നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/മാതാ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
മാതാ ഭൂമി പുത്രോ ഹം


ഇന്ന് ലോക ജനത തന്നെ ഉറ്റു നോക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് പരിസ്ഥിതി മലിനീകരണം .അതുകൊണ്ട് തന്നെ പരിസ്ഥിതി എന്ന വിഷയം ഏറെ ചർച്ചാ വിഷയം ആയി കൊണ്ടിരിക്കുന്നു .പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചു കൊണ്ടുള്ള ആധുനിക മനുഷ്യന്റെ കടന്ന് കയറ്റം തന്നെ ഒരു പ്രധാന വെല്ലുവിളിയാണ്. ആധുനിക വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ സ്വാഭാവികത നഷ്ടം ആക്കി കൊണ്ട് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കോടാനുകോടി വർഷങ്ങളായി നമ്മുടെ ഭൂമിയിൽ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും ധാരാളം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കന്നു. മഞ്ഞും മഴയും കാറ്റും കരയും കടലും മറ്റെല്ലാ ആകാശഗോളങ്ങളിൽ നിന്നും നമ്മെ വ്യത്യസ്തമാക്കി. പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കണിക ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ ഒരു കോട്ട തന്നെ ആയി മാറി .,സുന്ദരമായ ഈ ഭൂമിയുടെ ഓരോ കോണും സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായി മാറി കഴിഞ്ഞു ,എന്നാൽ പല ശാസ്ത്ര ശാഖകളും പരിസ്ഥിതിയെ പലതായി നിർവ്വചിച്ചിരിക്കുന്നു. എല്ലാവർഷവും നാം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാറുണ്ട് പക്ഷേ അതൊരു ദിനാചരണത്തിനപ്പുറം ഒരു ദിനചര്യയായി ആരും തന്നെ ആ ചരിക്കുന്നില്ല എന്നതാണ് വാസ്തവം. ആഗോളതാപനം, മലിനീകരണം, വരൾച്ച ,പ്രകൃതി ക്ഷോഭം, വനനശീകരണം നിരവധി പ്രശ്നങ്ങളാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ട് നാം നേരിടുന്നത് .അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ ഒരു (പധാന പ്രമേയം ആക്കിയിരിക്കുന്നു .2020 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രധാന പ്രമേയം ജൈവ വൈവിധ്യം എന്നതാണ് .കേവലം ഒരു പോസ്റ്റർ നിർമ്മിക്കുകയും സെമിനാർ അവതരിപ്പിക്കുകയും അല്ലെങ്കിൽ ബോധവത്കരണ ക്ലാസ് എടുക്കുന്നതിലും തീരും നമ്മുടെ ജൈവ വൈവിധ്യം. മറിച്ച് പ്രകൃതിയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ നാം പ്രാപ്തരാകണം. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ മനുഷ്യരിൽ നിന്നും എവിടെയാണ് ആധുനിക കാലത്തെ ജനതയ്ക്ക് തെറ്റ് പറ്റിയ തെന്ന് കണ്ടെത്തി പ്രശ്ന പരിഹാരം നടത്തണം. ആദിമ ജനതയ്ക്ക് പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു അവയെ നീതിപൂർവ്വം വിനിയോഗിച്ച് വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിച്ചത് അവരുടെ പ്രകൃതി ബോധം കൊണ്ടാണ് .അതുകൊണ്ട് ഹരിതാഭമായ ഒരു ചുറ്റുപാടിൽ ജീവിക്കാൻ നമുക്ക് ഭാഗ്യം സിദ്ധിച്ചു .കാലക്രമേണ വ്യാവസായിക വിപ്ലവവും അതിലൂടെ വളർന്നു വന്ന മുതലാളിത്ത ശക്തികളും ശാസ്ത്ര രംഗത്തെ പുരോഗതിയും ലാഭവും മാത്രം ലക്ഷ്യം വെച്ചപ്പോഴാണ് പരിസ്ഥിതി നമ്മുടെ ഉപയോഗത്തിന് വേണ്ടി ഉള്ളതാണെന്ന തോന്നൽ നമ്മുടെ ആധുനിക ജനതയ്ക്ക് ഉണ്ടായത്. ഇതോടു കൂടി സാമ്രാജ്യത്വം കോളനികളിലെ ജൈവ കലവറ കൊള്ളയടിക്കാൻ തുടങ്ങി. ദാഹജലം ഊറ്റി എടുത്ത് വൻകിട കമ്പനികൾക്ക് തീറെഴുതി കൊടുത്തു തുടങ്ങി .ഇതോട് കൂടി തന്നെ പ്രകൃതിയുടെ മാറിൽ തകർച്ചയുടെ ഇടിനാദം മുഴങ്ങി. മണ്ണും, മലയും, പുഴയും തുടങ്ങിയവ എല്ലാം തന്നെ സ്വാർത്ഥം ആയ ലാഭത്തിന് വേണ്ടി നശിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്.
ഇത്തതരത്തിലുള്ള അശാസ്ത്രീയമായ, മനുഷ്യന്റെ ,പ്രകൃതിയിലെ കൈ കടത്തലുകൾ തുടർന്ന് കൊണ്ടേയിരുന്നു .എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതയ്ക്ക് എല്ലാം അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. പുഴകളും, നദികളും വറ്റിവരണ്ടു.കാലം തെറ്റി ചെയ്യുന്ന പേമാരി, വരൾച്ച അടിക്കടി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ, ആഗോള താപനം എന്നിവ അനിയന്ത്രിതമായി തുടർന്ന് കൊണ്ടേയിരിക്കുന്നു
ഇതോട് കൂടി ഭൂമിയിൽ വരും തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറയ്ക്ക് പോലും ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കൊണ്ടാണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്. 1962 ൽ പിറവി എടുത്ത റേച്ചൽ കഴ്സൺ രചിച്ച നിശബ്ദ വ സന്തം എന്ന പരിസ്ഥിതിയുടെ ബൈബിൾ പുറത്ത് ഇറങ്ങിയതോട് കൂടി പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം കൂടി വന്നു. ഡിഡിറ്റി എന്ന മാരക വിഷം ഇല്ലാതാക്കിയ അമേരിക്കയിലെ ഒരു പ്രദേശത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത് .ഇതിനോടനുബന്ധിച്ചാണ് 1972-ൽ സ്റ്റോക്ക് ഹോമിൽ ആണ് ലോക രാജ്യങ്ങൾ ഒരുമിച്ച ആദ്യ പരിസ്ഥിതി സംഗമം നടന്നത്. ഈ സംഗമത്തിന്റെ ഭാഗമായാ ണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. 'ദൈവത്തിന്റെ സ്വന്തം നാട്' ആയ കേരളത്തിന് അഭിമാനിക്കാൻ നിരവധി സവിശേഷതകളുണ്ട്. സാക്ഷരതയുടേയും ആരോഗ്യത്തിന്റെയും വൃത്തിയുടേയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുൻ പന്തിയിൽ തന്നെയാണ് .നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ നാം പിന്നിലായി പോയി .സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം നോക്കി സ്വാർത്ഥതയുടെ പര്യായം ആയി മാറിയ മലയാള നാടിന്റെ പോക്ക് വളരെ അപകടത്തിലേക്കാണ്. ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴകളിൽ അഴുക്കുകൾ നിറഞ്ഞ് മലിനo ആയിക്കൊണ്ടിരിക്കുന്നു .മാലിന്യം നിറഞ്ഞ നഗരങ്ങൾ .44 നദികളാൽ സമ്പന്നമായ കൊച്ച് കേരളത്തിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം .കാലം തെറ്റി വരുന്ന മഴ .ചുട്ടുപൊളുന്ന പകലുകൾ .പാടത്തും പറമ്പത്തും വാരി കോരി ഒഴിക്കുന്ന കീടനാശിനികൾ വിഷമയമാക്കിയ പച്ചക്കറികൾ. സാംക്രമിക രോഗങ്ങൾ. ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ. കാർഷിക സംസ്കൃതിയുടെ പിൻതുടർച്ചക്കാരായ നാം ജൈവകൃഷിയിലൂടെ രാസ മലിനീകരണം ഇല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ട് ."മാതാ ഭൂമി പുത്രോ ഹം പൃഥിവാ"( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ മന്ത്ര പ്രകാരം പ്രകൃതിയെ അമ്മയായി കണ്ട് സംരക്ഷിക്കുവാനും നിലനിർത്തുവാനും കഴിയണം. ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയുമായും ഓക്സിജനുമായും അധിക കാലം ഈ ഭൂമിയിൽ നമുക്ക് ജീവിക്കാൻ ആകില്ല എന്നത് തീർച്ചയാണ് .അതിനാൽ മനുഷ്യനെ പ്രകൃതിയുമായി എന്തു വില കൊടുത്തും ഇണക്കി ചേർക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ് .അങ്ങനെയാണെങ്കിൽ പരിസ്ഥിതി സൗഹാർദ്ദമായ ഒരു അന്തരീക്ഷത്തിൽ നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും ജീവിക്കാൻ കഴിയും.


നന്ദന ശങ്കർ
9 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം