ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൊറോണ - രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - രോഗപ്രതിരോധം

2019ൽ ചൈനയിലെ വുഹാനിൽ ജന്മമെടുത്ത് പിന്നീട് ലോകമെങ്ങും പടർന്ന ഈ കൊറോണ വൈറസ്, കൊടുങ്കാറ്റിനു മുമ്പു ശാന്തതപ്പോലെ അടങ്ങിയെങ്കിലും മനുഷ്യവംശത്തെ മുഴുവനും മുൾമുനയിലാക്കി കൊണ്ട് ഇരട്ടി ശക്തിയോടെ ആഞ്ഞടിച്ചു. ഇന്ന് ഇന്ത്യയിൽ കേരളത്തിൽ നമ്മുടെ വീട്ടുപടിക്കൽ വരെ കൊറോണയുടെ ഭീകരതയെ നമുക്ക് കാണാം. ഇതിനെ ചെറുത്തു തോൽപിക്കാൻ രോഗപ്രതിരോധത്തെ കുറഞ്ഞു മറ്റൊന്നും മനുഷ്യന് ചെയ്യാനില്ല.

ചൈനക്ക് പുറത്ത് കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ തന്നെയായിരുന്നു. സംസ്ഥാനത്തിന്റെ ജനാധികാരികൾക്കു അത് ഒരു മുന്നറിയിപ്പിന്റെകാഹളം തന്നെയായിരുന്നു. കൊറോണയെക്കുറിച്ചുള്ള അവബോധവും രോഗപ്രതിരോധവും മലയാളികളിൽ ജനിപ്പിക്കാൻ സർക്കാർ കിണഞ്ഞു പരിശ്രമിച്ചു എന്നത് അഭിനന്ദനാർഹമാണ് .

രോഗപ്രതിരോധത്തെ പ്രാവർത്തികമാക്കാൻ ശാരീരികമായും മാനസികമായും സാമൂഹ്യമായും നമ്മൾ തയ്യാറാകണം. ശാരീരികമായി എങ്ങനെ ചെറുത്തു തോൽപ്പിക്കാം. സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് സ്വയം സുരക്ഷിതരാകാം. സാമൂഹിക അകലം പ്രാവർത്തികമാക്കാം. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കൈകൾ കഴുകുക. പൊതുസ്ഥലങ്ങളിൽ അത്യാവശ്യത്തിനു മാത്രം പോകുക. അവിടെ നിശ്ചിത അകലം പാലിച്ചു നിൽക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. പനി, തൊണ്ടവേദന, വരണ്ട ചുമ കൂടുതൽ ദിവസം നീണ്ടു നിൽക്കുകയാണെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ വിവരമറിയിക്കുക

എന്നാൽ ശാരീരിക പ്രതിരോധത്തിന് പുറമെ മാനസികപ്രതിരോധവും നാം നേടേണ്ടിയിരിക്കുന്നു. ഭയത്തോടെയല്ല എപ്പോഴും യുദ്ധം കാത്തുനിൽക്കുന്ന സൈനികനെപോലെ നാം ജാഗരൂകരായിരിക്കണം. ആ ജാഗ്രതയാണ് ഇന്ന് നമ്മുടെ സമൂഹത്തിനു വേണ്ടത്. വ്യാജവാർത്തകൾക്കു അടിമപ്പെടാതെ സാമൂഹ്യമായും നാം പ്രതിരോധത്തിൽ ഏർപ്പെടണം. ദേശസ്നേഹമുള്ള പൗരൻ എന്ന നിലക്ക് അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം. സത്യമായതു അറിഞ്ഞു, സത്യമായതു പറഞ്ഞു വ്യാജവാർത്തകളുടെ പിടിയിൽനിന്ന് മുക്തമാകുന്നത് രോഗപ്രതിരോധം തന്നെയാകുന്നു. വ്യാജവാർത്തകളിൽ ആകുലപ്പെടുമ്പോൾ അത് മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലനാവസ്ഥയെ സാരമായി ബാധിക്കുന്നു.

രോഗമെന്ന പ്രതിസന്ധിഘട്ടത്തെ പ്രതിരോധിച്ചു നിൽക്കുമ്പോഴാണ് ആരോഗ്യം എന്ന അവസ്ഥയിലേക്കു മനുഷ്യൻ എത്തിച്ചേരുന്നത്. ആ അവസ്ഥയിൽ മനുഷ്യൻ സന്തുഷ്ടനാണ്, സമാധാനമുള്ളവനാണ്. അനാരോഗ്യവാനായി ഉറ്റവർക്കും ഉടയവർക്കും ബുദ്ധിമുട്ടായി ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തെ ശീലമാക്കുവാൻ മനുഷ്യൻ തുനിഞ്ഞിറങ്ങുക തന്നെ വേണം. രോഗത്തെ പ്രതിരോധിക്കാൻ ഏറെ കഷ്ട്ടപെടുന്നതും രാപകൽ ഇല്ലാതെ അധ്വാനിക്കുന്നതും നമ്മളല്ല. ഡോക്ടർമാരും, ദൈവത്തിന്റെ സ്വന്തം മാലാഖമാരായ നേഴ്സുമാരും, നമ്മുടെ കാവൽ ഭടന്മാരായ പോലീസുക്കാരുമാണ്. അതുകൊണ്ടുതന്നെ അവരോടു നമ്മൾ ഏറെ കടപ്പെട്ടവരാണ്. മരുന്ന് കണ്ടുപിടിച്ചിട്ടില്ല, പ്രാഥമിക ശുശ്രൂഷകളും വാക്സിനുകളും ഉപയോഗിച്ച് അവർ കഴിവിന്റെ പരമാവധി ജോലി ചെയ്യുന്നു. ജോലിയല്ല സത്യത്തിൽ ഇതൊരു സാമൂഹ്യസേവനമാണ്. രോഗികളുമായി ഇടപഴുകി അവരുടെ അസുഖത്തെ ഏറ്റുവാങ്ങി ജീവൻ അർപ്പിച്ചവർ അതിൽ എത്രപേർ. അവരുടെ ത്യാഗങ്ങൾ ഓർത്തെങ്കിലും നമുക്ക് അധികാരികളുടെ നിർദേശങ്ങൾ പാലിക്കാം. അവരെ ബഹുമാനിക്കാം, നമുക്ക് രോഗപ്രതിരോധം ശീലമാക്കാം, രോഗമുക്തി നേടാം .

മേഘ്ന മധു
IX C ഡോൺബോസ്കോ ജി.എച്ച് .എസ്. കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം