നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ കൊച്ചു ദു:ഖം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊച്ചു ദു:ഖം


അമ്മേ അച്ഛൻ ഇന്നലെ വന്നൂലോ, എന്നിട്ട് എന്താ നമ്മളെ കാണാൻ വരാഞ്ഞത്?” അവന്റെ കണ്ണുകളിൽ നിരാശയും, ഈർഷ്യയും, സങ്കടവും എല്ലാം നിറഞ്ഞു നിന്നു.
"ഉണ്ണി, നീ കിടന്ന് ഉറങ്ങിക്കോ, അച്ഛൻ കുറച്ചു ദിവസം കഴിഞ്ഞു ഇങ്ങെത്തും”.അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
”എനിക്ക് ചോക്ലേറ്റ്, പുതിയ ഉടുപ്പ്, കളിപ്പാട്ടം എല്ലാം കൊണ്ടു തരാമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്നെ കാണാൻ കൂടി വന്നില്ല”.അവന്റെ തൊണ്ട ഇടറി.
“എന്റെ ഉണ്ണി നീ വിഷമിക്കണ്ട അച്ഛൻ വരാതിരിക്കില്ല,നീ പറഞ്ഞത് എല്ലാം കൊണ്ടു തരും. നിനക്ക് അല്ലാതെ മറ്റാർക്കാ അത് എല്ലാം കൊണ്ടു വരണേ”.
“എന്നാൽ അമ്മ പറഞ്ഞുതാ ഉണ്ണിക്ക്, അച്ഛൻ എന്താ വരാത്തത്?എന്നോട് പിണക്കം ആണോ അച്ഛൻ?”
“അച്ഛന് നിന്നോട് ഒരു പിണക്കവും ഇല്ല .ഞങ്ങൾക്ക്‌ ആകെ നീ അല്ലെ ഉള്ളു, അച്ഛൻ ഇങ്ങോട്ട് വരാത്തതിന് കാര്യം ഒരു വൈറസ് ആണ്”.
‘വൈറസ് ' .ഉണ്ണി സ്കൂളിൽ വെച്ച് ഈ വാക്ക് കേട്ടിട്ടുണ്ട്. അവൻ ചോദിച്ചു "എന്താ ഈ വൈറസ്?"
അമ്മ പറഞ്ഞു തുടങ്ങി. “മോൻ സ്കൂളിൽ പഠിച്ചിട്ടുണ്ടല്ലോ ഏക കോശ ജീവികൾ എന്നും ബഹുകോശ ജീവികൾ എന്നും. ഇതിൽ രണ്ടിലും പെടാത്തവയാണ് വൈറസ്. ജീവനുള്ളവയുടെ ശരീരത്തിൽ എത്തിയാൽ മാത്രം ജീവിക്കാൻ കഴിയുന്നവ. മരണ കാരണം ആയേക്കാം ഇവ ".
ഉണ്ണിക്കു ആകാംക്ഷ വർധിച്ചു. ജീവശാസ്ത്രം അവന് വലിയ ഇഷ്ടം ആണ്. എന്നാൽ വൈറസും അച്ഛൻ വീട്ടിൽ വരാത്തതും തമ്മിൽ എന്താ ബന്ധം? അമ്മയോട് ചോദിച്ചു. ഇപ്പോൾ ലോകത്തിലെ ആകെ ജനങ്ങെളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന് വൈറസ്. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി സസ്‌തനികളിൽ രോഗകാരി ആയേക്കാവുന്ന ഒരു കൂട്ടം RNA വൈറസുകൾ കൊറോണ എന്ന പേരിൽ അറിയപ്പെടുന്നു. ഗോളാകൃതിയിൽ ഉള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റ സ്ഥരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണം ആണ്. വളരെ വേഗത്തിൽ ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നു.
"മോന്റെ അച്ഛനെ പോലെ വിദേശത്തുനിന്നും വരുന്നവരെ 14 ദിവസത്തെ നിരീക്ഷണ കാലാവധി കഴിഞ്ഞു മാത്രമേ വീട്ടിലെക്ക്‌ അയക്കുകയുള്ളു."
അവന് പേടി തോന്നി. അപ്പോൾ.... അച്ഛന് കൊറോണ ഉണ്ടോ..?
14ദിവസം കഴിഞ്ഞാലേ അറിയാൻ കഴിയുകയുള്ളൂ. “ നാടിനു വേണ്ടിയും, നാട്ടുകാർക്ക്‌ വേണ്ടിയും ആണ് അച്ഛനെ പോലെ ഉള്ളവർ സ്വന്തം കുടുംബത്തെപോലും കാണാതെ ഇങ്ങനെ കഴിയുന്നത്. അതിൽ നമുക്ക് അഭിമാനിക്കാം ഉണ്ണി”. അമ്മ അവനെ മാറോട് ചേർത്തു.
“കൊറോണയുടെ ലക്ഷണം എന്തൊക്കെ ആണ് അമ്മേ?” “പ്രധാനമായും ശ്വാസനാളിയെ ആണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, പനി, തല വേദന, വയറിളക്കം.. തുടങ്ങിയവ ആണ് ലക്ഷണങ്ങൾ. പ്രതിരോധ വ്യവസ്ഥ കുറഞ്ഞവരിൽ, അതായത് പ്രായം കൂടിയവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവരിൽ വൈറസ് പിടിമുറുക്കുയും ചെയ്യും. ഉണ്ണി സൂക്ഷിക്കണം.”
“ഞാൻ എന്താണമ്മേ ചെയ്യണ്ടതു?”
“ പറയാം, കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം, മുഖത്തു എപ്പോഴും സ്പർശിക്കരുത്, അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, മുഖാവരണം ധരിച്ചു പുറത്തു പോകുക, ചുമക്കുമ്പോഴും, തുമ്മുമ്പോഴും വായും മൂക്കും പൊത്തുക.”
“ ഒക്കെ ചെയ്താൽ രോഗം വരില്ല അല്ലെ,അമ്മേ?”
"ഇല്ല, ഇതൊക്കെ ചെയ്താൽ വൈറസ് ഉണ്ണിയുടെ അടുത്തേക്ക് പോലും വരില്ല !, വീട്ടിൽ ഇരുന്നുള്ള കളികൾ മതി. 14 ദിവസം കഴിഞ്ഞു അച്ഛൻ വരും ഉണ്ണിയെ കാണാൻ. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നമ്മേ സഹായിക്കാൻ തയാറായി നമ്മോടൊപ്പം ഉണ്ട്. അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക, കേട്ടോ?”അവൻ തലയാട്ടി.
അച്ഛൻ വരുമല്ലോ, അതുമതി. അവൻ സമാധാനമായി ഉറങ്ങി.

വിപിൻ വി
6 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ