ദേവമാതാ ഹൈസ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്

"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്ക് ആത്മശാന്തി " കവികൾ ദീർഘദർശികൾ ആണെന്ന് പറയാറുണ്ട്. ആ ദീർഘദർശനത്തിന്റ പ്രതിഫലനമാണ് ഈ വരികളിൽ നിഴലിച്ചു നിൽക്കുന്നത്.ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതിന്റ പതിന്മടങ്ങ് വേഗത്തിൽ മനുഷ്യനും മരിച്ചുകൊണ്ടിക്കുകയാണ് എന്ന സത്യം അവൻ പലപ്പോഴും വിസ്മരിക്കുകയാണ്.മനുഷ്യൻ സൃഷ്ടികളിൽ മഹനീയനാണ് എന്നതിൽ സംശയമില്ല. എന്നാൽ നിലവിലുളള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ അവൻ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കയാണ്.മലനിരകളും താഴ് വാരങ്ങളും നീർചോലകളും നീർ പക്ഷികളും പവിഴച്ചാർത്തണിഞ്ഞ വയലേലകളും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു.കുന്നുകൾ നിരത്തിയും തണ്ണീർത്തടങ്ങളും വയലേലകളും മണ്ണിട്ടു മൂടിയും അംബരചുംബികളായ ഗോപുരങ്ങൾ കെട്ടിയുണ്ടാക്കി അവൻ എല്ലാം നേടിയിരിക്കുന്നു എന്ന വ്യർത്ഥത്തിൽ മുഴുകിയിരിക്കുന്നു. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേയ്ക്ക് മാറിയിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുളള നിക്ഷേപശാലയും, ഭൂമിയെ കല്ലും തടിയും എണ്ണയും ഊറ്റിയെടുക്കാനുളള ഉറവിടവുമായി അവൻ കണക്കാക്കികഴിഞ്ഞിരിക്കുന്നു.ജലസ്രോതസ്സുകൾ അവന്റ കഠിന പ്രയത്നത്താൽ വറ്റിച്ച് ഇല്ലാതാക്കി.പ്ലാസ്ററിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ഭൂമിയെ മാലിന്യക്കൂമ്പാരമാക്കി, അതിന്റ ആവാസവ്യവസ്ഥയെ പൂർണമായും ഇല്ലാതാക്കി.അവൻ ആത്മനാ സംതൃപ്തനായി മാറിയിരിക്കുന്നു.2019-ൽ ലോകത്തെ ആകെ നടുക്കിക്കൊണ്ട് ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തിയെരിഞ്ഞ വാർത്ത നാം വായിച്ചതാണ്.മനുഷ്യന്റ നീചമായ ഇടപെടലാണ് ഇതിന് വഴിതെളിച്ചതെന്ന് വ്യക്തമാണ്. " ഇനി വരുന്നൊരു തലമുറയ് ക്ക് ഇവിടെ വാസം സാധ്യമോ? മലിനമായ ജലാശയം അതി മലിനമായൊരു ഭൂമിയും" ഭൂമിയുടെ ഈ ദുരവസ്ഥ നാം തിരിച്ചറിയേണ്ടിരിക്കുന്നു. അതിനെതിരെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു, പ്രവർത്തിക്കേണ്ടിരിക്കുന്നു. ഈ ഉത്തരവാദിത്വങ്ങൾ മറ്റുളളവരുടെ ചുമലിലേയ്ക്ക് ഏൽപ്പിച്ചു കൊടുക്കേണ്ടവർ അല്ല, മറിച്ച് ഏറ്റെടുക്കേണ്ടവരാണ് വിദ്യാർഥികളായ നമ്മൾ. കാരണം നമ്മളാണ് നാളെയുടെ ഉപഭോക്താക്കൾ,നാളെയുടെ സന്ദേശവാഹകർ.കാലാവസ്ഥാ വ്യതിയാനമെന്ന പാരിസ്ഥിതിക പ്രശ്നത്തെക്കുറിച്ച് UN അസംബ്ളിയിൽ ഗ്രേറ്റ തുൻബർഗ് എന്ന 16 വയസ്സുകാരി വിദ്യാർത്ഥികളായ നമുക്കും മനുഷ്യ ജാതിക്ക് തന്നെയും മാതൃകയും ഉദ്ബോദനവും നൽകുന്നു.ശാസ്ത്ര സാങ്കേതികതയുടെ ഉന്നതങ്ങൾ കീഴടക്കിയ മനുഷ്യ മസ്തിഷ്കത്തിന് തീർച്ചയായും പരിസ്തിതി രക്ഷോപായങ്ങൾ കണ്ടെത്താനാകും.സ്വന്തം മാതാവിന്റ നെഞ്ചു പിളർത്തുന്ന രക്ത രക്ഷസ്സുകൾ ആകരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതി എന്ന അത്ഭുതത്തെ, കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കാൻ കടമയുളളവരാണ് നമ്മൾ.ഈ ഭൂമി സമസ്ത ജീവജാലങ്ങൾക്കും വേണ്ടിയുളളതാണ്. ഉറുമ്പിനും ആനയ് ക്കും ഇവിടെ തുല്യ അവകാശമാണ്. മനുഷൻ തന്റ കരവേലയാൽ രൂപം നൽകിയ കൊറോണ വൈറസ് 2019 എന്ന Covid-19 മനുഷ്യനെ ചില പാഠങ്ങൾ പഠിപ്പിക്കുന്നു.മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒരു പരിധി വരെ ഇല്ലാതാക്കിയാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പകുതിയും ഇല്ലാതാകും . U N കണക്ക് പ്രകാരം 5ശതമാനത്തോളം അന്തരീക്ഷ മലിനീകരണം ഈ Lockdown കാലയളവിൽ കുറഞ്ഞു. 'പാദസ്പർശം ക്ഷമസ്വമേ ' എന്ന ക്ഷമാപണത്തോടെയാണ് പണ്ട് നാം ഭൂമിയിൽ സ്പർശിച്ചിരുന്നത് പോലും. ആ വിനയവും ലാളിത്യവും തിരികെ കിട്ടേണ്ടതുണ്ട്. ഈ ലോകത്ത് പരിസ്ഥിതി സംരക്ഷണത്തിനായി സ്വജീവിതം സമർപ്പിച്ച അസംഖ്യം വ്യക്തികളുണ്ട്. ഈ ഭൂമി നാളേയ് ക്കും , എന്നേയ് ക്കും എ ന്ന സങ്കൽപ്പത്തോടെ പ്രവർത്തിക്കുന്ന അവരുടെ യത്നങ്ങളിൽ വിദ്യാർത്ഥികളായ നമുക്കും പങ്കുചേരാം , കൈ കോർക്കാം......