Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശ
ശാസ്ത്രത്തിൻ്റെ വികസനം കുതിച്ചു പായുന്ന ഈ കാലഘട്ടത്തിൽ അജയ്യനായി വാഴുന്ന മാനവന്റെ തോളിൽ മാറാപ്പായി തറച്ചിരിക്കുകയാണ് ലോക രാജ്യങ്ങളെയെല്ലാം ഭീതിയിലാഴ്തിയ കോവിഡ്- 19 എന്ന മഹാമാരി . ഇതിനെ തുടച്ചു മാറ്റാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .
സ്വന്തം സുഖങ്ങൾ ത്യജിച്ച് ലോകത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഒരു പറ്റം ശാസ്ത്രജ്ഞൻമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും ശ്രമഫലമായി ഉടലെടുത്ത ചില മുൻകരുതലുകൾ ശാസ്ത്രീയമായി പാലിച്ചാൽ തൊണ്ണൂറു ശതമാനം വരെ ഈ ഭീകരനെ നമുക്ക് അകറ്റി നിർത്താം. ചെറിയ തൊണ്ടവേദനയിലോ ജലദോഷപ്പനിയിലോതുടങ്ങുന്ന ഈ രോഗം മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നു . പ്രതിരോധ മരുന്നുകളോ അസുഖം ഭേദമാക്കാനുള്ള മരുന്നുകളോ കണ്ടു പിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ വൻ ഭീതിയിലാണ് ലോകം .
ആരോഗ്യവകുപ്പിൻ്റെ വിവിധ തലങ്ങളിലുള്ളവരുടെയും പോലീസ് ഡിപ്പാർട്ട്മെൻ്റ് അതു പോലെ സേവന സന്നദ്ധതയുള്ള പല ആളുകളുടേയും ശ്രമഫലമായി നമ്മുടെ നാട്ടിൽ ഒരു പരിധി വരെ ഈ മഹാമാരിയെ നിയന്ത്രിച്ചു നിർത്തുവാൻ സാധിച്ചിട്ടുണ്ട് . കൊറോണയുടെ കറുത്ത കരങ്ങളിൽ നിന്ന് നാമോരോരുത്തരേയും നമ്മുടെ കുടുംബത്തേയും നമ്മുടെ നാടിനേയും സംരക്ഷിക്കാൻ നാം ചില പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് .
ഏറ്റവും പ്രധാനമാണ് വ്യക്തി ശുചിത്വം .അതു പോലെ തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതും പ്രധാനം തന്നെ .
വ്യക്തി ശുചിത്വത്തിനു വേണ്ടി പ്രധാനമായും ചെയ്യേണ്ടത് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക എന്നതാണ് .കൊറോണ വൈറസിന്റെ ഘടനയുടെ സവിശേഷതകൾ മൂലം അവയ്ക്ക് വായുവിലുടെ ബഹുദൂരം സഞ്ചരിക്കാൻ ശേഷിയില്ല . സ്പർശനത്തിലൂടെയാണ് കൂടുതലും പകരുന്നത് . വൈറസിന്റെ ഉപരിതലത്തിലുള്ള കൊഴുപ്പിന്റെ സഹായത്തോടെ അവ മനുഷ്യ ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നു . സോപ്പ് ഈ കൊഴുപ്പിനെ ഇല്ലാതാക്കി വൈറസിനെ നശിപ്പിക്കുന്നു .അടുത്ത ഒരു കാര്യമാണ് രോഗ പ്രതിരോധശേഷി .
മനുഷ്യ ശരീരം സ്വയരക്ഷയ്ക്കായി നിർമ്മിച്ചിരിക്കുന്ന ഒരു വലിയ ശൃംഘല തന്നെയുണ്ട് . അതാണ് രോഗ പ്രതിരോധശേഷി .
രോഗപ്രതിരോധശേഷി കുടുതൽ ഉള്ളവർക്ക് കോവിഡ്- 19 വരാനുള്ള സാധ്യത കുറവാണ് അതിനാൽ നാം കഴിവതും നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള പ്രകൃതിദത്തമായ നടപടികൾ സ്വീകരിക്കണം .
അടുത്തതായി കൈയിൽ കരുതേണ്ട രണ്ട് കാര്യങ്ങൾ ഫേസ് മാസ്ക്കും സാനിറ്റൈസറും ആണ് . രോഗമുള്ളവരും ഇല്ലാത്തവരും മാസ്ക് ധരിക്കുന്നത് നല്ലതാണ് .
അടുത്തതായി ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ സാമൂഹിക അകലം പാലിക്കുക .
മേൽ പറഞ്ഞ കാര്യങ്ങളിൽ അല്പം ശ്രദ്ധ പുലർത്തിയാൽ ജീവിത രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ കൊറോണയെ അകറ്റി നിർത്താം .
ലോകമെമ്പാടും ദു:ഖവും ദുരിതവും ആശങ്കയും നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ സർവ്വരുടേയും ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു നാളേയ്ക്കു വേണ്ടി പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|