ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഒരു മുഖം കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മുഖം കൂടി

വെളിയിൽ നിന്നുയരുന്ന മുറവിളി കേട്ട് അവൾ ഞെട്ടിഉണർന്നു. അവളുടെ മെലിഞ്ഞ ശരീരത്തെ മുറുകെ പിടിച്ച് കുട്ടികൾ രണ്ടുപേരും ഇപ്പഴും നല്ല ഉറക്കം ആണ്. അഴിഞ്ഞുവീണ മുടിയിഴകൾ കെട്ടിവെച്ചുകൊണ്ട് അവൾ ചടഞ്ഞുപിടിഞ്ഞു എഴുന്നേറ്റു. അടഞ്ഞുകിടക്കുന്ന വാതിലിന്റെ സാക്ഷ തുറന്ന് അവൾ ഉമ്മറത്തേക്കിറങ്ങി. പതിവുപോലെ രവി ഇന്നും കണക്കിലേറെ മദ്യം വയറ്റിലാക്കി ഉമ്മറപ്പടിയിൽ കിടന്നുരുളുകയാണ്. സ്മിത രവിയെ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ടുപോയി. "എന്താ രവിയേട്ടാ..... ഇത് എത്ര കാലാന്ന് വെച്ചാ നിങ്ങളിങ്ങനെ....... രവിയേട്ടൻ ഇങ്ങനെ മദ്യപിച്ചിട്ടോ ഒറ്റയ്ക്ക് പോരാടിയിട്ടോ എന്താകാര്യം കുറച്ച് നാളുമുമ്പ് മദ്യത്തെ എതിർത്ത ആളല്ലേ എന്നിട്ടിപ്പോ...... എന്റെയും കുട്ടികളുടെയും ജീവിതം കൂടി....... " രവിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ നിറകണ്ണുമായി സ്മിത അടുക്കളയിലേക്ക് നീങ്ങി. സന്തോഷവും സമാധാനവും ആവോളം ഉള്ള ഒരു ഉത്തമ കുടുംബം അതായിരുന്നു രവിയുടെ കുടുംബത്തെ പറ്റിയുള്ള നാട്ടുകാരുടെ അഭിപ്രായം. അഭിപ്രായം മാത്രമല്ല യാഥാർത്ഥത്തിലും അവരുടെ ജീവിതം അങ്ങനെതന്നെ ആയിരുന്നു. ഒരു ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു രവി. പട്ടണത്തോടും നഗരവത്കരണത്തോടും യാതൊരു താല്പര്യവുമില്ലാത്ത രവി ഗ്രാമത്തിൽ മലയുടെ അടിവാരത്തിലെ ഒരു കൊച്ചു വീട്ടിലാണ് താമസം. പ്രകൃതിയുമായി ഇണങ്ങിയ ജീവിതം, കാലാകാലങ്ങളായി നിലനിന്നിരുന്ന മലയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിച്ചുപോരുകയായിരുന്നു രവിയും കുടുംബവും. അങ്ങനെയിരിക്കെ ഒരു നാൾ കോട്ടും സൂട്ടും ഇട്ട ഒരു പറ്റം വ്യവസായികൾ അവരുടെ നാട്ടിലേക്ക് വരികയുണ്ടായി. മലയിടിച് ഫാക്ടറി പണിയുക എന്നത് മാത്രം ആയിരുന്നു അവരുടെ ലക്ഷ്യം. അതിനുവേണ്ടി അവർ നാട്ടുകാരെ പല പാഴ് വാഗ്‌ദാനങ്ങളും പ്രത്യാശകളും നൽകി കബളിപ്പിച് അവരുടെ വശം ചേർത്തു. പാവം ഗ്രാമീണജനത അവരെ വിശ്വസിച്ചുപോയി. രവി മാത്രമാണ് ഇതിനെതിരെ എതിർത്തത്. കുന്നിടിക്കുമ്പോഴും മരം വെട്ടുമ്പോഴും ഉണ്ടാവുന്ന ദൂഷ്യ ഫലങ്ങളെപ്പറ്റി പലവട്ടം നാട്ടുകാരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും തങ്ങളുടെനാടിന് വരാൻ പോകുന്ന സൗഭാഗ്യങ്ങളെപറ്റി പുലമ്പിക്കൊണ്ടിരിക്കുന്ന ഹതഭാഗ്യരായ നാട്ടുകാർ രവിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല. സാമൂഹികതലത്തിലും രാഷ്ട്രീയത്തിലും സമ്പത്തിലും ഉയർന്ന നിലയിലുള്ള ഫാക്ടറിക്കാർ കള്ളക്കേസ് ഉണ്ടാക്കി രവിയെ കുടുക്കുകയും തുടർന്ന് ജോലിപോലും നഷ്ടപ്പെടുകയും ചെയ്തു. ഉച്ച വെയിൽ താഴാൻ തുടങ്ങി. സ്വീകരണ മുറിയിലെ ചാരുകസേരയിൽ രവി സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. തന്റെ മക്കളോടൊപ്പം എന്തോ പ്രവൃത്തി ചെയ്യുകയാണ് സ്മിത. രവി ഏതോ ആചോലനയിൽ നിന്നുണർന്ന് പറഞ്ഞു "എടീ അവര് ഫാക്ടറീടെ പണി തുടങ്ങിയാപ്പിന്നെ വീടും കൂടി നഷ്ടപ്പെടും " "അയ്യോ അച്ഛാ അപ്പൊ എന്റെ മഹാഗണിയും അവര് നശിപ്പിക്കോ..... ജൂൺ 5 പരിസ്ഥിതിദിനത്തിൽ എനിക്ക് സ്കൂളീന്ന് കിട്ടിയ വൃക്ഷതൈയാണത്". ഇളയമകൾ അമ്മു ചിണുങ്ങികൊണ്ട് പറഞ്ഞു. "അമ്മു വളരെ സ്നേഹത്തോടെയാ അതിനെ നോക്കിയേ...." മൂത്തമകൾ അമ്മുവിനോടൊപ്പം ചേർന്നു. രവി തന്റെ മക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ മൗനം പാലിച്ചു നിന്നതേയുള്ളൂ. "അമ്മുകുട്ടിയുടെ മരം ആരും നശിപ്പിക്കില്ലാ ട്ടോ.... മക്കള് പോയി കളിച്ചോ.. " സ്മിത വാത്സല്യത്തോടെ മക്കളെ പുറത്തേക്ക് പറഞ്ഞയച്ചു. "ഫാക്ടറിയിലേക്ക് ആവശ്യായ വെള്ളം അവർ നമ്മടെ തോട്ടിൽ നിന്ന് ഊറ്റിയെടുക്കും അതോടെ നമ്മുടെ നാട്ടിലെ കിണറുകൾ വറ്റാൻ തൊടങ്ങും മാത്രല്ലാ ഫാക്ടറിയിൽ നിന്നും വരുന്ന മലിനജലം അവർ മറ്റേതെങ്കിലും ജലാശയത്തിലേക്ക് ഒഴുക്കിവിടും അതോടെ ശുദ്ധജലം കുടിക്കാനുള്ള അവസരം പോലും നഷ്ട്ടപ്പെടും. പല തരം രോഗങ്ങളും ഇതുവഴി വന്നേക്കാം. "രവി പറഞ്ഞു ഇതൊക്കെ പറഞ്ഞിട്ട് കാര്യുല്ല രവിയേട്ടാ.... നാട്ടാരും ഭരണകൂടോക്കെ അവരടെ കൂടെയാ.... നമുക്ക് എന്ത് ചെയ്യാൻ പറ്റും. തത്കാലം നമുക്ക് എന്റെ തറവാട് വീട്ടിലേക്ക് മാറാം അവിടെ വേറാരും ഇല്ലല്ലോ.... " അവർക്കിടയിൽ നീണ്ട മൗനം നിലനിന്നു. നിരാശയുടെ ആ മൗനം അവർക്കിടയിൽ ഉണ്ടാക്കുന്ന അസ്വസ്ഥത തിരിച്ചറിഞ് സ്മിത ആ മൗനത്തിന് വിരാമമിട്ടു. "രവിയേട്ടൻ സങ്കടപ്പെടേണ്ട ഇതൊക്കെ പ്രകൃതി കാണുന്നുണ്ടാവും ആ ദുഷ്‌ടന്മാർക്കുള്ള ശിക്ഷ പ്രകൃതിതന്നെ കൊടുത്തേക്കും. " പിറ്റേദിവസം രാവിലെ തന്നെ രവിയും കുടുംബവും ആ വീടിനോടും നാടിനോടും വിട പറയാനൊരുങ്ങി. പോകുന്നതിന് മുമ്പ് രവി കുന്നിനടുത്തെത്തി രവി കുറ്റബോധത്തോടെ കുന്നിനോടായി പറഞ്ഞു. "എന്നോട് ക്ഷമിക്കണം നിന്നെ സംരക്ഷിക്കാൻ എന്നെകൊണ്ട് പറ്റിയില്ല ഞങ്ങള് പോവ്വാ...... " കുറച്ച് സമയം അവിടെ മൗനം മാത്രം. അതിനിടയിൽ രവിയും കുന്നും തമ്മിൽ ആർക്കും തിരിച്ചറിയാൻ ആവാത്ത ദീർഘസംഭാഷണങ്ങൾ നിലനിന്നിരുന്നു. ഈ കാഴ്ച കണ്ടവരൊക്കെ രവിയുടെ വെറും പ്രാന്ത് ആണതെന്ന് മുദ്ര കുത്തി. രവിയും കുടുംബവും ആ നാട് വിട്ട് യാത്രയായി. നാളുകൾ കഴിഞ്ഞു. കുന്ന് നികത്തി ഫാക്ടറിയുടെ പണിയാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു. ദിവസങ്ങൾ കടന്നുപോയി. "രവിയേട്ടാ....... സ്മിതയുടെ വിളിയാണ് അവളുടെ മുഖത്ത് അത്ഭുതവും സന്തോഷവും നിറഞ്ഞുനിന്നിരുന്നു. രവി കാര്യം അന്വേഷിച്ചു. പറയാൻ വാക്കുകൾ കിട്ടാതെ സ്മിത കയ്യിലുള്ള പത്രം രവിക്ക് നേരെനീട്ടി. രവിയുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ പറഞ്ഞതല്ലേ രവിയേട്ടാ ആ ദുഷ്ടന്മാർക്ക് പ്രകൃതി തന്നെ ശിക്ഷ വിധിച്ചോളും എന്ന്. സ്മിത വിക്കിയും കിതച്ചും പറഞ്ഞൊതുക്കി. ഒടുവിൽ പ്രകൃതി അവളുടെ ശക്തി പുറത്തെടുത്തു. അവളുടെ മറ്റൊരു ഭാവം കൂടി പ്രകടിപ്പിച്ചിരുന്നു. ഇനി നമ്മുടെ കുന്ന് കുന്നായി തന്നെ നിലനിൽക്കും.പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ കടന്നു കയറ്റത്തിനെതിരെ പ്രകൃതി തന്റെ പ്രധിഷേധം അറിയിച്ചിരിക്കുന്നു

SNEHA P
10 I ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ