26 കിലോഗ്രാം ആണ് റോവറിന്റെ ഭാരം. ഇത് ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തി ചന്ദ്രനെ വലം വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

പ്രമാടം നേതാജിയിലെ "കണ്ടറിയാൻ നേരിട്ടറിയാൻ " സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി കുട്ടികൾക്ക് ആവേശമായി ...........

പാഠ്യപദ്ധതിയിൽ പഠന യാത്രയ്ക്ക് പ്രമുഖ സ്ഥാനമുണ്ട്. പാഠഭാഗങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രകൃതി പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിനും ഒക്കെയായി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന യാത്രയാണ് പഠന യാത്ര. നേതാജി ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി "കണ്ടറിയാൻ നേരിട്ടറിയാൻ " എന്ന പഠന യാത്ര സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കായി 'ചരിത്രത്തിലേക്ക് 'എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം, ആർട്ട് ഗാലറി എന്നിവ സന്ദർശിച്ചു. ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാർപ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാർത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയിൽ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു. രണ്ടു നിലകളിലായി പണിഞ്ഞിട്ടുള്ള മ്യൂസിയത്തിൽ കെട്ടിടത്തിന്റെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള വേലുത്തമ്പി ദളവയുടെ പൂർണ്ണകായ വെങ്കല പ്രതിമ കുട്ടികളിൽ ആകാംക്ഷയുണ്ടാക്കി മ്യൂസിയത്തിന് താഴെയുള്ള ഗ്യാലറിയിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീ ചിത്തിര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ രാജാക്കന്മാരുടെയും ഛായാചിത്രങ്ങൾ , ശ്രീബുദ്ധന്റെ ശിലാ വിഗ്രഹം, നാഗരൂപങ്ങൾ, നാഗാരാധനയുടെ കോലങ്ങൾ, പുരാതന കാർഷികോപകരണങ്ങൾ, പഴയകാല യുദ്ധോപകരണങ്ങളായ പീരങ്കികൾ, പീരങ്കി ഉണ്ടകൾ, വാൾ, കുന്തം, കഠാരകൾ, കായംകുളം വാൾ, നാണയ ഗ്യാലറിതുടങ്ങിയവയെല്ലാം കുട്ടികളിൽ അത്ഭുതം സൃഷ്ടിച്ചു. വേലുത്തമ്പിയുടെ ജീവചരിത്രമടങ്ങുന്ന ചിത്രങ്ങളും കുട്ടികൾക്ക് ആകർഷകമായി. തുടർന്ന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം നിർമ്മിച്ചത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ഇന്ന് കൊട്ടാരം വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ശേഖരം കാണാൻ സാധിക്കും. പുരാതനചിത്രങ്ങൾ, നാണയ ശേഖരം, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ പല്ലക്ക്, ഗജേന്ദ്ര മോക്ഷം ചുവർ ചിത്രം ഇവയെല്ലാം കുട്ടികളിൽ കൗതുകമുണർത്തി. തുടർന്ന് മുക്കടയിലുള്ളശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആന്റ് ആർട്ട് ഗ്യാലറിയിൽ എത്തി. വിവിധതരത്തിലുള്ള ശില്പങ്ങൾ കുട്ടികളെ ആകർഷിച്ചു. കുട്ടികൾക്ക് ക്ലാസ് മുറികൾക്കപ്പുറം അറിവുകൾ നേടാൻ ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന തിരിച്ചറിവു നേടാൻ സഹായിച്ചു. പ്രകൃതി തങ്ങളുടെ വിദ്യാലയമാണെന്ന് മനസിലാക്കി. ഇത്തരം പഠന യാത്രകൾ എല്ലാ നിലവാരത്തിലും ഉള്ള കുട്ടികളിൽ സാംസ്കാരിക അനുഭവങ്ങൾ നേടുന്നതിന് സഹായിക്കുന്നു.

നേതാജി ഹൈസ്കൂൾ 5-ാം ക്ലാസിലെ കുട്ടികൾക്ക് നടത്തിയ പഠനയാത്ര കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിന് സഹായിച്ചതായി കുട്ടികൾ പറഞ്ഞു. ക്ലാസ് റൂമിന് വെളിയിൽ കുട്ടികൾക്ക് വേറിട്ട ഒരു പഠനാനുഭവം നൽകാൻ ഈ പ്രവർത്തനം ഉപകരിച്ചു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ചാന്ദ്രദിനം -ജൂലൈ 21

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിംഗ്സ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചാന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി നടന്ന് ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലു കുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിൻ ആണ് . മൈക്കിൾ കോളിംഗ്സ് അവരുടെ ഈഗിൾ എന്ന വാഹനത്തെ നിയന്ത്രിക്കുകയായിരുന്നു ."ഇത് ഒരു മനുഷ്യൻറെ ചെറിയ കാൽവയ്പ്പ്, മാനവരാശിക്ക് വലിയ കുതിച്ചുചാട്ടവും" എന്ന് നീ ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യൻറെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനും ആണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്. പ്രമാടം നേതാജി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന പരിപാടികളിൽ ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ വീഡിയോ പ്രദർശനം,സെമിനാറുകൾ, ക്വിസ് മത്സരം, ചാന്ദ്രദിന പ്രസംഗം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പത്രവായന (ജൂലൈ 21 ലെ മാതൃഭൂമി ,മനോരമ പത്രങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തി ) പോസ്റ്റർ ചിത്രരചന മത്സരങ്ങൾ എന്നിവ നടത്തി കുട്ടികൾ എല്ലാവരും സജീവമായി പങ്കെടുക്കുകയും ചാന്ദ്രദിനാഘോഷം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പൂർവാധികം ഭംഗിയായി നടത്തുകയും ചെയ്തു.

‘അക്ഷരമധുരം’ പദ്ധതിയുമായി നേതാജി

വായനയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശവുമായി നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ‘അക്ഷരമധുരം’ പദ്ധതി ആരംഭിച്ചു. കുട്ടികൾക്കുള്ള സമ്മാനം എന്ന നിലയിൽ വിശേഷ ദിനങ്ങളിൽ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതുജനങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതാണ് പദ്ധതി. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ, സ്കൂൾ വിദ്യാർത്ഥിയായ അഭിനന്ദ് അനിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.അഭിനന്ദിന്റെ ഈ പ്രവർത്തനം പേരു പോലെ അഭിനന്ദനീയമാണെന്നും അത് മറ്റ് കുട്ടികൾക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ശ്രീലത സി അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് സുനു ജോൺ, ഹെഡ്മിസ്ട്രസ് ശ്രീലത, അധ്യാപകരായ മനോജ് സുനി, കെ ബി .ലാൽ, എൻ.എസ്.അജൻ പിള്ള, ഫാദർ ജേക്കബ് ഡാനിയൽ, മാനേജ്മെൻറ് അംഗം ഡോക്ടർ സുനിൽകുമാർ അജി ഡാനിയൽ, എന്നിവർ പ്രസംഗിച്ചു.

അമ്പിളിമാനനെ തൊട്ടേ ........ചന്ദ്രോദയം...നേതാജിയിയിൽ

2023 ആഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6:04 ന് (IST) ചന്ദ്രയാൻ -3 ന്റെ ലാൻഡർ ലാൻഡിംഗിനായി ലക്ഷ്യമിട്ടിരുന്ന 4.5 കിലോമീറ്റർ വീതിയുള്ള പ്രദേശത്തിന്റെ മധ്യഭാഗത്ത് തൊട്ടു. ആ പോയിന്റിൽ നിന്ന് 300 മീറ്റർ (985 അടി) ഉള്ളിലാണ് ലാൻഡർ ഇറങ്ങിയത്. ചന്ദ്രയാൻ-3 സോഫ്റ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇറങ്ങിയതോടെ ഇന്ത്യ ഒരു കുതിച്ചുചാട്ടം നടത്തി, ഈ നാഴികക്കല്ല് കൈവരിക്കുന്ന ആദ്യ രാജ്യമായി. കൂടാതെ, അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.ചാന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കെടുത്ത ചെയർമാൻ എസ് സോമനാഥ് ഉൾപ്പെടെയുള്ള ഐഎസ്ആർഒയിലെ സമർത്ഥരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. ഇന്ത്യ അടുത്തതായി മനുഷ്യനെയുള്ള ചാന്ദ്ര ദൗത്യത്തിന് ശ്രമിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു നേതാജി ഹൈസ്കൂളിലെ നാളെയുടെ ശാസ്ത്രജ്ഞരായ കുട്ടികൾ ഈ അപൂർവ്വ നിമിഷം കാണാനായി സ്കൂൾ വിട്ട ശേഷവും സ്കൂളിൽ തന്നെ വിശപ്പും ദാഹവും ക്ഷീണവും വകവയ്ക്കാതെ ഉന്മേഷഭരിതരായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവർക്ക് കൂട്ടായി സയൻസ്, സോഷ്യൽ സയൻസ് അധ്യാപകരും ഉണ്ടായിരുന്നു. കുട്ടികളുടെ സംശയങ്ങൾ അധ്യാപകർ ദൂരീകരിച്ചു. ചന്ദ്രനിൽ പോയ ഒരു പ്രതീതി ഉളവായതായി കുഞ്ഞുങ്ങൾ അഭിപ്രായപ്പെട്ടു.

പൂവേ പൊലി പൂവേ ........നേതാജിയിൽ ഓണാഘോഷം ... ഓണ സദ്യ

നേതാജി ഹയർ സെക്കന്ററി സ്കൂളിൽ2023 ആഗസ്റ്റ് 25 ന് ഓണാഘോഷ പരിപാടികളും ഓണ സദ്യയും പൂർവ്വാധികം ഭംഗിയായിനടന്നു. സ്കൂളിലെ ശക്തമായ കൂട്ടായ്മ ഇതിൽ കാണാൻ കഴിഞ്ഞു.തലേ ദിവസം വൈകുന്നേരം മുതൽ അധ്യാപകരും രക്ഷിതാക്കളും സദ്യ ഒരുക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി. ഉച്ചയോടെ ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, വടം വലി , കസേരകളി തുടങ്ങി വിവിധ പരിപാടികൾ നടത്തി. കുട്ടികൾ ആവേശഭരിതരായി ആർപ്പുവിളിക്കുകയും നൃത്തം ചവിട്ടുകയും ചെയ്തു. വർണ്ണാഭമായ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ഓണസന്ദേശം നൽകി.തുടർന്ന് നടന്ന ഓണസദ്യയിലും എല്ലാവരും പങ്കാളികളായി.

നേതാജിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ബി രാജപ്പൻ പിള്ള ഫൗണ്ടേഷൻ ജില്ലാ കാൻസർ സെന്റെറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ഡോ.ശശിധരൻ പിള്ള ക്യാൻസർ പ്രതിരോധ മാർഗ്ഗങ്ങളക്കുറിച്ചുള്ള ക്ലാസ് എടുത്തു.ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ.റോബിൻ പീറ്റർ നിർവ്വഹിച്ചു.നേതാജി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സാമൂഹ്യ പ്രവർത്തക രേഖ എസ് നായർ, വാർഡ് മെംബർ ലിജ ശിവപ്രകാശ്, ഡോ.ശശിധരൻ പിള്ള, പി ടി എ പ്രസിഡന്റ് ഫാ.ജിജി തോമസ്, ശ്രീപ്രകാശ്, ട്രസ്റ്റ് ചെയർമാൻ സുഭാഷ് റ്റി ആർ എന്നിവർ സംസാരിച്ചു. 30 നും 70 നും ഇടയ്ക്ക് പ്രായമുള്ള 100 വനിതകൾക്ക് ഈ ക്യാമ്പിൽ രോഗ നിർണ്ണയം നടത്താൻ കഴിഞ്ഞു. ഇത് പ്രദേശ വാസികൾക്ക് ഒരു സഹായമായി

ഹിന്ദിദിനം ആഘോഷിച്ച് നേതാജി

ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാ വർഷവും സപ്തംബർ 14 ഹിന്ദി ദിനം ആയി ആചരിച്ചുവരുന്നു. ഭാരത സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഈ ദിനാഘോഷം. നേതാജി ഹൈസ്കൂളിലും വിവിധ പരിപാടികളോടെ ഹിന്ദി ദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ നേതൃത്വത്തിൽഹിന്ദി അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന,ഇന്നത്തെ ചിന്താവിഷയം, ഗാനാലാപനം എല്ലാം ഹിന്ദിയിൽ ആയിരുന്നു. തുടർന്ന് ഹിന്ദി ദിനാചര രണ സമ്മേളനം നടന്നു. ഹിന്ദി അധ്യാപകനായ ശ്രീ. അജി ഡാനിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹം ന്റെ മുൻ ജില്ലാ സെക്രട്ടറിയും റിട്ടയേർഡ് ഹെഡ്മിസ്ട്രസും ആയ ശ്രീമതി ശ്യാമളകുമാരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹിന്ദി അദ്ധ്യാപികയായ ജിഷ ജി പിള്ള സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി സെമിനാർ നടത്തി. യു പി വിഭാഗം കുട്ടികളുടെ പ്രസംഗം, കവിതാലാപനം, നൃത്താവിഷ്ക്കാരം, പോസ്റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു. ഹിന്ദി അധ്യാപകൻ ശ്രീ രാജീവ് കുമാർ ആശംസയും ഹിന്ദി അധ്യാപിക ശ്രീമതി ശ്രീജ നന്ദിയും അറിയിച്ചു.

സാങ്കല്പിക ലോകത്തിലേക്ക് നേതാജിയിലെ കുഞ്ഞുങ്ങളും

വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്. നൂതന സാങ്കേതിക വിദ്യ ഒരുക്കുന്ന വിർച്വൽ റിയാലിറ്റി കാഴ്ചകൾ ഇനി നേതാജിയിലെ ക്ലാസ്സ്‌മുറികളിലേക്ക്.. എവിടെ ഇരുന്നു വേണമെങ്കിലും വിവിധ കാഴ്ച്ചകളോ സംഭവങ്ങളോ ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് 360 ഡിഗ്രി കാഴ്ച്ചകളായി അനുഭവേദ്യമാക്കുന്ന നൂതന AR/ VR സാങ്കേതിക വിദ്യ കേരളത്തിൽ രണ്ടാ

മതും, ദക്ഷിണ കേരളത്തിൽ ആദ്യമായും നേതാജിയിൽ ബഹു.ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഫാ ജിജി തോമസ് , പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി, പ്രധാന അധ്യാപിക സി ശ്രീലത, മദർ പി ടി എ പ്രസിഡന്റ് യമുന സുഭാഷ്, സ്റ്റാഫ് സെക്രട്ടറി അജൻ പിള്ള , അദ്ധ്യാപകൻ അജി ഡാനിയൽ എന്നിവർ പ്രസംഗിച്ചു.

കുട്ടിശാസ്ത്രജ്ഞർക്കായി ഒരു ദിനം

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന തുടർ പ്രോഗ്രാമുകളുടെ ഭാഗമായി നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ISRO Scientist ശ്രീ നിതീഷ് കെ.എസ് നയിച്ച ട്രെയിനിംഗ് പ്രോഗ്രാം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു. ബഹിരാകാശത്തെപ്പറ്റിയും, റോക്കറ്റുകളെപ്പറ്റിയും, ബഹിരാകാശ നിലയങ്ങളെപ്പറ്റിയും ഒക്കെയുള്ള കുട്ടികളുടെ സങ്കീർണമായ സംശയങ്ങൾക്ക് നിവൃത്തി വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു സാങ്കേതിക സഹായത്തോടു കൂടിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്.

ലോഗോ പ്രകാശനം

നേതാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ജൂബിലി ലോഗോയുടെ പ്രകാശനം ബഹു.ജില്ലാ കലക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവ്വഹിച്ചു. സ്കൂൾ മാനേജർ

ശ്രീ.ബി രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി പി.കെ അശ്വതി, പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത എന്നിവർ ആശംസ അറിയിച്ചു. നേതാജി ഹൈസ്കൂളിൽ 6 D യിൽ പഠിക്കുന്ന അലന്ന അജിയുടെ പിതാവായ അജി എബ്രഹാമാണ് ലോഗോ രൂപകല്പന ചെയ്തത്.

ആവേശം ചോരാതെ സ്കൂൾ കലോത്സവം

പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീമതി പി.കെ അശ്വതി, അധ്യാപകൻ ശ്രീ കെ.ബി ലാൽ എന്നിവർ ആശംസ അറിയിച്ചു.