നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/മഞ്ചാടിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ചാടിക്കുന്ന്

കൃഷ്ണഗുടി ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിയും ആമിയും.ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്.കുട്ടികളായതിനാൽ ഇരുവരുടെയും മനസ്സിൽ എപ്പോഴും കളികൾ മാത്രമാണ്.അവധിയായാൽ ഇരുവരും ചേർന്ന് മഞ്ചാടിക്കുന്നിൽ പോകും.പ്രധാന ലക്ഷ്യം കളി തന്നെ,എന്നാൽ കൂട്ടത്തിൽ മറ്റു ചില കലാപരിപാടികളും കാണും. മഞ്ചാടി ശേഖരിക്കൽ, പൂക്കൾ നുള്ളൽ അങ്ങനെ പലതും.കൃഷ്ണഗുടിക്കടുത്തുള്ള മഞ്ചാടി മരങ്ങളാൽ നിറഞ്ഞ അതി മനോഹരമായ ഒരു കുന്നാണ് മഞ്ചാടിക്കുന്ന്. അപകടകാരികളായ മൃഗങ്ങൾ ഇല്ലാത്തതിനാൽ ആർക്കും അവിടെ പോകാം .അങ്ങനെയിരിക്കെ ആ അധ്യയന വർഷത്തെ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ അവർ കാത്തിരുന്ന ആ അവധിക്കാലം വന്നെത്തി. പിന്നെ പറയേണ്ടതില്ലല്ലോ!ഇരുവരും ചേർന്ന് മഞ്ചാടിക്കുന്നിനെ തങ്ങളുടെ അധീനതയിലാക്കി.അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം ആ ഗ്രാമവാസികൾ ഉണർന്നത് മഞ്ചാടിക്കുന്നിലെ മരങ്ങൾ മുറിക്കുന്ന ശബ്ദം കേട്ടാണ്.കഥയറിയാതെ എല്ലാവരും മലഞ്ചെരുവിലെത്തി.ആദിയും ആമിയും അവരോടൊപ്പം ഉണ്ടായിരുന്നു. ആളുകൾ കാര്യം തിരക്കി. വന്നിരിക്കുന്നവരാട്ടെ കാര്യങ്ങൾ വിട്ടു പറയാനും തയ്യാറായില്ല. "നഗരത്തിൽ കെട്ടിട നിർമ്മാണത്തിന് തടികൾ ആവശ്യമുണ്ട്. അതിനാൽ മരങ്ങൾ മുറിക്കുന്നു. "വന്നവരുടെ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. ഒന്നും ആരുടെയും സഽന്തം അല്ലാത്തതിനാൽ ആരും തടുക്കാൻ തയ്യാറായില്ല. എല്ലാവരും മടങ്ങി. എന്നാൽ തങ്ങളുടെ കളിക്കളം നഷ്ടപ്പെട്ട സങ്കടത്തിൽ ആദിയും ആമിയും മാത്രം അവിടെ നിന്നു,നിറഞ്ഞ മിഴികളോടെ.കുറച്ചു നേരം കഴിഞ്ഞപ്പോൾ അവരവരുടെ അമ്മമാർ വന്ന് അവരെയും കൊണ്ടുപോയി. മരം മുറിക്കുന്ന ശബ്ദം ഒരു തേങ്ങലായി ആ ഗ്രാമത്തിൽ നിറഞ്ഞുനിന്നു. എന്നാൽ ആ തേങ്ങൽ തിരിച്ചറിഞ്ഞത് അവർ മാത്രമാണ്. തങ്ങളുടെ ജീവിതത്തിൽ ഒരു വലിയ പങ്ക് മഞ്ചാടിക്കുന്നിനുണ്ട് എന്ന് മനസ്സിലാക്കിയ അവർ അതിനെതിരെ പോരാടാൻ ശ്രമിച്ചു.അവർ എല്ലാവരോടും കേണപേക്ഷിച്ചിട്ടും ആരും അവരുടെ കൂടെ നിൽക്കാൻ തയ്യാറായില്ല. ഇരുവരും ഒറ്റയ്ക്ക് പോരാട്ടത്തിനായി ഇറങ്ങി. കുട്ടികളായതിനാൽ വന്നവരുടെ സംഘം അവരെ നിസാരമായി തള്ളികളഞ്ഞു. പക്ഷെ, അവർ പിന്മാറാൻ തയ്യാറായില്ല. അവർ അത്രമാത്രം ആ കുന്നിനെ സ്നേഹിച്ചിരുന്നു.അവരാൽ കഴിയും വിധം തങ്ങളുടെ കൂട്ടുകാരുമായി കുറേ പ്ലക്കാർ ഡുകളുമായി പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ വിജയം കാണാൻ അവർക്ക് സാധിച്ചില്ല. രണ്ടു മൂന്നു ദിനങ്ങൾ വീണ്ടും കടന്നു പോയി. ഇതിനിടയിൽ ആ ഗ്രാമത്തെ തന്നെ നിലനിർത്തിയിരുന്ന കിങ്ങിണിപ്പുഴ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.വെള്ളം ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നു. ഒരു ഗ്രാമം മുഴുവൻ ആശ്രയിച്ചിരുന്ന ആ പുഴ തടി മുറിക്കാൻ വന്നവരാൽ ഇല്ലാതായിരിക്കുന്നു.പ്രശ്നം ഗുരുതരം ആയി.കുളിക്കാനോ കുടിക്കാനോ ഗ്രാമത്തിൽ വെള്ളം ഇല്ലാതായി. അപ്പോഴാണ് പരിസ്ഥിതി എത്ര മാത്രം മനുഷ്യനെ സ്വാധീനിക്കുന്നു എന്ന ബോധം അവർക്കിടയിൽ ഉണ്ടായത്.അപ്പോഴേക്കും നമ്മുടെ കുട്ടികൂട്ടങ്ങൾ ആ ഗ്രാമത്തിലെ ഹീറോകളായി മാറി കഴിഞ്ഞു. എല്ലായിടത്തും കുട്ടിക്കൂട്ടങ്ങളുടെ വക ക്ളാസുകൾ,സമരങ്ങൾ. എല്ലറ്റിനും മുൻപന്തിയിൽ നേതാക്കളായി ആദിയും ആമിയും.അങ്ങനെ ആ ഗ്രാമത്തിന്റെ തന്നെ പരിശ്രമത്താൽ മഞ്ചാടിക്കുന്നിനെയും കിങ്ങിണിപ്പുഴയെയും പാതി ജീവനോടെ അവർക്ക് തിരിച്ചു കിട്ടി.അങ്ങനെ പ്രകൃതിയെയും പരിസ്ഥിതിയെയും തിരിച്ചറിഞ്ഞ ആ ഗ്രാമം പിന്നീട് മഞ്ചാടിക്കുന്നിന് മാത്ര മല്ല പല മലകളുടെയും,കുന്നുകളുടെയും രക്ഷകരായി മാറി.ആദിയും ആമിയും ആകട്ടെ തങ്ങളുടെ കളിക്കളം തിരികെ കിട്ടിയ സന്തോഷത്തിൽ ഇന്നും മഞ്ചാടിക്കുന്നിൽ ഓടികളിക്കുകയാണ്.

ഷിനി ഷൈജു
പ്ലസ്ടു കൊമേഴ്‌സ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ