തൂണേരി ഇ വി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ മടിത്തട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മടിത്തട്ടിൽ

അങ്ങകലെ മലനിരകൾക്കിടയിലൂടെ ഒഴുകിവരുന്ന കാട്ടരുവിയുടെ തീരത്താണ് ആ കുഞ്ഞുവീട്. അവിടെയാണവൾ താമസിക്കുന്നത്. എൽസമ്മയുടെ മകൾ ലില്ലി. പ്രകൃതി സ്നേഹിയായിരുന്ന അച്ഛൻ്റെ മകൾ. നല്ല കൃഷിക്കാരനായിരുന്നു അവളുടെ അച്ഛൻ. അയാൾ പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടതാണ്.

അതിനു ശേഷം അമ്മയുടെ സഹോദരനാണ് കൃഷി നോക്കി നടത്തിയിരുന്നത്. മാമനെ സഹായിക്കാൻ ലില്ലിക്ക് വളരെ ഇഷ്ടമാണ്. ഒരു ദിവസം കൃഷിയിടത്തിൽ പോയ സമയം ലില്ലി മാമൻ്റെ അടുത്ത് ചെന്ന് ചോദിച്ചു. എൻ്റെ അച്ഛൻ പരിസ്ഥിതിയെ സ്നേഹിച്ചിരുന്നുവെന്ന് പലരും പറയുന്നത് ഞാൻ കേട്ടു. ശരിയാണോ മാമാ?" "ഉവ്വ്, അങ്ങനെയായിരുന്നു, പക്ഷേ അദ്ദേഹം ഇപ്പോഴില്ലല്ലോ "

" അച്ഛനു പകരക്കാരിയായി ഞാൻ പരിസ്ഥിതിയെ പരിപാലിച്ച് കൃഷി നോക്കിനടത്തി അച്ഛൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച്, മുന്നോട്ടുപോകണമെന്നാണ് എൻ്റെ ഇഷ്ടം. മാമൻ പ്രകൃതിയെക്കുറിച്ച് പറഞ്ഞു തരുമോ? അവൾ താല്പര്യത്തോടെ ചോദിച്ചു. അപ്പോൾ മാമൻ പറഞ്ഞു, "ഉവ്വ്, ഞാൻ തീർച്ചയായും പറഞ്ഞു തരും പ്രകൃതിയെക്കുറിച്ച്, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് എല്ലാം.... മനുഷ്യൻ്റെ കടന്നുകയറ്റം കാരണവും അവിവേകം നിറഞ്ഞ പ്രവൃത്തികൾ കാരണവും പരിസ്ഥിതിനാശം ഉണ്ടാകുന്നത്..... ,ലില്ലി മോൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ "

" കുറേയൊക്കെ മനസ്സിലായി, പക്ഷേ ചിലതൊന്നും മനസ്സിലായില്ല." അവൾ പറഞ്ഞു.

"സാരമില്ല, ഇപ്പോൾ നീ ചെറിയ കുട്ടിയല്ലേ? ബാക്കി നീ വലുതാകുമ്പോൾ പഠിക്കും. ഇന്നു തൊട്ട് നീയും എന്നോടൊപ്പം കൃഷി ചെയ്യാൻ കൂടെയുണ്ടാകണം, അങ്ങനെ പരിസ്ഥിതിയെക്കുറിച്ച് കൂടുതലറിയാം" മാമൻ പറഞ്ഞു. അവൾക്ക് സന്തോഷമായി. ഇപ്പോൾ അവർക്ക് ഏഴു വയസ്സായി, അടുത്തെങ്ങും സ്കൂളില്ലാത്തതിനാൽ അവൾക്ക് പഠിക്കാനായില്ല. വിദ്യാലയത്തിൽ പോകാനാണെങ്കിൽ അവൾക്ക് ഇഷ്ടവുമില്ലായിരുന്നു.

ഒരു ദിവസം കൃഷിയിടത്തിൽ പോയി അവൾ കൃഷിയൊക്കെ നനക്കുകയും പുതിയ വിത്തുകൾ നടുകയും ചെയ്യുന്നത് കണ്ട് മാമൻ അവളോട് പറഞ്ഞു "നിന്നെ കണ്ടാൽ ഇത്ര നന്നായി കൃഷി ചെയ്യാൻ അറിയുമെന്ന് ആർക്കും മനസ്സിലാവില്ല. നിൻ്റെ അച്ഛൻ്റെ കഴിവുകൾ നിനക്ക് കിട്ടിയതാവും" മാമൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു. അവൾ സന്തോഷത്തോടെ, ഒരു പൂമ്പാറ്റയെപ്പോലെ അവിടെയെല്ലാം പറന്നു നടന്നു. എത്ര മനോഹരമാണീ പ്രകൃതി! ഇളം കാറ്റേറ്റു നടക്കുമ്പോൾ അവൾ ആലോചിച്ചു. അരുവിയുടെ ശബ്ദവും കിളികളുടെ മധുരമായ സ്വരവും എത്ര കേട്ടാലും മതിവരില്ല. വീട്ടിലെത്തിയ ലില്ലി കണ്ടതും കേട്ടതുമെല്ലാം അമ്മയോട് പറഞ്ഞു.

എന്നുമവൾ മാമനോടൊപ്പം കൃഷിയിടത്തിൽ പോയിരുന്നു. ദിവസങ്ങൾ കഴിഞ്ഞു പോയി . ആ വർഷം അവർക്ക് നല്ല വിളവ് ലഭിച്ചു. ആ വീട്ടിൽ നല്ല സമൃദ്ധി ഉണ്ടായി. അടുത്ത വർഷങ്ങളിലും കൂടുതൽ ലാഭം നേടിയിരുന്നു. എന്നാൽ ഒരു ദിവസ് പെട്ടെന്ന് അവളുടെ മാമൻ പറഞ്ഞു "ഞാൻ ഇനി കൃഷി ഉപേക്ഷിക്കുകയാണ്, മറ്റേതെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുകയാണ് നല്ലത് "

അതുകേട്ട ലില്ലി സങ്കടം സഹിക്കാനാവാതെ മുറിയിലേക്കോടി വിതുമ്പിക്കരഞ്ഞു. തൻ്റെ അച്ഛനെയാണ് എല്ലാവരും മറന്നുകളയുന്നതെന്ന് അവൾക്കു തോന്നി . കൃഷി അവൾക്കു ജീവനായിരുന്നു. അവൾ എത്ര പറഞ്ഞിട്ടും മാമൻ അതിൽ നിന്നും പിൻമാറിയില്ല.

ഒരു വൈകുന്നേരം അവൾ ജനാലയിലൂടെ നോക്കിയപ്പോൾ കണ്ടത് കൃഷിയിടം വറ്റിവരണ്ടു കിടക്കുന്നതാണ്. അവൾക്കു സങ്കടമായി. അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വൈകിയാണ് ഉറങ്ങിയത്. അവൾ ഒരു സ്വപ്നം കണ്ടു. പ്രകൃതി മാതാവ് അവളെ മധുരമായി വിളിക്കുന്നു, "ലില്ലീ, മകളേ നീ പ്രകൃതിയെ സ്നേഹിക്കുന്ന ഒരു മാലാഖയാണ്, പരിസ്ഥിതിയെ സംരക്ഷിക്കുന്നവളാണ്.. നീ അരികിൽ വരുമ്പോൾ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. നീ ഇനിയും അത് തുടരൂ.. " അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതൊരു സ്വപ്നം മാത്രമായിരുന്നുവെന്ന് അവൾക്കു മനസ്സിലായി. ഞെട്ടിയുണരുമ്പോൾ നേരം വെളുത്തു വരുന്നതേയുള്ളൂ. അവൾ കൃഷിയിടത്തിലേക്ക് ഓടി. പാത്രങ്ങളിൽ വെളളം നിറച്ച് വരണ്ട തടങ്ങളിൽ ഒഴിച്ചു കൊണ്ടിരുന്നു.

ലില്ലിയെ വീട്ടിൽ കാണാതെ അമ്മയും മാമനും വല്ലാതെ പരിഭ്രമിച്ചു. അവളെ തേടിയിറങ്ങിയപ്പോൾ കണ്ടത് അവൾ വരണ്ട ചെടികൾക്ക് വെള്ളമൊഴിക്കാൻ ഓടി നടക്കുന്നതാണ്. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മാമൻ അവളെ ചേർത്തു പിടിച്ച് പറഞ്ഞു, ഞാൻ മറ്റെവിടെയും പോകുന്നില്ല, നമുക്ക് ഈ മണ്ണിൽ കൃഷി ചെയ്ത് ജീവിക്കാം" അതു കേട്ട് ലില്ലിയുടെ കണ്ണുകളും മനസ്സും നിറഞ്ഞു. അവരെ തലോടിക്കൊണ്ട് സുഖകരമായ കാറ്റു വീശി.

സന ഫാത്തിമ,
6 B തൂണേരി ഇ.വി.യു.പി സ്കൂൾ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ