നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/നിനച്ചിരിക്കാതെ വന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
നിനച്ചിരിക്കാതെ വന്ന മഹാമാരി
വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മാനവരാശിയുടെ ജീവന് തന്നെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. 

കൊറോണ എന്ന പേരായ ഒരു വൈറസ് കുടുംബത്തിലെ അംഗമാണ് കോവിഡ് 19. ഇത് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് ത്വക്കിലൂടെയല്ല, കണ്ണ്, മൂക്ക്, വായ്, ചെവി എന്നിവയിലൂടെയാണ്. വായുവിലൂടെ ഈ വൈറസ് സഞ്ചരിക്കുകയുമില്ല. സ്പർശനത്തിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയും വളരെ വേഗം ഇവ പകരുന്നു. മനുഷ്യ ശരീരത്തിലെ ശ്വാസകോശത്തെയാണ് കൊറോണ വൈറസ് പിടികൂടുന്നത്. ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനകം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. വരണ്ട ചുമ, ജലദോഷം, മൂക്കൊലിപ്പ്, തുമ്മൽ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ ഇപ്പോൾ ഈ ലക്ഷണങ്ങൾ ഒന്നും പുറത്തു കാണാത്തവർക്കും കോവിഡ് ബാധ കാണുന്നുണ്ട് എന്നത് നമ്മെ പേടിപ്പെടുത്തുന്ന സംഗതിയാണ്.

ചൈനയിലെ 'വുഹാൻ' പ്രവിശ്യയാണ് കൊവിഡ് 19 ന്റെ പ്രഭവകേന്ദ്രം. ലോകത്താകെ മരണസംഖ്യ ഇപ്പോൾ ഒന്നര ലക്ഷം കടന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം ഇരുപത്തിഒന്നു ലക്ഷം പിന്നിട്ടു. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ചൈന, സ്പെയിൻ, ജർമ്മനി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് മരണനിരക്ക് ഉയർന്നു നിൽക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചു കേരളത്തിൽ ആലപ്പുഴയിലാണ്.  ചൈനയിൽ നിന്നും വന്ന 

ഒരു മെഡിക്കൽ വിദ്യാർത്ഥിക്കാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തവും കൃത്യവുമായ ഇടപെടലിലൂടെ രാജ്യത്തും സംസ്ഥാനത്തും രോഗവ്യാപനം ഒരു പരിധി വരെ തടയുവാൻ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്. കോവിഡിനെ നേരിടുന്ന കാര്യത്തിൽ മാനവരാശിയാകെ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ, ലോകത്ത് ഇന്ത്യയും, രാജ്യത്ത് കേരളവും തലയുയർത്തി തന്നെ നിൽക്കുന്നുണ്ട് എന്നത് ആശ്വാസവും അഭിമാനവും നൽകുന്നുണ്ട്.

  കൊറോണ വൈറസിനെ അകറ്റി നിർത്തുവാൻ നിലവിൽ സാമൂഹ്യഅകലം പാലിക്കുക എന്ന ഒറ്റ വഴിയേ നമുക്ക് മുന്നിൽ ഉള്ളൂ. ഒപ്പം നല്ല ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം.  കഴിവതും വീട്ടിൽ തന്നെ ഇരിക്കുകയും കൃത്യമായ ഇടവേളകളിൽ സോപ്പുപയോഗിച്ച് കൈ കഴുകുന്നതിലൂടെയും രോഗവ്യാപനം തടയാം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോവുകയും അത്തരം വേളകളിൽ മാസ്ക് ധരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.  ഒരു സാനിറ്റൈസർ കയ്യിൽ കരുതുന്നതും നല്ലതായിരിക്കും. 

     നിനച്ചിരിക്കാതെ കടന്നു വന്ന ഈ മഹാമാരിയെ നമ്മൾ നേരിടുക തന്നെ ചെയ്യും. അതിനായി നാം നമ്മുടെ നിലവിലെ ജീവിത രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരും. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, ജീവിത ചെലവുകൾ നിയന്ത്രിക്കുക, വിശ്രമവേളകൾ ഫലപ്രദമായി വിനിയോഗിക്കുക (കൃഷി ചെയ്യുവാനും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും) തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കേണ്ടതായുണ്ട്.

ആശങ്കപ്പെടാതെ എന്നാൽ കരുതലോടെയിരുന്നാൽ ഈ ദുരന്തത്തെയും നമുക്ക് മറികടക്കാനാവും, തീർച്ച...

ഗൗരി എസ്.ബാലു
7.ബി. നളന്ദ ടി.ടി.ഐ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം