നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ഗാർഹിക മാലിന്യ സംസ്കരണം
കൊറോണ കാലത്തെ ഗാർഹിക മാലിന്യ സംസ്കരണം
നമ്മുടെ വീടും പരിസരവും ലോക് ഡൗൺ കാലത്ത് ശുചീകരിക്കുന്നതിനെക്കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി .അദ്ദേഹത്തിൻറെ വാക്കുകൾ അക്ഷരാർഥത്തിൽ ബഹുഭൂരിപക്ഷം മലയാളികളും ഏറ്റെടുത്തു. അതുകൊണ്ടുതന്നെ നമ്മുടെ വീടും ചുറ്റുപാടും ഇപ്പോൾ വൃത്തിയുള്ളതാണ്. എന്നാൽ ഇനി വരുന്ന മെയ് മുതൽ ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ കാലമാണ് . സാധാരണഗതിയിൽ മഴക്കാലപൂർവ്വ ശുചീകരണം നാടെങ്ങും നടത്താറുണ്ട് .എന്നാൽ ഇന്ന് കോവിഡ് - 19 പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളിൽ അടിയുറപ്പിച്ചാണ് കേരളം മുൻപോട്ടു പോകുന്നത്. വലിയൊരു അളവുവരെ നാം അതിൽ വിജയിച്ചു എന്നതിൽ അഭിമാനിക്കുന്നതിനോടൊപ്പം ആ ജാഗ്രത തുടരേണ്ടതുമുണ്ട്. .മാലിന്യസംസ്കരണം എന്ന് പറയുന്നത് ആരോഗ്യസംരക്ഷണത്തിന്റെ ആണിക്കല്ലാണ് എന്നുതന്നെ പറയാം. ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചാലും വീടിനകത്തും പുറത്തും നാം പാലിക്കേണ്ട ശുചിത്വ മാലിന്യ സംസ്കരണത്തെ കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം. വൃത്തിയുള്ള ഒരു നാട് സൃഷ്ടിക്കാൻ ഒരുമയുള്ള ഒരു ജനതയായി നാം പ്രവർത്തിക്കണം .ഒപ്പംതന്നെ കൊതുക് ജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവയുടെ സാധ്യത നമുക്ക് തള്ളിക്കളയാൻ കഴിയില്ല. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ എല്ലാം അതിജീവിക്കുന്നതിന്ഏറ്റവും പ്രധാനപ്പെട്ടത് വ്യക്തിശുചിത്വം തന്നെയാണ്. രണ്ടാമത്തേത് ഗാർഹിക ശുചിത്വവും ,മൂന്നാമത്തേത് പൊതുഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുംആണ് . നമ്മുടെ വീടിനെ മാലിന്യമുക്തമാക്കണമെങ്കിൽ മാലിന്യം ഉണ്ടാകുന്ന സ്രോതസ്സുകൾ ഇല്ലാതാവണം.വീട്ടിലെ ഓരോ വ്യക്തിയും ഇതിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വീട്ടിലെ ഒരാളല്ല മാലിന്യം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ മുഴുവൻ അംഗങ്ങളും വീട്ടിലുണ്ടാക്കുന്ന മാലിന്യത്തെക്കുറിച്ചും, അതിൻറെ സ്വഭാവത്തെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും മനസ്സിലാക്കിയേ പറ്റൂ .വീട്ടിൽ മാലിന്യം ഉണ്ടാകുന്ന ഇടങ്ങൾ മുതൽ തുടങ്ങണം . ഇതിനായി നമുക്ക് വീടിൻറെ പുറത്തു നിന്നു തന്നെ അകത്തേക്ക് കയറാം. വീടിന്റെ ചുറ്റുവട്ടത്തുണ്ടാക്കുന്ന പ്രധാന മാലിന്യം അവിടെ ഉള്ള ചെടികളും മരങ്ങളും പൊഴിക്കുന്ന ഇലകളാണ്. ഓമന മൃഗങ്ങളെ വളർത്തുന്നവർ ഉണ്ടെങ്കിൽ അവയുടെ മാലിന്യം ഉണ്ടാകും. അതല്ല ഉപജീവനത്തിന്റെ ഭാഗമായി വളർത്തുന്ന മൃഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ മാലിന്യം ഉണ്ടാകും. വീടിനകത്തേക്ക് കയറിയാൽ പത്രമാസികകൾ, അവിടെനിന്നും ഹാളിലേക്ക് കയറിയാൽ അവിടെയും പത്രമാസികകൾ ,അലങ്കാരവസ്തുക്കളുടെ ഉപയോഗ ശൂന്യമായ ഭാഗങ്ങൾ,കഴിക്കുന്ന മധുരപലഹാരങ്ങളുടെ കവറുകൾ എന്നിവ ഉണ്ടാകും. അവിടെ നിന്നും അടുക്കളയിലേക്ക് കയറിയാൽ ഭക്ഷണം ഉണ്ടാക്കുമ്പോഴും ഭക്ഷണത്തിന് കഴിച്ചതിനുശേഷവും ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ,ഭക്ഷണം ഉണ്ടാക്കുന്നതിനു വേണ്ടി പ്ലാസ്റ്റിക് കവറുകളും ,കുപ്പികളും തുടങ്ങിയ മാലിന്യങ്ങൾ കൂടാതെ തേങ്ങയുടെ ചിരട്ട തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ ആണ് . ഇനി ബാത്ത്റൂമിലേക്ക് കയറിയാൽ എണ്ണ ,ലോഷൻ ,കണ്ടീഷനർ ഷാമ്പൂ തുടങ്ങിയവയുടെ കുപ്പികൾ ,കവറുകൾ ,പേസ്റ്ററുകൾ പല്ലുതേക്കുന്ന പഴയ ബ്രഷുകൾ തുടങ്ങിയവ ഉണ്ടാകും. ഇതിനുപുറമേ ചെറിയ കുട്ടികൾ ,കിടപ്പുരോഗികൾ ഉണ്ടെങ്കിൽ അവർക്ക് ഉപയോഗിക്കുന്ന ഡയാപ്പറുകൾ, സ്ത്രീകളുടെ നാപ്കിനുകൾ എന്നിവയും സംസ്കരിക്കേണ്ടി വരുന്ന മാലിന്യങ്ങളാണ് .ഇനി പഴയ വസ്ത്രങ്ങൾ,പാക്കിങ് വസ്തുക്കൾ . മരുന്നിൻറെ കവറുകൾ, മറ്റ് മെഡിക്കൽ മാലിന്യങ്ങൾ എന്നിവ കാണും . ഇതിനെല്ലാം പുറമേ ഇ വെയ്സ്റ്റിൽ ഉൾപ്പെടുന്ന മാലിന്യങ്ങൾ ബൾബ് ,ട്യൂബ് ,മൊബൈൽ ഫോൺ , കമ്പ്യൂട്ടർ അവയുടെ ഭാഗങ്ങൾ തുടങ്ങിയ മാലിന്യങ്ങളും ഉണ്ടാകും. ഇവയെ നമുക്ക് രണ്ടായി തിരിക്കാം. ജൈവ മാലിന്യങ്ങളും , അജൈവ മാലിന്യങ്ങളും. പുനരുപയോഗവും , പുനചംക്രമണവും നാമറിയാതെ തന്നെ നമ്മുടെ ശീലം ആയിരുന്നെങ്കിൽ ഇന്ന് തിരക്ക് വർദ്ധിച്ചപ്പോൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലത്തിലേക്ക് നാം ചുവടു മാറുകയും അജൈവ മാലിന്യങ്ങൾ കുമിഞ്ഞ് കൂടുകയും ചെയ്യില്ലാരുന്നു .അതുകൊണ്ടുതന്നെ അജൈവ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്നത് നമ്മുടെ മുൻപിൽ വെല്ലുവിളികൾ ഉയർത്തുന്നു. ഇങ്ങനെ മാലിന്യ സ്വഭാവം മനസ്സിലാക്കി കഴിഞ്ഞാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ കുടുംബത്തെയും അവരുടെ സ്ഥല സൗകര്യവും ഉപജീവനവും ബന്ധപ്പെടുത്തിക്കൊണ്ട് തീരുമാനിക്കാം. സ്ഥലം ആവശ്യത്തിന് ഉള്ളവരാണെങ്കിൽ ജൈവമാലിന്യങ്ങൾ ,വളർത്തുമൃഗങ്ങൾ ഉണ്ടെങ്കിൽ അവയ്ക്ക് കൊടുക്കുകയോ, ബയോഗ്യാസ് പ്ലാൻറ് കളിൽ നിക്ഷേപിക്കുകയോ ചെയ്യാം . അതേസമയം 5 മുതൽ 15 സെൻറ് സ്ഥലം ഉള്ളവർ ആണെങ്കിൽ ഇവിടെ ഉപയോഗിക്കാവുന്ന ചെറിയ കമ്പോസ്റ്റ് പിറ്റു മുതൽ പൈപ്പ് കമ്പോസ്റ്റിംഗ് തുടങ്ങി ഒട്ടനവധി ഉപാധികൾ ഇന്ന് ലഭ്യമാണ് .അതേസമയം വീണ്ടും ഒന്നര മുതൽ അഞ്ച് സെൻറ് സ്ഥലം ഉള്ളവരാണെങ്കിൽ അവിടേക്ക് പ്രത്യേക ഉപാധികൾ എടുക്കണം. വീട് മാത്രമേ ഉള്ളൂ എങ്കിൽ അവിടെ മുറിയിൽവെച്ച് ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ പറ്റുന്ന ഉപാധികളെ അല്ലെങ്കിൽ കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി കമ്പോസ്റ്റിങ് പോലുള്ള ഉപാധികൾ ഉപയോഗിക്കേണ്ടിവരും. നഗരപ്രദേശത്ത് ഉണ്ടാകുന്ന പ്രധാനപ്പെട്ട മാലിന്യമായ തൊണ്ട് ,ചിരട്ട തുടങ്ങിയവ കാർഷിക ആവശ്യങ്ങൾക്കായി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കും. അതേസമയം അജൈവ മാലിന്യ സംസ്കരണത്തിൽ നാം സ്വീകരിക്കേണ്ടത് ഒരേ രീതി തന്നെയാണ് .ഇവ തന്നെ പല വിഭാഗത്തിൽപ്പെട്ടവ ഉണ്ടാകും ഉപയോഗിക്കാവുന്നവ ,പുനഃചംക്രമണം ചെയ്യാവുന്നതും ചെയ്യാൻ പറ്റാത്ത വിഷാംശമുള്ള എന്നിങ്ങനെ അവയെ കൃത്യമായി തരംതിരിച്ച് മാറ്റുകയാണെങ്കിൽ ഇത് സംസ്കരിക്കാൻ ഒരു പ്രശ്നമേ അല്ല. കേരളത്തിൽ അഞ്ഞൂറോളം പഞ്ചായത്തുകളിൽ ശേഖരണത്തിനും സംസ്കരണത്തിനും കൈമാറുന്നതിനുള്ള ക്രമീകരണം സജ്ജമായി കഴിഞ്ഞു.ആ ക്രമീകരണത്തെ ഓരോ വീട്ടുകാരും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചാൽ വീട്ടിലെ ജൈവമാലിന്യ നേരത്തെ സൂചിപ്പിച്ച ഉപാധികളിലൂടെ സംസ്കരിക്കാനും അജൈവ മാലിന്യത്തെ കൃത്യമായി തരംതിരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏർപ്പെടുത്തിയ ഏജൻസികൾക്ക് പറയുന്ന യൂസർ ഫീ കൊടുത്ത് കൈമാറുകയും ചെയ്താൽ മാലിന്യസംസ്കരണം നമുക്ക് ഒരു പ്രശ്നമേ ആവില്ല .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം