നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/ശുചിത്വം എൻറെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എൻറെ കടമ

ആമുഖം 1. മനുഷ്യരും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന  അവസ്ഥയെ ശുചിത്വം എന്ന് വിശേഷിപ്പിക്കാം. വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിങ്ങനെ വേർതിരിവ്‍ കാണിക്കുന്നു എങ്കിലും ഇവയുടെ ആകെത്തുകയാണ് ശുചിത്വം. ആരോഗ്യം പോലെ തന്നെ വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഒരു സമൂഹത്തിൻറെ ആരോഗ്യം ആ സമൂഹത്തിൻറെ ശുചിത്വനിലവാരവുമായി അഭേദ്യമായി ബന്ധപെട്ടിരിക്കുന്നു. ആവർത്തിച്ചു പടർന്ന് പിടിക്കുന്ന പകർച്ചവ്യാധികൾ പലപ്പോഴും നമ്മുടെ ശുചിത്വമില്ലായ്മയുടെ അനന്തര ഫലമാണ്. വഴി നീളെയുള്ള മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും നമ്മുടെ നാടിൻറെ ശുചിത്വമില്ലായ്മയുടെ തെളിവുകളാകുന്നു. ശുചിത്വമില്ലായ്മ എന്ത്‍ കൊണ്ട്‍? 2. മനുഷ്യർ പലപ്പോഴും സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെങ്കിലും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു. പൌരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു. ഓരോരുത്തരും സ്വന്തം കടമ നിറവേറ്റിയാൽ ശുചിത്വം സ്വയം കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണെന്ൻ ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം കൈവരിക്കാം. ശുചിത്വമുള്ള ചുറ്റുപാട് നമ്മുടെ അവകാശം 3. ജീവിക്കാനുള്ള അവകാശം എന്നത്‍ നമ്മുടെ മൌലികാവകാശമാണ്. ജീവിക്കാൻ ഉള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ജീവിത ഗുണ നിലവാരത്തിൻറെ സൂചിക കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും. ജലമലിനീകരണം, വായുമലിനീകരണം എന്നിവ ശുചിത്വമില്ലായ്മയുടെ അനന്തര ഫലമാണ്. തന്മൂലം സമൂഹം പകർച്ച വ്യാധികളുടെ ആവാസ കേന്ദ്രമായി മാറുന്നു. സാമൂഹ്യ ശുചിത്വ ബോധം ഓരോ വ്യക്തികളിലും ഉണ്ടായാൽ ഒരു വ്യക്തിയും വ്യക്തിശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല. അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ സ്വയം കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. എന്താണ് മലിനീകരണം? 4. ശുചിത്വമില്ലായ്മയുടെ അനന്തരഫലമാണ് മലിനീകരണം. പലപ്പോഴും ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞു കൂടലാണ് മലിനീകരണത്തിന് മൂലകാരണമായി മാറുന്നത്‍. ഈ മാലിന്യങ്ങൾ മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും തുടർന്ന് പരിസ്ഥിതിയെയും മലിനമാക്കുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകും. ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം മാലിന്യങ്ങളല്ല.  അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. മിക്കവാറും പാഴ്വസ്തുക്കൾ പാഴ്വസ്തുക്കളാകുന്നത് അസ്ഥാനത്തിരിക്കുമ്പോഴും അവസ്ഥാന്തരം സംഭവിക്കുമ്പോഴുമാണ്. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ അവ ഉപയോഗയോഗ്യമായ വിഭവങ്ങൾ ആയി മാറും. മലിനീകരണം എങ്ങനെ? 5. വിവിധ തരം മലിനീകരണത്തെ താഴെപ്പറയുന്ന രീതിയിൽ തരം തിരിക്കാം. (a) മണ്ൺ: കാർഷികാവശ്യത്തിനായി, രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം മൂലവും വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ മൂലവും പ്ലാസ്റ്റിക്കും അജൈവവസ്തുക്കളും മണ്ണിൽ നിക്ഷേപിക്കുന്നത് മൂലവും മണ്ൺ മലിനമാകുന്നു. (b) ജലം: കക്കൂസ് മാലിന്യം, വ്യവസായശാലകളിൽ നിന്നുള്ള മാലിന്യം, രാസവളങ്ങൾ, കീടനാശിനികൾ, അഴുകിയ ഖരമാലിന്യത്തിലൂടെ ഒഴുകി വരുന്ന മാലിന്യങ്ങൾ എന്നിവ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ ജലം മലിനമാകുന്നു. (c) വായു: വ്യവസായശാലകൾ പുറംതള്ളുന്ന പുകയും വിഷവാതകങ്ങളും, വാഹനങ്ങളുടെ പുക, എ.സി., ഫ്രിഡ്ജ് എന്നിവയിൽ നിന്നുള്ള വാതകങ്ങൾ, പ്ലാസ്റ്റിക്ക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങൾ, ആണവ വികരണം എന്നിവ മൂലം വായു മലിനമാകുന്നു. (d) ശബ്ദമലിനീകരണം: വാഹങ്ങളിൽ നിന്നുള്ള ശബ്ദവും ഹോണും ഉച്ചഭാഷിണികളുമാണ് ശബ്ദമലിനീകരണത്തിന്റെ പ്രധാന ഉത്തരവാദികൾ. മാലിന്യത്തിൻറെ തരംതിരിവ്‍ 6. മാലിന്യങ്ങളെ പല രീതിയിൽ തരംതിരിക്കാവുന്നതാണ്. (a) ജൈവം-അജൈവം: മാലിന്യങ്ങളെ പ്രധാനമായും ജൈവം, അജൈവം എന്നിങ്ങനെ രണ്ടായി തരം തിരിക്കാവുന്നതാണ്. ജൈവമാലിന്യങ്ങളെ തന്നെ വീണ്ടും രണ്ടായി തിരിക്കാവുന്നതാണ്. മാരകരോഗാണുക്കളെ വഹിക്കുന്ന ജൈവമാരകമാലിന്യങ്ങൾ എന്നും ഗാർഹിക, കാർഷിക മേഖലകളിൽ നിന്ൻ വരുന്ന മാരകമല്ലാത്ത നഗരജൈവ മാലിന്യങ്ങൾ എന്നും. സ്വാഭാവിക രീതിയിൽ മണ്ണിൽ ലയിച്ച് ചേരാത്തവയാണ് അജൈവ മാലിന്യങ്ങൾ. ഇവയെ പുനരുപയോഗ സാധ്യതയുള്ളവ (Reusable), പുനഃചംക്രമണ സാധ്യതയുള്ളവ (Recyclable), ആപ്തകരമായവ, നിർഗുണങ്ങളായവ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. (c) ഖരം-ദ്രാവകം-വാതകം: മാലിന്യങ്ങളെ പൊതുവായി ഖരം, ദ്രാവകം, വാതകം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അളവ്പരമായി പരിശോധിച്ചാൽ ഖരമാലിന്യങ്ങളാണ് വലിയ പ്രശ്നമായി നിലനിൽക്കുന്നത്‍. അപകടാവസ്ഥ പരിഗണിച്ചാൽ ദ്രവമാലിന്യങ്ങളാണ് ഏറ്റവും വലിയ പ്രശ്നവും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതും. അവ ജലസ്രോതസ്സുകളിൽ എത്തുന്നതോടെ പ്രശ്നം അതീവ ഗുരുതരമാകുന്നു. വ്യവസായശാലകൾ, വാഹനങ്ങൾ, എയർകണ്ടീഷണറുകൾ എന്നിവ വ്യാപകമായ അളവിൽ മലിനവാതകങ്ങൾ പുറംതള്ളുന്നു. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങൾ കത്തിക്കുന്നതിലൂടെ വലിയ അളവിൽ വിഷവാതകം അന്തരീക്ഷത്തിൽ കലരുന്നു. (d) ഉറവിടം അടിസ്ഥാനമാക്കിയുള്ള തരംതിരിവ്: മാലിന്യത്തിൻറെ ഉറവിടം അടിസ്ഥാനമാക്കി ഗാർഹിക മാലിന്യങ്ങൾ, വ്യവസായമാലിന്യങ്ങൾ, ആശുപത്രി മാലിന്യങ്ങൾ, ഇ-മാലിന്യങ്ങൾ, ആണവ മാലിന്യങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. പ്ലാസ്റ്റിക് എന്ന വില്ലൻ 7. ആധുനിക ജീവിതത്തിൽ അവിഭാജ്യ ഘടകമാണ് പ്ലാസ്റ്റിക്. സാമ്പത്തിക ലാഭവും സൗകര്യവും പ്ലാസ്റ്റിക്കിലേക്ക് നമ്മളെ ആകർഷിക്കുന്നു. പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താൽകാലികം ആണെന്നും ദീർഘകാലാടിസ്ഥാനത്തിൽ അതുപയോഗിക്കുന്ന വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത് ഏറെ വലുതാണെന്നും ഉള്ള വസ്തുത പലപ്പോഴും നാം മറക്കുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പോളിമറുകളും ഘനലോഹങ്ങളും ഭൂമിയിലെ ജീവൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിൻറെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു. മാലിന്യ സംസ്കരണത്തിൻറെ ഭാഗമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള പല രാസാപദാർത്ഥങ്ങളും പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിഷപദാർത്ഥങ്ങൾ ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും, ചർമത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കപ്പെടുകയും തുടർന്ന് പലവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പലവിധ ഗുരുതര രോഗങ്ങൾക്ൿ കാരണമാകുകയും ചെയ്യുന്നു. മാലിന്യം എന്ത് കൊണ്ട്? 8. വീടുകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ഉപയോഗാനന്തര വസ്തുക്കൾ ശരിയായ രീതിയിൽ പരിപാലിക്കാതിരിക്കുമ്പോൾ അത് മാലിന്യമായി മാറുന്നു. ആധുനിക സംവിധാനങ്ങളും ഫാസ്റ്റ് ഫുഡ് സംസ്കാരം പോലെ ജീവിതശൈലിയിൽ വന്ന മാറ്റവും use and throw culture സംസ്കാരവും ഉപഭോഗാന്തര മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. വീടുകൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ  ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കാമെന്നിരിക്കെ അങ്ങനെ ചെയ്യാതിരിക്കുന്ന കുറ്റകരമായ നടപടി മൂലമുണ്ടാകുന്ന മാലിന്യങ്ങൾ, ഗാർഹിക അജൈവ മാലിന്യങ്ങളുടെയും  നഗര മാലിന്യങ്ങളുടെയും സംസ്ക്കരണത്തിനും പരിപാലനത്തിനും വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തതയും കാര്യക്ഷമതയില്ലായ്മയും മാലിന്യം വർദ്ധിപ്പിക്കുന്നു. കാർഷികാവശ്യങ്ങൾക്ക് രാസവസ്തുക്കളും കീടനാശിനികളും അമിതമായി ഉപയോഗിക്കുന്നത്‍ മലിനീകരണത്തിന് കാരണമായി മാറുന്നു. ശാസ്ത്രീയമായ സംസ്ക്കരണ-പരിപാലന സംവിധാനങ്ങൾ ഇന്നു ലഭ്യമാണെങ്കിലും അവ പ്രാവർത്തികമാകമാക്കാതിരിക്കുന്ന ആശുപത്രികൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിലപാടുകൾ മാലിന്യത്തിൻറെ തോത്‍ വർദ്ധിപ്പിക്കുന്നു. മാലിന്യപ്രശ്നം- പരിഹാരമെന്ത്? 9. മാലിന്യപ്രശ്നം പരിഹരിക്കാൻ മാലിന്യത്തിൻറെ ഉൽപ്പാദനം കുറയ്ക്കൽ, ഉറവിട മാലിന്യസംസ്ക്കരണം, പുനരുപയോഗം, പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നീ മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. നിയമവ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുകയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. മാലിന്യപരിപാലനം 10. മാലിന്യങ്ങളെ തരം തിരിച്ച് ഓരോതരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയിൽ ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യപരിപാലനം. മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ തരം, മണ്ണിൻറെ പ്രത്യേകത, ലഭ്യമാകുന്ന സ്ഥലം, ലഭ്യമാകുന്ന സമയം, സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ചെലവ്, ആവർത്തന ചെലവ് തുടങ്ങിയ പരിഗണിച്ചു മാത്രമേ ഏത് രീതി വേണം എന്ൻ നിശ്ചയിക്കാനാവു. (a) ഗാർഹിക മാലിന്യ സംസ്ക്കരണ മാർഗ്ഗങ്ങൾ: ഗാർഹിക മാലിന്യ സംസ്കരണത്തിന് കുഴിക്കമ്പോസ്റ്റിംഗ്, മോസ്പിറ്റ് കമ്പോസ്റ്റിംഗ്, മൺകല കമ്പോസ്റ്റിംഗ്, ബയോ പോട്ട് സിസ്റ്റം, പൈപ്പ് കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹിക ബയോബിൻസ് കമ്പോസ്റ്റിംഗ്, മിനി ബയോപെഡസ്റ്റൽ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ബിൻ / ബക്കറ്റ് കമ്പോസ്റ്റിംഗ്, ഗാർഹിക ബയോഗ്യാസ് പ്ലാൻറ് (പോർട്ടബിൾ), സോക്കേജ് പിറ്റ്‍‍ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. (b) ഫ്ലാറ്റ്/ കോളനി/ സ്ഥാപനതല മാലിന്യസംസ്ക്കരണം: കൂടുതൽ മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന ഇത്തരം സാഹചര്യങ്ങൾക്ൿ പോർട്ടബിൾ ബയോബിൻ കമ്പോസ്റ്റിംഗ്, സെൻട്രലൈസ്ട് മേസൻറി ബയോടാന്ക് കമ്പോസ്റ്റിംഗ് എന്നീ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. (c) വ്യവസായശാലകളിലെ മാലിന്യപരിപാലനം: ഓരോ വ്യവസായശാലയും അതുണ്ടാക്കുന്ന ഖര-ദ്രവ മാലിന്യങ്ങളുടെ സംസ്ക്കണത്തിനും വായു മലിനീകരണം ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ നടപടികൾ നിർബന്ധമായും ചെയ്തിരിക്കണം. (d) പൊതുസ്ഥലങ്ങളിലെ മാലിന്യപരിപാലനം: പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനും ശാസ്ത്രീയവും ഫലപ്രദവും കാര്യക്ഷവുമായ സംവിധാനങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ ഒരുക്കണം. മാലിന്യം വേർതിരിക്കൽ 11. പൊതുസ്ഥലത്തെ മാലിന്യപരിപാലനത്തിന് ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തിയിടുന്നു എന്നതാണ്. ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ചാൽ രണ്ടും ഉപയോഗപ്രദമാക്കാൻ കഴിയും. കേന്ദ്രീകൃത മാലിന്യസംസ്ക്കരണം- വെല്ലുവിളികൾ 12. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് ഒരിടത്തു കൊണ്ടു പോയി സംസ്ക്കരിക്കാമെന്നത് തികച്ചും അശാസ്ത്രീയവും അപ്രായോഗികവുമാണ്. മാലിന്യസംസ്ക്കരണത്തിന് വികേന്ദ്രീകൃത സംവിധാനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഉറവിടത്തിൽ സംസ്ക്കരിക്കുക എന്നതായിരിക്കണം നയവും കാഴ്ചപ്പാടും. ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം പ്രോത്സാഹിപ്പിക്കണം. പൊതു നന്മക്കായി കേന്ദ്രീകൃത മാലിന്യ സംസ്ക്കരണം നിരുത്സാഹപ്പെടുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ 13. മാലിന്യ നിർമ്മാർജ്ജനത്തിനായി ഏറ്റവും അനിവാര്യമായി സ്വീകരിക്കേണ്ട നടപടി, മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നത്‍ തന്നെയാണ്. പ്ളാസ്റ്റിൿ നിരോധനം അത്തരം നടപടിയുടെ ആദ്യ ചുവടായി വിശേഷിപ്പിക്കാം. അത്‍ കൂടാതെ താഴെ സൂചിപ്പിക്കുന്ന നടപടികളും അവശ്യം സ്വീകരിക്കേണ്ടതാണ്. (a) ഉറവിട മാലിന്യ സംസ്ക്കാരത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുക. (b) പൊതുസ്ഥലങ്ങൾ മാലിന്യവിമുക്തമായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. (c) മാലിന്യം നീക്കം ചെയ്യുന്നതിനും ഫലപ്രദമായി സംസ്ക്കരിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുക. (d) മലിനീകരണം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക. ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ 14. ഇന്നത്തെ ജനതയെ ശുചിത്വത്തെ സംബന്ധിച്ച അവബോധം വളർത്താൻ ആരോഗ്യ പ്രവർത്തകർക്ൿ അനിവാര്യമായ ചുമതലകൾ ഉണ്ട്‍. (a) സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ പരിപാടിയിലൂടെ വിദ്യാർത്ഥികളിൽ ശുചിത്വ ബോധം വളർത്തുക. (b) ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടേയും ഫീൽഡ് പ്രവർത്തനങ്ങളിലൂടെ ശുചിത്വബോധവും ശുചിത്വശീലങ്ങളും ജനങ്ങളിൽ വളർത്തുക. മലിനീകരണം നടത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുക. (c) അങ്കണവാടിയിലൂടെ അമ്മമാരിൽ ഗൃഹ-പരിസര ശുചിത്വം ഉറപ്പുവരുത്തുക. (d) വാർഡ്‌തല ആരോഗ്യ-ശുചിത്വ-പോഷണ സമിതിയെ കാര്യക്ഷമമാക്കി ജനപങ്കാളിത്തത്തോടെ ശുചീകരണ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. സർക്കാർ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങൾ 15. ശുചിത്വം ഉറപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങളായ ശുചിത്വ മിഷൻ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഫുഡ് സെക്യുരിറ്റി & സ്റ്റാൻഡേർഡ് അതോറിറ്റി, ആരോഗ്യ വകുപ്പ് , ദേശീയ ഹരിത ട്രൈബൂണൽ തുടങ്ങിയ ഏജൻസികൾക്ൿ അവരുടേതായ ഉത്തരവാദിത്തമുണ്ട്‍. പുനരുപയോഗം ചെയ്യുവാൻ പറ്റുന്ന വസ്തുക്കൾ കൊണ്ട് മാത്രം ഉൽപ്പനങ്ങൾ നിർമ്മിക്കുകയും അല്ലാത്തവ പ്രകൃതി സൗഹൃദമായി പുന:ചക്രമണത്തിനു വിധേയമാക്കുവാനും ഉള്ള ഉത്തരവാദിത്വം നിർമ്മാതാവിൽ നിക്ഷിപ്തമാക്കുന്ന നിയമം പല വിദേശരാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്. അത്തരം ഒരു നിയമവ്യവസ്ഥയുടെ അഭാവം കാരണം ഉൽപ്പന്നങ്ങൾ ഉപയോഗാനന്തരം വലിച്ചെറിയപ്പെടുകയാണ്. പുനരുപയോഗം ചെയ്യുവാൻ കഴിയുന്ന വസ്തുക്കൾ കൊണ്ട് മാത്രം ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ വ്യാവസായിക സ്ഥാപനങ്ങളെ നിർബന്ധിതരാക്കുന്ന തരം നിയമം അടിയന്തിരമായി നിലവിൽ വരേണ്ടത്‍ അനിവാര്യമാണ്. വ്യക്തികളുടെ ഉത്തരവാദിത്തം 16. സാമുഹിക ശുചിത്വത്തിൻറെ ആദ്യ ചുവട്‍ എന്നത്‍ വ്യക്തി ശുചിത്വം ആകുന്നു എന്നതിൽ സംശയമില്ല. മാലിന്യം ഉൽപ്പദിപ്പിക്കുന്നത്‍ കുറക്കുക എന്നത്‍ തന്നെയാണ് ഏറ്റവും ലളിതമായ മാർഗ്ഗം. കൂടാതെ താഴെപ്പറയുന്ന ഉത്തരവാദിത്തങ്ങളും ഓരോ ജനത്തിലും നിക്ഷിപ്തമായിരിക്കുന്നു. (a) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക (b) വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. (c) വീട്ടിലെ അഴുക്ക് വെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക. (d) ഫ്ലാറ്റുകളിൽ താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക. (e) വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, വ്യവസായ ശാലകൾ മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവർത്തിക്കുക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം 17. സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ മറ്റുള്ളവർക്ക് ഹാനികരമാകാതെ സ്വയം പരിപാലിക്കേണ്ടത് സ്ഥാപനം നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. നല്ല നാളേക്കായി 18. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. ഭരണസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. നമ്മുടെ സംസ്ക്കാരത്തിൻറെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തികാണിക്കാൻ കഴിയും.

നേഹ ജെ ഷിബു
8 D നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം