ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിന്റെ അർദ്ധത്തിൽ വരുന്ന ഗ്രാമമാണത്രേ കേരളാധീശ്വരപുരം ഗ്രാമം.കെ. പുരം എന്ന ചുരുക്കപ്പ്പ്പേ രിലറിയപ്പെടുന്ന ഈ ഗ്രാമം ഇന്ന് പക്ഷെ അറിയപ്പെടുന്നത് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ശ്രദ്ധേയമായ ദേവധാർ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമം എന്ന നിലയിലാണ്.

മലപ്പുറം ജില്ലയിലെ കടലോര പ്രദേശങ്ങളാണ് വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂർ, ഉണ്യാൽ, പറവണ്ണ, കൂട്ടായി, പൊന്നാനി എന്നിവ. വള്ളിക്കുന്ന്, പരപ്പനങ്ങാടി, താനൂർ, തിരൂർ റെയിൽവെ സ്റ്റേഷനുകൾ ഈ കടലോര പ്രദേശത്താണുള്ളത്. താനൂരിനും തിരൂരിനും ഇടയ്ക്ക് ബസ്സിലോ വണ്ടിയിലോ യാത്ര ചെയ്യുന്ന ഒരാൾക്ക്, താനൂർ റെയിൽവെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റർ തെക്കായി റെയിൽവെ ട്രാക്കിനു കിഴക്കു സ്ഥിതി ചെയ്യുന്ന പ്രൗഢമായ ഒരു കേമ്പസ് ശ്രദ്ധിയ്ക്കാതിരിക്കാൻ കഴിയില്ല. അത് ദേവധാർ ഗവ: ഹയർ സെക്കന്ററി സ്കൂൾ. ദേവധാർ ഗവ: ഹയർ സെക്കന്ററി സ്കൂൾ, താനൂർ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂർ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. പ്രാചീനകേരളത്തിന്റെ മദ്ധ്യഭാഗം എന്നു വിശ്വസിയ്ക്കപ്പെടുന്നു കേരളാധീശ്വരപുരം ശ്രീകൃഷ്ണ ക്ഷേത്രം ഉൾക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂൾ ഉള്ളത്. നേരത്തെ കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു ഈ പ്രദേശം.

മദ്ധ്യകാലഘട്ടത്തിലെ വെട്ടത്തു നാടിന്റെ ഭാഗമായിരുന്നു താനൂർ. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങളിൽ ഒന്നായിരുന്നു താനുമെന്നും പുരാതനമായ മുസ്ലിം പള്ളികൾ ഇവിടെയുണ്ടെന്നും വെബ്സൈറ്റിൽ കാണുന്നു. എ.ഡി. 1946 ൽ സെന്റ് ഫ്രാൻസിസ് ഇവിടം സന്ദർശിച്ചതായും ഇതേ രേഖകൾ പറയുന്നു. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന തൃക്കൈക്കാട്ടു മഠം താനൂരിലാണുള്ളത്. പരിയാപുരം, രായിരിമംഗലം, താനാളൂർ, നിറമരുതൂർ എന്നീ പ്രദേശങ്ങളെല്ലാം വെട്ടത്തു രാജാവിന്റെകീഴിലായിരുന്നു. വെട്ടത്തു രാജാവ് പോർച്ചുഗീസ് കച്ചവടക്കാരുമായി വളരെ അടുപ്പത്തിലായിരുന്നുവത്രെ. കേരളത്തിലെ ആദ്യത്തെ റെയിൽ പാതയായ തിരൂർ ബേപ്പൂർ പാത കടന്നുപോയതും താനൂരിലു ടെയായിരുന്നു. ഉൾനാടൻ ജലഗതാഗതം ലക്ഷ്യമിട്ട് നിർമ്മിയ്ക്കപ്പെട്ട കനോലി കനാലും താനൂരിനെ തലോടുന്നുണ്ട്. ചരിത്രത്തിൽ സ്വന്തമായൊരിടം താനൂരിനുണ്ടെന്ന് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നു - (അടിസ്ഥാനം മലബാർ മാന്വൽ).

സമ്പന്നമായ പച്ചപ്പുകൾ നൽകിയ സൗന്ദര്യവും അതു സൃഷ്ടിച്ച ശാന്തതയുമായിരുന്നു സ്കൂളിലേക്ക് കടന്നുവരുന്ന ആഗതനെ ഒരു കാലത്ത് സ്വീകരിച്ചിരുന്നത്. ആ അന്തരീക്ഷത്തിന് ഇന്ന് പരുക്കേറ്റിട്ടുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ ഇന്നും ദേവധാർ സ്കൂൾ വ്യത്യസ്തമായിതന്നെ നിലകൊള്ളുന്നു എന്നതും സത്യമാണ്. ഒരു നീണ്ട കാലഘട്ടത്തിന്റെ കാലടിപ്പാടുകൾ ഈ മണ്ണിലുണ്ട്.

ഇന്ന് ഏതാണ്ട് തൊണ്ണൂറു വർഷത്തെ കഥപറയാനുണ്ടാവും ഈ വിദ്യാലയത്തിന്. ജില്ലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നാണ് ഇന്ന് ദേവധാർ. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പടി കടന്നു പോയി. എത്രയോ പേർക്ക് അക്ഷരങ്ങളുടെ കരുത്തും സംസ്ക്കാര ത്തിന്റെ തെളിച്ചവും നൽകി ഈ വിദ്യാലയം. ഇനിയും എത്രയോ തലമുറ കൾക്ക് വെളിച്ചം നൽകാനിരിക്കുന്നു. ഇതിന്റെ വളർച്ചയിൽ എണ്ണിയാലൊടുങ്ങാത്തത് പേർ കണ്ണികളായി. കാലത്തിന്റെ കയ്യൊപ്പുകളുമായി തലയുയർത്തി നിൽക്കുന്നു ദേവധർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,

നമുക്ക് കാതോർക്കാം, കാലത്തിന്റെ കാലൊച്ചകൾക്കായി.

ദേവധാർ എന്നത് ഗോപാലകൃഷ്ണ ദേവധാർ,മാഹാരാഷ്ട്രയിലെ പൂന സ്വദേശി, ഗോഖലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ (SIS)പ്രവർത്തകൻ.1921ലെ 'മലബാർ കലാപ'ത്തെ തുടർന്ന് കലുഷിതമായ  കേരളത്തിന്റെ സാമൂഹ്യാവസ്ഥ പഠിക്കാൻ SIS ന്റെ നേതൃത്വത്തിൽ ഗോഖലെ മലബാറിലേക്ക് അയച്ച നാലംഗസംഘത്തിന്റെ തലവൻ.1921 സെപ്റ്റംബർ മാസത്തിൽ മലബാറിലെത്തി.കലാപം നാശം വിതച്ച പ്രദേശത്ത്  സാന്ത്വനമായി റിലീഫ് ക്യാമ്പുകൾ ആരംഭിച്ചു. ക്യാമ്പിലെ അഭയാർഥി കൾക് ഭക്ഷണത്തിനും വസ്ത്രത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവനകൾ സങ്കടിപ്പിച്ചു.ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിനുശേഷം 36000യ-രൂപ ബാക്കി വന്നു.വിദ്യാഭ്യാസത്തിന്റെ കുറവാണ് കലാപം പോലുള്ള വിധ്വംസന പ്രവർത്തനങ്ങൾക്ക് കാരണമാകുന്നതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ മലബാറിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി DMRT (ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റ്‌ )എന്ന സംഘം രൂപീകരിച്ച് തുക കൈമാറി.DMRT മലബാറിന്റെ വിവിധ ഭാഗങ്ങളിൽ എലിമെന്ററി സ്കൂളുകൾ സ്ഥാപിച്ചുതാനൂരിൽ ആദ്യം സ്ഥാപിച്ചത് നിശാപ്പാഠശാലയണത്രേ. ഇപ്പോൾ നിലവിലുള്ള താനൂർ പോലീസ് സ്റ്റേഷനു സമീപം ഒരു ചായക്കടക്ക് മുകളിലായി ആളുകൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു രാത്രികാല പഠന കേന്ദ്രം.

1926ലാണ്  ഹയർ എലിമെന്ററി സ്കൂൾ ആയി ദേവധാർ ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ ആരംഭം. ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഏകദേശം 5 ഏക്കറോളം വരുന്ന ഭൂമിയിൽ DMRTയുടെ കീഴിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. പിന്നീട് 01.07.1952ന് ഹൈസ്കൂളായി ഉയർത്തി.1956ൽ സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുത്തു.1992ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി.

ദേവധാർ സ്കൂൾ 2026ൽ നൂറു വർഷം പൂർത്തിയാക്കുകയാണ്.ഇന്ത്യൻ ദേശിയ പ്രസ്ഥാനവുമായി ഇതിന്റെ ചരിത്രം ചേർന്ന് നിൽക്കുന്നു.