ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണ് ശക്തി

ഈ നിർണായക വേളയിൽ കൊറോണ എന്ന രോഗം ലോകം മുഴുവൻ വ്യാപിക്കുകയും ലോകമെമ്പാടുമുള്ള ജനങ്ങൾ ഭയത്തിന്റെ മുൾമുനയിൽ നിൽക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന കാര്യമായി ലോകം ഉറ്റുനോക്കുന്നത് 'രോഗപ്രതിരോധം' എന്നതിലേക്കാണ് .കാലങ്ങൾ പിന്നിടുംന്തോറും പുതിയ ഭാവത്തിൽ / രൂപത്തിൽ രോഗങ്ങൾ നമുക്കിടെയിലേക്കെത്താറുണ്ട് എന്നാൽ ഇവയെല്ലാം മറികടക്കുന്നതിനായി നമ്മെ സാഹായിച്ചിട്ടുള്ളതും സഹായിക്കുന്നതുമായ ഏക ഉപാധി പ്രതിരോധമാണ്. ഒരു ചെറുപനി മുതൽ കൊറോണയെവരെ കൃത്യമായ നീക്കങ്ങളിലൂടെ പ്രതിരോധിക്കാനാവുമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ മലയാളികൾ മാത്രമല്ല ലോകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതിരോധം എന്ന ഒറ്റവാക്ക് മറ്റു പലകണ്ണികളുമായി കോർത്തിണങ്ങിക്കിടക്കുന്നു അതിൽ ഏറ്റവും പ്രധാനമായ ആദ്യത്തെ ആശയം ഒത്തൊരുമയും സഹവർത്തിത്വവുമാണ്. നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞ വർഷവും ഇതുപോലൊരു പ്രതിസന്ധി ഘട്ടം നേരിടേണ്ടി വന്നിട്ടുണ്ട് 'നിപ' എന്ന കൊലയാളിയെ ആരുമറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു .അന്ന് നാം ഒരുമിച്ചു നിന്നു തത്ഫലമായി നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കാനായി അന്നത്തെ പാoങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഈ കൊറോണ കാലത്തും നാം പോരാടുന്നു .കയ്യും മെയ്യും മറന്ന് ഡോക്ടർമാരും നേഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സർക്കാരുമൊക്കെ കൊറോണയെ തുടച്ചു നീക്കാനായി പരിശ്രമിക്കുമ്പോൾ കേരളത്തിലെ ഞാനടക്കമുള്ള ഓരോ ജനങ്ങളും 'break the chain ' എന്ന പദ്ധതിയെ വിജയത്തിലെത്തിക്കാനായി പോരാടുന്നു. അവശ്യ സർവീസുകളൊഴികെയുള്ള മറ്റെല്ലാ കടകളും അടച്ചിട്ടു, പൊതുഗതാഗതം താല്ക്കാലികമായി നിർത്തലാക്കി മലയാളികളുടെ ( ചിലരുടെയെങ്കിലും) ഹൃദയസ്പന്ദനമായ മദ്യശാലകളടച്ചിട്ടു, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ വീടുവിട്ടു പുറത്തിറങ്ങാവൂ എന്ന നിയമം വന്നു.ഇതിന്റെ ഫലമായി നാം കൊറോണയ്ക്കെതിരായി മുന്നേറുന്നു.ഇതിനെല്ലാം കാരണം ഒരു നാടിന്റെ ' നാം ഇത് മറികടക്കും' എന്ന ഒന്നിച്ചുള്ള ആഹ്വാനമാണ്. കൊറോണ പോലുള്ള പകർച്ചവ്യാധികൾ ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത് അത് സമൂഹത്തിന്റെയും അതിലുപരി ഒരു നാടിന്റെയും അടിത്തറ ഇളക്കാൻ കാരണമാകുന്നുയെന്നത് ഇതിനോടകം നാം കണ്ടു കഴിഞ്ഞു. അതിനാൽ ഒരു രോഗിയുടെ മാത്രമല്ല ഒരു നാടിന്റെ തന്നെ ആവശ്യമായി മാറുന്നു പ്രതിരോധം. നാമോരോരുത്തരും കൈകോർത്തുനിൽക്കുന്നു. നമുടെ മനമാകെ ഒരാവശ്യത്തിനായി തുടിക്കുന്നു അതിനാലാണ് ഒത്തൊരുമ എന്നത് രോഗ പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നായി മാറിയത്'

ഈ കൊറോണക്കാലത്തും മനസ്സിന് കുളിർമയേകുന്ന ചില കാഴ്ചകൾ കാണാനും, അതിനെപ്പറ്റി അറിയാനും നമുക്കായി. 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ ' എന്ന ആശാൻ വരികൾ സാർഥകമാകുന്നത് ഇവിടെയാണ്. 'കമ്മ്യൂണി കിച്ചനുകൾ അതിനൊരുദാഹരണമാണ് താൻ മാത്രം ഉണ്ടാൽ പോര, ഉറങ്ങിയാൽ പോര എന്ന ചിന്ത നമ്മളിലോരോരുത്തരിലും നിറഞ്ഞിരിക്കുന്നു. തന്നേക്കാൾ പ്രധാനം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതാണെന്ന ചിന്തയാകാം പലരേയും തങ്ങളുടെ മരുന്നുകൾ ആവശ്യമുള്ള മറ്റുള്ളവർക്ക് നൽകാൻ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, പരസ്പരം പങ്കുവെച്ചു കഴിച്ചിരുന്ന പഴയകാല ദ്യശ്യങ്ങൾ കാണാൻ നമുക്ക് ഇന്ന് വീണ്ടും അവസരം കിട്ടിയിരിക്കുന്നു. കൂറ്റൻ മതിലുകൾകെട്ടി പറമ്പുകൾ ,വീടുകൾ മറച്ചുവെച്ച് ഈ കൊറോണ കാലം അയൽപക്കക്കാരെ കാണാനും, ഭക്ഷ്യധാന്യങ്ങൾ പങ്കുവെച്ചു കഴിക്കാനും ഒരു അവസരമായി മാറി. ഇവിടെയാണ് രോഗ പ്രതിരോധത്തിന്റെ മറ്റൊരു പാഠമായ സഹവർത്തിത്വം അർത്ഥവത്താകുന്നത്. മറ്റുള്ളവന്റെ ആവശ്യങ്ങൾ സ്വാർത്ഥത വെടിഞ്ഞ് മനസ്സിലാക്കാനും, അതിൽ നിന്നൊരു പങ്ക് അവർക്കായി മാറ്റിവെക്കാനും നാം ഇന്ന് തയ്യാറാവുന്നു .

ഒരു രോഗം വന്നിട്ട് അതിനെതിരെ പൊരുതുന്നതിനേക്കാൾ നല്ലത് ഒരു രോഗം വരാതെ നോക്കുന്നതാണ്.അതിനായി ആദ്യം നാം പഠിക്കേണ്ട പാഠം 'ശുചിത്വത്തിന്റെേതാണ് '. നാം ഓർക്കേണ്ട മറ്റൊരു കാര്യം, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇത്തരത്തിലുള്ള മാറാരോഗങ്ങൾ വരുമ്പോൾ മാത്രം ഓർക്കേണ്ട കാര്യമല്ല എന്നതാണ്. ഇന്ന് നാം ഓരോരുത്തരും ശുചിത്വത്തിന്റെ കാര്യത്തിൽ ജാഗരൂഗരാണ്. ഈ ജാഗ്രത കൊറോണയ്‌ക്കു ശേഷവും നാം പിൻന്തുടരേണ്ടതുണ്ട്. ശുചിത്വത്തേക്കുറിച്ചുള്ള അവബോധം നമ്മളിലുണ്ടായിരുന്നുവെങ്കിൽ പലയിടങ്ങളിലും കൊറോണ രോഗികളുടെ എണ്ണം ഇത്രയധികമാകില്ലായിരുന്നു.കയ്യും മുഖവും കഴുകുന്നതാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗമെന്ന് വൈദ്യശാസ്ത്ര രംഗം ഒന്നടങ്കം പറയുന്നു. കൊറോണയെ മാത്രമല്ല പകർച്ചവ്യാധികളിൽ നിന്നുമുള്ള മുക്തി ഇതുതന്നെയാണ്. പണ്ട് ഓരോ വീടിന്റെയും പൂമുഖത്ത് വെള്ളം നിറച്ച കിണ്ടി നമുക്ക് കാണാമായിരുന്നു. കൂടുതൽ വിവേകികളായി മാറ്റപ്പെട്ട ഇന്നത്തെ ജനത ഈ സമ്പ്രദായങ്ങൾ എല്ലാം മാറ്റിവെച്ചു എന്നാൽ ഇന്ന് നാം ആ രീതിയിലേക്ക് തന്നെയാണ് തിരിച്ചു പോകുന്നത് എന്നത് മറക്കരുത്. അതിഥികളെ വസ്ത്രധാരണത്തിലൂടെ വരവേറ്റ ആതിഥേയ മര്യാദകൾ കാണിച്ചിരുന്ന നാം തന്നെ ആ പഴയ 'നമസ്കാരത്തെ' വാഴ്ത്തുന്നു. നമ്മുടെ പൂർവികർ മുന്നോട്ടുവെച്ച ആശയങ്ങളിൽ പലതും ശുചിത്വത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇന്നു നമുക്ക് ഉണ്ടാകുന്നു. നമ്മുടെ ശരീരം വൃത്തിയാക്കുന്ന തിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള പരിസരം വൃത്തിയാക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കേ ണ്ടതുണ്ട്. ശുചിത്വം കൊറോണ കാലത്ത് മാത്രമല്ല എന്നും നമ്മുടെ ജീവിതശൈലിയുടെ ഭാഗം ആകേണ്ടതാണ്. ഈ കൊറോണക്കാലത്ത് മാസ്ക്കുകൾ നമുക്ക് അത്യാവശ്യമായി മാറിയിരിക്കുകയാണല്ലോ. എന്നാൽ നാം ഉപയോഗിച്ചു കഴിഞ്ഞ മാസ്കുകളിൽ പലതും അലക്ഷ്യമായി പൊതുനിരത്തിൽ വലിച്ചെറിയുന്നത് മൃഗങ്ങളിൽ എത്തുകയും രോഗവ്യാപന തോത് വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതിനാലാണു പരിസരശുചിത്വവും വ്യക്തിശുചിത്വത്തെ പോലെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പറയുന്നത്.

ഈ രണ്ട് ഘടകങ്ങൾക്കൊപ്പം നാം കൈവരിക്കേണ്ട ആത്മധൈര്യം ആണ്. രോഗങ്ങൾക്കുമുൻപിൽ പതറാതെ നമുക്കായി പ്രവർത്തിക്കുന്നവർക്ക് ധൈര്യം നൽകാൻ നാം തയ്യാറാവണം. ഭയപ്പെട്ട് പിന്നോട്ട് ഓടുകയല്ല ധൈര്യത്തോടെ മുന്നോട്ടുള്ള കുതിപ്പുകൾ ആണ് നമുക്ക് വേണ്ടത്. ഒപ്പം തന്നെ നമ്മുടെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. ആഭ്യന്തര യുദ്ധങ്ങൾക്കായി വൻ തുക ചിലവഴിച്ച് ഒരുക്കങ്ങൾ നടത്തുന്ന രാഷ്ട്രങ്ങൾ ആദ്യം അറിയേണ്ടത്; യാതൊരുവിധ മുന്നറിയിപ്പുകളും ഇല്ലാതെ കടന്നു വരുന്ന രോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള ഏറ്റവും വലിയ പോർക്കളം എന്നതാണ്. കാരണം പല രാജ്യങ്ങളിലും ഹോസ്പിറ്റൽ സംവിധാനങ്ങൾ മതിവരാതെ ഇന്ന് അലയുന്നത് നാം കാണുന്നുണ്ട്. ഓരോ രോഗത്തെയും പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. ശുഭകരമായ ഒരു ഭാവിയിലേക്കായി നമുക്ക് കൈകോർക്കേണ്ടതുണ്ട്. നാമോരോരുത്തരുടെയും കൈകളിലാണ് പ്രതിരോധശക്തി, നാം ഒരുമിച്ചാൽ ഈ രോഗത്തിനും തടയിടാം. നമുക്ക് പ്രതിരോധിക്കാം.. കൊറോണയെയും വരാനിരിക്കുന്ന മാറാ വിപത്തുകളെയും.... പ്രതിരോധമാണ് ശക്തി....

APARNA
9 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം