നമ്പ്രത്തുകര യു. പി സ്കൂൾ/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
പിറന്നാൾ സമ്മാനം

" എഴുന്നേക്കണുണ്ടോ പൊന്നു നീയ് .... ഇതിപ്പം എന്നും ഇങ്ങനെ ആണല്ലോ?" ഞാൻ പതുക്കെ കണ്ണുതുറന്ന് നോക്കി . അമ്മ എന്നെ പിടിച്ചുകുലുക്കുകയാണ്. ഇന്നും മാറ്റമൊന്നും ഇല്ലല്ലോ?പുള്ളിക്കോഴികളെ ഏതോ ജീവി പിടിച്ചുകൊണ്ടു പോകുന്നു.ഇത് തന്നെയല്ലേ ഇന്നലത്തെയും സ്വപ്നം. "കോഴികളെ കയ്യിൽ കിട്ടിയിട്ടു പോലുമില്ല ,അതിനുമുമ്പേ തുടങ്ങി കരച്ചിലും ബഹളവും " . സ്വപ്നം കണ്ട് കരഞ്ഞതിന് അമ്മ ദേഷ്യപ്പെട്ട് നിക്ക്വാണ്. എന്നാലും എനിക്ക് സന്തോഷമായി , കോഴികളെ ശരിക്കും കൊണ്ടുപോയില്ലല്ലോ... 

          പിറന്നാളാവാൻ ഇനിയൊരു ആഴ്ച കൂടിയേ ഉള്ളു. പിറന്നാളിൻ്റെ അന്ന് ഞാൻ എൻ്റെ കാശുകുടുക്ക പൊട്ടിക്കും രണ്ട് കോഴിക്കുഞ്ഞുങ്ങളെ വാങ്ങും. അച്ഛൻ കഴിഞ്ഞ പിറന്നാളിന് സമ്മാനമായി തന്നതാണ് കാശുകുടുക്ക. അടുത്ത പിറന്നാളാവുമ്പോഴേക്കും കാശുണ്ടാക്കിയാൽ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരാമെന്നാണ് അച്ഛൻ പറഞ്ഞത്.

           എന്നാൽ പെട്ടന്ന് അസുഖം വന്ന് അച്ഛൻ കിടപ്പിലായി. ഇനി ആരാ എനിക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരികാ എന്നതായിരുന്നു എൻ്റെ സങ്കടം . എൻ്റെ കരച്ചിൽ കണ്ട് അമ്മ കോഴിക്കുഞ്ഞുങ്ങളെ വാങ്ങിത്തരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

            അന്ന് തൊട്ട് ഞാൻ എൻ്റെ പിറന്നാളിനായി കാത്തിരിക്കാൻ തുടങ്ങി.സ്വർണ്ണക്കണ്ണുള്ള രണ്ട് കോഴിക്കുഞ്ഞുങ്ങളെ ഒരാണും ഒരു പെണ്ണും. ആൺ കോഴി വലുതാവുമ്പോൾ അതിൻ്റെ തലയിൽ കിരീടം പോലെ നല്ല ചുവന്ന പൂക്കൾ ഉണ്ടാവും എന്ത് രസമായിരിക്കും കാണാൻ !

   ഹായ്... പണ്ടൊരു ദിവസം കൊച്ചച്ചൻ്റെ വീട്ടിൽ കണ്ടിട്ടുണ്ട് തലയിൽ പൂവുള്ള കോഴികളെ . അന്നുതൊട്ടുള്ള കൊതിയാ . ഇനിയിപ്പോ അധികം കാത്തിരിക്കണ്ടല്ലോ.       

    പതിവ് പോലെ അമ്മ  ചക്കപ്പുഴുക്കും കട്ടൻ ചായയും കൊണ്ടത്തന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. ഇന്നും ചക്ക തന്നെ ഇതിപ്പോ പത്തിരുപത് ദിവസായി ... ഹോ! ഈ ലോക്ക് ഡൗൺ ഒന്നു മാറിയിരുന്നെങ്കിൽ.... സ്കൂളിൽ വെച്ച് സാറാ ആദ്യം പറഞ്ഞുതന്നത്  കൊറോണ എന്നൊരു വൈറസ് ലോകമാകെ പടരുന്നുണ്ടെന്നും കുറേ ആളുകൾ മരിച്ചു പോയെന്നുമൊക്കെ കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്നും പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് വെയ്ക്കണമെന്നും .

         അമ്മ എപ്പോഴും വിഷമിച്ചിരിക്കുന്നത് കാണാം എന്തിനാണെന്ന് ആദ്യമൊന്നും എനിക്ക് മനസ്സിലായില്ല എന്നാൽ ഇപ്പോൾ ശരിക്കും മനസ്സിലായി .അമ്മ ഒരു ചെരുപ്പു കമ്പിനിയിൽ പോയി കിട്ടുന്ന കാശു കൊണ്ടായിരുന്നു അച്ഛൻ്റെ മരുന്നും വീട്ടിലെ ചെലവും നടത്തിയിരുന്നത് . കമ്പിനി അടച്ചതുകാരണം  അമ്മയ്ക്ക് ഇപ്പോൾ പണിയില്ല അച്ഛൻ്റെ മരുന്നു പോലും വാങ്ങാൻ പറ്റാതെ ആയി.

              ഇടയ്ക്കാരോ വീട്ടിൽ വന്ന് കുറച്ചരിയും സാധനങ്ങളും തന്നു ." കുറച്ചു ദിവസത്തേക്ക് സമാധാനമായി " എന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടു .അമ്മയ്ക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും മുഖം ചുവക്കും. ഇന്നിപ്പോ ചക്കപ്പുഴുക്ക് വേണ്ടെന്ന് പറഞ്ഞപ്പോ ആ ചുവന്ന കവിളുകളിലൂടെ കണ്ണീർ ഒഴുകുന്നത് കണ്ട് എനിയ്ക്ക് സങ്കടമായി .ഇതിപ്പോ ഞാനല്ലേ അമ്മയെ കരയിച്ചത്. രണ്ട് നേരവും ചക്ക തിന്ന് മടുത്തു അതു കൊണ്ട് പറഞ്ഞു പോയതല്ലേ.... ഞാൻ ഒന്നും മിണ്ടാതെ ചക്ക കഴിച്ചു.

         കാശുകുടുക്ക കിട്ടിയതിൽ പിന്നെ ഞാനൊരു മിഠായി പോലും വാങ്ങിയിട്ടില്ല . ആ പൈസ കൂടി കുടുക്കയിൽ ഇടും . ഇടയ്ക്കിടെ കനം കൂടിയോന്നറിയാൻ കുടുക്ക കൈയ്യിലെടുത്തു നോക്കും പെട്ടന്നാണ് അമ്മ എൻ്റെ അടുത്ത് വന്നത് , കയ്യിൽ എൻ്റെ കുടുക്കയും ഉണ്ട് . എന്തോ പറയാൻ തുടങ്ങിയിട്ട് ഒന്നും മിണ്ടാതെ അമ്മ അകത്തേക്കു തന്നെ പോയി .ഞാൻ പതുക്കെ അച്ഛൻ കിടക്കുന്ന കട്ടിലിൽ പോയിരുന്നു . അച്ഛൻ റേഡിയോയിൽ വാർത്ത കേൾക്കുകയാണ് . ഞാനും കുറച്ച് നേരം മിണ്ടാതെ കേട്ടിരുന്നു .കൊറോണ തന്നെയായിരുന്നു പ്രധാന വിഷയം . എനിക്കാകെ സങ്കടം വന്നു . എത്ര പേരാ മരിച്ചു പോവുന്നത്? എത്ര പേർക്കാ പണിയില്ലാതെയായത് ? ഇപ്പോ എനിക്കെന്താ ചെയ്യാൻ പറ്റാ ? അന്നു രാത്രി മുഴുവൻ ഞാൻ അതാലോചിച്ച് ഉറക്കം വരാതെ കിടന്നു .ഒരു കാര്യം ഉറപ്പിച്ചു കൊണ്ടാണ് ഞാൻ രാവിലെ എണീറ്റത് .മടിച്ച് മടിച്ച് അമ്മയോട് കാര്യം പറഞ്ഞു . അമ്മ ഒന്നും മിണ്ടിയില്ല . അച്ഛനോടും പറഞ്ഞു നോക്കി . ഒന്നും മിണ്ടിയില്ലെങ്കിലും അച്ഛൻ എന്നെ നോക്കി  ഒന്നു ചിരിച്ചു.


             പിറന്നാളിൻ്റെ അന്ന് രാവിലെ എൻ്റെ സ്കൂളിലെ ഹെഡ്മാസ്റ്ററും വേറെ ചിലരും വീട്ടിൽ വന്നു. അമ്മ എന്നെ അവരുടെ അടുത്തേക്ക് വിളിച്ചു . അമ്മ പറഞ്ഞിട്ടാണ് അവർ വന്നത് . എൻ്റെ ആഗ്രഹം സാധിപ്പിച്ചു തരാൻ...അവരിലൊരാൾ എനിക്ക് ഫോൺ തന്നു കൊണ്ട് പറഞ്ഞു ." മുഖ്യമന്ത്രിയാണ്, മോള് പറഞ്ഞോളൂ " .... പേടിച്ചു വിറച്ചു കൊണ്ടാണ് ഞാൻ ഹലോ പറഞ്ഞത് . സർ എന്നെ അഭിനന്ദിച്ചു . ഞാൻ ചെയ്യുന്നത് ഒരു വലിയ മാതൃകയാണെന്ന് പറഞ്ഞു . എൻ്റെ കാശുകുടുക്ക മാത്രമല്ല സ്വപ്നങ്ങൾ കൂടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതെന്ന് ഹെഡ് മാഷ് പറഞ്ഞപ്പോൾ എനിക്ക്  സന്തോഷവും അഭിമാനവും തോന്നി . ഒപ്പം മുഖ്യമന്ത്രിയെ ഫോൺ വിളിച്ചതിൽ കുറച്ച് അഹങ്കാരവും . അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, എൻ്റെ നാടിന് ' പിറന്നാൾ സമ്മാനം ' നൽകിയ സന്തോഷത്തോടെ .......

വേദലക്ഷ്മി . ജി
3 B നമ്പ്രത്തുകര യു. പി സ്കൂൾ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ